കുട്ടുറുവൻ അഥവാ ചിന്നക്കുട്ടുറുവൻ. പക്ഷെ ഞാനൊക്കെ കുട്ടിക്കാലത്ത് ഇതിനെ മുളന്തത്ത എന്നാണ് വിളിച്ചിരുന്നത്. സാധാരണ നാട്ടിൻപുറങ്ങളിലെ പോലെ ഞങ്ങളുടെ നാട്ടിലും ഉണ്ട് കുട്ടുറുവൻമാരുടെ വലിയൊരു കൂട്ടം. സദാ ഇലകൾക്കിടയിൽ ഇരിക്കുന്ന ഇയാളെ കണ്ടു പിടിക്കാൻ ബുദ്ധിമുട്ടുള്ളതുകൊണ്ടുതന്നെ കുട്ടിക്കാലത്ത് ഇതിനെ കാണുന്നത് ഒരു ഹരമായിരുന്നു.
പക്ഷിനിരീക്ഷണകമ്പത്തിന് പ്രചോദനമായ നീലകണ്ഠൻ മാഷുടെ കേരളത്തിലെ പക്ഷികളിൽ നിന്നാണ് പഴയ മുളന്തത്തയുടെ യഥാർത്ഥ പേര് ചിന്നകുട്ടുറുവൻ [White-cheeked barbet] ആണ് എന്ന് തിരിച്ചറിഞ്ഞത്. പുതിയതായി വാങ്ങിയ P900 ക്യാമറയുമായി കുറച്ച് പക്ഷികളുടെ ചിത്രങ്ങളെടുക്കാമെന്ന് കരുതി ഒരു ദിവസം വീടിന്റെ മുമ്പിലത്തെ പറമ്പിലേക്ക് നോക്കി നിന്നു. ആദ്യമായി കിട്ടിയത് ഒരു കാക്കമീൻകൊത്തിയെയാണ്. പിന്നീട് കുറച്ച് പൂത്താങ്കിരികളേയും മണ്ണാത്തിപുള്ളിനേയും കിട്ടി. ഒരു ടൊക്ക് ടൊക്ക് ശബ്ദം കേട്ട് നോക്കിയപ്പോൾ മുമ്പിലത്തെ മാവിന്റെ ഒരു ഉണങ്ങിയ മരക്കൊമ്പിൽ നമ്മുടെ കുട്ടുറുവനാശാൻ മരംകൊത്തിയെ പോലെ ഇരുന്ന് കൊത്തുന്നു. അങ്ങനെ മൂപ്പരുടെ കുറേ ചിത്രങ്ങളും വീഡിയോകളും ആദ്യമായി എടുക്കാൻ സാധിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ ആളുടെ കൂട്ടുകാരിയും വന്നു. രണ്ടു പേരും കൂടെ കൂടുണ്ടാക്കാനായുള്ള പരിപാടിയാണെന്ന് തോന്നി. ആൺ പെൺ വ്യത്യാസമൊന്നും മനസിലാക്കാനായില്ല. ഒരു പക്ഷിയെ പോലും കാണാതെ വിഷമിച്ചിരിക്കുന്ന ഘട്ടങ്ങളിലും കുട്ടുറുവന്റെ സാന്നിധ്യം ആശ്വാസമായിട്ടുണ്ട്. പ്രത്യേകിച്ച് സർവ്വേകളിൽ. എന്തിനേറെ ഇതെഴുതി കൊണ്ടിരിക്കുമ്പോഴും പറമ്പിൽ നിന്ന് കുട്ടുറുവന്റെ ശബ്ദം കേൾക്കുന്നുണ്ട്.
പത്ത് നാൽപ്പത് തരം പക്ഷികളെ ഡോക്യുമെന്റ് ചെയ്തുകൊണ്ട് തന്നെ വീടിന്റെയടുത്തുള്ള പക്ഷിനിരീക്ഷണം കൂടുതൽ ആവേശം പകർന്ന് കൊണ്ടിരുന്നു. അങ്ങനെ ഒരു ദിവസം പാര്‍ളിക്കാട് വീടിനടുത്തുള്ള മുളങ്കൂട്ടത്തിന് മുകളിലായി കുട്ടുറുവന്റെ ബന്ധുവായ ചെമ്പുകൊട്ടിയെ [Coppersmith barbet] ആദ്യമായി കാണാൻ സാധിച്ചു. കുറച്ചകലെയാണെങ്കിലും കുഴപ്പമില്ലാത്ത ചിത്രങ്ങളും കിട്ടി. ചെമ്പിൽ കൊട്ടുന്ന പോലുള്ള അവയുടെ ശബ്ദവും കേൾക്കാൻ സാധിച്ചു. ഒരിക്കൽ വാഴാനി ഡാമിന്റെ ഷട്ടറിനടുത്തുള്ള പേരറിയാത്ത മരത്തിൽ നിന്നും പഴങ്ങൾ തിന്നുന്ന ചെമ്പു കൊട്ടിയുടെ ചിത്രങ്ങൾ പകർത്താനായി. പിന്നീട് പലപ്പോഴായി വാഴാനി ഡാമിന് മുമ്പിലെ ആൽമരത്തിലും, പീച്ചിയിൽ നിന്നും, വയനാട് നിന്നും പല തവണ ചെമ്പുകൊട്ടിയെ കണ്ടു.
കാഴ്ചചയിൽ ചെമ്പുകൊട്ടിയുടെ പോലിരിക്കുന്നയാളാണ് ആൽക്കിളി [Malabar barbet]. പശ്ചിമഘട്ടത്തിൽ മാത്രം കണ്ടു വരുന്ന ഇയാളെ കാണാൻ ഒരു പ്രത്യേക ഭംഗിയാണ്. ആൽകിളിയെ ആദ്യമായി കാണാൻ സാധിച്ചത് വാഴാനി ഡാമിന് മുന്നിലെ ആൽമരത്തിൽ വച്ചാണ്. ചെമ്പു കൊട്ടിയാണെന്ന് കരുതി ചിത്രമെടുത്തു. നോക്കിയപ്പോൾ മനസ്സിലായി അത് ഈ പ്രദേശത്ത് അധികം ദർശനം തരാത്ത ചെമ്പു കൊട്ടിയുടെ ബന്ധു ആൽകിളിയാണെന്ന്. ഇവയെ പിന്നീട് തട്ടേക്കാടു നിന്നും നെല്ലിയാമ്പതിയിൽ നിന്നും കണ്ടിട്ടുണ്ട്.
ചിന്നാറിൽ നടന്ന BSB ക്യാമ്പിന്റെ ഭാഗമായി അവിടത്തെ കാട്ടിൽ പക്ഷി നിരീക്ഷണത്തിന് അവസരം ലഭിച്ചു. മടങ്ങുന്നതിനിടയിൽ കുട്ടുറവന്റെ കാട്ടിലെ ബന്ധുവായ ചെങ്കണ്ണൻ കുട്ടുറുവനെ [brown headed barbet] കാണാനായി. ശബ്ദത്തിലും കാഴ്ച്ചയിലും കുട്ടുറുവൻ തന്നെ. കണ്ണിന് ചുറ്റുമുള്ള മഞ്ഞനിറവും, വലിയ കൊക്കും നാട്ടിലെ കുട്ടുറുവനിൽ നിന്നും വേറിട്ടു നിന്നു. കുറച്ച് അപൂർവ്വമായ ഈ പക്ഷിയെ വേറെവിടേയും പിന്നെ എനിക്ക് കാണാൻ സാധിച്ചിട്ടില്ല. അങ്ങനെ ചുരുങ്ങിയ കാലത്തെ പക്ഷിനിരീക്ഷണത്തിനിടയിൽ കുട്ടുറുവനേയും കേരളത്തിലെ അതിന്റെ മുഴുവൻ ബന്ധുക്കളേയും കാണാനും ഡോക്യുമെന്റ് ചെയ്യാനും സാധിച്ചത് ഭാഗ്യമായി കരുതുന്നു.
All images are copyrighted © Creative Commons Attribution-Share Alike 4.0 International license.
from Wikimedia Commons, licensed under the
Good write up
Thanks a lot…
Good Mr. KK
Thank you