തണ്ണീർത്തടങ്ങളെ ആരു രക്ഷിക്കും?

തണ്ണീർത്തടങ്ങളെ ആരു രക്ഷിക്കും?

കൂടുതൽ കരുതലോടെ തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിൽ നാമെല്ലാവരും ശ്രദ്ധിക്കണമെന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് ഇത്തവണത്തെ ലോക തണ്ണീർത്തടദിനം ഫെബ്രുവരി രണ്ടിന് കഴിഞ്ഞുപോയത്. 1971 മബ്രുവരി രണ്ടിനാണ് ലോകമെമ്പാടുമുള്ള തണ്ണീർത്തടങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിന് ഇറാനിലെ റാംസാർ പട്ടണത്തിൽ ലോകരാജ്യങ്ങളുടെ നേത്യത്വത്തിൽ അന്താരാഷ്ട്ര ഉച്ചകോടിയും അതോടനുബന്ധിച്ച് റാംസാർ ഉടമ്പടിയും ഉണ്ടാകുന്നത്. തണ്ണീർത്തടങ്ങളുടെയും തണ്ണീർത്തട വിഭവങ്ങളുടെയും സംരക്ഷണത്തിനും വിവേകപൂർവമായ വിനിയോഗത്തിനും വേണ്ടി ലോകരാഷ്ട്രങ്ങളുടെ പ്രവർത്തനങ്ങളും അന്താരാഷ്ട്ര സഹകരണവും ഏകോപിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി രൂപംകൊണ്ട റാംസാർ ഉടമ്പടിയിൽ ഇന്ത്യയടക്കം 169 ലോകരാജ്യ ങ്ങൾ ഇന്നുവരെ ഒപ്പുവച്ചിട്ടുണ്ട്. ഇതു പ്രകാരം സംരക്ഷണവും സുസ്ഥിരതയും മുൻനിർത്തി തണ്ണീർത്തടങ്ങൾ സംരക്ഷിക്കേണ്ടുന്ന ഉത്തരവാദിത്വം ഭരണകൂടങ്ങൾക്കുണ്ട്. കഴിഞ്ഞ കുറച്ചു ദശകങ്ങളായി വളരെ വേഗത്തിൽ നടന്നുകൊണ്ടിരിക്കുന്ന നഗരവത്കരണവും വികസനപ്രക്രിയകളും, തണ്ണീർത്തടങ്ങളുടെയും ആവാസവ്യവസയുടേയും ശോഷണവും ലോകത്താകമാനം ആശങ്കകളോടെ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒരു വിഷയമാണ്.

റാംസാർ ഉടമ്പടി

ജൈവവൈവിധ്യ സംരക്ഷണം, മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം നീർത്തടങ്ങൾക്കുള്ള പ്രാധാന്യം ഉയർത്തിക്കാട്ടുക, മനുഷ്യരുടെ ദൈനംദിന ജീവിതവുമായി അഭേദ്യമാംവിധം ബന്ധപ്പെട്ടുകിടക്കുന്ന തണ്ണീർത്തടങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ബോധവൽക്കരിക്കുക, നീർത്തടങ്ങളെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ലക്ഷോപലക്ഷം പക്ഷികളെ വംശ നാശത്തിൽനിന്ന് സംരക്ഷിക്കുക എന്നീ ഉദ്ദേശലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള ഒരു അന്താരാഷ്ട്ര ഉടമ്പടിയാണ് റാംസാർ ഉടമ്പടി 169 സഖ്യരാജ്യങ്ങളിലായി അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള 2,293 മേഖലകളിലായി 225,418,823 ഹെക്ടർ സ്ഥലം റാംസാർ സൈറ്റുകളായി അന്താരാഷ്ട്രതലത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

അപൂർവ്വവും അസാധാരണവുമായ, പ്രകൃതിദത്തമോ അല്ലെങ്കിൽ പ്രകൃതിദത്ത തണ്ണീർത്തടത്തിന് സമീപത്തുള്ളതോ ആയ അനുയോജ്യമായ ജൈവഭൂമിശാസ്ത്രമുള്ള പ്രദേശമാണെങ്കിൽ അല്ലെങ്കിൽ അപകടകരമായ, വംശനാശ ഭീഷണി നേരിടുന്ന (vulnerable, endangered, or critically endangered) ജീവിവർഗ്ഗങ്ങളുടെ ആവാസവ്യവസ്ഥകളൊക്കെയാണ് റാംസാർ പ്രദേശമായി പ്രഖ്യാപിക്കുന്നത്. തുടർച്ചയായി 20,000-ൽ അധികം നീർപക്ഷികളെ കണ്ടുവരുന്നതോ ഒരു പ്രത്യേക നീർപക്ഷിവർഗ്ഗത്തിന്റെ ലോകമാകെയുള്ള വിതരണത്തിന്റെ ഒരു ശതമാനം പക്ഷികൾ കാണപ്പെടുന്നുണ്ടെങ്കിലോ അവ റാംസാർ പ്രദേശങ്ങളായി പ്രഖ്യാപിക്കേണ്ടതുണ്ട്.  കേരളത്തിലെ വേമ്പനാട്-കോൾ നിലങ്ങളും അഷ്ടമുടിക്കായലും ശാസ്താംകോട്ട തടാകവും ഈ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. നമ്മുടെ തണ്ണീർത്തടങ്ങളിൽ നടക്കേണ്ടുന്ന ജൈവവൈവിദ്ധ്യ സർവ്വേകളുടെ പ്രാധാന്യം ഇവിടെ എടുത്തുപറയേണ്ടിയിരിക്കുന്നു.

തണ്ണീർത്തടനിയമം ഇന്ത്യയിൽ

റാംസാർ ഉടമ്പടി വരുന്നതുവരെ ഇന്ത്യയിൽ തണ്ണീർത്തടങ്ങളെ സംബന്ധിച്ച് യാതൊരു നിയമവും ഉണ്ടായിരുന്നില്ല. ആദ്യമായി 1981-ൽ ഒഡീസയിലെ ചിൽക തടാകവും രാജസ്ഥാനിലെ ഭരത്പൂർ ജി ല്ലയിലെ കേവൽദേവ് ദേശീയോദ്യാനവും അന്താരാഷ്ട്ര തലത്തിൽ തന്നെ പ്രാധാന്യമുള്ള റാംസാർ സൈറ്റുകളായി പ്രഖ്യാപിച്ചുവെങ്കിലും രാജ്യത്തെ തണ്ണീർത്തടങ്ങളിലുള്ള വികസന നിർമ്മാണ കയ്യേറ്റ ഇടപെടലുകളെ നിയന്ത്രിക്കാൻ നിയമങ്ങളൊന്നും സർക്കാർ കൊണ്ടുവന്നിരുന്നില്ല. 2010-ൽ കേന്ദ്രസർക്കാർ പരിസ്ഥിതി സംരക്ഷണ നിയമത്തിനു കീഴിൽ പുതിയൊരു ചട്ടം കൊണ്ടുവന്നു. വെറ്റ്ലാന്റ്സ് കൺസർവേഷൻ & മാനേജ്മെന്റ് റൂൾസ് എന്ന പേരിലായിരുന്നു അത്.

കേന്ദ്ര ചട്ട പ്രകാരം തണ്ണീർത്തടമെന്നാൽ മനുഷ്യ നിർമ്മിതമോ, പ്രകൃതിനിർമ്മിതമോ, താൽക്കാലികമോ, ദീർഘകാലത്തേക്കു ള്ളതോ ആയ വെള്ളം കെട്ടിക്കിടക്കുന്നതോ, ഒഴുകുന്നതോ, ശുദ്ധജലമോ നേരിയ ലവണാംശമുള്ളതോ, ഉപ്പുവെള്ളമോ ആയ ചതുപ്പുകളോ, കരിനിലങ്ങളോ, വേലിയിറക്ക സമയത്ത് ആറു മീറ്ററിൽ കവിയാത്ത കടൽ മേഖലകളോ ആണ് (Ramsar Convention on Wetlands define wetlands as: “areas of marsh, fen, peatland or water, whether natural or artificial, permanent or temporary, with water that is static or flowing, fresh, brackish or salt, including areas of marine water the depth of which at low tide does not exceed six metres”.), എന്നാൽ പുഴകളോ നെൽപ്പാടങ്ങളോ തീരദേശമോ ഇതിന്റെ പരിധിയിൽ വരില്ല. റാംസാർ ഉടമ്പടിയിലെ നിർവ്വചനത്തിന്റെ ചുവടുപിടിച്ചാണ് ഭാരതസർക്കാരും തണ്ണീർത്തടത്തെ നിർവ്വചിച്ചിട്ടുള്ളത്.

ദേശീയതലത്തിൽ തണ്ണീർത്തടവുമായി ബന്ധപ്പെട്ട് ഏറെ വിദഗ്ധർ അടങ്ങിയ ദേശീയ തണ്ണീർത്തട അതോറിറ്റി ഉണ്ടാക്കി. ആറു തരം തണ്ണീർത്തടങ്ങളാണ് ഈ ചട്ടം മുഖേന സംരക്ഷിക്കുക. (1) റാംസാറിൽ വിജ്ഞാപനം ചെയ്യപ്പെട്ടത് (2) വന്യജീവി സങ്കേതങ്ങളുടെയും, ദേശീയോദ്യാനങ്ങളുടെയും ഇടയിൽ ഉള്ളത് (3) യുനെസ്കോ പൈതൃകപ്പട്ടികയിൽ ഉള്ള പ്രദേശങ്ങളിലേത്  (4) 2500 മീറ്ററിന് മുകളിൽ ഉയരത്തിൽ ഉള്ളതും അഞ്ചു ഹെക്ടറിൽ കൂടുതൽ ഉള്ളതും (5) 2,500 മീറ്ററിൽ കുറവ് ഉയരമുള്ള പ്രദേശങ്ങളിലെ 500 ഹെക്ടറിൽ കുടുതലുള്ളതും (6) ദേശീയ തണ്ണീർത്തട അതോറിറ്റിക്ക് തോന്നുന്ന സ്ഥലങ്ങൾ എന്നിങ്ങനെ ആറു തരം തണ്ണീർത്തടങ്ങൾ ആണ് ഈ ചട്ടം മുഖേന സംരക്ഷിക്കുക. ഓരോ സംസ്ഥാനങ്ങളും ഇപ്രകാരം തണ്ണീർത്തടങ്ങൾ കണ്ടെത്തി ഹ്രസ്വരേഖ (ബീഫ് ഡോക്യുമെന്റ്) തയ്യാറാക്കി കേന്ദ്രത്തിനയച്ചു കൊടുക്കുകയും വിജ്ഞാപനം ചെയ്യുകയും വേണം എന്നാണ് ചട്ടം പറയുന്നത്. അപ്രകാരം വിജ്ഞാപനം ചെയ്യപ്പെടുന്ന തണ്ണീർത്തടങ്ങളിൽ ചില പ്രവർത്തനങ്ങൾ നിരോധിക്കുകയും, മറ്റു ചിലവ മുൻകൂർ അനുമതിയോടുകൂടി മാത്രമേ തുടങ്ങാവൂ എന്നിങ്ങനെ രണ്ടു പ്രധാന വ്യവസ്ഥകളാണ് ചട്ടത്തിൽ ഉള്ളത്. നികത്തൽ, വ്യവസായം സ്ഥാപിക്കുന്നതും വിപുലീകരിക്കുന്നതും, മാരക രാസവസ്തക്കളുടെ നിർമ്മാണം, കൈകാര്യം, സൂക്ഷിക്കൽ, സംസ്കരണം എന്നിവ, ഖരമാലിന്യ നിക്ഷേപം, ടൗണുകളിൽ നിന്നും, നഗരങ്ങളിൽ നിന്നും, വ്യവസായങ്ങളിൽ നിന്നും ഉള്ള സംസ്കരിക്കാത്ത ജലം ഒഴുക്കൽ, ബോട്ടുജെട്ടി ഒഴികെയുള്ള നിർമ്മാണങ്ങൾ എന്നിവയാണ് തണ്ണീർത്തടത്തിൽ നിരോധിക്കപ്പെട്ടിട്ടുള്ള പ്രവർത്തികൾ. കഴിഞ്ഞ 10 വർഷത്തിൽ ഏറ്റവും കൂടുതൽ വെള്ളപ്പൊക്കം ഉണ്ടായ രേഖയിൽ നിന്നും 50 മീറ്റർ വരെയുള്ള ഭാഗത്ത് ഈ നിരോധനം ബാധകമാണ്. എന്നാൽ ഈ നിയമം വ്യവസായികളുടെ സമ്മർദ്ദത്താൽ ഭേദഗതി ചെയ്യുകയും 2017-ൽ കേന്ദ്രസർക്കാർ പുതിയ ചട്ടം കൊണ്ടുവരികയും ചെയ്ത തണ്ണീർത്തടത്തിന്റെ ആവശ്യങ്ങൾക്കായി നികത്താം എന്നതാണ് പ്രധാന ഭേദഗതി, ദേശീയ അതോറിറ്റി അടി മുടി അഴിച്ചു പണിയുകയും, കേന്ദ്രസർക്കാർ സർവ്വീസിലെ ഉദ്യോഗസ്ഥരെ കൊണ്ട് നിറയ്ക്കുകയും, ഒരു വിദഗ്ധ അംഗം മാത്രം ആക്കുകയും ചെയ്തു. നിർമ്മാണം നോക്കുമ്പോൾ, താരതമ്യന വരൾച്ചാ കാലമായ 2007-2017 കാലത്തെ വെള്ളപ്പൊക്ക രേഖ അളവായി എടുത്താൽ മതിയെന്നും ഭേദഗതിയിൽ പറയുന്നു. എന്നാൽ തണ്ണീർത്തട കയ്യേറ്റങ്ങൾ കൂടി നിരോധിക്കപ്പെട്ട പ്രവർത്തിയിൽ കൊണ്ടുവന്നു എന്ന ഗുണവും ഈ ഭേദഗതിക്കുണ്ട്.

കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം – 2008

-2008-ൽ ആണ് കേരളം ഇതുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട നെൽവയൽ നീർത്തട സംരക്ഷണ നിയമം പാസാക്കുന്നത്. കേരളത്തിലെ കാർഷിക മേഖലയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുക, പാരിസ്ഥിതിക സംതുലനാവസ്ഥ നിലനിർത്തുക എന്നീ ഉദ്ദേശങ്ങളോടെയാണ് ഈ നിയമം നടപ്പാക്കിയിരിക്കുന്നത്. 1970-ൽ കേരളത്തിൽ ഉണ്ടായി രുന്ന 8.75 ലക്ഷം ഹെക്ടർ നെൽപ്പാടങ്ങളിൽ മുക്കാൽ ഭാഗത്തിലധികവും കഴിഞ്ഞ് അര നൂറ്റാണ്ടുകൊണ്ട് നികത്തിക്കഴിഞ്ഞു. കേരളത്തിന് ആവശ്യമായ അരിയുടെ 80 ശതമാനത്തിലധികം മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുകയാണിന്ന്. നെൽകൃഷിയോഗ്യമായതും, തരിശിട്ടിരിക്കുന്നതോ കൃഷി ചെയ്തുകൊണ്ടിരിക്കുന്നതോ ആയതും, നെൽക്യഷിയെ അനുയോജ്യമാക്കുന്ന സഹായിക്കുന്ന വയലിന്റെ സമീപപ്രദേശത്തെ തോട്, ചിറ, ബണ്ട്, വരമ്പ്, കുളം തുടങ്ങിയവയെല്ലാം നെൽവയൽ എന്ന നിർവ്വചനത്തിൽ പെടുന്നു. കേന്ദ്ര ചട്ടത്തിലോ റാംസാർ ഉടമ്പടിയിലോ ഉള്ളത് പ്രകാരമല്ല. കേരള സർക്കാരിന്റെ നിയമത്തിൽ തണ്ണീർത്തടം നിർവ്വചിച്ചിരിക്കുന്നത്. കരക്കും കടലിനും ഇടയിലുള്ള താഴ്ന്നപ്രദേശങ്ങളും, ചതുപ്പും, കണ്ടൽ പ്രദേശങ്ങളും മാത്രമേ തണ്ണീർത്തടമായി 2008-ലെ നിയമത്തിൽ പറയുന്നു. സംസ്ഥാന നിയമത്തിൽ തണ്ണീർത്തടങ്ങളുടെ നിർവ്വചനത്തിൽ തന്നെ ഗുരുതരമായ പിഴവുള്ളതുകൊണ്ട് അത് നീർത്തട സംരക്ഷണത്തിന് ഉപകരിക്കുന്നില്ല. ഭൂവിനിയോഗ ഉത്തരവ് (കേരള ലാന്റ് യൂട്ടി ലൈസേഷൻ ഓർഡർ) പ്രകാരം നെൽവയൽ മറ്റാവശ്യങ്ങൾക്കുപയോഗിക്കാൻ കളക്ടറുടെ അനുമതി വേണമായിരുന്നുവെങ്കിലും അനുമതിയില്ലാതെ നിലം നികത്തിയാൽ പൂർവ്വസ്ഥിതിയിലാക്കാനുള്ള അധികാരം കളക്ടർക്കുണ്ടായിരുന്നില്ല. 2008-ലെ നിയമപ്രകാരം ആ അധികാരം കളക്ടർക്ക് കിട്ടി. ആർക്കും നെൽവയൽ തരിശിടാൻ അവകാശമില്ല പ്രാദേശിക നിരീക്ഷണ സമിതി നോട്ടീസ് കൊടുത്ത് താല്പര്യമുള്ളവരെ കൃഷി ചെയ്യാനേൽപ്പിക്കാമെങ്കിലും ഉടമസ്ഥൻ എതിർക്കുകയാണെങ്കിൽ മുന്നോട്ട് കൊണ്ടുപോകാൻ നിയമം പറയുന്നുണ്ടായിരുന്നില്ല. പിന്നീട് പല നിയമഭേദഗതികളും നടന്നെങ്കിലും, ഇത് ഭേദഗതിയിൽ കൊണ്ടുവന്നത് പത്തു വർഷങ്ങൾക്കു ശേഷം 2018-ൽ ആണ്. തരിശുഭൂമിയിൽ കൃഷി ചെയ്യാൻ താൽപ്പര്യമുള്ള കർഷകർക്ക് ആവശ്യമായ ധനസഹായം വേണ്ടവിധം കൊടുക്കാൻ ഈ നിയമത്തിലെ നാലാം വകുപ്പ് പറയുന്നുണ്ടെങ്കിലും അത് നടപ്പാക്കാനുള്ള ആത്മാർഥത ഒരു സർക്കാരിനും ഉണ്ടായതുമില്ല.

പഞ്ചായത്ത് ബിൽഡിങ് ചട്ടത്തിലോ മുനിസിപ്പൽ ബിൽഡിങ് ചട്ടത്തിലോ തണ്ണീർത്തടത്തിൽ കെട്ടിടം നിർമ്മിക്കുന്നതിൽ നിരോധനമില്ല. ബിൽഡിങ് പെർമിറ്റ് അപേക്ഷ സെക്രട്ടറിക്ക് ലഭിക്കുമ്പോൾ ബിൽഡിങ്ങ് ചട്ടം അനുസരിച്ച് ബിൽഡിങ്ങ് പെർമിറ്റ്  കൊടുക്കുന്നു, പിന്നീടായിരിക്കും വില്ലേജോ ഫീസർ അത് തണ്ണീർത്തടമാണെന്ന് കണ്ടെത്തുന്നത്. ഉടനെതന്നെ റവന്യൂ വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ കിട്ടുന്നു. ബിൽഡിങ് പെർമിറ്റ് കിട്ടിയതിനാൽ, കോടതിയിൽ പോകുമ്പോൾ നിയമപ്രകാരം നിർമ്മാണം മുന്നോട്ടു കൊണ്ടുപോകാൻ പറ്റും. കെട്ടിടത്തിനുള്ള അപേക്ഷ പരിഗണിക്കുമ്പോൾ പഞ്ചായത്ത് സെക്രട്ടറി നെൽവയൽ-നീർത്തട സംരക്ഷണ നിയമം നോക്കേണ്ടതില്ല എന്ന സാങ്കേതികതയാണ് ഇത്തരത്തിൽ തണ്ണീർത്തടങ്ങൾ നികത്താൻ ഒരു കാരണം.

അതുകൊണ്ട് ബിൽഡിങ് ചട്ടവും ഇതിനനുസരിച്ച് മാറ്റേണ്ടതുണ്ട്. ബിൽഡിങ് പെർമിറ്റിനുള്ള അപേക്ഷ കിട്ടുമ്പോൾ സെക്രട്ടറി ആ ഭൂമി തണ്ണീർത്തടമാണോ നെൽവയലാണോ എന്ന് പരിശോധിക്കേണ്ടുന്ന ഭേദഗതി വരേണ്ടതുണ്ട്. ഒരു വശത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ബിൽഡിങ്ങ് പെർമിറ്റുകൾ കൊടുക്കുകയും മറുവശത്ത് റവന്യൂ വകുപ്പ് തണ്ണീർത്തടത്തിലെ നിർമ്മാണം തടയാനുള്ള ശ്രമങ്ങളുമാണ് നടത്തുന്നത്. കേരള ഹൈക്കോടതി ആവർത്തിച്ചാവർത്തിച്ച് പറഞ്ഞതിന്റെ ഭാഗമായി മാത്രമാണ്  ഒൻപതു വർഷങ്ങൾക്കു ശേഷം, പഞ്ചായത്ത് സെക്രട്ടറിമാർ ഇതെല്ലാം നോക്കിയിട്ടേ ചെയ്യാവു എന്നു പറഞ്ഞ് ഒരു സർക്കുലർ ഇറക്കിയത്. കെട്ടിട നിർമ്മാണ ചട്ടം ഭേദഗതി ചെയ്ത് നെൽവയൽ തണ്ണീർത്തട നിയമത്ത അതിലേക്ക് ചേർത്തിട്ടില്ല. 2008-ന് ശേഷം ബിൽഡിങ്ങ് ചട്ടം നാലു തവണയിലധികം ഭേദഗതി ചെയ്തു. എന്നിട്ടും ഈ സംഭവം അതിൽ ഉൾപ്പെടുത്തിയില്ല. ഒരു ബിൽഡിങ്ങ് പെർമിറ്റ് കൊടുക്കുമ്പോൾ അത് തണ്ണീർത്തടമാണോ എന്ന് ഉത്തരവിടുന്ന് സെക്രട്ടറി പോയി നോക്കിയിട്ട് കൊടുക്കുന്ന രീതിയിൽ പഞ്ചായത്ത്, മുനിസിപ്പാലിറ്റി ബിൽഡിങ്ങ് റൂളുകൾ ഭേദഗതി ചെയ്തിട്ടില്ല. ഇത് വളരെ പ്രധാനപ്പെട്ട സംഗതിയാണ്. നെൽവയൽ നിയമവിരുദ്ധമായി നികത്തിയാൽ സെക്ഷൻ 3 അനുസരിച്ച് പൂർവ്വസ്ഥി തിയിലാക്കാൻ കളക്ടർക്ക് അധികാരമുണ്ട്. തണ്ണീർത്തടം നികത്താനേ പാടില്ല. സർക്കാരിനുപോലും അതിനുള്ള വകുപ്പില്ല എന്നാണ് നിയമം പറയുന്നത്. എന്നാൽ തണ്ണീർത്തടം നികത്തിയാൽ അത് പൂർവ്വസ്ഥിതിയിലാക്കാൻ കളക്ടർക്ക് ഈ നിയമത്തിലെ 13-ാം വകുപ്പിൽ ‘തണ്ണീർത്തടം’ എന്ന വാക്കില്ലാത്തതുകൊണ്ട് അധികാരമില്ലായിരുന്നു. ഒരു പ്രധാനപ്പെട്ട കേസ് ഹൈക്കോടതിയിൽ തോറ്റതു കൊണ്ടാണ് ഭേദഗതി കൊണ്ടുവന്ന് അനധികൃതമായി നികത്തിയ തണ്ണീർത്തടവും പൂർവസ്ഥിതിയിലാക്കാം എന്ന് നിയമത്തിൽ എഴുതിച്ചേർത്തത്.

ഒരു സ്ഥലം തണ്ണീർത്തടം ആണോ അല്ലയോ എന്നു നോക്കുന്നത് പ്രാദേശികതല നിരീക്ഷണ സമിതിയാണ്. കൃഷിയോഫീസർ, വില്ലേജ് ഓഫീസർ, പഞ്ചായത്ത് പ്രസിഡന്റ്. മൂന്ന് കർഷകർ എന്നിവരടങ്ങിയതാണ് സമിതി. ഇവർക്കാർക്കും ഒരു കണ്ടൽച്ചെടി കണ്ടാൽ പോലും മനസ്സിലാകുന്നവരാകണം എന്നില്ല. അതവരുടെ യോഗ്യതയായി അവരുടെ തൊഴിലിൽ പറയുന്നുമില്ല. ഒരു പ്രദേശത്ത് കണ്ടൽച്ചെടി കണ്ടെത്തിയാൽ അതൊരു തണ്ണീർത്തടമായി പരിഗണിക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തണം. എങ്കിലേ നിയമം നടപ്പാവൂ. ഒരു തണ്ണീർത്തടത്ത ശാസ്ത്രീയമായി നിർവചിക്കാനുള്ള ഏകകങ്ങൾ ചട്ടത്തിൽ വരേണ്ടതുണ്ട്. കണ്ടൽ കാണുന്ന മുഴുവൻ പ്രദേശങ്ങളും ഈ നിയമത്തിനു കീഴിലെ പ്രാദേശിക നിരീക്ഷണ സമിതികൾ തണ്ണീർത്തടമായി ഡാറ്റാ ബാങ്കിൽ ഉൾപ്പെടുത്തിയാൽ മാത്രമേ നിയമം നടപ്പാകൂ.

നെൽവയൽ നീർത്തട സംരക്ഷണ നിയമം നടപ്പാക്കിയതുമുതൽ ഈ നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായല്ലാതെ കേരളത്തിൽ നെൽവയലുകൾ നികത്തുന്നതോ, രൂപാന്തരപ്പെടുത്തുന്നതോ നിരോധിച്ചിരിക്കുന്നു (വകുപ്പ് 6). എന്നാൽ, നെൽവയലിന്റെ പാരിസ്ഥിതിക സ്വഭാവത്തിന് മാറ്റം വരുത്താത്ത രീതിയിൽ ഇടവിളകൾ കൃഷിചെയ്യുന്നതിനോ, വയൽ സംരക്ഷണത്തിനായുള്ള പുറംബണ്ടുകൾ നിർമ്മിക്കുന്നതിനോ ഈ വകുപ്പിലെ നിരോധനം തടസ്സമാകുന്നില്ല.

ഈ നിയമം നിലവിൽ വന്നതുമുതൽ കേരളത്തിലെ നീർത്തടങ്ങൾ എങ്ങനെയാണോ നിലനിൽക്കുന്നത് അപ്രകാരംതന്നെ സംരക്ഷിക്കപ്പെടേണ്ടതും അവ നികത്തുന്നതും അവയിൽ നിന്നും മണൽ വാരുന്നതും സമ്പൂർണ്ണമായി നിരോധിച്ചിരിക്കുന്നതുമാകുന്നു (വകുപ്പ് 11). എന്നാൽ നീർത്തടങ്ങളുടെ സംരക്ഷണാർത്ഥം അവയിൽ നിന്നും എക്കലും ചെളിയും നീക്കം ചെയ്യുന്നതിന് ഈ വകുപ്പിലെ നിരോധനം തടസ്സമാകുന്നില്ല.

കേരളത്തിലെ നെൽവയലുകളുടെയും – നീർത്തടങ്ങളുടെയും സംരക്ഷണത്തിന് ഈ നിയമത്തിലെ നിരോധനങ്ങൾ വലിയൊരു സാദ്ധ്യത തുറന്നു നൽകുന്നു. അതേസമയം വകുപ്പ് 9(1) ന്റെ പ്രൊവൈസോ പ്രകാരം ജില്ലാ കളക്ടർ നിയോഗിക്കുന്ന റവന്യൂ ഡിവിഷണൽ ഓഫീസർ അദ്ധ്യക്ഷനായുള്ള ജില്ലാതല അംഗീകൃത കമ്മറ്റിക്ക് ഭവനനിർമ്മാണത്തിനാവശ്യമായ നിലം നികത്തലിന് ചില ഇളവുകൾ അനുവദിക്കാവുന്നതാണ്. യഥാക്രമം, നിയമത്തിലെ വ്യവസ്ഥകൾ പാലിച്ചുകൊണ്ട്, പഞ്ചായത്ത് പ്രദേശങ്ങളിൽ ഉടമയുടെ 10 സെന്റ് വരെയുള്ള നിലവും, മുനിസിപ്പൽ പ്രദേശങ്ങളിൽ അഞ്ചു സെന്റ് വരെയുള്ള നിലവും ഭവന നിർമ്മാണാവശ്യങ്ങൾക്ക് മാത്രമായി നികത്താനായുള്ള അനുവാദം കൊടുക്കുന്നതിന് ഈ കമ്മറ്റിക്ക് അധികാരമുണ്ടായിരിക്കും. ഇത്തരത്തിൽ നികത്തുന്നതിനുള്ള വിവിധ നിബന്ധനകളിൽ പ്രധാനം. അത്തരം നികത്തലുകൾ ആ പ്രദേശത്തിന്റെ പാരിസ്ഥിതിക സന്തുലനാവസ്ഥയെയോ, സമീപ വയലുകളിലെ കൃഷിയെയോ ദോഷകരമായി ബാധിക്കുന്നതാവാൻ പാടില്ല എന്നതാണ്. അതോടൊപ്പം, ഇപ്രകാരം നികത്താൻ അനുമതി തേടുന്ന നിലമുടമയ്ക്ക്, താമസയോഗ്യമായ മറ്റ് സ്ഥലങ്ങളില്ല എന്ന് ഉറപ്പുവരുത്തേണ്ടതും, നികത്തുന്നത് സ്വന്തം ആവശ്യത്തിന് വീട് വെക്കാനാണെന്നത് ഉറപ്പുവരുത്തേണ്ടതും, മറ്റു വയലുകളാൽ ചുറ്റപ്പെട്ട പ്രദേശമല്ല നികത്തുന്നതെന്ന് ഉറപ്പുവരുത്തേണ്ടതും ഈ കമ്മറ്റിയുടെ ചുമതലയാകുന്നു.

ഡാറ്റാബാങ്ക്

എങ്ങനെയാണ് നെൽവയലും തണ്ണീർത്തടവും മനസ്സിലാക്കുന്നത്? എങ്ങനെയാണു ഡാറ്റാബാങ്ക് തയ്യാറാക?

പഞ്ചായത്ത്/മുനിസിപ്പാലിറ്റി, കൃഷിവകുപ്പ്, റവന്യൂ വകുപ്പ് എന്നീ മൂന്ന് പ്രധാന വിഭാ ഗങ്ങളെ ഉൾപ്പെടുത്തി കൃഷി ഓഫീസറുടെ ചുമതലയിലുള്ള ഒരു കമ്മറ്റിയാണ് ഇതിൽ പ്രധാനം. ഒരു വില്ലേജിലെ പ്രാഥമിക നികുതി രജിസ്റ്റർ എടുത്ത് അതിൽ നിലമായോ തണ്ണീർത്തടമായോ രേഖപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങൾ വില്ലേജ് ഓഫീസർ കണ്ടെത്തണം. അത് കൃഷി ഓഫീസറുടെ നേത്യത്വത്തിൽ പോയി പരിശോധിക്കണം, ബേസിക് ടാക്സ് രജിസ്റ്ററിൽ (BTR) പറഞ്ഞിരിക്കുന്ന സ്ഥലത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെന്താണ്, അതിനെന്തെങ്കിലും മാറ്റം വന്നിട്ടുണ്ടെങ്കിൽ അത് എത്രം കൊല്ലം കൊണ്ടു വന്നതാണ്, ഈ മാറ്റം വന്നത് നിയമപ്രകാരമാണോ അല്ലയോ തുടങ്ങിയ കാര്യങ്ങൾ വച്ച് ഒരു പട്ടിക ഉണ്ടാക്കി ആ പട്ടികയുടെ അടിസ്ഥാനത്തിൽ ഓരോ ഭൂമിയും പരിശോധിച്ച് ആ ഭൂമിയെ സംബന്ധിച്ചുള്ള (2008-ലെ അവസ്ഥ വച്ചുള്ള) സ്ഥിതിയെന്താണെന്ന് കരട് ഡാറ്റാ ബാങ്കിൽ രേഖപ്പെടുത്തുന്നു. ഇതിനു ശേഷം പൊതുജനങ്ങളുടെ അറിവിലേക്കായി സമർപ്പിക്കണം, അതിനുശേഷം സംസ്ഥാന റിമോട്ട് സെൻസിംഗ് ഏജൻസിയിൽ നിന്നും ലഭിക്കുന്ന ഉപഗ്രഹചിത്രം നോക്കി തെറ്റുകൾ തിരുത്തി, അന്തിമ ഡാറ്റാബാങ്ക് ഗസറ്റിൽ വിജ്ഞാപനം ചെയ്യേണ്ടതാണ്. ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്ന ഡാറ്റാബാങ്കാണ് നെൽവയൽ തണ്ണീർത്തട നിയമത്തിന്റെ ഏറ്റവും അടിസ്ഥാനമായത്. നിയമനിർമ്മാണത്തിന്റെ അടിത്തറയായിരുന്ന ഈ ഡാറ്റാ ബാങ്ക് 10 വർഷങ്ങൾക്ക് ശേഷവും ഭൂരിഭാഗം പ്രദേശങ്ങളിലും പുറത്തിറക്കാൻ കഴിഞ്ഞിട്ടില്ലെന്നതാണ് ഈ സംവിധാനത്തിന്റെ ഏറ്റവും വലിയ പരാജയം. ചിലയിടത്ത് ഡാറ്റാബാങ്ക് പുറത്തിറക്കിയിട്ടില്ല. ചിലയിടത്ത് കരട് ഡാറ്റാബാങ്ക് പോലും ഇല്ല. തിരുത്തലുകൾ നടന്നിട്ടില്ല. 300-ഓളം പഞ്ചായത്തുകളിൽ മാത്രമാണ് ഇത് പുറത്തിറക്കിയത്. ഉപഗ്രഹചിത്രം വാങ്ങാമെന്നു വാക്കു പറഞ്ഞ ഇടതു സർക്കാരും ആ തീരുമാനം കൈക്കൊണ്ടിട്ടില്ല.

മൂന്നു തരം ഭൂമിയെക്കുറിച്ചുള്ള വിവരണമേ ബി.ടി.ആറിലുള്ളൂ. ഗാർഡൻ ലാന്റ് (പറമ്പ്), പ്ലാന്റേഷൻ (തോട്ടം), വെറ്റ്ലാന്റ്. അതായത് പറമ്പ് അല്ലാത്തതൊക്കെ വെറ്റ് ലാന്റ് എന്നാണ് അവസ്ഥ. 2008-ന് മുൻപുള്ള എട്ടു ലക്ഷം ഹെക്ടർ പാടങ്ങളും BTR ഉണ്ടാക്കിയ കാലത്തെ വെറ്റ്ലാന്റുകളിൽപ്പെടുമെന്നതിനാൽ ഇതിൽപ്പെടും. BTR-ൽ പറമ്പായിക്കിടക്കുന്ന തണ്ണീർത്തടങ്ങളുണ്ടെങ്കിൽ അത് ഡാറ്റാബാങ്കിന്റെ പരിധിയിൽ വരില്ല. ചട്ടം 4 പ്രകാരം തയ്യാറാക്കുന്ന ഡാറ്റാ ബാങ്കിൽ, നികുതി രജിസ്റ്ററിൽ പറമ്പായതും എന്നാൽ ചതുപ്പോ വെള്ളക്കെട്ടോ, കണ്ടലോ ഉള്ള പ്രദേശമായാലും, അത് തണ്ണീർത്തടമായി ഉൾപ്പെടുകയില്ല. ഈ ഡാറ്റാബാങ്കുണ്ടാക്കുന്നതിലെ പിഴവ് ഈ നിയമം നടപ്പാക്കുന്നതിൽ വലിയ പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്.

2017-ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ (ഭേദഗതി) ഓർഡിനൻസ്

ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരാണ് നെൽവയൽ തണ്ണീർത്തട സംരക്ഷണനിയമം കൊണ്ടുവന്നത്. പത്ത് വർഷങ്ങൾക്കു ശേഷം മറ്റൊരു ഇടതുപക്ഷ സർക്കാരാണ് പ്രധാനപ്പെട്ട മാറ്റങ്ങളോടെ നിയമഭേദഗതി ഓർഡിനൻസായി കൊണ്ടു വന്നിരിക്കുന്നത്, കേരളത്തിലെ പരിസ്ഥിതി സമരങ്ങൾ ഭൂരിഭാഗവും വളരെ ചെറിയ പ്രദേശത്തെ പാരിസ്ഥിതിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ് ഉയർന്നുവരാറുള്ളത്. അത് തണ്ണീർത്തടവുമായി ബന്ധപ്പെട്ടായാലും ക്വാറികളുമായി ബന്ധപ്പെട്ടായാലും മറ്റു പലതായാലും. അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി പഞ്ചായത്തുകൾക്ക് അധികാരമുള്ളതിനാൽ പലപ്പോഴും പ്രാദേശികമായ പരിസ്ഥിതി പ്രശ്നങ്ങളിൽ കൃത്യമായി ഇടപെടാൻ അവിടുത്തെ ജനകീയ ഭരണകൂടങ്ങൾക്ക് ഇടം ഉണ്ടായിരുന്നു. നെൽവയൽ തണ്ണീർത്തടനിയമം പരിഷ്കരിച്ചപ്പോൾ ആ അധികാരം പഞ്ചായത്തിൽ നിന്ന് സ്റ്റേറ്റ് ഏറ്റെടുത്തു. അത്യന്താപേക്ഷിതമായ സാഹചര്യമാണങ്കിൽ പൊതു ആവശ്യത്തിന് നിയമം നോക്കാതെ നിലം നികത്തുന്നതിന് സർക്കാരിന് അനുമതി നൽകാമെന്നുള്ള വ്യവസ്ഥയോടെയാണ് ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. സ്വകാര്യ സംരംഭങ്ങളും പൊതു ആവശ്യമായി വ്യാഖ്യാനിക്കപ്പെടാനിടയുണ്ട്. 1967-നു ശേഷം ഭൂവിനിയോഗ ഉത്തരവിന് വിരുദ്ധമായി നികത്തിയ നിലങ്ങൾ ഒരു പ്രത്യേക കാറ്റഗറിയിലാക്കി കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിനു കീഴിൽ കൊണ്ടുവന്നുവെന്നത് പ്രധാനപ്പെട്ട കാര്യമാണ്. മുമ്പുണ്ടായിരുന്ന കേരള ലാന്റ് യൂട്ടിലൈസഷൻ ഉത്തരവിൽ ഇതിനൊരു സാധ്യതയുണ്ടായിരുന്നില്ല. നിലവിൽ കേരളത്തിൽ ആകെയുള്ള ആയിരത്തോളം പഞ്ചായത്തുകളിൽ, മുന്നൂറോളം മാത്രമാണ് ഡാറ്റാബാങ്ക് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഡാറ്റാബാങ്കിൽ നെൽവയലോ തണ്ണീർത്തടമോ ആയി വിജ്ഞാപനം ചെയ്യപ്പെടാത്തതും എന്നാൽ നികുതി രജിസ്റ്ററിൽ നിലം ആയി കാണിച്ചിരിക്കുന്ന ഭൂമിയും കൂടി അങ്ങനെ നിയമത്തിനു കീഴിലേക്കെത്തി. ന്യായവിലയുടെ 50 ശതമാനം അടച്ചാൽ 2008-നു മുൻപ് നികത്തിയ നിലങ്ങൾ ക്രമപ്പെടുത്തി അടിസ്ഥാന റവന്യൂ രേഖയായ ബേസിക് ടാക്സ് രജിസ്റ്ററിൽ (ബിടിആർ) മാറ്റം വരുത്തി നൽകാമെന്ന് ഓർഡിനൻസ് പറയുന്നു. ഇങ്ങനെ നികത്തിയ സ്ഥലം 50 – സെന്റിൽ കൂടുതലുണ്ടെങ്കിൽ അതിന്റെ 10 – ശതമാനം സ്ഥലം ജലസംരക്ഷണത്തിനായി മാറ്റി വെയ്ക്കണം . വീടു വയ്ക്കുന്നതിന് മറ്റ് സ്ഥലമില്ലാത്തവർക്ക് അഞ്ച് സെന്റും മണ്ണിട്ടുനികത്താൻ അനുമതി നൽകും. അനുമതി നൽകേണ്ടത് ജില്ലാതല സമിതിയാണ്. അഞ്ച് സെന്റിൽ കൂടുതൽ ഇതിനായി സമിതി ശുപാർശ ചെയ്യരുത്. എന്നാൽ BTR തിരുത്താൻ അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ BTR തിരുത്താൻ പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടുള്ളതുമാണ്. പ്രസ്തുത ഉത്തരവ് മറികടക്കാനാണ് ഇപ്പോൾ 2018-ലെ നിയമഭേദഗതി കൊണ്ടുവന്നപ്പോൾ, ഏതൊക്കെ കോടതിവിധികളിൽ എന്തൊക്കെ പറഞ്ഞാലും എന്ന വരി ചേർത്ത് BTR തിരുത്താനുള്ള വകുപ്പ് കൊണ്ടുവന്നത്. BTR തിരുത്തുന്നതോടെ, നഗരപ്രദേശങ്ങളിലെ പല തണ്ണീർത്തടങ്ങളും അപ്രത്യക്ഷമാകും.തരിശു വയലുകളിൽ ക്യഷിയിറക്കണമെന്ന് ജില്ലാതല സമിതിക്ക് ഉടമസ്ഥനോട് നിർദ്ദേശിക്കാം. കൃഷിയിറക്കിയില്ലെങ്കിൽ ആർ.ഡി.ഓ.യ്ക്ക് ഇടപെടാം. പരമാവധി രണ്ടുവർഷത്തേക്ക് കൃഷിചെയ്യാൻ ഈ സ്ഥലം ആർ.ഡി.ഒ.യ്ക്ക് ലേലത്തിൽ നൽകാം. ഇതിൽനിന്ന് കൃഷിയിറക്കുന്നവർക്കുള്ള 10 ശതമാനം തുകയും നികുതിയും കിഴിച്ച് ബാക്കി തുക സ്ഥലമുടമയ്ക്ക് നൽകും. കൃഷിക്കായി സ്ഥലം ലേലത്തിൽ നൽകാനുള്ള ആർ.ഡി.ഓ.യുടെ തിരുമാനം ഉടമസ്ഥന് ജില്ലാ കോടതിയിൽ ചോദ്യം ചെയ്യാനാകുമെന്നതിനാൽ ഈ വകുപ്പ് അത്ര പ്രായോഗികമാകില്ലെന്നാണ് കണക്കാക്കുന്നത്. കേരളത്തിൽ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ മാറ്റങ്ങളും നെൽവയൽ നികത്തുന്നതിന് ആക്കം കിട്ടുന്നുണ്ട്. നാണ്യവിളത്തോട്ടങ്ങളായി പരിവർത്തനം ചെയ്യപ്പെടുന്നതും പുതിയ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ചതുപ്പുകൾ നികത്തുന്നതും വലിയ തോതിൽ നടന്നുവരുന്നു. നെൽവയൽ നികത്തുന്നത് നീർത്തട മേഖലയുടെ പാരിസ്ഥിതിക നാശത്തിനു വഴിവക്കുന്നു. സമൂഹത്തിന്റേയും മാനവരാശിയുടേയും പൊതുതാല്പര്യാർത്ഥം നെൽവയലുകൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. നീർത്തടങ്ങളുടെ പരിസ്ഥിതി ധർമ്മം നിലനിർത്തിക്കൊണ്ടു തന്നെ നെൽകൃഷി പ്രാത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്.

അവലംബം

  • ആശയങ്ങൾ പലയിടത്തുനിന്നായി ക്രോഡീകരിച്ചത്.
  • The Kerala Conservation Of Paddy Land And Wetland Act, 2008
  • Wetland (Amendment) 2018
  • www.ramsar.org
  • വിക്കിപീഡിയ
  • കൂട് മാസിക പഴയലക്കങ്ങൾ
  • അഡ്വ. ഹരീഷ് വാസുദേവൻ, ഡോ. വി.എസ്. വിജയൻ, ഇ.എസ്. പ്രവീൺ

കൂട് മാസിക 2018 ഫെബ്രുവരി “തണ്ണീർത്തടങ്ങളൂടെ രാഷ്ട്രീയം” ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം. എഴുതിയത്: മനോജ് കരിങ്ങാമഠത്തിൽ

Back to Top