തിമിംഗലങ്ങൾ കടലിലെ ആവാസ വ്യവസ്ഥയുടെ കൂട്ടുകാരൻ

തിമിംഗലങ്ങൾ കടലിലെ ആവാസ വ്യവസ്ഥയുടെ കൂട്ടുകാരൻ

സമുദ്രത്തിലെ ഭക്ഷ്യശൃംഖലയുടെ വളരെ പ്രധാനപ്പെട്ട ഒരു കണ്ണിയായ തിമിംഗലങ്ങള്‍ കടലിലെ ആവാസവ്യവസ്ഥയുടെ ആരോഗ്യപരമായ നിലനില്‍പ്പിന്‌ വളരെ അത്യന്താപേക്ഷിതമാണ്‌. അനുദിനം എണ്ണം കുറഞ്ഞുവരുന്ന ഇവയുടെ നാശം സമുദ്രത്തിലെ ജീവന്റെ നിലനില്‍പ്പിനുതന്നെ കടുത്ത പ്രതിസന്ധിയാണ്‌ ഉണ്ടാക്കുന്നത്‌. വായുശ്വസിക്കുന്ന, ഉഷ്ണരക്തമുള്ള, കുഞ്ഞുങ്ങളെ പ്രസവിച്ചുവളര്‍ത്തുന്ന സസ്തനികളാണ്‌ ഇവ. പുരാതനകാലം മുതല്‍ തിമിംഗലവേട്ട നടക്കുന്നുണ്ടെങ്കിലും കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ വ്യാപകമായി വേട്ടയാടപ്പെട്ട്‌ തിമിംഗലങ്ങളുടെ എണ്ണം അപകടമാംവിധം കുറഞ്ഞപ്പോള്‍ 1946 -ല്‍ തിമിംഗലവേട്ടയ്ക്ക്‌ രാജ്യങ്ങള്‍ എല്ലാം ചേര്‍ന്ന് നിരോധനം കൊണ്ടുവരികയുണ്ടായി.

തിമിംഗലങ്ങളെ അവയുടെ ഇറച്ചിക്കും ശരീരത്തിലെ കൊഴുപ്പിനും എല്ലുകള്‍ ഉപയോഗിച്ച്‌ ആഭരണങ്ങള്‍ ഉണ്ടാക്കാനും വേണ്ടിയൊക്കെയാണ്‌ വേട്ടയാടുന്നത്‌. 1904-1987 കാലയളവില്‍ 14 ലക്ഷത്തോളം തിമിംഗലങ്ങളെയാണ്‌ കൊന്നിട്ടുള്ളത്‌. എണ്ണം ക്രമാതീതമായി താഴ്ന്നതിനാല്‍ അന്റാര്‍ട്ടിക്ക പ്രദേശങ്ങളില്‍ 1964 -ല്‍ നീലത്തിമിംഗലവേട്ട നിരോധിക്കുമ്പോള്‍ 20000 -ത്തിനടുത്ത്‌ ഉണ്ടായിരുന്ന അവയുടെ എണ്ണം ഇന്നും ഏതാണ്ട്‌ 20000 എണ്ണം മാത്രമേയുള്ളൂ. 200 വര്‍ഷത്തോളം ജീവിക്കുന്ന ഇവയില്‍ പുനരുദ്‌പാദനം വളരെ പതുക്കെയാണ്‌. ഒരിക്കല്‍ നഷ്ടമായാല്‍ സമുദ്രജൈവസമൂഹങ്ങളെ തിരിച്ചുകൊണ്ടുവരാന്‍ അത്രയെളുപ്പമല്ലെന്ന് ഇതു കാണിക്കുന്നു. ഗവേഷണത്തിനെന്നപേരില്‍ ജപ്പാന്‍ തിമിംഗലങ്ങളെ വ്യാപകമായി ഇന്നും പിടിക്കുന്നു. എന്നാല്‍ യാതൊരു ജേര്‍ണലുകളിലും വരാത്ത അത്തരം ഗവേഷണങ്ങള്‍ തിമിംഗലവേട്ട നടത്താനുള്ള വെറും മറയാണ്‌. നിരോധനം നിലവിലുള്ളപ്പോഴും 1986 – മുതല്‍ 25000 തിമിംഗലങ്ങളാണ്‌ കൊല്ലപ്പെട്ടത്‌. അന്താരാഷ്ട്രതലത്തില്‍ത്തന്നെ ഇതിന്‌ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അവയൊന്നും കര്‍ശനമായി പാലിക്കപ്പെടാറില്ല. പണം ഉപയോഗിച്ചാണ്‌ ജപ്പാനും നോര്‍വേയും തങ്ങള്‍ക്കനുകൂലമായി മറ്റു രാജ്യങ്ങളെ വോട്ടുചെയ്യിക്കുന്നത്‌. പലപ്പോഴും ഒരു ത്രില്ല് എന്ന രീതിയില്‍ വേട്ട നടത്തുന്ന ഈ രാജ്യങ്ങള്‍ അവര്‍ പിടിക്കുന്ന മാംസം കാലിത്തീറ്റയായിപ്പോലും ഉപയോഗിക്കുന്നു.

വളരെ ക്രൂരമായരീതിയില്‍ കൊല ചെയ്യപ്പെടുന്ന ഇവ വളരെപ്പതുക്കെ മാത്രമേ ചാവാറുമുള്ളൂ. രണ്ടോ മൂന്നോ കുന്തത്തില്‍ ഒരു കുതിരയെ കോര്‍ത്ത്‌ തെരുവിലൂടെ ഒരു ട്രക്കില്‍ക്കെട്ടി ചോരവാര്‍ന്നുകൊണ്ടിരുക്കുന്ന രീതിയില്‍ വലിച്ചുകൊണ്ടുപോകുന്നതു സങ്കല്‍പ്പിക്കാമെങ്കില്‍ അങ്ങനെയാണ്‌ തിമിംഗലവേട്ട എന്നാണ്‌ ഒരു വേട്ടക്കപ്പലില്‍ സഞ്ചരിച്ച ഒരു ഡോക്ടര്‍ അഭിപ്രായപ്പെട്ടത്‌. പലപ്പോഴും ഓടിച്ച്‌ അവശമാക്കിയ നിലയില്‍ എത്തിച്ചുകഴിഞ്ഞതിനുശേഷം മാത്രമേ അതിന്റെ നേരേ കൂര്‍ത്ത അമ്പ്‌ എയ്തുതറപ്പിക്കാറുള്ളൂ. മിക്കതും ഒരു അമ്പുകൊണ്ടൊന്നും ചാവുകയുമില്ല. പിടിച്ച തിമിംഗലത്തെ വേട്ടക്കപ്പലുകളിലേക്ക്‌ വലിച്ചുകൊണ്ടുവന്നാണു കയറ്റുന്നത്‌. വാലറ്റത്തുമാത്രമെങ്ങാന്‍ അമ്പുകൊണ്ടാവയാണെങ്കില്‍ തലഭാഗം വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നരീതിയില്‍ വലിച്ചിഴയ്ക്കുന്നതിനിടെ ശ്വാസം കിട്ടാതെയാവും കൊല്ലപ്പെടുക. ഇതുകൂടാതെ മല്‍സ്യബന്ധനത്തിന്‌ ഉപയോഗിക്കുന്ന വലിയവലകളില്‍ കുടുങ്ങിയും കടലിലെ മാലിന്യങ്ങള്‍ അകത്തുചെന്നും ഇവ ചത്തുപോവാറുണ്ട്‌. മുലയൂട്ടുന്ന തിമിംഗലങ്ങളുടെ ഉള്ളിലെത്തുന്ന വിഷങ്ങള്‍ അവയുടെ കുട്ടികളില്‍ അസുഖങ്ങള്‍ ഉണ്ടാക്കുന്നുണ്ട്‌. തിരക്കേറിയ കപ്പല്‍പ്പാതകളിലെ ശബ്ദശല്യം, കടല്‍ സര്‍വേയ്ക്കുപയോഗിക്കുന്ന സോണാര്‍, രാസമാലിന്യങ്ങള്‍, കടലുകളില്‍ സ്ഥാപിക്കുന്ന കാറ്റാടികള്‍, കാലാവസ്ഥാവ്യതിയാനം എന്നിവയെല്ലാം തിമിംഗലങ്ങളെ പ്രതികൂലമായി ബാധിക്കുന്നു.

ഭൂമിയിലെ ഏതെങ്കിലും ജീവികളുടെ ആകെ തൂക്കമെടുത്താല്‍ ഏറ്റവും കൂടുതല്‍ ഭാരം ഉണ്ടാവുക ക്രില്ലുകള്‍ക്ക്‌ ആയിരിക്കും. ഏതാണ്ട്‌ 40 കോടി ടണ്‍ ആണത്രേ കടലിലെ ചെറുജീവികളായ ക്രില്ലുകളുടെ എല്ലാം കൂടി ആകെഭാരം, ഇവയിലെ പകുതിയേയും അകത്താക്കുന്നതില്‍ പ്രധാനികള്‍ തിമിംഗലങ്ങളാണ്‌. ഒരു നീലത്തിമിംഗലം ഒരു ദിവസം ഏതാണ്ട്‌ നാലുകോടി ക്രില്ലുകളെയാണ്‌ അകത്താക്കുന്നത്‌, ഈ തിമിംഗലങ്ങള്‍ ഇല്ലാതായാല്‍ ക്രില്ലുകളുടെ എണ്ണം പെരുകി ഉണ്ടാകാവുന്ന പാരിസ്ഥിതികപ്രശ്നങ്ങള്‍ എന്തെല്ലാമായിരിക്കുമെന്ന് ചിന്തിക്കാന്‍ പോവും നമുക്കാവണമെന്നില്ല. അതുപോലെതന്നെ പ്രധാനമാണ്‌ ചത്തുപോയ തിമിംഗലങ്ങളും. എത്രയോ ടണ്‍ ഭാരമുള്ള അവയുടെ ദേഹം ആഴക്കടലിലെ ജീവിതങ്ങളെ നിലനിര്‍ത്തുന്നതില്‍ വലിയ പങ്ക്‌ വഹിക്കുന്നുണ്ട്‌. ഏതാണ്ട്‌ 407 തരം ജീവികളാണ്‌ തിമിംഗലത്തിന്റെ ശവശരീരത്തിന്റെ പരിസരത്ത്‌ അതിനെ അകത്താക്കാന്‍ ഒത്തുചേരുന്നത്‌. തിമിംഗലങ്ങളുടെ മലത്തിലടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ അന്തരീക്ഷത്തില്‍ നിന്നും കാര്‍ബണ്‍ വലിച്ചെടുക്കുന്ന ഫൈറ്റോപ്ലാംഗ്‌ടണുകളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നുണ്ട്‌. നാലുലക്ഷം ടണ്‍ കാര്‍ബണ്‍ അന്തരീക്ഷത്തില്‍ നിന്നും നീക്കപ്പെടാന്‍തക്ക സംഭാവനയാണത്രേ ഇതിനുള്ളത്‌.

പരിസ്ഥിതിയുടെയും അതിലെ ജീവന്റെയും നിലനില്‍പ്പിന്‌ ഓരോ ജീവിയും സസ്യവും പ്രാധാന്യമുള്ളതാവുമ്പോള്‍ത്തന്നെ ഭക്ഷ്യശൃംഖലയുടെ ആരോഗ്യകരമായ നിലനില്‍പ്പിന്‌ ഏറ്റവും അത്യന്താപേക്ഷിതമായ തിമിംഗലങ്ങൾ‌ ബാക്കിയാവേണ്ടത് ഭൂമിയിലെ ജീവന്റെ തന്നെ നിലനില്‍പ്പിന്‌ ഒഴിച്ചുകൂടാനാവാത്തതാണ്‌.

Back to Top