ദുരന്തകാലത്തെ സന്നദ്ധ പ്രവർത്തനം.

ദുരന്തകാലത്തെ സന്നദ്ധ പ്രവർത്തനം.

രണ്ടു ദിവസമായി രാത്രി ഉറക്കം കുറച്ച് എഴുത്തും വായനയും ചർച്ചകളും തന്നെയായിരുന്നു. കേരളത്തിലെ വെള്ളപ്പൊക്കം തന്നെ വിഷയം. അബുധാബിയിൽ ഇരിക്കുന്ന ഞാൻ ഇത്രയും തിരക്കിലാണെങ്കിൽ കേരളത്തിലുള്ളവർ, പ്രത്യേകിച്ചും ദുരന്തത്തിൽ നേരിട്ട് പെട്ടവരും, അത് മാനേജ് ചെയ്യാൻ ശ്രമിക്കുന്നവരും എത്ര മാത്രം കൂടുതലാണ് ജോലി ചെയ്യുന്നത്, എത്ര കുറച്ചാണ് വിശ്രമിക്കുന്നത് എന്ന് ചിന്തിക്കാമല്ലോ. ഇത് മുഖ്യമന്ത്രി മുതൽ പഞ്ചായത്ത് മെമ്പർ വരെ, റിലീഫ് കമ്മീഷണർ മുതൽ വില്ലേജ് ഓഫിസർ വരെ എല്ലാവരുടെയും കാര്യത്തിൽ ശരിയാണ്.

എന്നാൽ ഇന്നലെ ഞാൻ നന്നായി ഉറങ്ങി. അതുകൊണ്ടാണ് ഇന്നത്തെ ലേഖനം വൈകിയത്. ഇത് പ്രധാനമാണ്. ഏത് ദുരന്തത്തിന്റെ നടുവിലും രണ്ടു ദിവസത്തിൽ കൂടുതൽ അമിതമായി ജോലി ചെയ്യരുത്. മനുഷ്യന്റെ ശരീരം അതിനുവേണ്ടി നിർമ്മിക്കപ്പെട്ടതല്ല. മൂന്നാം ദിവസം മുതൽ നമ്മൾ ഉറക്കം കുറച്ചു കാര്യങ്ങൾ ചെയ്‌താൽ നിങ്ങളുടെ മൂഡ് മാറും എന്ന് മാത്രമല്ല നിങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ തെറ്റുകയും ചെയ്യും. പതിനായിരങ്ങൾ മരിക്കുന്ന ദുരന്തത്തിന്റെ നടുവിലും രക്ഷാപ്രവത്തകർ വേണ്ടപോലെ സ്വന്തം കാര്യം ശ്രദ്ധിക്കണം എന്നാണ് ഞങ്ങൾ പഠിക്കുന്നതും പ്രയോഗികമാക്കുന്നതും.

ഇന്നത്തെ വിഷയം സന്നദ്ധ പ്രവർത്തനമാണ്. കേരള ജനത ഒട്ടാകെ സന്നദ്ധ പ്രവർത്തനത്തിന് തയ്യാറായി നിൽക്കുകയാണ്. എന്താണ് അവർ ചെയ്യേണ്ടത്?

ഏതൊരു ദുരന്ത കാലത്തും ഏറ്റവും ആദ്യം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നത് ഫയർഫോഴ്‌സോ ആർമിയോ അല്ല. കൂടുതൽ ആളുകളെ രക്ഷിക്കുന്നതും അന്താരാഷ്ട്ര സംഘങ്ങളോ ഐക്യ രാഷ്ട്ര സഭയോ അല്ല. ആ പ്രദേശത്ത് തന്നെയുള്ള, സമൂഹത്തിന്റെ ചുറ്റുമുള്ള കാര്യങ്ങളിൽ ഇടപെടുന്ന സാധാരണക്കാർ ആണ്. പതിനെട്ടില പ്രളയകാലത്തും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.

രക്ഷാ പ്രവർത്തനത്തിന്റെ ഒന്നാം ഘട്ടം കഴിഞ്ഞിരിക്കയാണ്. നൂറു വർഷത്തെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിനും ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തത്തിനുമാണ് കഴിഞ്ഞ ആഴ്ച കേരളം സാക്ഷ്യം വഹിച്ചത്. കേരളത്തെ മൊത്തം ബാധിച്ച ദുരന്തം മൂന്നോ നാലോ ദിവസമേ നീണ്ടുനിന്നുള്ളൂ എങ്കിലും ഭൗതികവും മാനസികവുമായ വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിൽ നിന്ന് നാടിനെയും ജനങ്ങളെയും പുനരുജ്ജീവിപ്പിക്കാൻ ചുരുങ്ങിയത് അഞ്ചു വർഷവും ആയിരക്കണക്കിന് കോടി രൂപയും ആവശ്യമായി വരും.

ഈ പുനർനിർമ്മാണം സർക്കാർ മാത്രം വിചാരിച്ചാൽ സാധിക്കുന്ന ഒന്നല്ല. ലോകത്തെവിടെയും സന്നദ്ധ പ്രവർത്തകർ ഈ വിഷയത്തിൽ ഇടപെടാറുണ്ട്. കേരളത്തിലെ കാര്യത്തിലും ഇത് വ്യത്യസ്തമാകേണ്ട ഒന്നല്ല. കേരളത്തിനകത്തുനിന്നും പുറത്തു നിന്നും ഏറെ ആളുകൾ കേരളത്തിൽ സന്നദ്ധ സേവനം നടത്താൻ തയ്യാറാണ്. കേരളത്തിൽ എത്താൻ പറ്റാത്ത മലയാളികളും വിദേശങ്ങളിൽ ഇരുന്ന് അവർക്ക് ആകുന്ന രീതിയിൽ സന്നദ്ധ സേവനം നടത്താൻ റെഡിയാണ്. അടുത്ത ഏതാനും ദിവസങ്ങൾ സന്നദ്ധ സേവനത്തിന്റെ കാര്യത്തിൽ പ്രധാനമാണ്.

എട്ടുലക്ഷത്തോളം ആളുകൾ ക്യാംപുകളിൽ ഉണ്ട്. വെള്ളമിറങ്ങുന്നതോടെ സ്വന്തം വീടുകളിലേക്ക് ഓടിയെത്താനാണ് അവരെല്ലാം ശ്രമിക്കുക. വീടുകൾ പലതും വെള്ളത്തിനടിയിൽ ആയിരുന്നതിനാൽ നാശനഷ്ടങ്ങൾ അവിടെയുമുണ്ട്. ആ വീടുകൾ വീണ്ടും ജീവിതയോഗ്യമാക്കണമെങ്കിൽ ഒരാഴ്ച വരെ വേണ്ടിവരും. ഈ കാലത്ത് ഇവരെ സഹായിക്കാൻ ആയിരക്കണക്കിന് സന്നദ്ധ പ്രവർത്തകരുടെ ആവശ്യമുണ്ട്. നിലവിലെ സാഹചര്യത്തിൽ സ്വന്തം താല്പര്യത്തിൽ, സ്ഥലത്തെ ഏതെങ്കിലും ഒരു ചെറിയ ഗ്രൂപ്പിന്റെ കൂടെ, സ്വന്തം സ്കില്ലുകൾക്ക് പ്രത്യേക പ്രാധാന്യമില്ലാതെ, ഒരു മാർഗ്ഗ നിർദേശവും ഇല്ലാതെയാണ് കേരളത്തിലെ യുവാക്കൾ സന്നദ്ധ പ്രവർത്തനത്തിന് ഇറങ്ങുന്നത്. ഇതൊരു നല്ല കാര്യം ആണെങ്കിലും വേണ്ടത്ര കാര്യക്ഷമമല്ല. സന്നദ്ധപ്രവർത്തകർ എന്താണ് ചെയ്യേണ്ടത്? എങ്ങനെയാണ് അവരെ സംയോജിപ്പിക്കേണ്ടത്?

അടുത്ത ദിവസങ്ങളിൽ തീർച്ചയായും വേണ്ടിവരുന്ന ചില സേവനങ്ങൾ പറയാം.

  1. സർവ്വേ അറിയാവുന്നവർ – ഈ വെള്ളപ്പൊക്കം പുഴയിൽ നിന്നും എത്രമാത്രം ദൂരെ എത്തി എന്ന് ഓരോ പുഴയുടേയും ഇരുകരകളിലും ട്രാൻസെക്റ്റ് എടുത്തുവെക്കണം. കുറച്ചു നാൾ കഴിഞ്ഞു ഭാഗ്യം ഉണ്ടെങ്കിൽ ഈ സ്ഥലത്തിന്റെ ഉപഗ്രഹ ചിത്രം കിട്ടി എന്ന് വരാം. അപ്പോൾ ഈ വിവരം ഗ്രൗണ്ട് ട്രൂത്തിങ്ങിന് ഉപയോഗിക്കാം. ഉപഗ്രഹ ചിത്രം കിട്ടാതിരിക്കുകയും (ക്ലൗഡ് കവർ കാരണം) സർവ്വേ നടത്താതിരിക്കുകയും ചെയ്താൽ – അടുത്ത ആഴ്ച തന്നെ എത്ര ദൂരം വരെ വെള്ളം എത്തി എന്നുള്ള സർവ്വേ എടുത്തില്ലെങ്കിൽ 1924 – ലെ തലമുറ സുപ്രധാനമായ വിവരങ്ങൾ നഷ്ടപ്പെടുത്തിയത് പോലെ നമ്മളും നഷ്ടപ്പെടുത്തും. നമ്മുടെ അടുത്ത തലമുറ വീണ്ടും വെള്ളത്തിൽ മുങ്ങിമരിക്കും. സർവ്വേ പഠിച്ചിട്ടുള്ള – റിട്ടയർ ചെയ്ത വില്ലേജ് ഉദ്യോഗസ്ഥർ തൊട്ട് സർവ്വേ സ്‌കൂളിലും പോളി ടെക്നിക്കുകളിലും എഞ്ചിനീയറിങ്ങ് കോളേജിലും സിവിൽ എഞ്ചിനീയറിങ്ങ് പഠിച്ചിട്ടുള്ള ആർക്കും ഈ പഠനം ഏറ്റെടുക്കാം. അവർ തയ്യാറാണോ ?
  2. കെട്ടിടങ്ങളുടെ സ്‌ട്രക്‌ചറൽ സേഫ്റ്റി: പതിനായിരക്കണക്കിന് വീടുകളിലാണ് വെള്ളം കയറിയിട്ടുള്ളത്. അതിൽ ഓരോന്നും ഒരു സിവിൽ എൻജിനീയർ സ്റ്റാൻഡേർഡ് ചെക്ക്‌ലിസ്റ്റ് അനുസരിച്ച് കെട്ടിടത്തിന്റെ സുരക്ഷ അവലോകനം ചെയ്യണം. വീടുകളെ
    (എ) ഒരു കുഴപ്പവും ഇല്ലാതെ കയറി താമയ്ക്കാവുന്നവ (പച്ച സിഗ്നൽ),
    (ബി) അത്യാവശ്യം റിപ്പയർ നടത്തി താമസിക്കാവുന്നത് (ഓറഞ്ച് സിഗ്നൽ)
    (സി) സുരക്ഷിതം അല്ലാത്തത് (ചുവപ്പ് സിഗ്നൽ)
    എന്നിങ്ങനെ മൂന്നായി തിരിക്കണം. കെട്ടിടത്തിന്റെ സുരക്ഷയുടെ മാനദണ്ഡം അനുസരിച്ച് എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടതെന്ന് റിപ്പോർട്ട് തയ്യാറാക്കുക. പി ഡബ്ല്യൂ ഡി യിൽ നിന്നും എഞ്ചിനീയറിങ്ങ് കോളേജിൽ നിന്നും റിട്ടയറായ സിവിൽ എൻജിനീയർമാരും, ഇപ്പോൾ കോളേജിലും പോളി ടെക്നിക്കിലും പഠിക്കുന്ന കുട്ടികളും ഒരുമിച്ച് ചേർന്ന് ഒരു മൂവായിരം പേരുടെ സംഘം ഉണ്ടാക്കിയാൽ ഓണാവധി കഴിയുമ്പോഴേക്ക് ഈ സർവ്വേ പൂർത്തിയാക്കാം. ഓണാവധി തുടങ്ങിയ സ്ഥിതിക്ക് ഇനി ഇത് വല്ലതും നടക്കുമോ? കുട്ടികളും അധ്യാപകരും ഒക്കെ കോർഡിനേറ്റ് ആയി വരുമ്പോഴേക്കും ആളുകൾ വീട്ടിൽ കയറി താമസിച്ചിട്ടുണ്ടാകും. എന്തെങ്കിലുമൊക്കെ കാര്യങ്ങളിൽ അവർ തെറ്റായ തീരുമാനങ്ങൾ എടുത്തിട്ടുണ്ടാകും, കെട്ടിടം ഇടിഞ്ഞു വീണിട്ടുണ്ടാകും. ശ്രമിച്ചാൽ ഒഴിവാക്കാവുന്ന കാര്യമാണ്.
  3. ഇത് തന്നെയാണ് ഇലക്ട്രിക്കൽ എൻജിനീയർമാരുടെ കാര്യവും. ഓരോ വീട്ടിലെയും വൈദ്യുതി കണക്ഷൻ, വയറിങ്ങ്, ഇലക്ട്രിക്കൽ ഉപകരണങ്ങൾ ഇവയൊക്കെ ഒരു പരിശോധന നടത്തി ഉപയോഗ ശൂന്യമായത്, റിപ്പയർ ചെയ്ത് ഉപയോഗിക്കാവുന്നത്, ഉടനെ ഉപയോഗിക്കാവുന്നത് എന്ന് തരംതിരിച്ച് കൊടുത്താൽ അത് വലിയ ആശ്വാസമാകും. വീട്ടിൽ എവിടെയെങ്കിലും വയറിങ്ങ് മോശമായിട്ടുണ്ടോ, ഷോക്ക് അടിക്കാൻ സാധ്യത ഉണ്ടോ എന്നൊക്കെയും പരിശോധിക്കണം. നാട്ടിലെ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ നിന്നും റിട്ടയർ ചെയ്തവരുടെ നേതൃത്വത്തിൽ ഇപ്പോൾ കോളേജിലും പോളി ടെക്നിക്കിലും ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങ് പഠിക്കുന്ന കുട്ടികൾ ഒരുമിച്ച് ചേർന്ന് ഒരു മൂവായിരം പേരുടെ സംഘം ഉണ്ടാക്കിയാൽ ഈ ഓണാവധി കഴിയുമ്പോഴേക്ക് ഈ സർവ്വേയും പൂർത്തിയാക്കാം. ഇക്കാര്യത്തിലും എവിടെയെങ്കിലും ആരെങ്കിലും ഒക്കെ തെറ്റായ തീരുമാനങ്ങൾ എടുത്തിട്ടുണ്ടാകും, ഷോക്ക് അടിച്ചു മരിച്ചിട്ടുണ്ടാകും. ശ്രമിച്ചാൽ ഒഴിവാക്കാവുന്ന കാര്യമാണ്.
  4. അതിശയകരമായ വിവരങ്ങളാണ് റിമോട്ട് സെൻസിംഗ് വഴി നമുക്ക് ഇപ്പോൾ ലഭ്യമാകുന്നത്. വെള്ളപ്പൊക്കത്തിനും ഉരുൾ പൊട്ടലിനും മുൻപുള്ള കേരളം, വെള്ളപ്പൊക്ക സമയത്തെ കേരളം, വെള്ളം ഇറങ്ങിയതിന് ശേഷമുള്ള കേരളം, വെള്ളത്തിൽ നിന്ന വിളകളും കളകളും ചീഞ്ഞുണങ്ങിയ കേരളം എന്നിങ്ങനെ പല ദിവസങ്ങളിലെ വിവിധ വ്യാപ്തിയുള്ള ഉപഗ്രഹ ചിത്രങ്ങൾ നമുക്ക് ലഭ്യമാക്കാൻ ശ്രമിക്കണം. അവ അനുസരിച്ച് മൊത്തം വെള്ളത്തിനടിയിലായ ഏരിയ, വീടുകളുടെയും സ്ഥാപനങ്ങളുടെയും എണ്ണം, വിള നഷ്ടം, ഉരുൾ പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായ പ്രദേശങ്ങൾ എന്നിങ്ങനെ പലതും കണ്ടുപിടിക്കാം. ഇത് കേരളത്തിൽ നിന്നുകൊണ്ട് വേണമെന്നില്ല. കേരളത്തിൽ നിന്നുമുള്ള റിമോട്ട് സെൻസിങ്ങിൽ പരിചയമുള്ള അനവധി ആളുകളുണ്ട്. അവരും നമ്മുടെ കോളേജിലെ അധ്യാപകരും കൂടി ശ്രമിച്ചാൽ ഇത് സാധിക്കില്ലേ? (പത്തുവർഷമായിട്ടും നെൽവയലുകളുടെ ഒരു ഉപഗ്രഹ ചിത്ര ഡേറ്റ ബേസ് ഉണ്ടാക്കാൻ സാധിക്കാത്ത ആളുകളാണ് കേരളത്തിലുള്ളത്, എനിക്ക് ഒരു പ്രതീക്ഷയും ഇല്ല). ആശയം പറഞ്ഞു എന്നേ ഉള്ളൂ.
  5. കുടിവെള്ളത്തിൻറെ ടെസ്റ്റിംഗ്: കേരളത്തിലെ അനവധി വീടുകളിലെ കിണറുകളും, വെള്ളം സംഭരിച്ചു വക്കുന്ന ടാങ്കുകളും, കുടിവെള്ളം വരുന്ന പൈപ്പുകളും മലിനജലം കയറി ഉപയോഗശൂന്യമായിട്ടുണ്ടാകാം. ദുരന്തത്തിൽ മരിച്ചവരേക്കാൾ അധികം ആളുകൾ മരിക്കാൻ കുടിവെള്ളത്തിലെ മാലിന്യം കാരണമാകും. നമ്മുടെ പരിസ്ഥിതി എൻജിനീയർമാരും നേഴ്‌സുമാരും (വിദ്യാർത്ഥികളും ഇപ്പോൾ ജോലിയിൽ അല്ലാത്തവരും) നല്ല പൊതുജനാരോഗ്യ വിദഗ്ദ്ധരുടെ നേതൃത്വത്തിൽ കേരളത്തിലെ ഓരോ വീട്ടിലെയും സ്ഥാപനത്തിലെയും കുടി വെള്ളം ടെസ്റ്റ് ചെയ്യുന്ന ഒരു രീതി ഉണ്ടാക്കണം. ഇതിനൊക്കെ വേണ്ട പ്രോട്ടോകോൾ ഇപ്പോൾ തന്നെയുണ്ട്. ടെസ്റ്റിംഗ് കിറ്റുകൾ അയക്കാൻ മറുനാട്ടിലെ മലയാളികൾ ഇപ്പോൾ തന്നെ തയ്യാറാണ്. ഇങ്ങനെയൊരു സംഘമുണ്ടാക്കാൻ ആരാണ് മുൻകൈ എടുക്കുക?
  6. കേരളത്തിലെ ഓരോ മഴക്കാലത്തും മൊത്തം നാശനഷ്ടത്തിന്റെ കണക്കെടുക്കുന്ന പരിപാടിയുണ്ട്. ഇതൊരു ട്രാജഡിയും കോമഡിയും ചേർന്ന ഏർപ്പാടാണ്. യാഥാർഥ്യവുമായി ഒരു ബന്ധവുമില്ലാത്ത കണക്കാണ് ഉണ്ടാക്കുന്നത്, ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ. നഷ്ടം അയ്യായിരം കോടി ആണെന്ന് കളക്ടർ പറയും. കേന്ദ്രസംഘത്തിൽ വരുന്ന ആളും പണ്ട് കളക്ടർ ആയിരുന്നതിനാൽ ഈ കണക്കൊക്കെ കോമഡി ആണെന്ന് അവർക്കറിയാം. അവസാനം രാഷ്ട്രീയം ഒക്കെ നോക്കി അമ്പതു മുതൽ അഞ്ഞൂറ് കോടി വരെ കിട്ടും. കിട്ടിയത് കിട്ടി എന്ന് കരുതി നമ്മൾ യാത്ര തുടരും. ഈ സ്ഥിതി മാറ്റണം. ദുരന്തത്തിന്റെ കണക്കെടുപ്പ് കൂടുതൽ പ്രൊഫഷണൽ ആക്കണം. കുറച്ചു സിവിൽ എൻജിനീയർമാരും, കൊമേഴ്‌സുകാരും, കൃഷി ശാസ്ത്രജ്ഞരും ഒത്തുകൂടി കൂടുതൽ ആധുനികമായ പ്രോട്ടോക്കോൾ ഉണ്ടാക്കണം. ഈ വിഷയത്തിലുള്ള വിദ്യാർത്ഥികളെ സംഘടിപ്പിച്ച് കണക്കെടുക്കണം.
  7. ഓരോ ദുരന്തശേഷവും ദുരന്തന്തിൽ അകപ്പെട്ട ഓരോ വ്യക്തിയും സ്വാഭാവികമായും മാനസിക സംഘർഷം അനുഭവിക്കുന്നുണ്ട്. അക്കാര്യം മനസ്സിലാക്കി അവരെ വേണ്ട തരത്തിൽ കൈകാര്യം ചെയ്തില്ലെങ്കിൽ മാസങ്ങൾക്ക് ശേഷം ‘പോസ്റ്റ് ട്രോമാറ്റിക്ക് സ്‌ട്രെസ് ഡിസോർഡർ’ എന്ന മാനസിക അവസ്ഥയിൽ അവരെത്തും, വിഷാദം ബാധിക്കും, ആത്മഹത്യകൾ കൂടും. നമ്മുടെ സമൂഹത്തിൽ ഇങ്ങനെ ഒരു വാക്ക് സമൂഹം കേട്ടിട്ട് കൂടി ഇല്ല. മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടുന്നത് ‘ഭ്രാന്തുള്ളവർ’ മാത്രമാണെന്നാണ് സമൂഹം ചിന്തിക്കുന്നത്. ആണുങ്ങൾ കരയില്ല എന്നും അവർക്ക് ഒരു സപ്പോർട്ടും വേണ്ട എന്നും സമൂഹം കരുതുന്നു (പൊട്ടത്തെറ്റാണ്). നമ്മുടെ സമൂഹത്തെ മൊത്തം അടുത്ത ആഴ്ചകളിലും മാസങ്ങളിലും കൗൺസൽ ചെയ്യാനുള്ള ആയിരക്കണക്കിന് സന്നദ്ധ പ്രവർത്തകർ നമുക്കാവശ്യമുണ്ട്. അവർ പുറമേ നിന്ന് വരില്ല. പക്ഷെ അഞ്ചോ പത്തോ പേർ വന്നാൽ അവർ കേരളത്തിലുള്ള – ഇപ്പോൾ തൊഴിൽ ഇല്ലാതെ നിൽക്കുന്ന ആയിരം നേഴ്‌സുമാരെ പരിശീലിപ്പിച്ചാൽ അവർക്ക് നമ്മുടെ സമൂഹത്തെ സഹായിക്കാൻ പറ്റും.

ഇങ്ങനെ ഞാൻ നോക്കുന്ന എവിടെയും ഹൈ സ്‌കിൽഡ് ആയിട്ടുള്ളവരുടെ സന്നദ്ധ സേവനത്തിന്റെ ആവശ്യമുണ്ട്. ചെയ്യാൻ കഴിവുള്ളവരും. ഇവരെ തമ്മിൽ തമ്മിൽ ബന്ധിപ്പിക്കാനുള്ള സംവിധാനമാണ് ഇല്ലാത്തത്. ഇപ്പോൾ ഒറ്റക്കൊറ്റക്ക് ആളുകൾക്ക് വേണമെങ്കിൽ റെസ്ക്യൂ ചെയ്യാം. ആയിരക്കണക്കിന് സന്നദ്ധ പ്രവർത്തകർ ഒരുമിച്ച് ഒരേ പ്രോട്ടോക്കോൾ അനുസരിച്ചു ചെയ്യേണ്ട ജോലി അൻപത് പേർ അൻപത് തരത്തിൽ ചെയ്യുന്നത് വ്യക്തിപരമായി സന്തോഷം ഉണ്ടാക്കുന്നതാണെങ്കിലും പ്രായോഗികമായി ഉപയോഗശൂന്യമാണ്. അതുപോലെ തന്നെ ഹൈലി സ്‌കിൽഡ് ആയിട്ടുള്ളവർ സന്നദ്ധ സേവനം നടത്തുന്നതിനായി കെട്ടിടത്തിലെ ചെളി മാറ്റാൻ പോകുന്നത് ഈച്ചയെ കൊല്ലാൻ കലാഷ്നിക്കോവും ആയി നടക്കുന്ന മണ്ടന്മാരെയാണ് ഓർമ്മിപ്പിക്കുന്നത്.

എന്റെ പുതിയ തലമുറയോട് എനിക്ക് ഇതേ പറയാനുള്ളൂ. നിങ്ങളുടെ ജീവിതത്തിലെ നിർണ്ണായകമായ ഒരു സംഭവമാണിപ്പോൾ നമ്മെ കടന്നു പോകുന്നത്. നിങ്ങൾക്ക് രണ്ടു സാധ്യതകൾ ഉണ്ട്. മറ്റുള്ളവർ കാര്യങ്ങൾ സംഘടിപ്പിച്ച് നിങ്ങളെ അതിൽ ഭാഗഭാക്കാക്കും എന്ന് വിചാരിച്ച് ഓണാവധി കഴിക്കുക. അല്ലെങ്കിൽ നേതൃത്വ ഗുണം കാണിച്ച് മുൻ പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കാൻ നോക്കുക. അങ്ങനെ ചെയ്താൽ നിങ്ങളുടെ ജീവിതം വ്യക്തിപരമായി മാറിമറിയും. ഒരു ദുരന്ത നിവാരണ വിദഗ്ദ്ധൻ ആകാൻ ഏറ്റവും എളുപ്പം ഒരു ദുരന്തത്തിലൂടെ കടന്നു പോവുകയാണ് എന്ന് ഞാൻ പറയാറുണ്ടല്ലോ. ദുരന്തത്തിന്റെ കണക്കെടുപ്പ് മുതൽ സൈക്കോ സോഷ്യൽ സപ്പോർട്ട് വരെ കേരളത്തിലെ ദുരന്തകാലത്ത് ചെയ്തവർക്ക് പിൽക്കാലത്ത് ആ രംഗത്തിൽ ഏറെ ജോലി സാധ്യത ഉണ്ടാകും.

സാധ്യമായ എല്ലാ സന്നദ്ധ – സേവന അവസരങ്ങളും ഞാൻ പറഞ്ഞു തീർന്നിട്ടില്ല. റെസിഡന്റ് അസോസിയേഷന്റെയും, വാട്ട്സ്ആപ്പ് ഗ്രൂപ്പിന്റെയും, ക്ളബ്ബിന്റെയും അടിസ്ഥാനത്തിൽ ‘എന്ത്’ ജോലിയും ചെയ്യാനിറങ്ങുന്ന സന്നദ്ധ സേവനം അല്ല, നിങ്ങളുടെ പ്രത്യേക അറിവുകൾ ഈ അവസരത്തിൽ ഉപയോഗിക്കുന്ന സന്നദ്ധ സേവനമാണ് കൂടുതൽ പ്രധാനം എന്ന് നിങ്ങൾ മനസ്സിലാക്കണം. ആ തരത്തിലാണ് നിങ്ങൾ ഈ വിഷയത്തെ കൈകാര്യം ചെയ്യേണ്ടത്.

മുരളി തുമ്മാരുകുടി

Back to Top