വിഷുപക്ഷി പാടുന്നു..

വിഷുപക്ഷി പാടുന്നു..

വിഷുപക്ഷിയെ കണ്ടിട്ടുണ്ടോ ? ശരിക്കും അങ്ങനെയൊരു പക്ഷിയുണ്ടോ ?

“ചക്കയ്ക്കുപ്പുണ്ടോ;
അച്ഛൻ കൊമ്പത്ത്,
അമ്മ വരമ്പത്ത്;
കള്ളൻ ചക്കേട്ടു,
കണ്ടാമിണ്ടണ്ട…”

ഇത് കേള്‍ക്കാത്തവര്‍, കുയിലിന്റെ പാട്ടിനനുകരിച്ച് ഏറ്റു വിളിയ്ക്കാത്ത മലയാളികളുണ്ടാവില്ല.

ചക്കയ്ക്കുപ്പുണ്ടോ കുയിൽ (Indian Cuckoo). ശാസ്ത്രീയനാമം: Cuculus micropterus (Gould, 1837). വിഷുപക്ഷി, അച്ഛൻകൊമ്പത്ത്, ഉത്തരായനക്കിളി, കതിരുകാണാക്കിളി തുടങ്ങി പ്രാദേശികമായ പല പേരുകളിലും ഈ കുയിൽ അറിയപ്പെടുന്നുണ്ട്.

പ്രധാനമായും വിഷു ഉത്സവകാലത്തിനോട് അടുപ്പിച്ചാണ് ഈ കിളിയുടെ ഗംഭീരശബ്ദം കേട്ടു തുടങ്ങുന്നത് എന്നതിനാലാണ് ഇതിനെ വിഷുപ്പക്ഷി എന്നു വ്യപകമായി വിളിക്കുന്നത്. പ്ലാവുകളിൽ ചക്ക വിളയുന്ന കാലവുമിതു തന്നെ (മേടം-ഇടവം/മാർച്ച്-മേയ്). വീട്ടമ്മമാർ ചക്കപ്പുഴുക്കുണ്ടാക്കുന്ന കാലം. അപ്പോഴാണ് “ചക്കയ്ക്കുപ്പുണ്ടോ” എന്ന മുഴങ്ങുന്ന ഓർമ്മപ്പെടുത്തലുമായി ഈ ചെറിയ കുയിൽ എത്തുന്നത്. കണ്ടുകിട്ടാൻ വളരെ ബുദ്ധിമുട്ടാണെങ്കിലും ദൂരേയ്ക്കുംഇവയുടെ ശബ്ദം കേൾക്കാനാകും. സാധാരണ ഉയരമുള്ള മരങ്ങളുടെ അറ്റത്തുള്ള ഇലക്കൂട്ടത്തിനിടയിൽ ഒളിഞ്ഞിരുന്നുകൊണ്ടാണ് ഇവ പാടുക.
ആ പാട്ട് ഒന്നൂടെ കേട്ടാലോ ?

ദേഹപ്രകൃതിയില്‍ ഷിക്രാകുയിലിനോടും ഗമനരീതിയില്‍ പ്രാപിടിയന്മാരോടും വളരെ സാദൃശ്യമുള്ള പക്ഷിയാണ്. ചക്കയ്ക്കുപ്പുണ്ടോ കുയിലിന്റെ തലയുടെ മുകള്‍ഭാഗവും പുറവും ചിറകുകളും വാലുമെല്ലാം കരിമ്പിച്ച ചാരനിറമാണ്. മാറിനു താഴെ വെള്ളനിറമുണ്ട്. ഈ ഭാഗത്ത് കുറേ കറുത്തപട്ടകള്‍ ദേഹത്തിനു വിലങ്ങനെ, ഭസ്മക്കുറിയിട്ടപോലെ കാണാം.ആൺപക്ഷിയും പെൺപക്ഷിയും ഒരുപോലെയിരിക്കും. പെൺപക്ഷിയുടെ കഴുത്തിൽ ആൺപക്ഷിയെ അപേക്ഷിച്ച് ചെറുതായി മങ്ങിയ ചാര നിറമാണ്. നെഞ്ചിലും വാലിലും കൂടുതൽ ബ്രൗൺ നിറവുമായിരിക്കും. (കേരളത്തിലെ പക്ഷികള്‍, ഇന്ദുചൂഡന്‍)

നാണം കുണുങ്ങി പക്ഷിയായതു കാരണം കണ്ടുകിട്ടുക എളുപ്പമല്ല. പക്ഷിയുടെ ശബ്ദം കേട്ട് തിരിച്ചറിയുകയാണെളുപ്പം. പക്ഷിയുടെ കൂകലിന് നാലു നോട്ടുകളുണ്ട്.  “അച്ചൻകൊമ്പത്ത്“ “അമ്മവരമ്പത്ത്“ “ കള്ളൻചക്കേട്ടു“ “കണ്ടാൽ മിണ്ടണ്ട“ തുടങ്ങിയ വരികളുടെ ഈണത്തിൽ അഞ്ച് പത്ത് സെക്കന്റ് ഇടവിട്ടുകൊണ്ടുള്ള പാട്ട് അരക്കിലോമീറ്റർ ദൂരെവരെ കേൾക്കാം. രാവിലെ മുതൽ വൈകീട്ടുവരെ മാത്രമല്ല നിലാവുള്ള രാത്രിയിലും ഇത് കേൾക്കാറുണ്ട്. ഇവയുടെ നാലുനോട്ടുകളുള്ള പാട്ടുമായി ബന്ധപ്പെട്ട് ബംഗ്ലാളിലും നേപ്പാളിയും ചൈനയിലുമൊക്കെ നമ്മുടെ വിഷുപക്ഷിയോട് സമാനമായ രസകരമായ പ്രാദേശിക മിത്തുകളും ആഖ്യാനങ്ങളുമുണ്ട്.

CuculusMicropterusMapഇന്ത്യൻ ഉപഭൂഖണ്ഡത്തിലും തെക്കെൻ ഏഷ്യയിലുമാണ് ഇവയെ കണ്ടുവരുന്നത്. ഇന്ത്യയെക്കൂടാതെ ബംഗ്ലാദേശ്, ഭൂട്ടാൻ, നേപ്പാൾ, ശ്രീലങ്കയുടെ  കിഴക്ക് മുതൽ ഇന്ത്യാനേഷ്യവരെയും വടക്ക് ചൈനയും റഷ്യയും വരെയും കണ്ടുവരുന്നു.  നന്നായി മരങ്ങളുള്ള ഗ്രാമപ്രദേശങ്ങളിലും റബ്ബർ തോട്ടങ്ങളിലും ഇലപൊഴിയും കാടുകളിലും കണ്ടുവരുന്ന നാണം കുണുങ്ങിയായ ഈ പക്ഷി സമുദ്രനിരപ്പിൽ നിന്ന് 3600 മീ അടി ഉയരെ വരെ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ മരങ്ങൾ ഇടതിങ്ങിയ ഗ്രാമപ്രാന്തങ്ങളിലും എല്ലാ സംരക്ഷിതവനപ്രദേശങ്ങളിലുമെല്ലാം ഇവയുടെ സാന്നിദ്ധ്യമുണ്ടെങ്കിലും മൂന്നാർ പോലെയുള്ള ഉയർന്ന പ്രദേശങ്ങളിൽ വിരളമായേ കാണാറുള്ളൂ.

മറ്റുപക്ഷികളുടെ കൂട്ടിൽ മുട്ടയിടുന്ന Brood parasite സ്വഭാവമുള്ള ഒരു പക്ഷിയാണിത്.  ഏപ്രിൽ മുതൽ ആഗസ്റ്റ് വരെയാണ് ഇന്ത്യയിൽ മുട്ടയിടുന്ന കാലം. മറ്റു സ്ഥലങ്ങളിൽ മുട്ടയിടുന്ന കാലത്തിന് വ്യത്യാസമുണ്ട്. കാക്കയുടേയും കാക്കത്തമ്പുരാട്ടികളുടേയും മഞ്ഞക്കറുപ്പന്റേയും കൂട്ടിലാണ് മുട്ടയിടുന്നതെന്ന് കരുതുന്നു. ആനറാഞ്ചിപക്ഷികളുടെ കൂട്ടിൽ മുട്ടയിട്ട ഒരു അച്ചൻകൊമ്പനെ 1951 മേയ് മാസത്തിൽ കണ്ടതിനെക്കുറിച്ച് നീലകണ്ഠന്മാഷ് എഴുതിയിട്ടുണ്ട്. കൂട്ടിലെ ഒരു മുട്ട കൊത്തി കുടിച്ചു് ആ തോടുമാറ്റിയാണ് മുട്ടയിടുന്നതു്. മുട്ട വിരിയാൻ 12 ദിവസമാണ് വേണ്ടത്. പുഴുക്കളും പ്രാണികളുമാണ് പ്രധാന ആഹാരമെങ്കിലും അപൂർവ്വം അവസരങ്ങളിൽ പഴങ്ങളും ഭക്ഷിക്കാറുണ്ട്.


അവലംബം: വിക്കിപീഡിയ, കേരളത്തിലെ പക്ഷികൾ (ഇന്ദുചൂഢൻ), Birds of Kerala Status and Distribution

Back to Top