വിഷമത്സ്യം തിന്നുന്ന പരുന്തുകളും കാക്കകളും

വിഷമത്സ്യം തിന്നുന്ന പരുന്തുകളും കാക്കകളും

വീടിനടുത്തുള്ള തെങ്ങിൽ ചക്കിപരുന്ത് കൂടു വച്ചിട്ടുണ്ട്. ഇണകൾ രണ്ടും സദാസമയം ചുറ്റുവട്ടത്ത് തന്നെ കറങ്ങുന്നുമുണ്ട്. സ്വല്പം ഉയരെയായതിനാൽ കൂടിനകം കാണാനാവില്ല. അടയിരിപ്പ് കാലം കഴിഞ്ഞിരിക്കാം. മുട്ട വിരിഞ്ഞിരിക്കുമെങ്കിൽ പരുന്ത് കുഞ്ഞുങ്ങളെ തീറ്റുകയാണ്. കഴിഞ്ഞ ദിവസങ്ങൾ മുതൽക്ക് വീടിനു മുൻപിൽ നിന്നും അമ്മ മീൻ വാങ്ങി വരുമ്പോൾ കൈയ്യിലെ ചട്ടിയിൽ നിന്നും ഇക്കൂട്ടർ മീൻ കൊത്തി പറക്കുന്നത് പതിവായിരിക്കുന്നു. എത്ര ശ്രദ്ധിച്ചാലും മൂന്നു ദിവസത്തിൽ രണ്ടു ദിവസവും റാഞ്ചലിൽ പരുന്തുകൾ വിജയിക്കുന്നുണ്ട്. അയലയും മത്തിയുമാണ് പ്രധാന മീനുകൾ. മീൻ മുറിച്ച അവശിഷ്ടങ്ങൾ ഭക്ഷിക്കുന്നതാവട്ടെ വലിയൊരളവും കാക്കകളുമാണ്.

വിഷയം ഈ മോഷണമല്ല, അത് രസകരമായ ഒന്നാണല്ലോ..പക്ഷെ, കൂടുതൽ ആലോചനകൾ അവയുടെ ജീവനെക്കുറിച്ചുള്ള ഭയം തന്നെയായി മാറും.
ഫോർമാലിൻ ഉൾപ്പെടെയുള്ള ഗുരുതര വിഷവസ്തുക്കൾ പുരട്ടി വരുന്ന മത്സ്യം കഴിക്കുന്നതിലൂടെ അവയ്ക്ക് സംഭവിക്കുന്ന അപായത്തെകുറിച്ചുള്ള ആശങ്കയാണത്. വിശാല മനുഷ്യശരീരം പോലും ഈ വിഷമീൻ തീറ്റകാരണം കാൻസർ പോലുള്ള ദുരന്തങ്ങളിലേക്ക് പതിയെ വീണുകൊണ്ടിരിക്കുമ്പോൾ ദുർബലജീവൽസന്ധികളുമായി നിലനിൽക്കുന്ന പാവം പക്ഷികളെ ഈ വിഷം എത്രയെളുപ്പമായിരിക്കും പിടികൂടുക. അതൊരു വല്ലാത്ത ആശങ്ക തന്നെയാണ്.

Image – Prasoon Kiran

ഒരു കാലത്ത് ധാരാളമായി നിലനിന്നിരുന്ന കഴുകൻ കൂട്ടത്തെ ഇന്ന് അതീവവംശനാശഭീഷണി പട്ടികയിലേക്ക് എത്തിച്ചത് ഡൈക്ളോഫെനക് എന്ന വേദനസംഹാരിയായിരുന്നു. അത് പ്രയോഗിക്കപ്പെട്ടത് കഴുകന്മാരിലേക്ക് നേരിട്ടായിരുന്നില്ല, മറിച്ച് വേദനസംഹാരികളായി കാലികളിലായിരുന്നു. എന്നാൽ പരോക്ഷമായി- അത് പൂർണ്ണമായും ബാധിച്ചതാവട്ടെ ജൈവമാലിന്യം ഭക്ഷിക്കുന്ന നിർദോഷികളായ കഴുകന്മാരെയും. പല അർത്ഥത്തിലും കഴുകന്മാരിലും പരുന്തുകളിലും താരതമ്യങ്ങൾ നിരവധിയാണ്. ഇരുവിഭാഗങ്ങളും പ്രകൃതിയിൽ സ്വാഭാവിക ശുചീകരണ പ്രവർത്തിയിൽ സദാ വ്യാപൃതരാണ് എന്നതും, മനുഷ്യർ ഉപേക്ഷിക്കുന്ന ഭൂരിഭാഗം ജൈവഅവശിഷ്ടങ്ങളും പുനഃചംക്രമണം നടത്തുന്നത് ഇവയാണ് എന്നതുമാണ്‌ അതിൽ പ്രധാനം.

ഇത് പരുന്തിനെ സ്വല്പമാത്രമായി ബാധിക്കുമ്പോൾ കാക്കകളെ അതിഗുരുതരമായി തന്നെ ബാധിക്കുമെന്നതാണ് വാസ്തവം. കാരണം പരുന്തുകൾ ഭൂരിഭാഗവും തീരപ്രദേശങ്ങളിൽ നിന്നും നീർത്തടങ്ങളിൽ നിന്നും നേരിട്ട് മീൻവേട്ട നടത്തി ഇരകണ്ടെത്തുന്നവയാണ് എന്നതിനാലാണത്. മറിച്ച് കാക്കകൾ ഉപേക്ഷിക്കപ്പെടുന്ന ജൈവമാലിന്യങ്ങളിൽ നിന്നും പതിവായി ആഹാരസമ്പാദനം നടത്തുന്നവയുമാണ്. ഈ ജൈവ മാലിന്യങ്ങളുടെ നിലവാരത്തെക്കുറിച്ചുള്ള ആശങ്കയാണ് വിഷയവും. അതിനാൽ, ഈ അനുഭവം നാട്ടു ശുചീകരണവൃത്തി നടത്തുന്ന പരുന്തുകളേയും കാക്കകളെയും കേന്ദ്രീകരിച്ച് പഠനവിധേയമാക്കാൻ നാം അടിയന്തരമായും ശ്രമിക്കണം.

പ്രാദേശികമായ അന്വേഷണങ്ങളിൽ തീരപ്രദേശത്ത് കാക്കകളുടെ എണ്ണം സമാനമായി നിലനിൽക്കുന്നതായും, നാട്ടിൻ പ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും കാക്കകളുടെ എണ്ണം ഗുരുതരമായി കുറഞ്ഞുവരുന്നതായി കണ്ടെത്താനായി. തീരപ്രദേശങ്ങളിൽ ഇവയുടെ കുറവ് ബാധിക്കാത്തത്, അവിടങ്ങളിൽ വിഷം പുരട്ടിയ മത്സ്യങ്ങൾ അവിടെ തീരെകുറവ് എന്നതും, പിടിച്ചയുടനെയുള്ളതും വലയിൽ നിന്നും ഉപേക്ഷിക്കപ്പെടുന്നവയുമാണ് ഇവ ഭക്ഷിക്കുന്നത് എന്നതുമാണത്. മറിച്ച്, നാട്ടിടങ്ങളിലും നഗരപ്രദേശങ്ങളിലും വില്പനയ്‌ക്കെത്തുന്നതിൽ ബഹുഭൂരിഭാഗവും ആഴ്ചകൾ പഴക്കമുള്ള വിഷലായനികൾ തളിച്ചവയാണെന്നതിന് നിരവധി വാർത്തകൾ തന്നെ സാക്ഷ്യമായുണ്ട്. പ്രാദേശികമായി കാക്കകളുടെ എണ്ണക്കുറവിന് പഴമക്കാരുടെ ഓർമ്മകൾ തന്നെ വലിയ സ്ഥിതീകരണമായി. കൂടാതെ, പ്രാദേശിക നിരീക്ഷണങ്ങളിൽ, അന്വേഷണങ്ങളിൽ മിക്കയിടങ്ങളിലും ഇവയുടെ അസാന്നിദ്ധ്യം വേദനിപ്പിക്കുന്നതായിരുന്നു.

മനുഷ്യൻ തന്നെ പരോക്ഷമായി വിഷം ഭക്ഷിക്കപ്പെടുന്നുവെന്നതിന് പരിഹാരം കാണാത്ത സമൂഹം പക്ഷി ജീവനുകളെക്കുറിച്ചുള്ള ആശങ്കകൾ വിലമതിക്കും എന്ന ആലോചന അതിസാഹസികമായേക്കാം. പക്ഷെ, ചില സൂചകങ്ങൾ നാളെയിലേക്കുള്ള ഓർമ്മപ്പെടുത്തലായേക്കും. കൂടാതെ, സജീവമായി നിലനിൽക്കുന്ന അത്യനേകം പാരിസ്ഥിതിക ആശങ്കകൾക്കിടയിൽ മറ്റൊന്ന് കൂടി എന്ന് നാം ഇതിനെയും ലഘൂകരിച്ചു കണ്ടുകൂട. വിഷം വിതയ്ക്കുന്ന പച്ചക്കറി തോട്ടങ്ങൾ എവ്വിധമാണോ നമ്മുടെ ജനിതകകൈമാറ്റങ്ങളുടെ സ്വാഭാവികതയെ മാറ്റിമറിക്കുന്നത്, അതിനുമപ്പുറം പ്രത്യക്ഷ-ഗുരുതരമാറ്റങ്ങൾ കാട്ടിത്തരാൻ പരുന്ത് വർഗങ്ങളുടെയും പ്രത്യേകിച്ച് കാക്കകളുടെയും അഭാവം കാരണമാകും.

പണ്ട് കാലങ്ങളിൽ മീൻവണ്ടികൾ കടന്നുപോകുമ്പോൾ നമുക്ക് മീൻ മണമായിരുന്നു ലഭിച്ചതെങ്കിൽ ഇന്നത് അസഹനീയമായ മൃതദുർഗന്ധമായി പരിണമിച്ചിരിക്കുന്നു. നമ്മൾ അലസമായി ഒരു മൂക്ക്പൊത്തലിൽ ആ പ്രതിഷേധം എളുപ്പം മായ്ച്ചുകളയാറാണ് പതിവും.എന്നാൽ ആ അസാധാരണഗന്ധം നമ്മൾ പരിശോധനാ വിധേയമാക്കണം.മത്സ്യവളം എന്ന പേരിൽ പഴകിയടിഞ്ഞ മത്സ്യങ്ങളാണ് കടന്നുപോകുന്നത് എന്ന് എളുപ്പം വ്യാഖ്യാനിക്കാമെങ്കിലും, യഥാർത്ഥത്തിൽ ആഴ്ചകൾ പഴക്കമുള്ള വിഷം പുരട്ടിയ മത്സ്യം ഹോട്ടൽ ഉൾപ്പെടെയുള്ളയിടങ്ങളിൽ വൻകിടഭക്ഷ്യ കച്ചവടത്തിനായാണ് അതിർത്തികടക്കുന്നതും ഇങ്ങോട്ട് കടന്നുവരുന്നതും. ലാഭക്കച്ചവടക്കാരുടെ ഇടപെടലുകൾ പരോക്ഷമായി നടത്തുന്ന ക്രൂരത മനുഷ്യ ശരീരവും കടന്ന് സ്വാഭാവിക പാരിസ്ഥിതിക സന്തുലനം നടക്കുന്ന പ്രകൃതിയിലെ എല്ലാ ജൈവമേഖലകളെയും വിഴുങ്ങിക്കൊണ്ട് മുന്നോട്ട് പോകുകയാണിന്ന്. നമ്മുടെ പരിസരവുമായി നേരിട്ട് ജീവബന്ധം ഉള്ളതിനാലാവാം ഒരുപക്ഷെ, കാക്കകളുടെയും പരുന്തുകളുടെയും എണ്ണത്തിലെ വ്യതിയാനം ഇത്രമേൽ ശ്രദ്ധകൈവരിക്കുന്നത്. അതിനാൽതന്നെ നമ്മുടെ നിരന്തര നിരീക്ഷണം കടന്നെത്താത്ത മറ്റ് സമാന്തര ജീവികളിൽ കൂടി ഈ വിഷയം കൂട്ടി വായിക്കപ്പെടേണ്ടതുമുണ്ട്.

തീരപ്രദേശങ്ങളിലെ മത്സ്യബന്ധനകേന്ദ്രങ്ങളിൽ പരുന്തുകളുടെയും കാക്കകളുടെയും വർദ്ധിതഎണ്ണപ്രകാരം നാട്ടിടങ്ങളിലെ എണ്ണത്തെ താരതമ്യം ചെയ്യപ്പെടാൻ പാടില്ല. പകരം വിഷമത്സ്യങ്ങൾ നേരിട്ട് എത്തിക്കപ്പെടുന്ന നഗരങ്ങളിലും നാട്ടുപട്ടണങ്ങളിലും കടൽ സമ്പർക്കം ഇല്ലാത്ത മലയോര മേഖലകളിലും വേർതിരിച്ചുള്ള പഠനങ്ങൾ സാധ്യമാകേണ്ടതുണ്ട്. ഇവ്വിധ ശാസ്ത്രീയ പഠനങ്ങളിൽ പരുന്തുകളുടെയും കാക്കകളുടെയും എന്നതിൽ അസാധാരണമായ വ്യതിയാനം തീർച്ചയായും കണ്ടെത്തപ്പെടും. കാരണം, പ്രാദേശിക നിരീക്ഷണങ്ങളിൽ ഇന്ന് നാട്ടിൻപുറങ്ങളിൽ കാക്കകളുടെ എണ്ണത്തിൽ ഗുരുതര വ്യതിയാനം രേഖപ്പെടുത്തിവരുന്നുണ്ട്. സ്വന്തം വീട്ടിലും നാട്ടിടങ്ങളിലും ഏതാനും വർഷങ്ങളായി കാക്കകളുടെ എണ്ണം വല്ലാതെ കുറയുന്നുണ്ട്. ഓർമ്മകൾ മാത്രമാണ് ആധാരം എന്നത് ഒരു അപാകതയായി തോന്നുന്നില്ല. കാരണം എല്ലാം നഷ്ടമാകുന്ന സാഹചര്യങ്ങളിൽ മാത്രം ഇല്ലായ്മയെ പഠിക്കുന്ന ശീലമാണ് നമ്മൾക്ക്. കൂടാതെ അധികമുണ്ട് കുറച്ച് കുറഞ്ഞാലും കുഴപ്പമില്ല എന്ന നില ഇനിയും എടുക്കാൻ സാധ്യവുമല്ല. കാക്കകൾ ഒരിക്കലും നമുക്ക് അധികമായിരുന്നില്ല. നമ്മുടെ പെരുപ്പത്തിനു തുല്യമായി തന്നെ ശുചീകരണതൊഴിലാളികൾ എന്നോണം കാക്കകളും ഉണ്ടായിരുന്നെന്ന് മനസിലാക്കണം. പണ്ട് കാലങ്ങളിൽ അടുക്കളപുറത്ത് അവശിഷ്ടം കാത്ത് വിളിക്കുന്ന കാക്കകളുടെ അഭാവം അടുക്കളയിലെ അമ്മമാരെ മാത്രമല്ല, നമ്മെ എല്ലാവരെയും അലോസരപ്പെടുത്തേണ്ടതുമുണ്ട്. അണുകുടുംബവ്യവസ്ഥയിൽ നമ്മുടെ അതിവേഗതയിൽ ടെലികമ്യൂണിക്കേഷൻ വിപ്ലവത്തിൽ ഇന്ന് വിരുന്നുവിളിക്കുന്ന കാക്കകൾ എന്ന ഓർമ്മ തന്നെ തികച്ചും അപ്രസക്തമായിക്കഴിഞ്ഞു. അടുക്കളപ്പുറത്തെ വിരുന്നുവിളിക്കുന്ന ആ കാക്കകൾ നമ്മുടെ ഓർമ്മയിൽ നിന്നും നമ്മുടെ സാഹിത്യത്തിൽ നിന്നും എന്നേ അപ്രത്യക്ഷമായിക്കഴിഞ്ഞിരിക്കുന്നു. വീട്ടുവളപ്പുകളിൽ വിരുന്നുവിളിക്കാൻ കദളിവാഴക്കൊമ്പ്‌ ഇല്ലായ്മയോടൊപ്പം തന്നെ കാക്കയില്ലായ്മയും നമ്മൾ ശീലിക്കാൻ പോകുകയായിരിക്കാം. അതിനാൽ തന്നെ ശബ്ദം കൊണ്ടും സാന്നിദ്ധ്യം കൊണ്ടും കാക്കയില്ലായ്മ വീട്ടമ്മമാരെ ഇന്ന് തെല്ലും അസ്വസ്ഥതപ്പെടുത്തുന്നുമില്ല.

Image – Prasoon Kiran

വീടിനടുത്ത് മുൻപ് ഉണ്ടായിരുന്ന വിജയിക്കാത്ത രണ്ടു കാക്കകൂടുകൾ കൂടി ഈ അവസരത്തിൽ ഓർമ്മിക്കട്ടെ, രണ്ടും മുട്ടവിരിഞ്ഞ ശേഷം അപൂർണ്ണമായ ഉദ്യമം ആയിരുന്നു. നിരന്തര നിരീക്ഷണം സാധ്യമാകാഞ്ഞതിനാൽ തന്നെ ആ കൂട്ടിൽ എന്ത് സംഭവിച്ചുകാണും എന്നതിൽ വ്യക്തതയില്ല. എന്നിരുന്നാലും അവിടങ്ങളിൽ കുഞ്ഞു കാക്കകൾ ഉണ്ടായിരുന്നെന്നും പറക്കമുറ്റും മുൻപ് അത് ഇല്ലാതായെന്നും ശ്രദ്ധയിൽപെട്ടിരുന്നു. സ്വാഭാവിക ശത്രുക്കളാൽ ഇല്ലാതായെന്ന കരുതലായിരുന്നു ആ നിസ്സംഗതയ്ക്ക് കാരണം. ഇന്നതിനെ നിരീക്ഷണങ്ങളാൽ തിരുത്തുകയാണ്.

ഒരു പക്ഷെ, എന്റെ അയൽവക്കത്തെ തെങ്ങിൻ മുകളിലെ ചക്കിപ്പരുന്ത് കുഞ്ഞുങ്ങൾ ഭാഗ്യവശാൽ കുറച്ച് നാൾ കൂടി ജീവൻ നിലനിർത്തിയേക്കാം.അതും കഴിഞ്ഞ് കൂടിയ അളവ് വിഷം ചെല്ലുന്ന അവസരങ്ങളിൽ ആരുമറിയാതെ മരിച്ച് വീണേക്കാം.ആർക്കറിയാം.. ഇവിടെ ആർക്കുണ്ട് ആശങ്ക! പക്ഷെ, മുട്ട വിരിഞ്ഞ് ഈ ഭൂമിയെ ആദ്യമായി കണ്ട് വാ തുറക്കുന്ന ആ കൂട്ടിലെ കുഞ്ഞു പരുന്തുകൾ ആദ്യമായി ഭക്ഷിക്കുന്നതും ഈ വിഷം കലർന്ന ഫോർമാലിൻ മത്സ്യങ്ങൾ ആയിരിക്കും എന്ന കാഴ്ച എത്ര സങ്കടകരമാണ്.

ഇന്നീ വിഷഭൂമിയിൽ ജനിതക വ്യതിയാനത്താൽ ദുരന്തം അനുഭവിക്കുന്ന മനുഷ്യജീവനുകൾ തന്നെ എത്രയാണ് ചുറ്റിലും. കണ്മുന്നിലുള്ള കാസർഗോഡൻ ഗ്രാമങ്ങളെ മുച്ചൂടും മുടിച്ച എൻഡോസൾഫാൻ ദുരന്തത്തിനപ്പുറം എന്തുണ്ട് നമുക്ക് ലോകത്തോട് പറയാൻ. പിന്നെയും, ഇന്നും ജനിച്ചു വീഴുന്ന ഭിന്നശേഷിയുള്ള, ബുദ്ധിമാന്ദ്യം സംഭവിച്ച, കേൾവി നഷ്ടമായ, ശബ്ദം നഷ്ടമായ, സ്ഥിരവൈകല്യമുള്ള നിർവചനങ്ങളില്ലാത്ത അസാധാരണരോഗങ്ങൾക്കടിമകളായ എത്രയെത്ര മനുഷ്യ ജീവനുകൾ നാട്ടിലുടനീളം.. അതിനിടയിൽ തന്നെയാണ് നാം പരുന്ത് ജീവനുകളെയും കാക്ക ജീവനുകളെയും കുറിച്ച് പറയേണ്ടി വരുന്നതും.

ഇതിനെതിരെ എവ്വിധമാണ് നാം പ്രതികരിക്കേണ്ടത്, അസ്വസ്ഥതയുണ്ടാക്കുന്ന ചോദ്യമാണത്. മനുഷ്യൻ നേരിട്ട് മനുഷ്യനെ കൊല്ലുന്ന ലോകത്ത് സമാന്തര ജീവജാലങ്ങളുടെ മരണം ചർച്ച ചെയ്യപ്പെടേണം എന്നത് പരിഹാസ്യതയാകുന്ന അവസ്ഥ. എങ്കിലും ശാസ്ത്രീയമായ പഠനത്തിനു നിരീക്ഷണത്തിന് ബന്ധപ്പെട്ട ഏജൻസികൾ മുന്നോട്ട് വരേണ്ടതുണ്ട്. ഇനിയും വൈകാതെ വിഷയത്തിന്റെ ഗൗരവം നമ്മൾ തിരിച്ചറിഞ്ഞുതുടങ്ങേണ്ടതുണ്ട്.


പ്രസൂൺ കിരൺ

മാർച്ച് ലക്കം സൂചീമുഖി മാസികയിൽ പ്രസിദ്ധീകരിച്ച ഒരു നിരീക്ഷണകുറിപ്പ്.

Back to Top
%d bloggers like this: