നെൽജയരാമനു് ആദരാഞ്ജലികൾ

നെൽജയരാമനു് ആദരാഞ്ജലികൾ

തമിഴ്നാട്ടിലെ ജൈവകർഷകനും നാടൻ നെൽവിത്ത് സംരക്ഷകനുമായ നെൽ ജയരാമൻ (50) അന്തരിച്ചു. ചെന്നൈയിലുള്ള സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെ അഞ്ചോടെയായിരുന്നു അന്ത്യം.നാടൻ നെൽവിത്തുകൾ സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ടി ജീവിതം സമർപ്പിച്ച ജയരാമൻ അപ്രത്യക്ഷമായിക്കൊണ്ടിരുന്ന 174 ഇനം നാടൻ വിത്തുകൾ കണ്ടെത്തി വികസിപ്പിച്ചു. വിത്തുകൾ കർഷകരിൽ എത്തിക്കാൻ തിരൂവാരൂർ ജില്ലയിലെ തിരുത്തുറൈപൂണ്ടിയിൽ 12 വർഷമായി നടത്തുന്ന നെൽ വിത്തുത്സവം പ്രശസ്തമാണ്. നാടൻ വിത്തുകൾ വീണ്ടെടുക്കുന്നതിനുള്ള ‘സേവ് അവർ റൈസ്’ പ്രസ്ഥാനത്തിന്റെ തമിഴ്‌നാട് സംസ്ഥാന കോ_ഓർഡിനേറ്ററായിരുന്നു.പ്രമുഖ ജൈവകർഷകനായിരുന്ന നമ്മാൾവാറുടെ ആഹ്വാനത്തെ തുടർന്നാണ് നഷ്ടമായിക്കൊണ്ടിരുന്ന നാടൻ വിത്തുകൾ കണ്ടെത്തുന്നതിനായി ഇറങ്ങിത്തിരിച്ചത്. ഇതോടെ പേരിനൊപ്പം നെൽ എന്ന വിശേഷണം ലഭിച്ചു. രാസവളങ്ങൾ ഉപയോഗിച്ചുള്ള കൃഷിയെ എതിർത്ത ജയരാമൻ പതിനായിരക്കണക്കിന് കർഷകരെ ജൈവകൃഷിയിലേക്ക് കൊണ്ടുവന്നു. 2011-ൽ തമിഴ്‌നാട് സർക്കാരിന്റെ മികച്ച ജൈവകർഷകനുള്ള പുരസ്കാരവും 2015-ൽ കേന്ദ്രസർക്കാരിന് കീഴിലുള്ള പ്രൊട്ടക്‌ഷൻ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആൻഡ് ഫാർമേഴ്‌സ് റൈറ്റ്‌സ് അതോറിറ്റിയുടെ ദേശീയ പുരസ്കാരവും ലഭിച്ചു. ജയരാമന്റെ മരണത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, പ്രതിപക്ഷനേതാവ് എം.കെ. സ്റ്റാലിൻ തുടങ്ങിയവർ അനുശോചിച്ചു. ഭാര്യ: ചിത്ര. മകൻ ശ്രീനിവാസ റാം. ശവസംസ്കാരം വെള്ളിയാഴ്ച രാവിലെ 11-ന് സ്വദേശമായ തിരുവാരൂർ ജില്ലയിലെ കട്ടിമേട് നടക്കും.

(Text Attribution –Nisanth Pariyaram)

Back to Top