ഇരിക്കും കൊമ്പു മുറിക്കുന്നവർ

ഇരിക്കും കൊമ്പു മുറിക്കുന്നവർ

ചേർത്തലയിലെ കരുവ എന്ന ഞങ്ങളുടെ ഗ്രാമപ്രദേശം പക്ഷികളാൽ സമ്പന്നമായ പ്രദേശമാണ്. അത്യാവശ്യം മരങ്ങളുള്ളതിനാൽ എന്റെ വീട്ടുമുറ്റത്തും തൊട്ടടുത്ത പറമ്പിലും സർപ്പക്കാവിലും ധാരാളം പക്ഷികൾ എന്നെത്തേടിയെത്താറുണ്ട്. വളരെ താത്പര്യപൂർവ്വം ഞാനും കുടുംബവും ഇവിടെ പക്ഷിനിരീക്ഷണത്തിൽ ഏർപ്പെടാറുണ്ട്.

പക്ഷികളെ കാണുന്നതും അവയുടെ ചിത്രങ്ങളെടുക്കുന്നതുമാണ് എന്റെ പ്രധാന വിനോദം. ചെങ്കുയിൽ (1st record from Alappuzha), ചിന്നക്കുയിൽ (2nd record from Alappuzha), ചെറുകുയിൽ,Indian Cuckoo, Common Cuckoo, Common Hawk Cuckoo Asian Koel തുടങ്ങിയ കുയിലിനങ്ങളും Pigmy Woodpecker, Rufous തുടങ്ങിയ മരംകൊത്തികൾ, മീൻ കൊത്തികൾ, Coppersmith Barbet അങ്ങനെ പക്ഷികളുടെ ഒരു നീണ്ടനിര തന്നെ ഇവിടുണ്ട്.

അങ്ങനെ എന്റെ പക്ഷിനിരീക്ഷണം വളരെ രസകരമായി പോകുമ്പോൾ അടുത്ത പറമ്പിലെയും കാവിലെയും മരങ്ങളിൽ കോടാലി പതിക്കാൻ തുടങ്ങി. വളരെ സങ്കടത്തോടെ ഞങ്ങൾ കണ്ടു നിന്നു. കാവിലെ കുട പോലെ പടർന്നു നിന്ന ചെറുപുന്ന മുറിച്ചതെന്തിനാണെന്ന് ഞങ്ങൾക്കിതുവരെ മനസിലായിട്ടില്ല. പറമ്പിലെ മരങ്ങൾ അവർ വീടു വയ്ക്കാനായി മുറിച്ചതാണ്. പക്ഷേ ഒരു പാട് പക്ഷികൾ കൂടൊരുക്കിയിരുന്ന, ഒരു പാട് ചെറുജീവികളുടെ ആലയമായിരുന്ന മരങ്ങളാണ് അവർ മുറിച്ചു വീഴ്ത്തിയത്.

ആ പറമ്പിലെ ആകാശത്തുണ്ടായ വലിയ വിടവ് ആ പക്ഷികളുടെയും ചെറുജീവികളുടെയും ജീവിതത്തിൽ നികത്താൻ പറ്റാത്ത വിടവാണ് വരുത്തിയിരിക്കുന്നത്. തങ്ങളുടെ ഇരിപ്പിടം നഷ്ടമായ പക്ഷികളുടെ സങ്കടങ്ങൾ ക്യാമറയിൽ പകർത്തിയപ്പോൾ ശരിക്കും സങ്കടം വന്നു പോയി.ആ പറമ്പിലെ കുളക്കരയിൽ നിന്നിരിരുന്ന വമ്പൻ ആഞ്ഞിലിമരത്തിലെ ഉണങ്ങിയ കമ്പിലെ സ്ഥിരസാന്നിധ്യമായ കാക്കമീൻകൊത്തിയുടെ സങ്കടം ഒന്നു കാണേണ്ടതായിരുന്നു. തൊട്ടടുത്ത ദിവസം ഞാൻ ക്യാമറയുമായി നിൽക്കുമ്പോൾ 8 അടി ഉയരത്തിൽ അവർ നിർത്തിയിരിക്കുന്ന ആഞ്ഞിലി മരത്തിന്റെ കുറ്റിയിൽ ഒരു കൃഷ്ണപ്പരുന്ത് വന്നിരുന്നു അതിന്റെ ചിത്രങ്ങൾ പകർത്തിക്കൊണ്ടിരുന്നപ്പോൾ ഒരു കാക്കയും പരുന്തിനു സമീപം വന്നിരുന്നു. സാധാരണ കൊത്തു പിടിക്കാറുള്ള അവർ പരസ്പരം നോക്കിയിരുന്നു. കാക്ക പരുന്തിനെ നോക്കി ഒന്നു കരഞ്ഞു പോലുമില്ല. കുറച്ചു കഴിഞ്ഞ് അവർ പറന്നു പോയി.

ഇവ കൂടാതെ ഉപ്പൻ, മണ്ണാത്തിപ്പുള്ള്, മീൻ കൊത്തിച്ചാത്തൻ, കുളക്കൊക്ക് തുടങ്ങിയവയൊക്കെ അവിടെ വന്നിരുന്നു. വാസസ്ഥലം നഷ്ടപ്പെട്ട അവയുടെ സങ്കടം ആസ്ഥലത്തിന്റെ ഉടമസ്ഥരുണ്ടോ അറിയുന്നു !? മരങ്ങൾ വെട്ടിപ്പോയെങ്കിലും ചുറ്റുവട്ടത്തെ പറമ്പുകളിൽ മരങ്ങളുള്ളതു കൊണ്ട് എന്റെ കിളിക്കൂട്ടുകാരൊക്കെ ഇനിയും എന്നെത്തേടി വരുമെന്ന പ്രതീക്ഷയിലാണ് ഞാൻ – എന്റെ കിളിക്കൂട്ടങ്ങൾ വീടും തൊടിയും ശബ്ദമുഖരിതമാക്കുമെന്ന പ്രതീക്ഷയിൽ …….

Back to Top