തീ പക്ഷി

തീ പക്ഷി

കൂട് മാസിക 2018 മാർച്ച് ലക്കം
എഴുതിയത് : സുരേഷ് വി, സോജൻ ജോസ്

മനുഷ്യ പരിണാമത്തിന്റെ ചരിത്രത്തിൽ ഏറ്റവും നാഴിക കല്ലായ ഒരു കണ്ടെത്തൽ ആണ് തീയെ മെരുക്കാൻ കഴിഞ്ഞത് എന്നാണ് നരവംശ ശാസ്ത്രജ്ഞർ പറയുന്നത്. അത് വരെ ഭക്ഷ്യ ശൃംഖലയിലെ വെറും ഒരു ഇടത്തരം സ്ഥാനത്തു ഉണ്ടായിരുന്ന മനുഷ്യൻ തീ വരുതിയിൽ ആയതോടെ മറ്റെല്ലാ സ്പീഷീസുകളുടെയും മേലെ അനിഷേധ്യ മേധാവിത്വത്തിലേക്ക് നേരിട്ട് എടുത്തു മാറ്റപ്പെട്ടു. അത് വരെ തന്നെക്കാൾ ശക്തരായ ഒരുപാട് വന്യ മൃഗങ്ങൾക്ക് അഹാരമായിരുന്ന മനുഷ്യൻ തീ ഉപയോഗിച്ച് അവയെ അകറ്റി നിർത്താനും നിയന്ത്രിക്കാനും തുടങ്ങി. ഭൂമി കീഴടക്കാനുള്ള ജൈത്രയാത്ര മനുഷ്യൻ തുടങ്ങിയത് അവിടെ നിന്നാണ്.

അടുത്ത കാലം വരെ മനുഷ്യന് മാത്രമേ തീ നിയന്ത്രിച്ചു സ്വന്തം അവശ്യങ്ങൾക് ഉപയോഗിക്കാൻ കഴിയൂ എന്നായിരുന്നു ശാസ്ത്ര ലോകത്തിന്റെ ധാരണ. എന്നാൽ ഈ ധാരണ തിരുത്താൻ പോന്ന ഒരു വാർത്തയാണ് ഓസ്ട്രേലിയയിൽ നിന്നും വരുന്നത്.

തീ ഒരു നിത്യ സംഭവമാണ് ഓസ്‌ട്രേലിയൻ സാവന്നകളിൽ. അതി വിസ്താരതയിൽ പരന്നു കിടക്കുന്ന പുൽമേടുകളും അതിൽ അങ്ങിങ്ങായി കുറ്റി ചെടികളും ചെറിയ മരങ്ങളും ചിതറി കിടക്കുന്ന സവിശേഷ പരിസ്ഥിതി വ്യവസ്ഥകളാണ് സാവന്നകൾ. ഇവിടെ കാണുന്ന സസ്യലതാതികൾ മിക്കവയും ഏതെങ്കിലും രീതിയിൽ തീയെ പ്രതിരോധിക്കാൻ പരിണമിച്ചവ ആവും. വർഷങ്ങൾ തീ ഏൽക്കാതെ മണ്ണിനു അടിയിൽ പ്രത്യേക വേരുകളാൽ നിലനിൽക്കാൻ കഴിയുന്ന പുല്ലുകളും, തീ ഏൽക്കാതെ കിടക്കുന്ന വിത്തുകളും കിഴങ്ങുകളും കൊണ്ട് നില നിൽക്കുന്ന അനേകം സസ്യങ്ങളും ഇവിടുത്തെ പ്രത്യേകതകൾ ആണ്. വ്യത്യസ്ത സ്പീഷീസുകളുടെ പ്രജനനം, വിത്ത് വിതരണം എന്നിങ്ങനെ ഒരു പാട് കാര്യങ്ങൾക്ക് തീ അത്യാവശ്യമാണ്. തീ പകുതി കത്തിയാൽ മാത്രം മുളക്കാൻ കഴിയുന്ന സസ്യങ്ങളും സവന്നായിൽ ഉണ്ട്. സാവന്നകളുടെ നില നിൽപ്പ് തന്നെ ഏറെക്കുറെ തീയേ ആശ്രയിച്ചാണ് എന്നു പറയാം.

ഇവിടുത്തെ സസ്യങ്ങൾ വ്യത്യസ്ത രീതിയിൽ തീയേ പ്രതിരോധിക്കുമെങ്കിലും ജന്തുക്കളെ സംബന്ധിച്ചു തീ ജന്മ ശത്രു തന്നെ ആണ്. സാവന്നയിലെ ചെറു ജന്തുക്കൾക്ക് തീ എന്നാൽ അവസാനം തന്നെ ആണ്. വലിയ ജന്തുക്കൾ ഏകദേശം എല്ലാം ഓടി രക്ഷപ്പെടുമെങ്കിലും, ചെറു ജീവികൾ തീയിൽ ഒടുങ്ങാറാണ് പതിവ്. ഇത് മറ്റൊരു കൂട്ടം ജീവികൾക്ക് ചാകരയാണ്. ഒരു തീ ഉണ്ടാകുമ്പോൾ പ്രാണരക്ഷാർത്ഥം കൂടു വിട്ടു ഓടി പോകുന്ന ജീവികളെ വേട്ടയാടുന്ന കഴുകന്മാർ, പരുന്തുകൾ ഇവ തീക്ക് ചുറ്റും വട്ടമിട്ടു പറക്കുന്നത് ഇവിടെ സാധാരണ കാഴ്ചയാണ്. തീ കഴിഞ്ഞാൽ അതിൽ പെട്ടു പോകുന്ന ജീവികളുടെ മൃതശരീങ്ങളും ഇവയുടെ ഇഷ്ട ഭക്ഷണം ആണ്.

എന്നാൽ അടുത്ത കാലത്തു വന്ന ചില കണ്ടെത്തലുകൾ ഇതിൽ കൂടുതൽ ഈ ജീവികൾ ചെയ്യുന്നു എന്നാണ്. സാവന്നയിൽ ഒളിച്ചിരിക്കുന്ന ചെറു ജീവികളെ പുറത്തു ചാടിച്ചു വേട്ടയാടാൻ തീ കഴുകൻ (Fire Hawk) എന്നറിയപ്പെടുന്ന Milvus migrans ഉം പിന്നെ ചൂള കഴുകനും (Whistling Kite, Haliastur sphenurus), ചെമ്പൻ പരുന്ത് Brown Falcon (Falco berigora) എന്നിവയും മനപൂർവ്വം തീ ഉപയോഗിക്കുന്നു എന്നാണ് ഈ പുതിയ കണ്ടെത്തൽ.

പടരുന്ന തീക്ക് മുൻപേ കൊക്കിൽ ചെറു തീകൊള്ളികളും കടിച്ചു പിടിച്ചു തീയുടെ ദിശ നിയന്ത്രിച്ചു ഇരകളെ തങ്ങൾക്കു പിടിക്കാൻ അനുകൂല ദിശയിലാക്കുന്ന ഇവ തീയിൽ നിന്നും സ്വയം പറന്നു അകലുകയും ചെയ്യും. വേട്ടയാടലും മറ്റും കൂട്ടമായി ചെയ്ത് കൊണ്ട് തീ പടരുന്ന ഓരോ കൈവഴിയിലും ഒരു കൂട്ടം പക്ഷികൾ ഒറ്റക്കെട്ടായി തീയേ മുന്നോട്ട് നയിക്കും. ഓസ്ട്രേലിയയിലെ തദ്ദേശീയർ മുൻപ് തന്നെ ഈ പക്ഷികളുടെ തന്ത്രം കണ്ടിട്ടുള്ളതായി റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ ശാസ്‌ത്രീയമായി ഒരു പഠനം ഇപ്പോഴാണ് വരുന്നത്. മനുഷ്യനിൽ നിന്നും തീ കവർന്ന് പുതിയ തീ പിടുത്തങ്ങൾ ഉണ്ടാക്കാനും ഇവ മറക്കാറില്ല.

മനുഷ്യൻ തീ വരുത്തിയിലാക്കി ഭക്ഷ്യ ശൃംഖലയിൽ ഉയരത്തിൽ എത്തിയത് പോലെ തീയെ മെരുക്കുന്ന മറ്റൊരു സ്പീഷീസിന്റെ ഉദയത്തിന് ആണോ ഇത് വഴി വെക്കുക എന്നു കണ്ടറിയാം.

References

  1. Harari, Yuval N., and Derek Perkins. Sapiens: A brief history of humankind. HarperCollins, 2017.
  2. Bonta, Mark, Robert Gosford, Dick Eussen, Nathan Ferguson, Erana Loveless, and Maxwell Witwer. “Intentional fire-spreading by “Firehawk” raptors in Northern Australia.” Journal of Ethnobiology 37, no. 4 (2017): 700-718.
Back to Top