സസ്യങ്ങളുടെ ക്വട്ടേഷൻ

സസ്യങ്ങളെ പൊതുവെ ജീവനുള്ളവയെങ്കിലും പ്രതികരണ ശേഷി ഇല്ലാത്ത വർഗ്ഗമായാണ് കരുതപ്പെട്ടിരുന്നത്. മനുഷ്യനുൾപ്പെടുന്ന മറ്റു ജീവിവർഗ്ഗങ്ങൾ എല്ലാം തന്നെ തങ്ങളുടെ നിലനിൽപിനും മറ്റുമായി ആശ്രയിക്കുന്നതും ചൂഷണം ചെയ്യുന്നതും സസ്യങ്ങളെയാണ്. എന്നാൽ ചലനശേഷി ഇല്ലാത്തതിനാൽ തന്നെ ഇത്തരം ചൂഷണങ്ങളെ നേരിട്ട് ചെറുക്കുവാൻ ഇവക്ക് കഴിയാറില്ല. എന്നാൽ അടുത്ത കാലത്ത് നടന്ന ചില ഗവേഷണ ഫലങ്ങൾ ഈ ധാരണ തിരുത്താൻ പോന്നവയാണ്. പരിണാമ പ്രക്രിയയില്‍ ശക്തൻ എപ്പോഴും മാറാൻ തയ്യാറുള്ളവർ തന്നെയാണ്. പരിണാമ ശാസ്ത്രത്തില്‍ വിഖ്യാതമായ റെഡ് ക്വീന്‍ ഹൈപോതെസിസ് (Red Queen Hypothesis) പറയുന്നത് അത് തന്നെയാണ് നില്കുന്നിടത്ത് തന്നെ നില്‍കണമെങ്കില്‍ നിര്‍ത്താതെ ഓടണമെന്ന്, അഥവാ തുടര്‍ച്ചയായ മാറ്റങ്ങളിലൂടെ മാത്രമേ ജീവികള്‍ക്ക് തങ്ങളുടെ നിലനില്‍പ് സാധ്യമാവൂ.
നമ്മളെല്ലാം എന്തൊക്കെ ഉപദ്രവങ്ങൾ ചെയ്താലും അതൊക്കെ നിശ്ശബ്ദമായി സഹിച്ച് സ്വന്തം സന്താനങ്ങളെ നമ്മളുൾപ്പെടുന്ന പരഭോജി (heterotrophട) കൾ ഭക്ഷണമാക്കുന്നത് കൂടെ സഹിക്കുന്നവയാണ് സസ്യങ്ങൾ. എന്നാൽ നമ്മൾ ഈ ഉപദ്രവം തുടങ്ങുന്നതിന് ചില മില്യൺ വർഷങ്ങൾ മുൻപേ തന്നെ സസ്യങ്ങളെ ഉപദ്രവിച്ച് തുടങ്ങിയ ജീവികളാണ് കീടങ്ങൾ, പ്രത്യേകിച്ചും പ്രാണികീടങ്ങൾ (Insect pests). സസ്യങ്ങൾക്ക് വലിയ നാശനഷ്ടം വരുത്തിവക്കുന്നവയാണ് ഈ കൊച്ച് പ്രാണികൾ. ഇത്തരം ആക്രമണം നിശ്ശബ്ദമായി സഹിക്കുന്നതിന് പകരം സസ്യങ്ങൾ തിരിച്ച് പ്രതികരിക്കാറുമുണ്ട്. പ്രാണികൾക്ക് വിരക്തിയുണ്ടാക്കുന്ന തരം രാസവസ്തുക്കൾ ശരീരഭാഗങ്ങളിൽ ഉണ്ടാക്കി ശേഖരിച്ച് വെച്ചു കൊണ്ടാണിത്. ഇത്തരം രാസവസ്തുക്കളാണ് (Secondary metabolites ) സസ്യങ്ങളുടെ ഔഷധഗുണത്തിന് വലിയൊരളവ് വരെ നിദാനം. പ്രാണികളുടെ ആക്രമണം ഏറ്റവുമധികം നേരിടുന്ന മുകുളങ്ങൾക്ക് രുചിച്ച് നോക്കിയാൽ വലിയ രീതിയിൽ ചവർപ്പ് അനുഭവപ്പെടുന്നത് ഈ രീതിയിൽ ടാന്നിനുകൾ എന്നറിയപ്പെടുന്ന രാസ സംയുക്തങ്ങൾ ധാരാളമായി ശേഖരിക്കപ്പെടുന്നത് കൊണ്ടാണ്. ഇത്തരം രാസ സംയുക്തങ്ങൾ തന്നെയാണ് തേയിലയിലെ കൊളുന്ത് നുള്ളി നമ്മൾ ചവർപ്പുള്ള ചായയാക്കി കുടിക്കുന്നതും.

എന്നാൽ ഇത്തരം ഒരു പ്രതിരോധം വികസിച്ച് വരാൻ സസ്യങ്ങൾക്ക് ഒരു പാട് വർഷത്തെ പരിണാമ പ്രക്രിയ ആവശ്യമായി വരും. മാത്രമല്ല പലപ്പോഴും ഈ രാസ പ്രതിരോധം ഉദ്ദേശിച്ച ഫലം ഉണ്ടാക്കുകയുമില്ല. അതിന് പ്രതിവിധിയെന്നോണം മറ്റൊരു പ്രതിരോധമാണ് മണി ചോളം അഥവാ സിയാ മെയ്സ് (Zea mays) പോലെയുള്ള കുറെ സസ്യങ്ങള്‍ കാണിക്കുന്നത്. കുറെയധികം സസ്യങ്ങളില്‍ 1990 കള്‍ മുതല്‍ തന്നെ ഇത്തരം ഒരു പ്രതിഭാസം കണ്ടെത്തിയിരുന്നു, പ്രാണി കീടങ്ങള്‍ ഈ സസ്യങ്ങളെ ആക്രമിക്കുമ്പോള്‍ ഇവ ജാസ്മോനൈറ്റസ് (Jasmonites) എന്ന ഒരു പ്രത്യേക തരം രാസ പദാര്‍ഥങ്ങള്‍ പുറത്തേക്ക് വിടും. ഇവ അന്തരീക്ഷത്തില്‍ വളരെ പെട്ടെന്ന് കുറേയേറേ ദൂരം വ്യാപിക്കുകയും ചെയ്യും. ഈ രാസ പദാര്‍ഥങ്ങള്‍ ഒരു തരം സിഗ്നല്‍ ആണ്. ചെടികളെ ഉപദ്രവിക്കുന്ന ശത്രു കീടങ്ങളെ ഭക്ഷണമാക്കുന്ന മിത്ര കീടങ്ങള്‍ക്ക് ഉള്ളതാണ് ഈ സിഗ്നല്‍. സിഗ്നല്‍ കിട്ടിയതും മിത്ര കീടങ്ങള്‍ സിഗ്നലിന്റെ ഉറവിടം മനസിലാക്കും, അവക്കുള്ള ഭക്ഷണം എവിടെയോ തയ്യാറായി ഇരിക്കുകയാണെന്നു മനസിലാക്കുകയും പാഞ്ഞെത്തി ശത്രുകീടങ്ങളെ ഭക്ഷണമാക്കുകയും ചെയ്യും. വളരെ ആശ്ചര്യകരമായി തോന്നുന്നുണ്ടാവും. തീര്‍ന്നില്ല, ആദ്യമൊക്കെ എല്ലാ തരം കീടങ്ങള്‍ക്കും ഒരേ തരം സിഗ്നല്‍ ആണ് ചെടികള്‍ ഇങ്ങനെ പുറപ്പെടുവിക്കുക എന്നാണ് ശാസ്ത്രജ്ഞന്മാര്‍ മനസ്സിലാക്കിയിരുന്നത്. എന്നാല്‍ അടുത്ത കാലത്ത് നടന്ന ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത് സസ്യങ്ങള്‍ ഇങ്ങനെ പുറപ്പെടുവിക്കുന്ന സിഗ്നല്‍ കൂടുതല്‍ നിശ്ചിതമാണ് എന്നാണ്. അതായത് ഓരോ തരം കീടങ്ങളുടെ ശത്രുകീടങ്ങളെയും വിളിച്ചു വരുത്തുന്നതിന്നായി ഓരോ തരം രാസ സങ്കലനങ്ങള്‍ ആണ് ഉപയോകിക്കുന്നത്, കടിക്കുന്ന പ്രാണി ഏതാണ് എന്ന് നിമിഷ നേരം കൊണ്ട് മനസിലാക്കി അവയെ അക്രമിക്കുന്ന ശത്രു കീടത്തെ ആകര്‍ഷിക്കുന്ന സിഗ്നല്‍ ആണ് ഇവ പുറപ്പെടുവിക്കുന്നത്. അപ്പോള്‍ മൃഗങ്ങളെ പോലെ തന്നെ നിമിഷാര്‍ധം കൊണ്ട് പ്രതികരിക്കാന്‍ സസ്യങ്ങളെയും പരിണാമം പ്രാപ്തമാക്കുന്നു എന്നര്‍ത്ഥം.

സൈന്‍സ് എന്ന ഹോളിവുഡ്‌ ചലച്ചിത്രത്തിലൂടെ ഓസ്കാര്‍ നാമനിര്‍ദേശം ലഭിച്ച മനോജ്‌ നൈറ്റ് ശ്യാമളന്‍ എന്ന മലയാളി വംശജനായ സംവിധായകന്‍റെ ദി ഹാപ്പനിംഗ് എന്ന ഒരു ചലച്ചിത്രം പറയുന്നത് ഇത് പോലെ ഒരു സാങ്കല്പിക കഥയാണ്, മനുഷ്യര്‍ കൂട്ടം കൂടുമ്പോള്‍ അവിടെയുള്ള ചെടികള്‍ ചില രാസ വസ്തുക്കള്‍ പുറപ്പെടുവിക്കുകയും അത് ശ്വസിക്കുന്ന മനുഷ്യരെ ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിതമാക്കുകയും ചെയ്യുന്ന ഒരു പ്രതിഭാസം ആണ് ഇതില്‍ പ്രതിപാദിക്കുന്നത്. ഒരിക്കല്‍ ഈ രാസ വസ്തുക്കള്‍ ശ്വസിച്ചാല്‍ ആത്മഹത്യ ചെയ്യുക എന്ന ഒറ്റ ലക്ഷ്യത്തില്‍ ഓടി നടക്കുന്ന മനുഷ്യര്‍ ഈ ചലച്ചിത്രത്തിലെ ഞെട്ടിക്കുന്ന കാഴ്ചയാണ്. മേല്‍പ്പറഞ്ഞ കണ്ടെത്തല്‍ സൂചിപ്പിക്കുന്നത് ഇത് വെറും സാങ്കല്പിക കഥ അല്ല എന്നുള്ളതാണ്, ഉപദ്രവിക്കുന്ന കീടങ്ങള്‍ക്ക് കൊട്ടേഷന്‍ കൊടുത്ത് ശരിപ്പെടുത്തുന്ന സസ്യങ്ങൾ തങ്ങളെ അതിലും ഭീകരമായി ഉപദ്രവിക്കുകയും, തങ്ങൾ ജീവിക്കുന്ന ആവാസവ്യവസ്ഥ തന്നെ താറുമാറാക്കുകയും ചെയ്യുന്ന മനുഷ്യരെ നേരിടാന്‍ എങ്ങനെയാവും പരിണാമം പ്രാപ്തമാക്കുക എന്ന് അനുഭവിച്ച് തന്നെ അറിയേണ്ടി വരും

References

  • Karban, Richard, Louie H. Yang, and Kyle F. Edwards. “Volatile communication between plants that affects herbivory: a meta‐analysis.”Ecology letters 17.1 (2014): 44-52.
  • Gish, Moshe, Consuelo M. De Moraes, and Mark C. Mescher. “Herbivore-induced plant volatiles in natural and agricultural ecosystems: open questions and future prospects.” Current Opinion in Insect Science 9 (2015): 1-6.
  • Ozawa, Rika, et al. “Involvement of jasmonate-and salicylate-related signaling pathways for the production of specific herbivore-induced volatiles in plants.” Plant and Cell Physiology 41.4 (2000): 391-398.
Back to Top