വ്യത്യസ്ഥമായ അനുഭവവും അന്വേഷണവുമായി ഒരു പൂരക്കാലം

വ്യത്യസ്ഥമായ അനുഭവവും അന്വേഷണവുമായി ഒരു പൂരക്കാലം

ഓർമ്മവച്ച നാൾമുതൽ വേനലിന്റെ ഓർമ്മകളാണ് വിഷുവും പിന്നെ തൃശ്ശൂർപ്പൂരവും. മേടച്ചൂടിലും തട്ടകത്തിൽ പൂരാവേശം വിതറിയാണ് ചൂരക്കാട്ടുകര ഗ്രാമത്തിൽ തൃശ്ശൂർപ്പൂരം ഓരോ വർഷവും ഓർമ്മകളിൽ പിന്നിട്ടുപോയത്. ആനയും ആറാട്ടും പൂരപ്പറയും ശീവേലിയും കൊടിയേറ്റവും പാണ്ടിമേളവും പഞ്ചവാദ്യവും ആനച്ചമയവും കുടമാറ്റവും വെടിക്കെട്ടും പൂരം എക്സിബിഷനുമൊക്കെയായുള്ള അവധിക്കാലത്തിന്റെ ആഘോഷങ്ങൾ.

ഇക്കാലയളവിൽ പലതരത്തിലുള്ള സംഭവങ്ങളിലൂടെയും സാഹചര്യങ്ങളിലൂടെയും സംവാദങ്ങളിലൂടെയും കടന്നുപോകാനിട വന്നിട്ടുണ്ട്. പൂരത്തെക്കുറിച്ചുള്ള സമീപനങ്ങൾ പല കാര്യങ്ങളിലുമുള്ള വിയോജിപ്പുകളും സമകാലീന കാലഘട്ടത്തിൽ കല്ലുകടിപോലെ തോന്നുന്ന പല നേർക്കാഴ്ചകളിലും ആശയക്കുഴപ്പങ്ങളിലും വ്യക്തിപരമായി അകപ്പെട്ടുതുടങ്ങിയിട്ട് കുറച്ച് വർഷങ്ങളായിക്കാണും.ചുറ്റുമുള്ള പരിസ്ഥിതിയെ അറിയാൻ തുടങ്ങിയതുമുതലാണെന്ന് ഒറ്റവാക്കിൽപ്പറയാം. പൂരമെന്ന അനുഭവം വാക്കുകളിലൂടെ വർണ്ണിച്ചും പലപ്പോഴും എഴുതിയും കൂടുതൽ പൈങ്കിളിവത്കരിച്ചുവെന്നല്ലാതെ പൂരമെന്താണെന്ന് അറിയാനുള്ള ഒരു ശ്രമവും എന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്നത് ആലോചിക്കുമ്പോൾ സമ്മതിയ്ക്കുന്ന ഒന്നാണ്.

പരിസ്ഥിതിയുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങൾ കുറച്ച് വർഷങ്ങളായി തുടരുന്നതിന്റെ ഭാഗമായിട്ടാണ് കുറച്ച് വർഷങ്ങളായുള്ള പക്ഷികളുമായി ബന്ധപ്പെട്ട ഒരു കാര്യം ശ്രദ്ധയിപ്പെട്ടത് ഫേസ്ബുക്കിൽ കുറിച്ചിട്ടത്. തൃശ്ശൂർ നഗരത്തിലെ വടക്കേച്ചിറയിൽ സസന്തോഷം വാഴുന്ന നൂറുകണക്കിനെണ്ണം വരുന്ന ചെറിയ ചൂളാൻ എരണ്ട (Lesser whistling duck) എന്ന കാട്ടുതാറാവുകൾ പൂരത്തിന്റെ ഭാഗമായുള്ള സാമ്പിൾ വെടിക്കെട്ടോടെ നഗരത്തിൽ നിന്ന് പാലായനം ചെയ്യുകയും പിന്നീട് തിരിച്ചെത്താൻ മാസങ്ങൾ എടുക്കുന്നതും ശ്രദ്ധയിൽപ്പെട്ടത്. ഒരു പൂരം പരിസ്ഥിതിയിലുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് മനസ്സിലാക്കാൻ വേണ്ടിയെങ്കിലും ഒരു പഠനം നടന്നിട്ടുണ്ടോ എന്നറിയില്ല. തൃശ്ശൂർ നഗരഹൃദയത്തിലെ കാട്ടുതാറാവിനെക്കുറിച്ചിട്ട ആ  ഫേസ്ബുക്ക് പോസ്റ്റിലെ ഒരു കമന്റ് വഴി കേരള വനഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ ഡോ.ടി.വി.സജീവ് ഒരു ചെറിയ പഠനക്കൂട്ടായ്മയുണ്ടാക്കുന്ന ആശയം മുന്നോട്ട് വച്ചത്.  വെടിക്കെട്ട് സമയത്തെ ശബ്ദതീവ്രതയും താപനിലയും ആദ്രതയും വാതകങ്ങളുടെ സാന്നിദ്ധ്യവും രേഖപ്പെടുത്തുന്നതോടൊപ്പം നഗരത്തിൽ തന്നെയുള്ള മൃഗശാലയിലെ കൂട്ടിലിട്ട വന്യജീവികൾ എങ്ങനെയാണ് ഇതിനോടൊക്കെ പ്രതികരിക്കുന്നതെന്ന് നിരീക്ഷിക്കാനുമായിരുന്നു കൂട്ടായ്മ ശ്രമിച്ചത്. കേരള വന ഗവേണകേന്ദ്രത്തിലെ വിദ്യാർത്ഥികളോടൊപ്പം കേരള കാർഷിക സർവ്വകലാശാലയിലെ വനശാസ്ത്രകോളേജിലെ വിദ്യാർത്ഥികളും തൃശ്ശൂരിലെ പക്ഷിനിരീക്ഷണക്കൂട്ടായ്മയായ കോൾ ബേഡേഴ്സിലെ കൂട്ടുകാരുമടക്കം ഇരുപത്തഞ്ചോളം പരിസ്ഥിതിതല്പരരായ ആളുകൾ ശ്രമത്തിന്റെ ഭാഗമാകാൻ മുന്നോട്ടുവന്നു.

ഇത്തവണയങ്ങനെ പൂരക്കാഴ്ചകൾ അങ്ങനെ പുതിയ ഒരു വീക്ഷണകോണിലൂടെയായി കാര്യങ്ങൾ. മൃഗശാലയിലെ മൃഗങ്ങളുടെ പെരുമാറ്റങ്ങൾ രേഖപ്പെടുത്താനും ക്രോഡീകരിക്കുന്നതിനായി എത്തോഗ്രാം എന്നതൊരു പുതിയ ടെക്നിക്ക് മനസ്സിലാക്കാനായി. തൃശ്ശൂർ മൃഗശാലാ അധികൃതർ പ്രത്യേകിച്ച് വെറ്റ്നറി ഡോക്ടറായ ഡോ.ബിനോയ് എല്ലാ പിന്തുണയും നൽകി. സാമ്പിൾ വെടിക്കെട്ട് സമയത്തും പുലർച്ചെയുള്ള പ്രഥാനവെടിക്കെട്ട് സമയത്തും പൂരം ഉപചാരം ചൊല്ലിപ്പിരിഞ്ഞശേഷം ഉള്ള പകൽ വെടിക്കെട്ടിന്റെ സമയത്തും നിരീക്ഷണസംഘം മൃഗശാലയിൽ സമയം ചിലവഴിച്ചു. പൂരം ദിവസങ്ങളിൽ നഗരപ്രദേശത്ത് പക്ഷിനിരീക്ഷണം നടത്തി ഇബേഡിൽ ചെക്ക് ലിസ്റ്റുകളിട്ടുകൊണ്ടും പലരും ശ്രമങ്ങളുടെ ഭാഗമായി.

വരും വർഷങ്ങളിൽ ശ്രമങ്ങൾ കൂടുതൽ വിപുലവും ജനകീയവുമായി നടത്തപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

 

Back to Top