ഒരു തുമ്പിക്കാലം കൂടി

ഒരു തുമ്പിക്കാലം കൂടി

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തരക്കേടില്ലാത്ത മഴ ലഭിച്ചിരുന്നതിനാൽ പ്രതീക്ഷയോടെയാണ് തുമ്പി നിരീക്ഷണത്തിനായി രാവിലെ പാടത്തേയ്ക്കിറങ്ങിയത്. പാടവും തോടുമെല്ലാം നിറഞ്ഞ് വെള്ളം നിൽക്കുന്നുണ്ട്. എന്തായാലും പ്രതീക്ഷ തെറ്റിയില്ല. നിറയെ തുമ്പികൾ. വേനൽ അവധി കഴിഞ്ഞ് ആദ്യത്തെ ദിവസം സ്‌കൂളിൽ എത്തിയ പോലെ ആകെ ബഹളമയം. ആരു പറഞ്ഞാലും അടങ്ങിയിരിക്കാതെ ഓടി നടക്കുന്ന കുട്ടികളെപ്പോലെ അവിടെയും ഇവിടെയും പാറി നടക്കുന്ന കാർത്തുമ്പികൾ. ടീച്ചർ വരുന്നതും കാത്ത് അടങ്ങിയിരിക്കുന്ന പാവം കുട്ടികളേപ്പോലെ നിലം പറ്റിയിരിക്കുന്ന നാട്ടുനിലത്തൻ. കഴിഞ്ഞകൊല്ലം ബാക്കിവെച്ച കണക്കു തീർക്കാനെന്നോണം ശണ്ഠ കൂടുന്ന വയൽ തുമ്പിയും പച്ചവ്യാളിയും. ചേലുള്ള പുത്തനുടുപ്പ് എല്ലാവരെയും കാണിക്കാൻ വേണ്ടി മന്ദം മന്ദം ചുറ്റിത്തിരിയുന്ന കൊച്ചു മിടുക്കിയെപ്പോലെ ശലഭത്തുമ്പി. അടുത്ത ക്‌ളാസിലെ സുന്ദരിക്കോതയെ വിടാതെ പിന്തുടർന്ന് കിന്നാരം പറയുന്ന സിന്ദൂരച്ചിറകൻ. പുസ്തകപ്പുഴുക്കളെപ്പോലെ ചുറ്റും നടക്കുന്നതൊന്നും ശ്രദ്ധിക്കാതെ നെൽച്ചെടിയുടെ തണ്ടിൽ മുഖം പൂഴ്ത്തിയിരിക്കുന്ന സ്വാമിത്തുമ്പികൾ. തൊട്ടപ്പുറത്ത് ബഞ്ചിൽ കയറി അഭ്യാസം കാണിക്കുന്ന വികൃതിയെപ്പോലെ നേർത്ത പുൽത്തുമ്പിൽ ബാലൻസ് ചെയ്തിരിക്കുന്ന കാറ്റാടിത്തുമ്പി. കുട്ടികളെ അടക്കി നിർത്താൻ പാടുപെടുന്ന ഹെഡ്മാസ്റ്ററെപ്പോലെ എല്ലാവരെയും ശാസിച്ച് പാഞ്ഞു നടക്കുന്ന നീലരാജൻ….

ബഹുരസം, ബഹുകേമം. രണ്ടുരണ്ടര മണിക്കൂർ പോയതറിഞ്ഞില്ല. എന്തായാലും കുറച്ചു നാളായി പുറത്തിറങ്ങാൻ പറ്റാത്തതിന്റെ വിഷമം മാറിക്കിട്ടി.

Back to Top