ഊത്ത പിടിത്തം: 60 ഇനം നാടന്‍ മീനുകള്‍ ഉന്മൂലനത്തിന്റെ വഴിയില്‍

ഊത്ത പിടിത്തം: 60 ഇനം നാടന്‍ മീനുകള്‍ ഉന്മൂലനത്തിന്റെ വഴിയില്‍

മാതൃഭൂമിയിൽ ജൂൺ 13, 2014ൽ പ്രസിദ്ധീകരിച്ചത്

തൃശ്ശൂര്‍: പ്രജനന കാലത്ത് പാടത്തും പുഴയിലും നടക്കുന്ന ഊത്ത പിടിത്തം പലയിനം നാടന്‍ മീനുകളുടെയും ഉന്‍മൂലനത്തിനു വഴിവെക്കുന്നതായി പഠനം. 60 ഇനം ഭക്ഷ്യ യോഗ്യമായ മത്സ്യങ്ങളാണ് ഇത്തരത്തില്‍ നാശത്തിന്റെ വക്കിലെന്നാണ് ജൈവവൈവിധ്യ ബോര്‍ഡിനു വേണ്ടി ഡോ. സി.പി. ഷാജി നടത്തിയ പഠനത്തില്‍ പറയുന്നത്. ഭക്ഷ്യയോഗ്യമല്ലാത്ത 19 ഇനം മത്സ്യങ്ങള്‍ ഇതിനു പുറമെയാണ്. മത്സ്യങ്ങള്‍ക്കു പുറമെ തവള, ആമ, കൊക്ക് തുടങ്ങിയവയും ഭീഷണി നേരിടുന്നുണ്ട്.

ഊത്തയിളക്കമെന്ന പേരില്‍ പുതുമഴയോടൊപ്പം പ്രജനനത്തിനായി വരുന്ന മത്സ്യങ്ങളെ വ്യാപകമായി പിടിക്കുന്നതാണ് മത്സ്യസമ്പത്ത് എന്നെന്നേക്കുമായി നഷ്ടപ്പെടാന്‍ വഴിയൊരുക്കുന്നത്. വെള്ളമൊഴുകുന്ന വഴികളെല്ലാം അടച്ച് ഒരു മത്സ്യം പോലും രക്ഷപ്പെടാത്ത രീതിയിലുള്ള കെണികളാണ് ഇവയ്ക്കായി ഒരുക്കുന്നത്. ഓരോ കോള്‍ പടവുകളില്‍ നിന്നും ഊത്ത പിടിത്തത്തിലൂടെ നാലും അഞ്ചും ലക്ഷം രൂപ വരുമാനം ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. തൃശ്ശൂര്‍, കണ്ണൂര്‍, വയനാട്, പത്തനംതിട്ട ജില്ലകളിലെ വിവിധ സ്ഥലങ്ങളിലാണ് പഠനം നടത്തിയത്.

വാള, വരാല്‍, സ്വര്‍ണ്ണവാലന്‍, പുവ്വാലി പരല്‍, കൂരല്‍ തുടങ്ങി അറുപതു ഇനം മത്സ്യങ്ങളെയാണ് ഊത്തയിളക്കത്തിനിടയില്‍ വ്യാപകമായി പിടിക്കുന്നതെന്നാണ് കണ്ടെത്തല്‍. തൊണ്ടി പോലുള്ള ഭക്ഷ്യയോഗ്യമല്ലാത്ത 19 ഇനം മത്സ്യങ്ങളും ഇതിനിടയില്‍ നശിക്കുന്നു. കോള്‍പടവുകളിലെ ഒരു കിലോമീറ്റര്‍ ദൂരത്ത് ഇതിനായി നാല്‍പ്പതും അമ്പതും വലകളാണ് സ്ഥാപിക്കുന്നത്. തോടുകളിലെ സ്ഥിതിയും മറിച്ചല്ല. അടക്കംകൊല്ലി വലകള്‍, മീന്‍പത്തായങ്ങൾ, അടിച്ചില്‍ എന്നറിയപ്പെടുന്ന കെണികള്‍, കൂടുകള്‍ മുതലായവയ്ക്ക് പുറമേ വൈദ്യുതി ഉപയോഗിച്ചും നഞ്ചു കലക്കിയും മീനുകളെ കൂട്ടത്തോടെ പിടിക്കുകയാണ്. ഇത്തരം മീനുകളുടെ വരവ് 70 ശതമാനത്തോളം കുറഞ്ഞുവെന്നാണ് പഴമക്കാര്‍ പറയുന്നത്. ഊത്തപിടിത്തത്തിനു പുറമെ നെൽപാടങ്ങള്‍ കുറഞ്ഞതും തോടുകള്‍ ഇല്ലാതായതും പുഴ മലിനമായതുമെല്ലാം ഇവയെ ബാധിക്കുന്നുണ്ട്. മത്സ്യങ്ങള്‍ പാടത്ത് നിക്ഷേപിക്കുന്ന മുട്ടകള്‍ പൂര്‍ണ്ണമായും വിരിയുന്നില്ല. രാസവളങ്ങളുടെയും മറ്റും അമിത ഉപയോഗമാണ് കാരണം.

പ്രജനന കാലത്ത് ഇണയെ ആകര്‍ഷിക്കാനായി ഉണ്ടാക്കുന്ന ശബ്ദം വെച്ചാണ് തവളകളെ പിടികൂടുന്നത്. ഇവയെ പിടിക്കുന്നതിനിടയില്‍ നിരവധി ആമകളും പിടിയിലാകുന്നുണ്ട്. ഭക്ഷ്യ യോഗ്യമല്ലാത്തവയെപ്പോലും കൊല്ലുകയാണ് പതിവ്. കോള്‍പടവുകളിൽ‍നിന്ന് നിരവധി കൊക്കുകളെയും പിടികൂടുന്നുണ്ട്. എയര്‍ഗണ്ണും വലയും ഉപയോഗിച്ചാണ് ഇവയെ വേട്ടയാടുന്നത്. മുട്ടയിടാനെത്തുന്ന മീനുകളെ പിടിക്കാന്‍ അനധികൃത ഉപകരണങ്ങള്‍ സ്ഥാപിക്കുന്നത് കുറ്റകരമാണ്. 15000 രൂപ വരെ പിഴയും കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ ആറ് മാസം വരെ തടവും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. എന്നാല്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ പലയിടത്തും ശ്രദ്ധയില്‍ പെടുത്തിയിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടായിട്ടില്ല.

Back to Top