പ്രത്യാശയുടെ തുമ്പിക്കാലം

പ്രത്യാശയുടെ തുമ്പിക്കാലം

ഇന്ത്യയിലെ തുമ്പി പഠനത്തിന്റെ പിതാവായി കരുതപ്പെടുന്ന Frederic Charles Fraser-ൽ നിന്നാണ് കേരളത്തിലെയും തുമ്പി പഠന ചരിത്രം ആരംഭിക്കുന്നത്. എന്നാൽ ദൗർഭാഗ്യവശാൽ അതിനുശേഷം അരനൂറ്റാണ്ടിലധികം കാലത്തോളം ഈ മേഖലയിൽ കാര്യമായ പഠനങ്ങളൊന്നും തന്നെ ഇവിടെ നടന്നിട്ടില്ല. പിന്നീട് 1990-2000 കാലഘട്ടത്തിൽ തൃശൂർ സെന്റ് തോമസ് കോളേജിലെ ജന്തുശാസ്ത്ര വിഭാഗം അധ്യാപകനായ ശ്രീ ഫ്രാൻസി കാക്കശ്ശേരിയാണ് കേരളത്തിലെ തുമ്പി പഠനം പുനരാരംഭിക്കുന്നത്. ഏതാണ്ട് ഈ സമയത്ത് തന്നെ കോഴിക്കോട് സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞരുടെ ഗവേഷണങ്ങളും കേരളത്തിലെ തുമ്പി പഠന മേഖലയ്ക്ക് പുത്തൻ ഉണർവ് പകർന്നു.

കഴിഞ്ഞ പത്തുവർഷം കൊണ്ട് മുൻപെങ്ങുമില്ലാത്തവിധം കേരളത്തിൽ തുമ്പി നിരീക്ഷണം വ്യാപകവും ജനകീയവും ആയിട്ടുണ്ട്. ഡിജിറ്റൽ ഫോട്ടോഗ്രാഫിയുടെ വ്യാപനവും സോഷ്യൽ മീഡിയ ഗ്രൂപ്പുകളുടെ ഇടപെടലുകളും ഇതിന് പ്രധാന കാരണങ്ങളാണ്. കൂടാതെ കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന TIES പ്രസിദ്ധീകരിച്ച, ശ്രീ.ഡേവിഡ് രാജുവും, ശ്രീ. സി.ജെ. കിരണും ചേർന്നെഴുതിയ കേരളത്തിലെ തുമ്പികൾ എന്ന പുസ്തകവും മലയാളികൾക്കിടയിൽ തുമ്പിപ്രേമം വളർത്തുന്നതിന് കാരണമായിട്ടുണ്ട്. ശ്രീ. കെ.എ. സുബ്രഹ്മണ്യൻ 2009ൽ പ്രസിദ്ധീകരിച്ച Dragonflies of India, A Field Guide എന്ന പുസ്തകവും പ്രത്യേക പരാമർശം അർഹിക്കുന്നു. അതുപോലെത്തന്നെ ശ്രീ. സുശാന്ത് കുമാർ മാതൃഭൂമി ആഴ്ചപതിപ്പിൽ എഴുതിയിരുന്ന കേരളത്തിലെ തുമ്പികൾ എന്ന കോളവും. 2013-ൽ ഈ പുസ്തകം പ്രസിദ്ധീകരിക്കുമ്പോൾ കേരളത്തിൽ നിന്നും ആകെ 154 സ്പീഷീസുകൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. അതിന് ശേഷം ഇത് വരെയായി മുൻപ് ഇവിടെ കണ്ടിട്ടില്ലാത്ത പന്ത്രണ്ടോളം പുതിയ സ്പീഷീസുകൾ കേരളത്തിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ പന്ത്രണ്ട് സ്പീഷീസിലെ ഭൂരിഭാഗം സ്പീഷീസുകളും റിപ്പോർട്ട് ചെയ്തിട്ടുള്ളത് സാധാരണക്കാരായ പ്രകൃതി നിരീക്ഷകർ ആണെന്നുള്ളത് വളരെ ശ്രദ്ധേയമായ ഒരു കാര്യമാണ്. സിറ്റിസൺ സയൻസ് പ്രസ്ഥാനത്തിന് പ്രകൃതി നിരീക്ഷണത്തിനും അതുവഴി അർത്ഥവത്തായ പ്രകൃതിസംരക്ഷണം യാഥാർത്ഥ്യമാക്കുന്നതിനും വളരെ പ്രധാനപ്പെട്ട പങ്കുവഹിക്കാൻ കഴിയും എന്നുള്ളത് ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കാം.

Myristica Sapphire (Calocypha laidlawi) മേഘവര്‍ണ്ണന്‍ by Rison Thumboor

ഇപ്പോൾ കേരളത്തിലെ സംരക്ഷിത വന പ്രദേശങ്ങളിലും പുറത്തുമായി സ്ഥിരമായി തന്നെ തുമ്പി സർവേകൾ നടന്നുവരുന്നുണ്ട്. കൂടാതെ കൂടുതൽ കൂടുതൽ യുവ ഗവേഷകർ തുമ്പികളെ കുറിച്ച് പഠിക്കുന്നതിനായി മുന്നോട്ടു വരുന്നുണ്ട്. പക്ഷികൾക്കും ശലഭങ്ങളും ഒപ്പം തുമ്പികളെയും ആളുകൾ ശ്രദ്ധിക്കുന്നുണ്ട് എന്നുള്ളത് ആഹ്ലാദകരമായ ഒരു കാര്യമാണ്. എന്നാൽ നാം ഇനിയും ഒരുപാട് മുന്നേറാനുണ്ട്.

Caconeura ramburi – Vazhachal forest Division by Vivek Chandran

പാരിസ്ഥിതികമായി വളരെയധികം പ്രാധാന്യമുള്ള ഈ ജീവികളെ കുറിച്ചുള്ള നമ്മുടെ അറിവ് വളരെ വളരെ പരിമിതമാണ്. ശ്രീ. ഫേസർ 1930കളിൽ പറഞ്ഞുവെച്ചതിനപ്പുറം ഇവയുടെ ആവാസ വ്യവസ്ഥയെക്കുറിച്ചോ ജീവിതചക്രത്തെക്കുറിച്ചോ ഇപ്പോഴും നമുക്ക് കൂടുതലായി ഒന്നും തന്നെ അറിയില്ല എന്നുള്ളത് ദുഃഖകരമായ ഒരു വസ്തുതയാണ്. ഈ അവസ്ഥ മാറേണ്ടതുണ്ട്. വളരെ പ്രധാനപ്പെട്ട പാരിസ്ഥിതിക സൂചകങ്ങളാണ് തുമ്പികൾ. എന്നാൽ ആ അർത്ഥത്തിൽ അവയെ പൂർണ്ണമായും ഉപയോഗപ്പെടുത്തണമെങ്കിൽ തുമ്പികളെക്കുറിച്ചുള്ള പരമാവധി അറിവുകൾ ശേഖരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. തുമ്പി നിരീക്ഷണം എന്നുള്ളത് കേവലം തുമ്പികളുടെ ഫോട്ടോയെടുത്ത് ഐഡി ചോദിച്ച് വയ്ക്കുക എന്നതിൽ നിന്നും നാം മുന്നോട്ട് കൊണ്ട്പോകേണ്ടതുണ്ട്. നല്ല ഫോട്ടോ കിട്ടിയിട്ടുള്ളതാണെങ്കിൽ അല്ലെങ്കിൽ സാധാരണയായി കാണുന്ന സ്പീഷീസ് ആണെങ്കിൽ അതിനെ അവഗണിക്കുക എന്ന ദുശീലം നമ്മൾ മാറ്റേണ്ടിയിരിക്കുന്നു.

Odonata Walk at Kole Wetlands. Image: Manoj Karingamadathil

കേരളത്തിൽ തുമ്പികൾ ഏറ്റവും സജീവമാകുന്ന സമയമാണിപ്പോൾ (മൺസൂൺ കാലം). ലാർവ്വയിൽ നിന്നും തുമ്പി വിരിഞ്ഞിറങ്ങുന്നത്, തുമ്പികളുടെ പ്രജനനരീതികൾ, ആഹാരസമ്പാദനം, വിതരണം, ദേശാടനം, മറ്റു സാമൂഹ്യ സ്വഭാവങ്ങൾ എന്നിവയെല്ലാം നിരീക്ഷിക്കാൻ അനുയോജ്യമായ സമയമാണിത്. ഇതെല്ലാം സ്ഥിരമായി നിരീക്ഷിക്കുകയും, രേഖപ്പെടുത്തി വെയ്ക്കുകയും, പങ്കുവെക്കുകയും ചെയ്യുകയാണെങ്കിൽ കേവലം ഹോബി എന്നതിനപ്പുറം തുമ്പി നിരീക്ഷണത്തെ പൊതു സമൂഹത്തിന് ഗുണകരമാകുന്ന രീതിയിൽ അറിവ് നിർമ്മിക്കുന്ന ഒരു പ്രക്രിയയായി മാറ്റാൻ നമുക്ക് കഴിയും. തുമ്പികൾ അത് അർഹിക്കുന്നുണ്ട്. എല്ലാവർക്കും നല്ലൊരു തുമ്പിക്കാലം ആശംസിക്കുന്നു.

Dragons have conquered the sky! at Kole Wetlands Thrissur. Image – Vivek Chandran
Back to Top