നടുവത്തറയിലെ വെള്ളപ്പൊക്കം

നടുവത്തറയിലെ വെള്ളപ്പൊക്കം

കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ നടുവത്തുപാറയിൽ ഇമ്മട്ടിൽ വെള്ളം കയറിയതായി ഓർമ്മയില്ല. ചെറുപ്പത്തിലൊക്കെ ഇതിലും വലിയ വെള്ളക്കയറ്റമുണ്ടായിട്ടുണ്ട് എന്നത് നേര്. പന്തുകളിക്കാരൻ കൂട്ടുകാരൻ ജോണിന്റെയും ആറ്റൂരെ മാധവൻ നായരുടെയും വീട്ടുപടിവരെ വെള്ളം കയറിയ കാലമുണ്ടായിട്ടുണ്ട്. അന്നൊക്കെ ആമ്പക്കാട്ടേക്കുള്ള റോഡ് പൂർണമായും മുങ്ങും. സെന്മേരീസ് സ്കൂൾ ഒരാഴ്ചയോളം അടച്ചിടാറുണ്ട്. ആമ്പക്കാട് സ്കൂളിൽ പഠിക്കുന്ന പുറനാട്ടുകര വിളക്കുംകാൽ ഇടവകക്കാരായ കൂട്ടുകാരോട് കുശുമ്പു തോന്നാറുണ്ട്. പ്രൈ മറി പഠനം കഴിഞ്ഞ് അവരൊക്കെ ആശ്രമം സ്കൂളിൽ ഞങ്ങളോടൊപ്പം ചേരുമ്പോഴാണ് ഒരാശ്വാസം കിട്ടുക!. റോഡൊക്കെ ഉയർത്തുകയും മഴക്കാലമായാൽ ഏനാമ്മാവ് ഷട്ടർ തുറന്നു വെള്ളം കടലിലേക്ക് ഒഴുക്കിവിടുകയുമായപ്പോൾ വെള്ളം കയറലില്ലാതായി. സ്കൂൾ പൂട്ടലും.

പ്രഭാത നടത്തവും തൃശ്ശൂരിലേക്കുള്ള സ്കൂട്ടർ സവാരിയുമെല്ലാം നിത്യവും ഈ വഴിക്കെങ്കിലും കഴിഞ്ഞ രാത്രിയിലെ മഴകൊണ്ട് നടുത്താറയിൽ വെള്ളം കയറി എന്നു കേട്ടപ്പോൾ മനസ്സിലും ഒരു കുട്ടിപ്പൂതി ഇരച്ചു കയറി.

സ്കൂട്ടറിൽ കയറുമ്പോൾ മൊബൈൽ നിശ്ചയമായും പോക്കറ്റിലുണ്ടായിരുന്നു. സ്ഥലത്തെത്തിയപ്പോൾ പക്ഷെ പറഞ്ഞു കേട്ടപോലെ കാഴ്ചക്കാരുടെ വലിയ തിരക്കൊന്നുമില്ല. കാറുകളും സ്കൂട്ടറുകളും സാഹസികത ഇന്ധനമാക്കി അങ്ങോട്ടും ഇങ്ങോട്ടും പോകുന്നുണ്ട്. മൂന്നു റോഡും സംഗമിക്കുന്നിടത്തു നിന്ന് ഫോട്ടോയെടുക്കാൻ വേണ്ടി മുട്ടിനൊപ്പം വെള്ളത്തിലേക്ക് സ്കൂട്ടർ ഇറക്കി. കിഴക്കു ഭാഗം നോക്കി രണ്ട് ക്ലിക്കടിച്ച് സ്കൂട്ടർ തിരിക്കാൻ നോക്കിയപ്പോഴാണ് കുഴപ്പമായത്. പരമാവധി ഇടത്തൊടിച്ച് തിരിക്കുമ്പോൾ വണ്ടി റോഡരികിലേക്ക് വലിഞ്ഞ് ഒരു കാണാക്കഴിയിൽ നട്ടു. മുന്നോട്ടുമില്ല പിന്നോട്ടുമില്ല. ജളത്വം മറച്ചു പിടിച്ച് എഞ്ചിൻ ഇരപ്പിച്ചു നിന്നു. ഓഫാക്കിയില്ല. പണി കിട്ടും. പിന്നെ സ്റ്റാർട്ടാവില്ല!.

“വണ്ടി ഓഫാക്കണ്ട ബാലന്ദ്രാ. ഞാൻ തള്ളിത്തരാം. ങ്ങ്ഹാ പോട്ടേ!.”

എവിടേയോ നിന്നു പ്രത്യക്ഷപ്പെട്ട കുരിയക്കോട്ടെ ഘോഷ് തള്ളി കരകയറ്റിയപ്പോൾ ആശ്വാസം.

പോലീസ് രാജന്റെ പടിക്കൽ പാർക്ക് ചെയ്ത് പഴയ സ്ഥാനത്തു തിരിച്ചു വന്ന് വട്ടം കറങ്ങി വീണ്ടും എടുത്തു നാലു ചിത്രം. കിഴക്ക് ആമ്പക്കാട്, വടക്ക് പുല്ലഴിക്കര , പടിഞ്ഞാറ് ബ്രില്ല്യന്റ് കലാകായികസമിതി, തെക്ക് ഭാഗത്ത് വന്ന വഴി. അങ്ങിനെ നാലെണ്ണം.

തിരിച്ച് വീട്ടിൽ വന്നപ്പോൾ ഭാര്യക്കും പൂതി.

” വൈന്നേരം ഇക്കും ഒന്നു പോണം. ”

വൈകുന്നേരം വായനശാലയുടെ ഒരു കടലാസിൽ ഒപ്പിടാനുണ്ടായിരുന്ന ജേപി മാഷെ അന്വേഷിച്ച് വീട്ടിൽ ചെന്നപ്പോൾ മാഷും ഇല്ല.

“മാഷില്ല്യേ?”

“ഇല്ല; പാടത്തേക്ക് പോയിരിക്ക്യാ ” ഭാര്യ.

എല്ലാ വഴികളും നടൂത്താറേയ്ക്ക്!.

വൈകുന്നേരം കമ്പനിക്കാരുമൊത്ത് വെള്ളം കാണാൻ പോയി വന്ന ഭാര്യ പറഞ്ഞു.

“വെള്ളം നല്ലണം കേറീണ്ട് ട്ടാ!. എത്രാളാ നടൂത്താറേല്!. മ്മളെ കണ്ടപ്പോ പോലിസ് രാജൻ വീട്ടീന്ന് എറങ്ങി വന്നു. തെരക്ക് കണ്ട്രോളിയാൻ ടോക്കൺ വെക്കണ്ടി വരുത്രേ!. കാലത്ത് മൊതല് ജനങ്ങൾടെ ഒഴുക്കാന്ന്. കൂടെ കൊറെ പഴേ കഥോളും പറഞ്ഞു രാജൻ. ബാലന്ദ്രനും മറ്റു ചങ്ങാതിമാരൊക്കെ കൂടി സൊസൈറ്റി വഞ്ചീല് ഏനാമ്മാവ് വര്യൊക്കെ പോയ കഥോളൊക്കെ!.”

കഥകൾ അവസാനിക്കുന്നില്ല. പറയാനും കേൾക്കാനും കാതുകളും പഞ്ചഭൂതങ്ങളും ഉള്ളിടത്തോളം. വെള്ളം കയറിയ നടൂത്താറ കാണാൻ ഇരുചക്രങ്ങളിൽ കുതിച്ചെത്തുന്ന ന്യൂ ജെൻകാർക്കും കാണും നാളെ രാജനേയും ഘോഷിനേയും പോലെ ‘ഇതൊക്കെയെന്ത്!’ എന്നു പ്രീഫിക്സ് ചെയ്തു പറയാൻ ചില കഥകൾ….

Back to Top