നെല്ല് കായ്ക്കുന്ന മരങ്ങൾ

നെല്ല് കായ്ക്കുന്ന മരങ്ങൾ

“നെല്ല് കായ്ക്കുന്ന മരങ്ങൾ”

ഈ ചോദ്യം ഒരു പതിനൊന്നാം ക്ലാസുകാരി ചോദിച്ചപ്പോൾ ആണ് ആധുനിക നാട്യത്തിൽ ജീവിക്കുന്ന നമ്മുടെ കുട്ടികളുടെ യുക്തിബോധം അറിഞ്ഞത്.എന്നാൽ പിന്നെ ആ ധാന്യങ്ങൾ കായിക്കുന്ന” മരങ്ങൾ”
കാണിച്ചു കൊടുക്കുകയായിരുന്നു നെസ്റ്റിൽ കഴിഞ്ഞ മൂന്നു വർഷമായിട്ട്.

ഈ തവണ ചെറു ധാന്യങ്ങൾക്കു വേണ്ടി ആയിരുന്നു മിഷൻ മൈക്രോ ആരംഭിച്ചത്. മണിച്ചോളം, ബജ്റ, തിന, റാഗി, പനിവരഗ് ഇവരായിരുന്നു പ്രധാന ഹീറോസ്.
മികച്ച രീതിയിൽ ചെറു ധാന്യങ്ങൾ വളർന്നപ്പോൾ ഒരുപാട് കൗതുകം തോന്നിപ്പോയി. കൃത്യമായി പറഞ്ഞാൽ പഴയ കാലത്തിന്റെ ക്ഷാമധാന്യങ്ങളോട്..

മൂന്നാം ക്ലാസുകാർക്ക് ചെറു ധാന്യങ്ങൾ ഒന്നു പരിചപ്പെടുത്താൻ ആയിരുന്നു “അറിവിന്റെ ധാന്യങ്ങൾ” എന്ന കൊച്ചു പരിപാടി സംഘടിപ്പിച്ചത്. ഞങ്ങളുടെ അയൽപക്ക വിദ്യാലമായ നെടുപുഴ J. B. S ൽ നിന്നും അവധിക്കാലമായിട്ടും കൂടി ഈ ധാന്യ കൃഷി കണ്ടു മനസിലാക്കാൻ ഹെഡ്മിസ്ട്രസും അധ്യാപികമാരും കുട്ടികളും അമ്മമാരും കൂടെ ഞങ്ങളുടെ ഒൻപതാം ക്ലാസുകാരും.

അറിവുകൾ പരസ്പരം പങ്കുവയ്ക്കുകയായിരുന്നു,ഒൻപതാം ക്ലാസുകാർ മിഷൻ മൈക്രോയിലൂടെ കിട്ടിയ അറിവുകൾ അവരുടെ കുഞ്ഞനുജൻമാർക്കും അനിയത്തികൾക്കും പകർന്നു നൽകി.

കത്തുന്ന വെയിലിലും, വരൾച്ചകളിലും തലയുയർത്തി പിടിച്ചു നിൽക്കുന്ന ചെറു ധാന്യങ്ങളെ,
അനുദിനം പുതിയ അവാസവ്യവസ്ഥകളെ നിർമ്മിക്കുന്ന അവരുടെ ഇന്ദ്രജാലത്തെ കുറിച്ച്..

തിന തിന്നാൻ ഇറങ്ങുന്ന ആറ്റ കറുപ്പനെ കുറിച്ച്….
ഭീകരൻമാരായ കടന്നലുകളും ഉറുമ്പുകളും പേരറിയാത്ത അസഖ്യo പ്രാണികളും അവരുടെ തേൻ കൊതിയെ കുറിച്ച്….

നിറവയർ താങ്ങി പിടിച്ച് നിൽക്കുന്ന ചോളത്തിന്റെ ബുദ്ധിമുട്ട്
പറയുമ്പോൾ കുഞ്ഞുങ്ങളുടെ കണ്ണുകളിൽ വേദന നിറയുന്നു.

എല്ലാം കഴിഞ്ഞ് കഴിഞ്ഞ വർഷം ഇവർ തന്നെ വിളയിച്ചെടുത്ത അന്നപൂർണയുടെ വിത്തുകൾ പാഴ് കടലാസിൽ പൊതിഞ്ഞ് സമ്മാനമായി കൊടുത്തു. അടുത്ത തവണ നെസ്റ്റിലേക്ക് വരുമ്പോൾ ധാന്യ കതിരുമായി വരണമെന്ന് ഓർമിപ്പിച്ചു കൊണ്ട്.
ഒത്തിരി നന്ദിയുണ്ട്
ഒരു പാട് ഉത്തരവാദിത്വങ്ങളുടെ നടുവിലും കുഞ്ഞുങ്ങളുമായി എത്തിയ അധ്യാപികമാരും,നേരം വൈകിയാണെങ്കിലും എത്തിയ മനോേജട്ടനും, ഒൻപതാം ക്ലാസുകാർക്കും, പിന്നെ അഹോരാത്രം പണിയെടുത്ത നെസ്റ്റിയൻസിനും.

ഫോണിൽ തല പൂഴ്ത്തിയിരിക്കുന്ന ന്യൂ ജെൻ ഒട്ടകപക്ഷികളെ ഒന്ന് കണ്ണ് തുറന്ന് നോക്കിക്കോളൂ ഇത്തിരി പോന്ന ഇവർക്ക് വസന്തം വിരിയിക്കാൻ കഴിയുമെങ്കിൽ നിങ്ങൾക്കും ആകാം….

# പേരറിയാത്ത ഒരു അമ്മൂമ നിറകണ്ണുകളോടെ റാഗിയെ നോക്കി, വാത്സല്യത്തോടെ പൂവിനെ ഒന്നു തലോടി …. ഗതകാലസ്മരണകൾ മിന്നി മറയുന്ന മുഖഭാവങ്ങളോടെ….

Back to Top