മാങ്കുളത്തെ പറവകളോടൊപ്പം

മാങ്കുളത്തെ പറവകളോടൊപ്പം

തേയിലത്തോട്ടങ്ങളും അവയ്ക്കു മീതെ കൊടുംകാടുകളും ഇടയിലൂടെ തലങ്ങും വിലങ്ങും ചാലിട്ടൊഴുകുന്ന നീർച്ചാലുകളും ആറുകളും വെള്ളച്ചാട്ടങ്ങളും ഉള്ള മാങ്കുളം സുന്ദരിയാണ്. സന്ധ്യ കഴിഞ്ഞാൽ ആനകൾ നീരാടാനെത്തുന്ന ആനക്കുളത്തെക്കുറിച്ചുള്ള കേട്ടറിവല്ലാതെ ഇടുക്കിയിലെ ഈ സുന്ദര ഭൂമിയെ കുറിച്ച് എനിക്ക് കൂടുതലൊന്നും അറിയാമായിരുന്നില്ല. സൈലന്റ് വാലി സർവ്വേക്കായി മാറ്റിവച്ച ദിവസങ്ങൾ, പെട്ടന്നാണ് അത് ഉപേക്ഷിക്കേണ്ടിവന്നത്. വെറും രണ്ടു ദിവസം കൊണ്ടാണ് ആ ദിവസങ്ങൾ മാങ്കുളത്തിലേക്കായി മാറ്റിയത്.

Image : Vinod OS

യാത്രക്കായി ഒരുങ്ങിയിരുന്നെങ്കിലും സ്ഥലം മാറ്റിയത് കുറച്ചു വിഷമിപ്പിച്ചു. എങ്കിലും ബുധൻ വൈകിട്ട് കണ്ണൂരിൽ നിന്നും അടിമാലിക്കുള്ള ബസിൽ സീറ്റ് റിസേർവ് ചെയ്തപ്പോഴാണ് ഒരു സമാധാനം വന്നത്. സ്കൂളിലെ അടിയന്തര പണികളൊക്കെ തീർത്തു സന്ധ്യയോടെ കണ്ണൂരിലെത്തി, 7. 30 നുള്ള ബസിൽ കേറിയപ്പോൾ ആകെ 6, 7 യാത്രക്കാർ. മൂന്നുപേർക്കിരിക്കാവുന്ന സീറ്റിൽ സുഖമായി കിടന്നുറങ്ങി. രാവിലെ ആറു മണിയോടെ അടിമാലി എത്തുമ്പോൾ ഞങ്ങളുടെ പ്രിയപ്പെട്ട പാപ്പച്ചി സാർ വണ്ടിയുമായി കാത്തുനിൽപ്പുണ്ടായിരുന്നു. സാറിന്റെ വീട്ടിൽ പോയി പ്രഭാത കൃത്യങ്ങൾക്കുശേഷം പ്രാതലും കഴിഞ്ഞു 9. 30 നു തിരികെ. ബസ് സ്റ്റാൻഡിൽ നിന്നും മാങ്കുളത്തേക്കുള്ള ബസിൽ ,11. 30 നു ഫോറെസ്റ് ഓഫീസിൽ എത്തി റിപ്പോർട്ട് ചെയ്തു. അവിടുന്ന് അവരുടെ ഹോസ്റ്റലിലേക്ക്. അപ്പോഴേക്കും സ്ഥിരം കൂട്ടുകാരൊക്കെ എത്തിയിരുന്നു. പരിപാടി തുടങ്ങും മുന്നേ ചുറ്റുവട്ടത്തൊരു കറക്കം. മലബാർ ട്രോഗോൺ എന്ന തീക്കാക്കയും ഗ്രെയ്റ്റർ ഫ്ളയിംബാക് എന്ന പാണ്ടൻ പൊന്നി മരംകൊത്തിയും മതിലിനപ്പുറം ഇരിപ്പുണ്ട്. വെള്ളിക്കണ്ണി( White eye), ചെറിയ തേൻകിളി (Crimson backed sunbird), മഞ്ഞച്ചിന്നൻ( Yellow browed bulbul), കരിമ്പൻ ബുൾബുൾ ( Square tailed bulbul)ഇവയൊക്കെ പിന്നണിയിൽ ഉണ്ട്., അപ്പോഴേക്കും മീറ്റിംഗ് തുടങ്ങി.

പരസ്പരം പരിചയപ്പെടുത്തലും ebird നെ കുറിച്ചുള്ള ഒരു ക്ലാസും നല്ലൊരു സദ്യയും കഴിഞ്ഞു വിവിധ ക്യാമ്പുകളിലേക്കുള്ള യാത്രയായി. ഞങ്ങൾക്ക് അവിടെ തന്നെയായിരുന്നു ക്യാമ്പ്. മൂന്നു ടീമുകളിലായി 8 പേര്. വെറുതെയിരിക്കാൻ വയ്യാത്ത ഞങ്ങൾ കുറച്ചുപേര് റോഡിലിറങ്ങി നിരീക്ഷണമായി. നടന്നു നടന്നു ഒരു തേയിലത്തോട്ടത്തിൽ എത്തിയപ്പോഴാണ് 800 മീറ്റർ ദൂരത്തുള്ള ഒരു വെള്ളച്ചാട്ടത്തിന്റെ സൈൻ ബോർഡ് കണ്ടത്. ഉരുളൻ കല്ലുകൾ ഇളകി കിടക്കുന്ന വഴികണ്ടപ്പൊ പോകണോ വേണ്ടയോ എന്നൊരു സംശയം. കുറച്ചു ദൂരം പോയി നോക്കാം എന്നായി അനീഷ്. അങ്ങനെ മുന്നോട്ടു. ഒരുഭാഗം തേയില തോട്ടം മറുഭാഗം കാട്.

വഴിയിൽ ആനപ്പിണ്ടം കണ്ടതോടെ ഒരു ഉഷാറുവന്നു. ഏഷ്യൻ ഫ്‌ളൈക്യാച്ചർ, ത്രഷ്, ഹിൽ മൈനകൾ, ഇവയൊക്കെ ഉണ്ട്. ഏതായാലും നടന്നു നടന്നു പുഴവരെ എത്തി. വേനലിന്റെ കാഠിന്യത്താൽ വെള്ളം കുറവാണെങ്കിലും വെള്ളച്ചാട്ടം കൊള്ളാം. അവിടൊരു കറക്കം. കിടിലൻ പാറയാണ് പുഴയിൽ. ഒരു ഭാഗം ഡാം കെട്ടി വെള്ളം ടണൽ വഴികൊണ്ടു പോകുന്നുണ്ട്. അടുത്ത് തോട്ടം തൊഴിലാളികളുടെ കോളനി. ശരപ്പക്ഷികളുടെ മേളമാണ് മുകളിൽ, കൂടെ രണ്ടു ബോനെല്ലികളും.അവിടുന്ന് കുളിച്ചു മടങ്ങുന്ന ചിലർ, ഇരുട്ടായാൽ ഒറ്റയാൻ ഇറങ്ങും എന്നൊരു സൂചന തന്നതുകൊണ്ടു മെല്ലെ മടങ്ങി.

നൈറ്റ് കാൾ ശ്രദ്ധിച്ചിരുന്നിട്ടും കാര്യമായൊന്നും ഉണ്ടായില്ല. ചെവിയൻ നത്തിന്റെയും പുള്ളുനത്തിന്റെയും ശബ്ദം കുറച്ചു ദൂരെനിന്നും കേൾക്കാം. നാട്ടിൽ പൊരിക്കുന്ന ചൂടാണേലും ഇവിടെ നല്ല തണുപ്പ്. അപ്പോഴാണ് ക്യാമ്പ് ഫയർ വേണം എന്നൊരു ചിന്ത അനീഷിനുണ്ടായത്. കാട്ടിൽ കേറി ഉണക്ക വിറകു ശേഖരിച്ചു തീക്കൂട്ടി. അതിനു ചുറ്റുമിരുന്നു നിരീക്ഷണം ഒന്നാം ദിവസം വിശകലനം, ശേഷം ഭക്ഷണം, ഉറക്കം.

കാലത്ത് 6. 15 നു സെല്ലിലേക്കുള്ള യാത്രയായി. മൂന്നു ടീം ഒന്നിച്ചു ഇറങ്ങിയെങ്കിലും വഴിയിൽ ഓരോ ടീമിനെയും ഇറക്കിക്കൊണ്ടായിരുന്നു യാത്ര. ഞങ്ങളുടെ സെൽ തുടക്കം വരെ ജീപ്പിൽ കൊണ്ട് വിട്ടു. കുറച്ചു ദൂരം കോൺക്രീറ്റ് ചെയ്ത താഴേക്കുള്ള റോഡ്. നാട്ടിൻപുറം എന്ന് പറയാവുന്ന പ്രദേശം. തൊട്ടടുത്ത് ഫോറെസ്റ്. ചോലക്കുടുവന്റെ( Scimitar babbler ) കുടുകുടു ശബ്ദം കേൾക്കാം. അതിർത്തി കാക്കുന്ന ആൽമരത്തിൽ കോഴി വേഴാമ്പലുകൾ ( Malabar grey hornbill ).ഹിൽ മൈനകൾ ,ഉണക്കക്കമ്പിൽ കൂടു തുരക്കുന്ന ചിത്രാങ്കൻ( Heart spotted woodpecker ),എല്ലായിനം ബുൾബുളുകളും ഉണ്ട്. താഴേക്ക് ഇറങ്ങി പോയപ്പോൾ ജീപ്പ് റോഡ് അവസാനിക്കുന്നിടത്തു ഉരുളൻ കല്ലുകൾ നിറഞ്ഞ ചെറിയൊരു നീർച്ചാൽ. പ്രളയത്തിൽ ഉരുൾപൊട്ടലുണ്ടായതാണെന്നു കൂടെ വന്ന വാച്ചർ പറഞ്ഞു. അതും കടന്നു വീണ്ടും ഇറങ്ങി. വയലും കാടും ചേർന്നപോലൊരു പ്രദേശം. ഒരുഭാഗത്ത് ഇടതൂർന്ന മരങ്ങൾ. ഉയർന്ന കുന്നും, മറുഭാഗത്തെ താഴ്ന്ന ഭാഗത്ത് വീടുകളുണ്ട്. നാട്ടുപക്ഷികളും കാട്ടുപക്ഷികളും, അൽപനേരം വിശ്രമ ശേഷം മടക്കയാത്ര. ഇറക്കം സുഖമായിരുന്നു. കേറാനാണ് പണി. തിരികെ വഴിയിൽ വച്ച് ഒരു ടീമിനെയും കൂട്ടി താമസ സ്ഥലത്തേക്ക്. മടക്കയാത്രയിൽ ഡ്രൈവറാണ് പറഞ്ഞു തന്നത്. നക്ഷത്രകുത്ത് എന്ന ഇക്കോ പാർക്കിനെ കുറിച്ച്. ഫോറെസ്റ് ഓഫീസ് കഴിഞ്ഞു കുറച്ചു കൂടെ മുന്നോട്ടുള്ള വഴിയിൽ. തിരികെ എത്തി ഊണുകഴിഞ്ഞ ഉടൻ അനീഷിന്റെ വണ്ടിയിൽ ഞങ്ങൾ എല്ലാവരും അവിടേക്കു വിട്ടു.

ഒരു ആറിനപ്പുറം തൂക്കുപാലം കഴിഞ്ഞാൽ നക്ഷത്രകുത്ത് എന്ന കാടായി. താഴെ പുഴയോരത്തെ ഇടതൂർന്ന ഈറ്റക്കാടിനിടയിലൂടെ നടക്കുമ്പോൾ ഉച്ച ചൂടറിഞ്ഞേയില്ല. ഏഷ്യൻ ബ്രൗൺ ഫ്‌ളൈക്യാച്ചർ, ബ്രൗൺ ബ്രേസ്റ്റഡ് ഫ്‌ളൈക്യാച്ചർ, ഡാർക്ക് ഫ്രോന്റേഡ് ബാബ്ലർ ഇവയൊക്കെ ഒളിച്ചുകളിക്കുന്നുണ്ട്. പണ്ട് കടുവ താമസിച്ചിരുന്നതെന്നു കൂടെ വന്ന ഗൈഡ് പറഞ്ഞ വലിയൊരു പാറ വിടവിനിടയിലൂടെ നൂണ്ടു കടന്നു മുകളിൽ കേറിയപ്പോൾ പിന്നെ ഉയർന്ന മരങ്ങളാണ് കണ്ടത്. അവിടെ കാനറി, ബുൾബുളുകൾ, വ്യത്യസ്ത മരംകൊത്തികൾ, ഡ്രോൺഗോകൾ, കറങ്ങിത്തിരിഞ്ഞ് ആദ്യത്തെ ഭാഗത്തു വീണ്ടും എത്തിയപ്പോൾ അവിടുന്ന് മുകളിലേക്ക് ട്രെക്കിങ്ങ്പാത ഉണ്ട്. കുറച്ചു കേറി ഞാൻ മതിയാക്കി. മൂന്നുപേർ കുറച്ചുകൂടെ കേറട്ടെ എന്ന് പറഞ്ഞു പോയി. ഞാൻ കുറച്ചു നേരം ഇരുന്നപ്പോൾ ഒരു കേഴമാൻ അവിടേക്കു ഓടിവന്നു, എന്നെ കണ്ടു പിന്തിരിഞ്ഞോടി. തനിച്ചിരുന്നു അപകടം വരുത്തേണ്ടെന്ന വിചാരത്തിൽ താഴെ ഇറങ്ങി പുഴക്കരയിൽ വന്നിരുന്നപ്പോൾ അവിടെ പൊടിച്ചിലപ്പൻമാരുടെ ബഹളം. അതും നോക്കി ഇരിക്കെ പോയവർ തിരികെ വന്നു. ഒരു ഗ്രൂപ്പ് ഫോട്ടോയുമെടുത്തു മടങ്ങി.

തിരിച്ചു വരും വഴി നേരെ വിട്ടു പഴയ വെള്ളച്ചാട്ടത്തിലേക്ക്. പുഴ കടന്നു അപ്പുറത്തെ റോഡ് വരെ പോയി സന്ധ്യയോടെ മടങ്ങി. ബോണെല്ലികൾ, കരിംപരുന്തുകൾ ഇവ ഇന്നുമുണ്ട്.

പിറ്റേന്ന് കാലത്തു ഞങ്ങൾ രണ്ടു ടീമുകൾക്കു അടുത്തടുത്ത സെല്ലുകളാണ് ചെയ്യാനുള്ളത്. അതിനായി ഒരു ജീപ്പിൽ ഞങ്ങൾ എല്ലാവരും പുറപ്പെട്ടു. രണ്ടു കിലോമീറ്റർ ഓഫ്‌റോഡ് ഡ്രൈവിംഗ്. ഒരു വശം താഴ്‌വാരം. കാണാൻ നല്ല സ്ഥലം. ദുര്ഘടസ്ഥാനം വരെ എത്തി ജീപ്പ് നിർത്തി. ഇനീം കുറച്ചു കേറാനുണ്ട്. വഴിയിൽ പക്ഷികളുടെ നല്ല ബഹളം. ലളിത പ്ലാവിലിരുന്നു പാടുന്നുണ്ട്. കാനറികളും ഗ്രേ ഹെഡഡ് ബുൾബുളുകളും മരംകൊത്തികളും എല്ലാരുമുണ്ട്. അധികം സമയം കളയാനില്ല. വരുന്ന വഴിനോക്കാം, വേഗം സെല്ലിൽ എത്തണം. കുറച്ചു നടന്നു താഴേക്കുള്ള ഇറക്കത്തിൽ ഞങ്ങൾ വഴിപിരിഞ്ഞു. ഞാനും സിജിയും ഷാഹിനയും ഞങ്ങളുടെ സെൽ ആയ കാപ്പിത്തോട്ടത്തിലേക്കും അനീഷും വിനോദും അവരുടെ സെല്ലിലേക്കുള്ള വഴിയിലേക്കും. കാപ്പിത്തോട്ടത്തിൽ സ്പൈഡർ ഹണ്ടർ, വാഗ്ടൈൽ, മൈനകൾ, മരതകപ്രവ്, പൊകണ ഇവയൊക്കെ കണ്ടു ഒരു ചെറു വീടിനുമുന്നിലെത്തി. അവിടെ ഒരു പ്രായമായ ഒരാൾ വിറകു കീറിക്കൊണ്ടിരിക്കുന്നു, കൂടെ ഒരു പട്ടിക്കുട്ടിയും. കൂടെയുള്ള വാച്ചറാണ് പറഞ്ഞത് അയാൾക്ക്‌ കാഴ്ച്ചയും കേൾവിയും കുറവാണെന്ന്. അടുത്തെങ്ങും വീടുകളില്ല, തൊട്ടു കിടക്കുന്ന സ്ഥലത്തു ആനകൾ ഇറങ്ങും, ഇലക്ട്രിക്കൽ ഫെൻസിങ് മാത്രമുണ്ട്, സുരക്ഷക്ക്. ഒരു കടയിലേക്ക് പോകണമെങ്കിൽ രണ്ടു കിലോമീറ്ററിൽ കൂടുതൽ കുന്നിറങ്ങണം. ഹമ്മേ ! ഓർക്കാൻ വയ്യ.

Image : Vinod OS

അവിടുന്ന് ഇറങ്ങി നിരപ്പായ സ്ഥലത്തു എത്തി. അവിടെ കുറച്ചു വീടുകൾ ഉണ്ട്. കൃഷിയിടങ്ങളും. ജീപ്പ് പാതക്കരികിൽ ഉള്ള വീട്ടുകാർ അവരുടെ തൊടിയിൽ നിന്നും പറിച്ചെടുത്ത നാരങ്ങാ പിഴിഞ്ഞ വെള്ളം തന്നു. നല്ല തണുത്ത വെള്ളം. കിടിലൻ സ്വാദ്. ഫ്രിഡ്ജിൽ വെക്കാതെ തന്നെ പ്രകൃതിയുടെ തണുപ്പ്. കുറച്ചു നേരം അവിടൊക്കെ ചുറ്റിനടന്നു രണ്ടു ചെക്ക് ലിസ്റ്റ് ഇട്ടു മടങ്ങി. മടക്കയാത്രയിൽ പഴയ വഴിയരികിൽ രണ്ടു കാവിക്കിളികൾ, മരംകൊത്തി ചിന്നൻ തുടങ്ങി നല്ലൊരു കൂട്ടം കൂട്ടുകാർ. കുറച്ചു കൂടെ നടന്നു ജീപ്പിൽ മടക്കം. മുന്നിലെ സെല്ലിലേക്ക് പോയവർ വേറെ വഴിയിലൂടെ വരും, അവരെ അവിടെപ്പോയി കൂട്ടണം. ഓഫ്‌റോഡ് ഇറക്കം കുറച്ചു പേടിപ്പിച്ചു. നല്ല റോഡിലെത്തിയപ്പോഴാണ് ശ്വാസം നേരെ ആയത്. വീണ്ടും കുറെ ദൂരം ഓടിയപ്പോഴാണ് അനീഷും വിനോദും തളർന്നു വന്നത്. അവർക്കു ആന കാരണം സെല്ലിൽ കേറാനായില്ല. എട്ടോളം കിലോമീറ്റർ നടന്നു, അല്ല കുന്നു കേറി. ശ്ശൊ.

Image : Vinod OS

തിരികെ ക്യാമ്പിൽ എത്തി, പ്രാതൽ കഴിച്ചു കുറച്ചു വിശ്രമം. ഉച്ചയോടെ വർക്ക് തീർന്ന ടീമുകൾ എത്തി. ഉച്ചഭക്ഷണം കഴിച്ചു അവർ ആനക്കുളം കാണാൻ ഇറങ്ങിയപ്പോൾ കൂടെ ഞങ്ങളും പുറപ്പെട്ടു. മാങ്കുളം വരെ എത്തി ആനക്കുളം കണ്ടില്ലേൽ ശരിയല്ലല്ലോ. അവിടെ എത്തിയപ്പോൾ പ്രതീക്ഷിച്ചപോലൊന്നുമല്ല. ഗ്രാമത്തിന്റെ വശം ചേർന്നൊഴുകുന്ന പുഴ, അധികം വെള്ളമില്ല, ഉരുളൻ കല്ലുകൾ, ഒരു വശത്തു അല്പം ആഴമുണ്ട്, അവിടെ വെള്ളം കെട്ടി കിടക്കുന്നുണ്ട്, അതിൽ കുറച്ചുപേർ കുളിക്കുന്നുണ്ട്, പുഴയോരത്ത് വോളിബാൾ കളി തകൃതിയായി നടക്കുന്നു. ഇവിടാണോ ആനകൾ, ഞങ്ങൾ അവിടെ ഇറങ്ങി കല്ലിൽ ചുമ്മാ ഇരുന്നു, ആന വരട്ടെ. അപ്പോൾ ആരോ പറഞ്ഞു രാത്രി 12 മണി ആവും ആനകൾ വരാൻ.ശ്ശെടാ. അല്പം കൂടി ചിലവഴിച്ചു ഇരുട്ടായതോടെ ഞങ്ങൾ മടങ്ങി.

തിരിച്ചെത്തി നാളത്തെ പ്ലാനിംഗ്. നാളെ രണ്ടു ടീമിന് മാത്രമേ സെൽ വർക്ക് ഉള്ളൂ. അനീഷ്, വിനോദ് ഇവരുടെ ടീമിന്ഇന്ന് തീർക്കാൻ പറ്റാതെ പോയത് നാളെ ചെയ്യണം, അപ്പോൾ അവരുടെ സെൽ ചെയ്യാൻ ആളുവേണം. വിനോദ് അധികം നടക്കാൻ വയ്യ എന്ന് പറഞ്ഞു, ഇന്ന് കേറിയതിന്റെ വിഷമം, ആക്‌സിഡന്റിൽ കാലിൽ സ്ക്രൂ ഇട്ടതാണ്. അവസാനം അനീഷ് മറ്റു രണ്ടു പേരെ കൂട്ടാനും ഞാൻ വിനോദിന്റെ കൂടെ അടുത്ത സെൽ ചെയ്യാനും തീരുമാനിച്ചു, അധികം നടക്കാനില്ലെന്നാണ് അറിഞ്ഞത്.

Image : Vinod OS

കാലത്തു തന്നെ ഞങ്ങളെ സെല്ലിന്റെ താഴെ കൊണ്ട് വിട്ടു, തേയിലത്തോട്ടം ആണ്. മാപ് നോക്കിയപ്പോൾ ഞെട്ടി, ഇനീം ഉണ്ട് നടക്കാൻ, അല്ല കേറാൻ. തേയിലത്തോട്ടം വഴി കേറി കാട്ടു വഴിയിൽ എത്തി. രണ്ടു ദിവസം മുന്നേ ട്രെക്ക് പാത്ത് ക്ലിയർ ചെയ്തിരുന്നു. കുത്തനെയുള്ള കയറ്റം, വഴിയിൽ ആന പിണ്ഡം, കടുവയുടെ പഗ് മാർക്ക്, കാട്ടുപോത്തുകളും മാനുകളും സ്ഥിരം പോകുന്ന വഴി. ഒരു വശം ചരിവ്, ആകാശം കാണാത്ത വിധം കൂറ്റൻ മരങ്ങൾ കുടപിടിച്ചിരിക്കുന്നു. റോക്ക് ത്രഷുകളും ഇലക്കിളികളും ഇന്ത്യൻ ബ്ലൂ റോബിനും ബ്ലാക്ക് ആൻഡ് ഓറഞ്ച് ഫ്ലൈ കാച്ചറും, അടക്കം ഉയർന്ന പ്രദേശങ്ങളിൽ കാണുന്നവയൊക്കെ ഞങ്ങളുടെ സാന്നിധ്യം അറിഞ്ഞു മാറുന്നുണ്ട്. ഇടയ്ക്കു ഇരുന്നും, അതിലേറെ കയറിയും 9. 30 ഓടെ സെല്ലിൽ കാലുകുത്തി. എന്തൊരാശ്വാസം ! അതിനിടെ ഒരു പച്ച മുളയണലിയെയും കണ്ടു. കുറെ നേരം അവിടെ ചുറ്റിനടന്നു. തിരിച്ചിറങ്ങി, ഏറെക്കാലമായി കാണാൻ കൊതിച്ച ഷാമ കിളിയെയും ഉപ്പൻകുയിലിനെയും കണ്ടു. തിരികെ ഇറങ്ങുമ്പോൾ വിനോദിനോട് തമാശയായി ചോദിച്ചു , ഇതിലും ഭേദം ശബരിമല കേറുന്നതായിരുന്നു, അല്ലെ ? ഉടൻ ഉത്തരം കിട്ടി, ടീച്ചറെ അത് ഇതിന്റെ കാൽഭാഗം വരില്ല, അതും അവിടെ മൊത്തംവേസ്റ്റ് ആണ്, ഇവിടെ എത്ര ശുദ്ധമായ സ്ഥലം! ശരിയാണ്, മനുഷ്യരുടെ ഇടപെടൽ ഇല്ലാത്തിടം, ശുദ്ധമായ അന്തരീക്ഷം. അവിടുന്ന് ഇനീം കേറിയാൽ ഒരു ഫോറെസ്റ് ക്യാമ്പ് ഉണ്ട്. അവിടുന്ന് മൂന്നു നാലുപേരൊക്കെ ചേർന്ന് രാത്രി ഇറങ്ങി വരാറുണ്ടെന്ന് കൂടെയുള്ള വാച്ചർമാര് പറഞ്ഞത് കേട്ട് ഞങ്ങൾ വിരണ്ടുപോയി. വഴി ക്ലിയർ ചെയ്യുന്നവർ ക്യാമ്പ് ചെയ്തിരുന്ന വലിയ പാറക്കല്ലിന്റെ അടിയിലൂടെ വരുമ്പോൾ ആനകൾ അതുവഴി കടന്നുപോയ കഥയും അവർ പറഞ്ഞു. മനോഹരമായ സ്ഥലം, കേറിയ വിഷമം അറിഞ്ഞേയില്ല, ഇറങ്ങുമ്പോൾ. എനിക്ക് ചെയ്യേണ്ടതായിരുന്നില്ല, ആ സെൽ. എന്നിട്ടും അവിടം എത്താനുള്ള ഭാഗ്യം ഉണ്ടായി. താഴ്വാരങ്ങൾ പൊരി വെയിലിൽ ചൂടുകൊണ്ട് എരിയുമ്പോൾ തണുപ്പിന്റെ സുഖമുള്ള തലോടൽ. മറക്കാനാവാത്തൊരു യാത്ര.

Image : Vinod OS

രാവിലെ ഒരു ഗ്ലാസ് ചായ മാത്രം കുടിച്ചു പോയതാണ്. അധികം ദൂരമില്ലെന്നു കേട്ടതുകൊണ്ടു വഴിയിൽ കഴിക്കാനും ഒന്നുമെടുത്തില്ലായിരുന്നു. അട്ടയില്ലെന്നു കേട്ടതിനാൽ സുരക്ഷക്കായി ഒന്നും ചെയ്തുമില്ല, ആദ്യമായി കടി കിട്ടി. 12 മണികഴിഞ്ഞു എത്തിയപ്പോൾ തലേന്ന് 8 കിലോമീറ്റര് നടന്ന അനീഷ് ഇന്ന് വേറെ വഴീലൂടെ പോയതിനാൽ കുറച്ചേ നടന്നുള്ളൂ എന്ന് പറഞ്ഞപ്പോഴാണ്, പാവം ! വിനോദ് ഇന്നെന്തുമാത്രം നടന്നു എന്ന് ഓർത്തത്. അപ്പോഴേക്കും മറ്റുള്ളവരെല്ലാം തിരികെ പോയിരുന്നു. പെട്ടന്ന് ഒരുങ്ങി മീറ്റിംഗിന് എത്തി. അനുഭവങ്ങൾ പങ്കുവെച്ചു ഒരു മണി കഴിഞ്ഞു ഉച്ചയൂണ്കഴിച്ചു, തിരികെ വരാൻ ഇറങ്ങി. എനിക്ക് വൈകിട്ട് ആറുമണികഴിഞ്ഞാണ് കണ്ണൂർക്കുള്ള ബസ്, അതുവരെ സമയം കളയേണ്ട, അനീഷിന്റെ വണ്ടിയിൽ വരും വഴി നോൺ ഫോറെസ്റ് സെൽ ചെയ്യാമെന്ന് തീരുമാനിച്ചു. അങ്ങനെ വഴിയിൽ മാപ്പുനോക്കി കണ്ട സെല്ലിൽ കേറി. റോഡ് നീണ്ടുപോയത് ഏലത്തോട്ടത്തിലേക്കാണ്. നല്ല ആക്ടിവിറ്റി. ഒരു മണിക്കൂർ ചിലവഴിച്ചു തിരിച്ചു അഞ്ചു മണിയോടെ എന്നെ അടിമാലി വിട്ടു അവർ പോയി. ഞാൻ സന്ധ്യയോടെ ബസിൽ തലശ്ശേരിക്കും. മറക്കാനാവാത്തൊരു യാത്ര, മാങ്കുളത്തെ കാടുകൾ, അതിന്റെ തണുപ്പ്, മാഞ്ഞുപോകാത്ത നനുത്ത ഓർമ്മകൾ.

Back to Top