മഞ്ചേരി എസ് പ്രഭാകരന്‍ നായര്‍

മഞ്ചേരി എസ് പ്രഭാകരന്‍ നായര്‍

മഞ്ചേരി എസ് പ്രഭാകരന്‍ നായര്‍ – ഗൂഗിള്‍ ചെയ്‌താല്‍ കിട്ടില്ല ഈ പേര്. ഒരു പക്ഷെ, സൈലെന്റ് വാലി സമരകാലത്ത് ഉണ്ടായിരുന്നവര്‍ ഓര്‍ത്തേക്കും എസ് പി എന്നെ. എന്നാല്‍ കേരളത്തിലെ പ്രകൃതിസ്നേഹികള്‍ എക്കാലവും ഓര്‍ത്തിരിക്കേണ്ട ഒരു യോദ്ധാവ് ആയിരുന്നു അദ്ദേഹം. ഈ വരികള്‍ എസ് പി എന്‍ എഴുതിയത്. പ്രകൃതിയെ ബലാല്‍സംഗം ചെയ്തു നശിപ്പിക്കുന്നവര്‍ വര്‍ദ്ധിക്കുകയാണ്; വീണ്ടും ഒരു വിപ്ലവത്തിന് സമയമാകുന്നു…

“കാടു നശിക്കുന്നൂ നമ്മുടെ
നാടു നശിക്കുന്നൂ
കാടും നാടും കട്ടുമുടിക്കും
കാട്ടാളന്മാര്‍ പെരുകുന്നു.
അവരുടെ കൈകളെയരിഞ്ഞു വീഴ്ത്താന്‍
അണിയണിയായ് നാം മുന്നോട്ട്! ”

“പണ്ടൊരു മഴുവാക്കടലിലെറിഞ്ഞിട്ടുണ്ടായീ
പോലീഭൂമി
ഇന്നാമഴുവാല്‍ കാടുമുടിച്ചി-
ട്ടുണ്ടാക്കുന്നു മരുഭൂമി.

നമുക്കു നമ്മുടെ മക്കള്‍,ക്കവരുടെ
മക്കള്‍ക്കിവിടെ കഴിയേണ്ടേ
ആ മഴു വാങ്ങണമവരെയുമോന്നി-
ച്ചറബിക്കടലില്‍ താഴ്ത്തേണം!”

“കാടീനാടിനു കേടല്ല
കാടീനാടിന്നീടാണ്
കാടുകള്‍ വെട്ടിവെളുപ്പിക്കുന്നൊരു
കാടന്മാരുടെ കൈ വെട്ടൂ!”

ഇതു കേള്‍ക്കൂ. ഒരു പക്ഷെ നിങ്ങളും പാടിയിട്ടുണ്ടാകും ഈ വരികള്‍. എസ് പി എന്നോട് ഒരുമിച്ച് സൈലെന്റ് വാലി സമരത്തിന്‍റെ പത്താം വാര്‍ഷികവേളയില്‍ സൈരന്ദ്രിയില്‍ വെച്ച് പാടിയത് ഞാനിന്നും ഉള്‍പ്പുളകത്തോടെ സ്മരിക്കുന്നു…

കേരളം എവിടെ?

തിരിമുറിയാ മഴപെയ്യും നമ്മുടെ
തിരുവാതിരയിന്നെവിടെപ്പോയ്?
കര്‍ക്കിടകപ്പൂയത്തിനുമാത്രമി-
തെത്തുവതെന്തേ പുതുവര്‍ഷം?

കുടകൂടാതെ നടക്കാന്‍ പറ്റാ-
ത്തിടവപ്പാതികളിന്നെവിടെ?
വൃശ്ചികമാസക്കാറ്റെവിടെ കുളി-
രേത്തിക്കുന്നൊരു ധനുവെവിടെ?

വിത്തും കൈക്കോട്ടും കൊണ്ടെത്തണ
വിഷുവല്‍പക്ഷികളെവിടെപ്പോയ്?
എവിടെപ്പോയ് തുലാവര്‍ഷം പ-
ണ്ടിടിയും മഴയും പൊടിപൂരം.

ആതിരരാവില്‍ കുളിച്ചുകുറിയിട്ടൂഞ്ഞാലാടിപ്പാടീടും
ശാലീനതയുടെ ചാരുത ചേരും
കേരളഗ്രാമശ്രീയെവിടെ?

തുമ്പികള്‍ വീണാതന്ത്രികള്‍ മീട്ടും
ചിങ്ങവസന്തശ്രീയെവിടെ?
നമ്മുടെ നമ്മുടെ മാമലനാടേ,
കേരളനാടേ നീയെവിടെ?
****
എസ് പി എന്‍! മാഷേ! കണ്ണു നിറയുന്നു! അങ്ങേക്കു വേണ്ടി ഞാനിതാ ഈ എരിയുന്ന പന്തം കൈമാറുന്നു!

( ഇനിയും ഒരുപാടുണ്ട്; ഓര്‍മ്മ വരുന്ന മുറയ്ക്ക് ഇവിടെ വെക്കാം. തീ പകരുക! )


Back to Top