ചാട്ടക്കോഴി @ കോഴിക്കോട്

ചാട്ടക്കോഴി @ കോഴിക്കോട്

പാമ്പിനും പക്ഷിക്കും പൊതുപൂർവികനായതുകൊണ്ടാവാം ഇന്നലെ ഒരുപക്ഷി എന്നെത്തേടി വന്നത്. ആറേഴു കൊല്ലം മുമ്പ് ഞങ്ങളുടെ സ്കൂളിൽ പഠിച്ചു പോയ ബിബിൻലാൽ ആയിരുന്നു എങ്ങനെയൊക്കെയോ നമ്പർ സംഘടിപ്പിച്ച് എന്നെ വിളിച്ചത്. ഞാൻ പക്ഷിയല്ല, പാമ്പാണെന്ന് അറിയാമായിരുന്നിട്ടും ഒരുപക്ഷേ അവനെന്നെ വിളിച്ചത്, പണ്ടെപ്പോഴോ സ്കൂളിൽ നിന്ന് ഒരു മെരുവിനെയൊക്കെ രക്ഷപ്പെടുത്തിയതിന്റെ ഓർമ്മയിൽ തന്നെയാവണം. അത് അല്ലെങ്കിലും അങ്ങനെതന്നെയാണ്. പാമ്പിനെ കുറിച്ച് പഠിക്കുന്നവനെ ജനം പാമ്പുപിടുത്തക്കാരനെന്നേ കാണൂ. പാമ്പുപിടുത്തക്കാരൻ മെരുവിനേയും കടന്നലിനേയും പക്ഷിയേയുമൊക്കെ പിടിച്ചോളുമെന്നാണ് ജനത്തിന്റെ ചെറുപതിപ്പായ കുട്ടികളുടെയും ധാരണ.
ഭാഗ്യത്തിന്, സ്കൂൾ പരിസരത്തെങ്ങും ഒരു പുലിയിറങ്ങിയില്ല. വലയിൽ കുടുങ്ങിയ പാവമൊരു പൂച്ചയെ രക്ഷിക്കാൻ പോലും കഴിയാതെ, അതിന്റെ കടിയും വാങ്ങി നാണംകെട്ടു തിരിച്ചുപോന്ന എന്നെ, അല്ലെങ്കിലെന്റെ കുട്ടികൾ നാക്കുകൊണ്ട് പഞ്ഞിക്കിട്ടേനെ…!

ബിബിൻ അയച്ചുതന്ന പടം കണ്ടിട്ട് എനിക്കുണ്ടോ കക്ഷിയെ മനസ്സിലാകുന്നു ? കാക്കയ്ക്കും കുയിലിനും തത്തയ്ക്കും ചുണ്ടങ്ങാപ്പക്ഷിക്കുമപ്പുറം ലോകം കാണാത്ത ഗുഹാവാസിപ്പാമ്പല്ലേ ഈ ഞാൻ !

പക്ഷിപ്പടം മനോജിനയച്ചു. കരിങ്ങാമഠം പക്ഷിയാണ്. പത്തുമിനിറ്റുകൊണ്ട് സംഗതി ഒരു വഴിക്കാക്കി.
Houbara bustard അല്ലെങ്കിൽ Lesser florican എന്നായി മനോജ്. സമീർ സാറിനെയോ ജാഫർ പാലോട്ടിനെയോ ബന്ധപ്പെടുക എന്നൊരു അടിക്കുറിപ്പും.
പെട്ടെന്നാണ് സന്ദീപ് ദാസിനെ ഓർമ്മിച്ചത്.
കൊടുത്തു പണി.
സന്ദീപ് ദാസിന് പക്ഷെ സംശയമുണ്ടായില്ല. Lesser florican ആണ് എന്ന് നിസ്സംശയം പറഞ്ഞു. അപൂർവമാണെന്നും വംശനാശഭീഷണിയുള്ളതാണെന്നും വനംവകുപ്പിനെ അറിയിക്കണമെന്നും.

കിട്ടിയ ഉടനെതന്നെ വനംവകുപ്പിനെ അറിയിച്ചിരുന്നു എന്ന് ബിബിൻ പറഞ്ഞെന്കിലും ഞാൻ ഇന്നുരാവിലെ വീണ്ടും വനശ്രീയിലേക്ക് വിളിച്ചു. അവരുടനെ അവനെ കാണാമെന്നു പറഞ്ഞ് അവന്റെ നമ്പർ ഒക്കെ വാങ്ങി. പക്ഷെ, ഇപ്പോഴും പരിക്കുപറ്റി പറക്കാൻ വയ്യാതായ ആ അപൂർവ പക്ഷിയും അതിന് വെള്ളവും ഭക്ഷണവും കൊടുത്ത് പരിചരിക്കുന്ന ബിബിൻലാലും അവന്റെ വീട്ടിൽ ബാക്കി….

മാതൃഭൂമി വാർത്ത
Back to Top