കോൾപാടങ്ങൾ മത്സ്യസമൃദ്ധമെന്ന് സർവ്വെഫലം

കോൾപാടങ്ങൾ മത്സ്യസമൃദ്ധമെന്ന് സർവ്വെഫലം

(പത്രക്കുറിപ്പ് via KUFOS)

കൊച്ചി- തൃശ്ശൂർ, മലപ്പുറം ജില്ലകളിലായി മുപ്പതിനായിരം ഏക്കറിലായി പരന്ന് കിടക്കുന്ന കോൾപ്പാടങ്ങൾ നെല്ലുൽപാദന കേന്ദ്രങ്ങൾ മാത്രമല്ല, ഒട്ടേറെ മത്സ്യഇനങ്ങളുടെ കലവറ കൂടിയാണെന്ന് രണ്ട് ദിവസങ്ങളിളായി നടന്ന കോൾപ്പാട മത്സ്യസർവ്വേ വ്യക്തമാക്കുന്നു. ലോക തർണ്ണീർത്തട ദിനാചരണത്തിന്റെ ഭാഗമായി പനങ്ങാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാലയിലെ (കുഫോസ്) ഗവേഷകരാണ് കോൾപ്പാടത്തെ മത്സ്യഇനങ്ങളുടെ കണക്കെടുപ്പ് നടത്തിയത്. കുഫോസിലെ വിദ്യാർത്ഥികൾക്കൊപ്പം വെള്ളാനിക്കര ഫോറസ്റ്ററി കോളേജിലെ വിദ്യാർത്ഥികളും കോൾപ്പാടത്തെ പക്ഷിനീരീക്ഷകരുടെ സംഘടനായായ കോൾ ബേർഡേഴ്സ് കളക്ടീവും പരിസ്ഥിതി പ്രവർത്തകരും സർവ്വേയിൽ പങ്കെടുത്തു.

കൊടുങ്ങല്ലൂർ മുതൽ പൊന്നാന്നി വരെ വ്യാപിച്ചു കിടക്കുന്ന കോൾപാട ശൃഖലയിൽ ആറ് സംഘങ്ങളായി തിരിഞ്ഞാണ് സർവ്വേസംഘം പഠനം നടത്തിയത്. 71 ഇനം മത്സ്യങ്ങളും 5 ഇനം ചെമ്മീനും 4 ഇനം ഞണ്ടുകളും 2 ഇനം കക്ക-ചിപ്പി വർഗജീവികളെയും സർവ്വയിൽ കണ്ടെത്തി.

കോൾപാടത്ത് കണ്ട 71 ഇനം മത്സ്യങ്ങളിൽ 53 ഇനങ്ങൾ ശുദ്ധജല മത്സ്യങ്ങളാണ്. 18 ഇനങ്ങൾ കടലിൽ പൊതുമായി കാണുന്നതും വളർച്ചാഘട്ടത്തിൽ കോൾപാട സന്ദർശനം നടത്തുന്നവയുമാണ്. ചെമ്പെല്ലി , വാളത്താൻ, ഏട്ടക്കൂരി, വറ്റ, പ്രാഞ്ഞൽ തുടങ്ങിയവാണ് കടലിൽ നിന്ന് കോൾപാടത്ത് എത്തുന്ന പ്രധാന മത്സ്യങ്ങൾ.

വയമ്പ്, വിവിധയിനം പരലുകൾ, ചില്ലൻകൂരി, വാള, മഞ്ഞക്കൂരി, വരാൽ, കടു, കോലാൻ, ആരൽ, മലഞ്ഞീൻ , പൂട്ട, പൂഞ്ഞാൻ, തുടങ്ങിയവാണ് കോൾപ്പാടത്ത് സമൃദ്ധമായി കാണുന്ന ശുദ്ധജലമത്സ്യങ്ങൾ. ഓരുജല മത്സ്യങ്ങളായ കരിമീൻ, പള്ളത്തി എന്നിവയുടെ സജ്ജീവ സാന്നിധ്യവും കോൾപാടങ്ങളിലുണ്ട്.

ആറ് ഇനം വിദേശ മത്സ്യങ്ങളെയും കോൾപാടത്ത് കണ്ടു. നൈൽ നദിയിലെ തിലാപ്പിയ, സക്കർമൌത്ത് ക്യാറ്റ് ഫിഷ് (സൌത്ത് അമേരിക്ക), മൊസാംബിക് തിലാപ്പിയ, ചൈനീസ് കാർപ്പുമത്സ്യങ്ങളായ ഗ്രാസ്, കോമൺ, സിൽവർ കാർപ്പുകൾ എന്നിവയാണ് കോൾപ്പാടങ്ങളിൽ കണ്ട വിദേശികൾ.

വിദേശ മത്സ്യ ഇനങ്ങളുടെ സാന്നിധ്യം കോൾപാടങ്ങളിൽ കൂടി വരുന്നത് അപകടരമായ പ്രവണതയാണെന്ന് സർവ്വേക്ക് നേതൃത്വം നൽകിയ ഡോ.എം.കെ.സജ്ജീവൻ പറഞ്ഞു. കഴിഞ്ഞ പ്രളയത്തിൽ സ്വകാര്യ അക്വേറിയങ്ങളിൽ നിന്നും മീൻകുളങ്ങളിൽ നിന്നും വന്ന് ചേർന്നതാവും ബഹുഭൂരിപക്ഷം വിദേശ മത്സ്യങ്ങളും എന്നാണ് കരുന്നത്. ഇത്തരം വിദേശ മത്സ്യങ്ങൾ തദ്ദേശിയ മത്സ്യങ്ങളുടെ സ്വഭാവികമായ ആവാസവ്യവസ്ഥക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.

കോൾപാടങ്ങളിൽ പൊന്നാനി കോൾമേഖലയാണ് മത്സ്യസമൃദ്ധിയിൽ മുന്നിൽ നിൽക്കുന്നത്. 45 ഇനം മത്സ്യങ്ങളുടെ സാന്നിധ്യം ഈ പ്രദേശത്തെ പാടശേഖരങ്ങളിൽ ഉള്ളതായി കണ്ടെത്തി.ഇത്തവണ ഏറ്റവും കുറവ് മത്സ്യസാന്നിധ്യം രേഖപ്പെടുത്തിയത് അടാട്ട് കോൾമേഖലയിൽനിന്നാണ്.

അശാസ്ത്രീയമായ മത്സ്യബന്ധനമാണ് കോൾപ്പാടത്തെ മത്സ്യസമ്പത്ത് നേരിടുന്ന ഏറ്റവും വലിയ ഭീഷണി. നിരോധിക്കപ്പെട്ടതും ഉപയോഗിക്കാൻ പാടില്ലാത്തതുമായ ബാഗ്നെറ്റ് പോലുള്ള വലകൾ ഉപയോഗിച്ച് പൊടിമീനുകളെ അടക്കം കോരിയെടുക്കുന്ന മത്സ്യബന്ധന രീതി കോൾപാടങ്ങൾ വ്യാപകമാണ് ഇപ്പോൾ. തദ്ദേശീയരായ മത്സ്യതൊഴിലാളികൾക്ക് ഇതിൽ എതിർപ്പുണ്ടെന്നാണ് സർവ്വെയിൽ വ്യക്തമായത്.

ഫോറസ്റ്ററി കോളേജിലെ അധ്യാപരായ പി.ഓ.നമീർ, കുഫോസിലെ അധ്യാപകരായ രാജീവ് രാഘവൻ, അൻവർ അലി, കെ.രഞ്ജിത്ത്, എസ്.എം.റാഫി, അനു ഗോപിനാഥ്, പ്രമീള എസ്. എന്നിവർ വിവിധ കോൾ പടവുകളിലെ മത്സ്യസർവ്വേക്ക് നേതൃത്വം നൽകി.

രാസകീടനാശിനികളുടെ ഉപയോഗം നിയന്ത്രിക്കുകയും സർക്കാർ സഹായം നൽകി ജൈവകൃഷി രീതി പ്രോത്സാഹിപ്പിക്കുകയും ചെയ്താൽ കോൾപാട ആവാസവ്യവസ്ഥ സംരക്ഷിക്കപ്പെടുകയും മത്സ്യസമൃദ്ധി ഇനിയും വർദ്ധിക്കുകയും ഡോ.എം.കെ.സജ്ജീവൻ ചൂണ്ടിക്കാട്ടി.

Back to Top