വീണ്ടും പക്ഷിക്കാഴ്ച്ചകൾക്ക് സമയമായ്

വീണ്ടും പക്ഷിക്കാഴ്ച്ചകൾക്ക് സമയമായ്

ഒരു എഴുത്തുകാരിയല്ല.. എങ്കിലും ചിലതു പങ്കുവെക്കാനുണ്ട് എനിക്കും.. ഒരു കഥയല്ല.. കവിതയുമല്ല.. കടന്നു പോയ ചില നിമിഷങ്ങൾ.. വ്യക്തികൾ.. കുറച്ചു നാളായി അത്..ദേ..ഇവിടെ ഈ സൗഹൃദലോകത്തു പറയണമെന്ന് വിചാരിച്ചിട്ട്..

കുട്ടു (എന്റെ പുത്രൻ) ജനിച്ചതിനു ശേഷം രണ്ടു വർഷത്തോളം കോയമ്പത്തൂർ ആയിരുന്നു..തിരികെ നാട്ടിലേക്ക് വരുമ്പോ ഇനിയെന്തു എന്നിങ്ങനെ ആലോചിച്ചു ആലോചിച്ചു കാടുകയറി ഇരിക്കുമ്പോഴാണ് അനൂപേട്ടൻ വഴി Times of India, തൃശൂരിൽ അപേക്ഷിച്ചതും ഭാഗ്യത്തിന് ആ കച്ചിത്തുരുമ്പ് കിട്ടുന്നതും..ഒരു അമ്മക്ക് ഒരു പത്രത്തിൽ ജോലി കിട്ടാൻ അത്രയും പ്രയാസമാണെന്നു ഇതിനുള്ളിൽ മനസ്സിലാക്കിയതു കൊണ്ടു കിട്ടിയത് അങ്ങു ഏറ്റെടുത്തു.. അങ്ങനെ ആ ജോലിയുടെ ഭാഗമായിട്ടാണ് ഞാൻ നമ്മുടെ ESP യെയും Manoj നേയും Nameer സാറിനെയും പരിചയപ്പെട്ടത്..അങ്ങിനെയാണ് Bird atlas ഉം Survey യും ഒക്കെ അറിയുന്നത്.
പക്ഷിനിരീക്ഷണം ഒരു ഹോബി അല്ല.. അതെവിടെയോ ഒളിഞ്ഞു കിടന്നിരുന്നു..
ശ്രീലേഖ ടീച്ചറുടെ ട്യൂഷൻ ക്ലാസ്സിൽ ജനാലക്കരികിൽ ഇരുന്നു ഞാനും രാഖിയും കൂടി അവിടുത്തെ സ്ഥിരം സന്ദര്ശകനായിരുന്ന ഒരു മണ്ണാത്തിപുള്ളിനെ നോക്കിയിരിക്കാറുണ്ടായിരുന്നു..അന്ന് ആ ചെറുകിളിയെ കുറിച്ചു ഒന്നുമറിഞ്ഞട്ടല്ല..പക്ഷെ അത് എന്നും അവിടെ വന്നിരുന്നു..ചിലച്ചിരുന്നു..ആവശ്യമുള്ള തീറ്റയും എടുത്തു കൃത്യ സമയത്തു പോകുകയും ചെയ്തിരുന്നു..ആ കിളി വരുന്നതും..പോകുന്നതും ഞങ്ങൾക്ക് ഒരു സന്തോഷം… ഇടവേളകൾ ആനന്ദകരമാക്കാല്ലോ.. combine study എന്ന പേരിൽ രാഖിയുടെ വീട്ടിൽ പോകുമ്പോ പറമ്പിൽ ചെമ്പോത്തിനെ കാണാറുണ്ട്..അതിനു ഉപ്പൻ എന്ന പേരുള്ളത് പിന്നീടാണ് അറിഞ്ഞത്..
അങ്ങനെ എന്റെ ചെറിയ ലോകത്തെ ചെറിയ പക്ഷികളെ ആസ്വാദിച്ചിരുന്ന എന്റെ മുന്നിലേക്ക് വന്നത് വലിയ കൊക്കുകളും കാലുകളുമായി വർണ്ണ കൊക്കും മറ്റുമാണ്.. ആദ്യമായി കോൾ പാടത്തു പോയപ്പോ കണ്ട കാഴ്ചയുണ്ടല്ലോ..ഈ ലോകത്ത് ഇത്രയും പക്ഷികളുണ്ടല്ലേ എന്നു അന്തം വിട്ടു നിന്നുപോയി.. discovery, animal planet ചാനലുകളിൽ മാത്രം കണ്ടിട്ടുള്ള കാഴച്ചകൾ പോലൊന്ന്..പക്ഷികളുടെ ഒരു അന്താരാഷ്ട്ര സമ്മേളനം പോലെ…
ഞാൻ സ്വപ്നം കാണുകയാണോ എന്നു പോലും തോന്നിപ്പോയി..പിന്നീട് ആലോചിച്ചപ്പോൾ ചെറിയൊരു നഷ്ടബോധവും..ഇത്രയും വർഷമെടുത്തല്ലോ പാടവും പക്ഷിയുമൊക്കെ അറിയാൻ എന്നു…
ചിത്രങ്ങൾ എടുക്കാൻ ഒരു ഫോട്ടോഗ്രാഫി തൽപരയല്ല (സെൽഫി ഒഴിച്ചാൽ)..
പക്ഷേ, ആ പക്ഷിക്കൂട്ടങ്ങളെ കാണുമ്പോ..ഒരു സന്തോഷം.. ഒരു പോസിറ്റീവ് എനർജി..അവരുടെ എണ്ണമെടുക്കുന്നതിനെക്കാൾ.. അവര് കൂടുകൂട്ടുന്നതും.. ഇര പിടിക്കുന്നതും..ദേശാടനം നടത്തുന്നതും അറിയാൻ ഒരു മോഹം… ഒരു നാൾ അവരിലൊരാളായി പറന്നകലാനും..

അപ്പോ പറഞ്ഞു വന്നത് വീണ്ടും കോൾ പാടങ്ങളിലെ പക്ഷിക്കാഴ്ച്ചകൾക്കു സമയമായി…നിങ്ങൾക്കും കൂടാം..

Back to Top