വി.കെ.ശ്രീരാമനുകിട്ടിയ നീലകണ്ഠൻമാഷുടെ ഒരു കത്ത്  (1989)

വി.കെ.ശ്രീരാമനുകിട്ടിയ നീലകണ്ഠൻമാഷുടെ ഒരു കത്ത് (1989)

Room 428
KHRWS Ward
Medical College Hospital
Trivandrum II
8 .5 .89.
To
Sri .V. K.Sreeraman
താങ്കൾ അയച്ച കത്തു ഇന്ന് വൈകുന്നേരത്താണ് കിട്ടിയത്.
വെള്ളിമൂങ്ങ അപൂർവ്വമാണെന്ന് പറഞ്ഞു കൂടാ .അതിനെ കണ്ടു കിട്ടുക അപൂർവ്വമാണെന്നു മാത്രം.
താങ്കളുടെ വിരുന്നുകാരന് (വിരുന്നുകാരെ തടവിലാക്കാറുണ്ടോ?) മുറിവോ ക്ഷീണമോ ഇല്ലെങ്കിൽ ഇന്നു രാത്രി 8 മണിക്കു മോചിപ്പിക്കുകയാണ് ഏറ്റവും നല്ലത്. പകൽ സമയത്ത് തുറന്നിട്ടാൽ കാക്കകൾ കൊത്തിക്കൊല്ലുവാൻ ഇടയുണ്ട്.
മുറിവോ മറ്റോ ഉണ്ടെങ്കിൽ നല്ലപോലെ കൊത്തി നുറുക്കിയ മാംസവും കുറെ രോമമുള്ള തോലും അതും ചെറുതായി മുറിച്ചത് തിന്നാൻ കൊടുക്കുക. എലിയെ പിടിച്ച് കൊന്നു കൊടുത്താൽ (തോലോടെ)ഒരു പരന്ന പാത്രത്തിൽ നല്ല വെള്ളവും കൂടി അകത്തു വെയ്ക്കുക. മുറിവുണങ്ങി മുങ്ങ പറക്കാൻ ശ്രമിക്കുന്നതായി കാണുമ്പോൾ രാത്രി 7 മണിക്കു ശേഷം കൂട് തുറന്നു വിടുക.
സ്വതന്ത്രനായ മൂങ്ങ ധാരാളം എലികളെ തിന്ന് നമുക്കു ഗുണം ചെയ്യും .വളർത്താൻ ശ്രമിക്കുന്നത് ശരിയല്ല.
ദേഹത്തിന് അല്പം സുഖമില്ലാത്തതിനാൽ കഴിഞ്ഞ എട്ടു ദിവസമായി ആസ്പത്രിയിലാണ്. മൂന്നു നാലു ദിവസം കൂടി ഇവിടെത്തന്നെ കഴിയേണ്ടിവരുമെന്നു തോന്നുന്നു. മെയ് മാസം കഴിയുന്നതിന് മുമ്പ് കാവശ്ശേരിക്കു തിരിച്ചു പോവാൻ കഴിയുമെന്നാണ് വിചാരിക്കുന്നത്.
സസ്നേഹം
നീലകണ്ഠൻ .
(ഒപ്പ്)

ഇത് പങ്കുവെച്ച സേതുവേട്ടനോടും (സേതുമാധവൻ ) ശ്രീരാമേട്ടനോടും നന്ദി രേഖപ്പെടുത്തുന്നു.

Back to Top
%d bloggers like this: