ഇന്ദുചൂഡൻ എന്ന കെ.കെ. നീലകണ്ഠന്റെ 26-ാം ചരമവാർഷിക ദിനം

ഇന്ദുചൂഡൻ എന്ന കെ.കെ. നീലകണ്ഠന്റെ 26-ാം ചരമവാർഷിക ദിനം

സ്മരണാഞ്ജലികൾ!

പ്രശസ്തനായ പക്ഷിനിരീ‍ക്ഷകനായിരുന്നു ഇന്ദുചൂഡൻ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന കെ.കെ. നീലകണ്ഠൻ. (1923 – ജൂൺ 14, 1992). കേരളത്തിലെ പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനത്തിന്റെ തുടക്കക്കാരനായി അദ്ദേഹം കരുതപ്പെടുന്നു. ‘കേരളത്തിലെ പക്ഷികൾ’ എന്ന ഒറ്റ ഗ്രന്ഥത്തിലൂടെ അദ്ദേഹം മലയാളികളുടെ മസ്സിൽ സ്ഥിര പ്രതിഷ്ഠ നേടി. അദ്ദേഹം എഴുതിയ ‘കേരളത്തിലെ പക്ഷികള്‍’ എന്ന പുസ്തകം ഇന്നും പക്ഷി നീരിക്ഷകാരുടെ ‘ബൈബിള്‍’ആയിട്ടാണ് കരുതപ്പെടുന്നതത്.

പ്രൊഫ. കെ. കെ. നീലകണ്ഠൻ വളരെക്കാലത്തെ തന്റെ നീരിക്ഷണങ്ങളുടെ അടിസ്ഥാനത്തിലെഴുതിയ പുസ്തകമാണ് ‘കേരളത്തിലെ പക്ഷികൾ’. മറ്റു പ്രസാധകർ ഇത് പ്രസിദ്ധപ്പെടുത്തുവാൻ മടിച്ചു നിന്നപ്പോൾ, കേരള സാഹിത്യ അക്കാദമി തങ്ങളുടെ ആദ്യ പുസ്‌തകമായി, 1958-ൽ ഇതിന്റെ ആദ്യ പതിപ്പ് പുറത്തുവന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പക്ഷികളെക്കുറിച്ച് എഴുതിയ നൂറോളം ലേഖനങ്ങൾ സമാഹരിച്ചാണ് ഇതിന്റെ ആദ്യപതിപ്പ് പുറത്തിറങ്ങിയത്. ഇതിൽ 150-ഓളം പക്ഷികളെക്കുറിച്ചുള്ള വിവരണങ്ങൾ ഉൾപ്പെടുത്തിയിരുന്നു. 261-ഓളം പക്ഷികളെ ഉൾപ്പെടുത്തി ഇതിന്റെ രണ്ടാം പതിപ്പ് 1981-ലും ഗ്രന്ഥകാരന്റെ ദേഹവിയോഗത്തിനു ശേഷം 1996-ൽ പരിഷ്കരിച്ച മൂന്നാം പതിപ്പും 2017-ൽ നാലാം പതിപ്പും പുറത്തിറങ്ങി. ഇന്നത്തെ സാങ്കേതിക വിദ്യകൾ ഒന്നുമില്ലാതിരുന്ന ആ കാലത്ത്‌ അടങ്ങാനാകാത്ത ആഗ്രഹം ഒന്നുകൊണ്ടുമാത്രം പക്ഷികൾക്ക്‌ വേണ്ടി കാട്ടിലും നാട്ടിലും ചുറ്റി ശേഖരിച്ച അറിവുകളുടെ വലിയൊരു സമ്പാദ്യമാണ്‌.കാലം ചെല്ലും തോറും അന്ന്‌ രേഖപ്പെടുത്തിയ കണ്ടെത്തലുകൾ തീർച്ചയായും വിലമതിക്കാനാകാത്തതായി വരുമെന്നു തീർച്ചയാണ്‌.

പാലക്കാട് ജില്ലയിലെ കാവശ്ശേരി എന്ന ഗ്രാമത്തിൽ ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലാണ് 1923-ൽ ഇന്ദുചൂഡൻ ജനിച്ചത്. മൈസൂർ സർക്കാർ സർവ്വീസിൽ ഒരു മൃഗ വൈദ്യനായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. ഇന്ദുചൂഡന്റെ നാലാം തരം വരെയുള്ള വിദ്യാഭ്യാസം ചിത്രദുർഗ്ഗയിലായിരുന്നു. ബാക്കി വിദ്യാലയ ജീവിതം മലബാർ പ്രദേശത്തെ അഞ്ചു വിദ്യാലയങ്ങളിലായി ഇന്ദുചൂഡൻ പൂർത്തിയാക്കി. ഇന്റർമീഡിയറ്റ് പരീക്ഷയ്ക്ക് അദ്ദേഹം കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളെജ്-ഇൽ പഠിച്ചു. മദ്രാസ് ക്രിസ്ത്യൻ കോളെജ്-ൽ നിന്ന് അദ്ദേഹം ഓണേഴ്സോടെ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം കരസ്ഥമാക്കി. (1941 മുതൽ 1944 വരെ)

മധുര അമേരിക്കൻ കോളെജിൽ അദ്ധ്യാപകനായി അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഇവിടെ നിന്ന് അദ്ദേഹം മദ്രാസ് ലയോള കോളെജിലേക്കും തലശ്ശേരി ബ്രണ്ണൻ കോളെജിലേക്കും രാജമുണ്ട്രിയിലേക്കും പാലക്കാട് വിക്ടോറിയ കോളെജിലേക്കും മാറി. പാലക്കാട് വിക്ടോറിയ കോളെജിൽ അദ്ദേഹം 1947 വരെ പഠിപ്പിച്ചു. ഇതിനുശേഷം അദ്ദേഹം ചിറ്റൂർ ഗവണ്മെന്റ് കോളെജിലും തിരുവനന്തപുരം വിമൻസ് കോളെജിലേക്കും മാറി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജിൽ ഇംഗ്ലീഷ് വിഭാഗത്തിന്റെ തലവനായിരിക്കേ അദ്ദേഹം 1978-ൽ അദ്ധ്യാപനത്തിൽ നിന്നും വിരമിച്ചു.

1949-ൽ അദ്ദേഹം ഇന്ത്യയിലെ ഏറ്റവും വലിയ പെലിക്കൻ സങ്കേതം കണ്ടെത്തി. കിഴക്കേ ഗോദാവരി ജില്ലയിലുള്ള തടെപള്ളിഗുഡത്തിന് 13 മൈൽ അകലെയുള്ള ആരേട് അന്ന സ്ഥലത്തായിരുന്നു ഇത്. ഈ കണ്ടുപിടിത്തം 1949-ൽ അദ്ദേഹം പ്രസിദ്ധപ്പെടുത്തി.

അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പുസ്തകമായ കേരളത്തിലെ പക്ഷികൾ (പുസ്തകം) മലയാള സാഹിത്യത്തിലെ ഒരു ഉത്തമ കൃതിയായി കരുതപ്പെടുന്നു. ചിത്രങ്ങൾ സഹിതം കേരളത്തിൽ കാണപ്പെടുന്ന 261 ഇനം പക്ഷികളെ ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നു. പരിസ്ഥിതി, പക്ഷികൾ, പക്ഷിനിരീക്ഷണം എന്നീ വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ ‘പുല്ലുതൊട്ട് പൂനാര വരെ’ എന്ന ലേഖന സമാഹാരത്തിന് കേരള സർക്കാരിന്റെ ശാസ്ത്ര, പരിസ്ഥിതി, സാങ്കേതിക വകുപ്പിന്റെ ജനപ്രിയ ശാസ്ത്ര കൃതിക്കുള്ള പുരസ്കാരവും കേരള സാഹിത്യ അക്കാദമിയുടെ ഐ.സി. ചാക്കോ പുരസ്കാരവും ലഭിച്ചു. അദ്ദേഹത്തിന്റെ കുട്ടികൾക്കു വേണ്ടിയുള്ള പുസ്തകമായ ‘പക്ഷികളും മനുഷ്യരും’ എന്ന പുസ്തകത്തിന് കേരള സർക്കാരിൽ നിന്നും കൈരളി കുട്ടികളുടെ ബുക്ക് ട്രസ്റ്റിൽ നിന്നും ബാല സാഹിത്യത്തിനുള്ള പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

Back to Top