പൊന്മാന്റെ അവതാരങ്ങൾ

പൊന്മാന്റെ അവതാരങ്ങൾ

പൊൻമാനുകൾ ( മീൻകൊത്തി / Kingfisher) എന്നും പക്ഷിനിരീക്ഷകരുടേയും ഫോട്ടോഗ്രാഫേഴ്സിന്റെയും പൊന്നോമനകളാണ്. അവയുടെ മിന്നുന്ന വർണ്ണവും നോക്കും പോക്കും എന്നും എന്നെ ഹരം കൊള്ളിച്ചിട്ടുണ്ട്. ലോകത്താകമാനം ഏകദേശം 90-റോളം മീൻകൊത്തികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിൽ 12 എണ്ണത്തിനെ മാത്രമാണ് ഇന്ത്യയിൽ കാണാൻ കഴിയുക. ഇതിൽ 11 എണ്ണത്തിന്റെ ചിത്രം പകർത്താനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്.

എന്റെ പൊൻമാൻ ശേഖരം  ചുവടെ ചേർക്കുന്നു.
സർവ്വസാധാരണമായി കാണാൻ കഴിയുന്ന വെറ്റ്ലാന്റ് ബേഡ്സ് ആണ് മീൻ കൊത്തികൾ. ഭക്ഷണപ്രിയരാണിവ; ഒരു ദിവസം ശരാശരി തന്റെ ശരീരഭാരത്തിന്റെ 60%- ഓളം ഭക്ഷണം ഇവ അകത്താക്കാറുണ്ട്. മീനാണ് ഇഷ്ടഭക്ഷണം. പക്ഷെ അരണപോലുള്ള വളരെ ചെറിയ ഇഴജന്തുക്കളേയും ഷഡ്പദങ്ങളേയും ഇവ ആഹരിക്കാറുണ്ട്. സർവ്വസാധാരണം എന്ന് പറയുമ്പോഴും, ശരിക്കും ഇവയെല്ലാം അങ്ങനെയാണോ? എന്റെ അഭിപ്രായത്തിൽ ഇതിൽ നാലെണ്ണം മാത്രമാണ് കോമൺ. ബാക്കി 8 എണ്ണം ശരിക്കും വിരളമാണ്. ഈ 12 എണ്ണത്തിൽ 7 എണ്ണം മാത്രമാണ് കേരളത്തിൽ കാണാൻ കഴിയുക. ഞാൻ ഇവയെ ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നായി പകർത്തിയതാണ്. നമുക്ക് ഓരോന്നിനെയായി പരിചയപ്പെടാം.

Common Kingfisher

നമ്മുടെ നാട്ടിൽ സർവ്വസാധാരണമായി കാണുന്ന ഇനമാണിവ. മലയാളത്തിൽ ചെറിയമീൻകൊത്തി എന്നും നീലപ്പൊൻമാൻ എന്നും പറയും. ചിലയിടങ്ങളിൽ ചോലപ്പൊന്മാൻ (River Kingfisher) എന്നും പറയാറുണ്ട്. വെള്ളവും ഇരയും ഉള്ള സ്ഥലത്തൊക്കെ ഇവയെ കാണാറുണ്ട്. പേരുപോലെ തന്നെ ഏറ്റവും കോമൺ ഇവ തന്നെയാവും!
കർണ്ണാടകയിലെ രംഗനത്തിട്ടു പക്ഷിസങ്കേതത്തിൽ നിന്ന് പകർത്തിയ ചിത്രം
Common Kingfisher (Alcedo atthis)

White-throated Kingfisher

ചെറിയ മീൻകൊത്തിയേക്കാൾ ഇവക്ക് വലിപ്പം കൂടുതലാണ്; കഴുത്തിലെ വെളുപ്പുനിറം കാരണം ഇവക്ക് White-throated Kingfisher എന്നു പേരു കൊടുത്തിരിക്കുന്നു. White-breasted Kingfisher എന്നും വിളിക്കാറുണ്ട്. മലയാളത്തിൽ മീൻ കൊത്തിച്ചാത്തൻ എന്നാണ് പേര്.  ചെറിയമീൻകൊത്തിയെപ്പോലെതന്നെ വളരെ സാധാരണയായി ഇവയെ കാണാൻ സാധിക്കും.
കർണ്ണാടകയിലെ ഗണേഷ്ഗുഡിയിൽനിന്നും പകർത്തിയ ചിത്രം.
White-throated Kingfisher (Halcyon smyrnensis)

Stork-billed Kingfisher

നമ്മുടെ നാട്ടിൽ കാണുന്നവയിൽ വലിപ്പത്തിൽ മുമ്പൻ. ഏകദേശം 35 മുതൽ 38 സെന്റീമീറ്റർ വരെ നീളം ഉണ്ടാവും. മലയാളത്തിൽ കാക്കമീൻകൊത്തി എന്നു വിളിക്കാറുണ്ട്. ഇവയുടെ ചുണ്ടുകൾക്ക് വലിപ്പം കൂടുതലാണ്. ചാരനിറത്തിലെ തലയും ഉടലിലെ മഞ്ഞയും നീലച്ചിറകുകളും ഇവയെ മറ്റുള്ള ഇനങ്ങളിൽനിന്ന് വ്യത്യസ്ഥരാക്കുന്നു.
വെസ്റ്റ് ബംഗാളിലെ സുന്ദർബൻസിൽ നിന്നും പകർത്തിയ ചിത്രം
Stork-billed Kingfisher

Pied Kingfisher

മലയാളത്തിൽ പുള്ളിമീൻകൊത്തി എന്നു വിളിക്കും. ഇവയുടെ ദേഹത്ത് കറുപ്പും വെളുപ്പും മാത്രമേയുള്ളൂ. അതു കൊണ്ടുതന്നെ തിരിച്ചറിയാൻ വളരെ എളുപ്പമാണ്.
കർണ്ണാടകയിലെ രംഗനത്തിട്ടു പക്ഷിസങ്കേതത്തിൽ നിന്ന് പകർത്തിയ ചിത്രം
Pied Kingfisher (Ceryle rudis)
മുകളിൽ പറഞ്ഞിരിക്കുന നാലെണ്ണം നമ്മുടെ നാട്ടിൽ സാധാരണമായി കണ്ടുവരുന്നവയാണ്. ഇനി കേരളത്തിൽ വിരളമായി കാണുന്ന മൂന്നിനങ്ങളെ പരിചയപ്പെടാം.

Oriental Dwarf Kingfisher

എന്റെ അഭിപ്രായത്തിൽ കൂട്ടത്തിൽ ഏറ്റവും സുന്ദരൻ. മലയാളത്തിൽ ഇവയെ കുഞ്ഞൻ പൊൻമാൻ എന്നും മേനിപ്പൊൻമാൻ എന്നും വിളിക്കാറുണ്ട്. പേരുപോലെ തന്നെ ഇവക്ക് വലിപ്പം വളരെ കുറവാണ്. ഏകദേശം 12 മുതൽ 14 സെന്റീമീറ്ററാണ് ഇവയുടെ നീളം. ശരീരമാകട്ടെ തിളങ്ങുന്ന നിറങ്ങൾകൊണ്ട് അലംകൃതവും. ചുവപ്പും നീലയും മഞ്ഞയും  പർപ്പിളും ചേർന്ന ഉടൽ ഇവരെ ഗന്ധർവ്വ സുന്ദരൻമാരാക്കുന്നു!
മഹാരാഷ്ട്രയിലെ ചിപ് ലൂൺ-ൽ നിന്നും പകർത്തിയ ചിത്രം
Oriental dwarf Kingfisher (Ceyx erithaca)

Blue-eared Kingfisher

ഒറ്റനോട്ടത്തിൽ ചെറിയമീൻ കൊത്തിയെപ്പോലെ തോന്നിക്കുന്ന ഇവയെ കണ്ടുകിട്ടാൻ വളരെ ബുദ്ധിമുട്ടാണ്. ചെറിയമീൻകൊത്തിയുടെ ചെവിയുടെ ഭാഗം തിളങ്ങുന്ന കാവിനിറമാണെങ്കിൽ ഇവക്ക് നീലനിറമാണ്. മലയാളത്തിൽ ഇവയെ പൊടിപ്പൊന്മാൻ എന്നു വിളിക്കാറുണ്ട്.
കേരളത്തിലെ തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും പകർത്തിയ ചിത്രം.
Blue-eared Kingfisher (Alcedo meninting)

Black-caped Kingfisher

പേരുപോലെ തന്നെ ഇവയുടെ തലക്ക് കറുത്തനിറമാണ്. മലയാളത്തിൽ കരിന്തലയൻ മീൻകൊത്തി എന്നുപറയും. കറുത്ത തലയും വെളുത്ത കഴുത്തും നീലച്ചിറകുകളും ചുവന്ന കൊക്കും ഇവയെ മറ്റിനങ്ങളിൽ നിന്ന് വ്യത്യസ്ഥരാക്കുന്നു.
ഗോവക്കടുത്തുള്ള സുവാരി നദിക്കരയിൽ നിന്നും പകർത്തിയ ചിത്രം
Black-capped Kingfisher (Halcyon pileata)
മുകളിൽ പറഞ്ഞിരിരിക്കുന്ന 7 ഇനങ്ങളെ മാത്രമേ കേരളത്തിൽ കാണാൻ കഴിയൂ. ബാക്കിയുള്ളവയെല്ലാം മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലാണ് കാണപ്പെടുന്നത്.

White-collared Kingfisher

കണ്ടൽക്കാടുകളാണ് ഇവരുടെ പ്രധാന ആവാസ കേന്ദ്രം. അതു കൊണ്ട് തന്നെ ഇവയെ Mangrove Kingfisher എന്നും വിളിക്കാറുണ്ട്. കഴുത്തിനു ചുറ്റുമുള്ള വെളുത്ത കോളറും തിളങ്ങുന്ന നീലച്ചിറകുകളും ഇവയെ വ്യത്യസ്ഥരാക്കുന്നു.
വെസ്റ്റ് ബംഗാളിലെ സുന്ദർബൻസിൽ നിന്നും പകർത്തിയ ചിത്രം
Collared Kingfisher (Todiramphus chloris)

Brown-winged Kingfisher

തീമഞ്ഞ നിറത്തിലെ തലയും ഉടലും ഇരുണ്ട തവിട്ടു നിറത്തിലെ ചിറകുകളുമുള്ള സുന്ദരന്മാരാണ് ഈ ഇനം. വെസ്റ്റ് ബംഗാളിലെ കണ്ടൽക്കാടുകളുടെ റാണിയായ സുന്ദർബൻസിലും ഒഡിഷയിലെ ഭീതർകനികയിലുമാണ് ഇവയെ ധാരാളമായി കണ്ടുവരുന്നത്.
വെസ്റ്റ് ബംഗാളിലെ സുന്ദർബൻസിൽ നിന്നും പകർത്തിയ ചിത്രം
Brown-winged Kingfisher (Pelargopsis amauroptera)

Crested Kingfisher

ഹിമാലയത്തിന്റെ അടിവാരങ്ങളിൽ മാത്രം കാണപ്പെടുന്ന മീൻകൊത്തികളാണിവ. ഇന്ത്യയിലെ 12 ഇനങ്ങളിൽ ഏറ്റവും വലിപ്പം ഇവക്കാണ്. ഏകദേശം 42 മുതൽ 44 സെന്റീമീറ്റർ വരെ നീളം ഇവക്കുണ്ട്. കാഴ്ച്ചയിൽ പുള്ളിമീൻകൊത്തിയോട് സാദൃശ്യമുണ്ടെങ്കിലും ഇവയുടെ നന്നായി ഉയർന്നു നിൽക്കുന്ന ഉച്ചിപ്പൂവ് (crest) വേറെ ഒരിനത്തിനും കാണാൻ കഴിയില്ല. ഇവരുടെ ഉടലിന്റെ ഭൂരിഭാഗവും ബ്ലാക്ക് & വൈറ്റ് ആണ്. ആൺപക്ഷിയുടെ കഴുത്തിൽ ഓറഞ്ച് നിറത്തിലുള്ള കുത്തുകൾ കാണാറുണ്ട്. ആവാസവ്യവസ്ഥയാണ് ഇവയെ മറ്റുള്ളവയിൽനിന്ന് വ്യത്യസ്ഥരാക്കുന്നത്. തണുപ്പുള്ള ഹിമാലയത്തിന്റെ അടിത്തട്ടിലുള്ള പ്രദേശങ്ങളിൽ മാത്രമേ ഇവയെ കാണാൻ കഴിയൂ.
ഉത്തരാഖണ്ഡിലെ ചാഫി നദിക്കരയിൽ നിന്നും പകർത്തിയ ചിത്രം.
Crested Kingfisher (Megaceryle lugubris)

Ruddy Kingfisher

വെസ്റ്റ് ബംഗാളിലെ സുന്ദർബൻസിലും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും മാത്രം കാണപ്പെടുന്ന വളരെ വിരളമായ ഒരിനമാണ് റഡ്ഡി കിങ്ഫിഷർ. എന്റെ യാത്രകളിൽ ഒരേ ഒരു തവണമാത്രമേ ഞാനിതിനെ കണ്ടിട്ടുള്ളൂ. വെസ്റ്റ് ബംഗാളിലെ സുന്ദർബൻസിൽ നിന്നെടുത്ത ഈ റെക്കോർഡ് ചിത്രം മാത്രമേ എന്റെ പക്കലുളൂ!

Ruddy Kingfisher (Halcyon coromanda)

Blyth’s Kingfisher

കാഴ്ച്ചയിൽ ചെറിയമീൻകൊത്തിയെപ്പോലെ തോന്നിക്കുമെങ്കിലും ഇവ ഹിമാലയൻ ഇനമാണ്.  ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ സിക്കിം, ആസ്സാം, അരുണാചൽ പ്രദേശ്, നാഗാലാന്റ് എന്നിവിടെങ്ങളിലാണ് ഇവ കാണപ്പെടുന്നത്. ഇവയുടെ ചിത്രം പകർത്താൻ എനിക്കിതുവരെ കഴിഞ്ഞിട്ടില്ല. ഇതിനായി ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു!


അധികം അറിയപ്പെടാത്ത മറ്റൊരിനം കൂടി ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. Rufous -backed Kingfisher. 1909-ൽ ആസ്സാമിൽ നിന്നായിരുന്നു അത്. അതിനു ശേഷം ഇന്ത്യയിൽ നിന്ന് ഇതിനെക്കുറിച്ചുള്ള ആധികാരികമായ വിവരങ്ങൾ ലഭ്യമല്ല. ഒരുപക്ഷേ ഇവിടെ ഇതിന് വംശനാശം സംഭവിച്ചിരിക്കാം. ഈ ഇനത്തെ ഇപ്പോൾ മലേഷ്യയിലോ തായ്ലൻറിലോ കാണാൻ സാധിക്കുന്നുള്ളു.


സന്ദീപ് ശശിധരൻ
ബാംഗളൂരിൽ സോഫ്റ്റ്വെയർ എഞ്ചിനീയറായി ജോലി നോക്കുന്നു. ഏകദേശം 8 വർഷമായി വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി ചെയ്യുന്നു. ഇന്ത്യയിലേയും പുറം നാടുകളിലേയും പ്രധാനപ്പെട്ട വൈൽഡ് ലൈഫ് പാർക്കുകളും പക്ഷിസങ്കേതങ്ങളും സന്ദർശിച്ചിട്ടുണ്ട്. ഇതുവരെ  600-ഓളം പക്ഷികളേയും 60-ഓളം സസ്തനികളേയും മറ്റ് ഉരഗവർഗ്ഗങ്ങളേയും ക്യാമറയിൽ പകർത്തിയിട്ടുണ്ട്. വെബ്സൈറ്റ് www.sandizworld.com

Back to Top