കിളിവാതിൽ

കിളിവാതിൽ

പക്ഷിനിരീക്ഷണത്തിന് ഒരാമുഖം

ഓരോ മലയാളിയുടേയും ബാല്യകാലസ്മരണയിൽ പ്രകൃതിയെക്കുറിച്ചുള്ള ഓർമ്മകളുണ്ടാവാതിരിക്കില്ല. പച്ചവിരിച്ച പാടങ്ങളും, കാൽപന്തുതട്ടിനടന്ന പുൽമൈതാനിയും, തുമ്പിയിലും പൂമ്പാറ്റയിലും തോന്നിയ കൗതുകവുമൊക്കെ നിറഞ്ഞ ഓർമ്മകൾ… അത്തരം ഓർമകളുടെ ഹരം നഷ്ടപ്പെടാതെ ചേർത്തുപിടിക്കാൻ പറ്റിയൊരു വിനോദമാണ് പക്ഷിനിരീക്ഷണം. ജീവിതത്തിൽ ഒരിക്കലെങ്കിലും ഒരു പറവയെ ശ്രദ്ധിക്കാത്തവരായി ആരുണ്ട് ? എന്നും കാണുന്ന മൈനയേയും മണ്ണാത്തിപ്പുള്ളിനേയും ഒക്കെ തിരിച്ചറിയുന്നവരും ഉണ്ടാകും. അവയുടെ ചിറകിലൊളിപ്പിച്ച സൗന്ദര്യമാസ്വദിച്ചവർ വീണ്ടും വീണ്ടും പക്ഷികളെ തേടിയിറങ്ങി. ഒരു പക്ഷിയിൽ നിന്ന് മറ്റൊന്നിനെ തിരിച്ചറിയാനുള്ള ജിജ്ഞാസയാണ് ഒരുവനെ പക്ഷിനിരീക്ഷകനായി മാറ്റുന്നത്. കേവലം ഒരു വിനോദത്തിലുപരി പ്രകൃതിയെക്കുറിച്ചുള്ള അറിവുകളിലേക്കും അത് കൈപിടിച്ചു നടത്തുന്നു. മലിനമാക്കപ്പെടുന്ന നദിയും, കയ്യേറ്റം ചെയ്യപ്പെടുന്ന വനവുമൊക്കെ കാണുമ്പോൾ ഒരു നിമിഷം പ്രകൃതിയെക്കുറിച്ച് ചിന്തിക്കാനും അത് നമ്മെ പ്രേരിപ്പിക്കുന്നു.

തത്ത, മൈന, പരുന്ത്,….. എന്നിങ്ങനെ വിരലിലെണ്ണാവുന്ന പേരിലൊതുങ്ങുന്നുണ്ടാവും പലപ്പോഴും പക്ഷികളെക്കുറിച്ചുള്ള നമ്മുടെ അറിവ്. എന്നാൽ കേരളത്തിൽ മാത്രം അഞ്ഞൂറിലേറെ വ്യത്യസ്ത ഇനം പക്ഷികളുണ്ടെന്ന് അറിയുമ്പോഴോ…?!  സങ്കല്പത്തിനുമപ്പുറമുള്ള വർണ്ണവിന്യാസവും രൂപഘടനയുമൊക്കെയാണവയ്ക്. കടും ചുവപ്പണിഞ്ഞ തീക്കാക്കയും (Malabar Trogan), ഓമനത്വം തോന്നിപ്പിക്കുന്ന നീലക്കുരുവിയും (Tickell’s  Blue Flycatcher), രൂപത്തിലും ഭാവത്തിലും വന്യത നിറച്ച വെള്ളിക്കറുപ്പനും (Booted Eagle) ഒക്കെ ഉൾപ്പെടും ഇതിൽ. ചിലരാകട്ടെ ചൂളക്കാക്കയെ (Malabar Whistling Thrush) പോലെ വലിയ പാട്ടുകാരാണ്‌. ഒരു കിളിയാണ് ഇങ്ങനെ ചൂളമടിച്ച്  പാടുന്നതെന്നറിയുമ്പോൾ കേൾക്കുന്നവർ വിസ്മയം പൂണ്ടിരുന്നു പോകും. കൗതുകമുണർത്തുന്ന കഥകളാണ് ഓരോ പക്ഷിക്കുമുള്ളത്. എല്ലാ മഞ്ഞുകാലത്തും തെറ്റാതെ മലയാളത്തെ തേടിയെത്തുന്ന കുഞ്ഞിക്കിളിയാണ് കാവി (Indian Pitta). ഇവനെ കണ്ടാൽ ഏതോ പെയിൻറ് കമ്പനിയുടെ പരസ്യമാണെന്നു തോന്നിപോകും. അത്രക്കധികം നിറങ്ങളാണവൻ  വാരിപ്പൂശിയിരിക്കുന്നത്. നിഗൂഢത നിറഞ്ഞ പക്ഷികളും ധാരാളം. തിങ്ങിയ അടിക്കാടിനും ചോലക്കുമൊക്കെ ഇടയിൽ നിന്നവയെ കണ്ടെത്താൻ തന്നെ പ്രയാസമാണ്. മൂങ്ങാവർഗ്ഗത്തിലെ Mootled Wood Owl -ന് പഴമക്കാർ ഇട്ട പേര് ‘കാലൻ കോഴി’ എന്നാണ്. അന്ധവിശ്വാസവും ഇരുട്ടും മരണവും എല്ലാം ആയപ്പോൾ ഈ പാവം പക്ഷിക്ക് കിട്ടിയത് തീരെ യോജിക്കാത്ത പേര്. അന്ധവിശ്വാസങ്ങളാൽ ക്രൂശിക്കപ്പെട്ട ഇരുതലമൂരിക്കും, നക്ഷത്രആമയ്ക്കും ഒപ്പം പാവം വെള്ളിമൂങ്ങയും ഉണ്ട്. ഇന്ത്യൻ കഥകളിലും കവിതകളിലും പക്ഷികളെക്കുറിച്ചുള്ള പരാമർശങ്ങൾ നിരവധിയാണ്. സ്വർഗ്ഗത്തിലെത്താൻ കൊതിച്ച നാകമോഹനെന്ന (Indian Paradise Flycatcher) സുന്ദരപക്ഷിയെക്കുറിച്ചുള്ള ഉത്തരേന്ത്യൻ നാടോടിക്കഥയാണ് അക്കൂട്ടത്തിൽ ഏറ്റവും പ്രസിദ്ധം.

നൂറ്റാണ്ടുകൾക്ക് മുമ്പു തന്നെ കേരളത്തിൽ പക്ഷിനിരീക്ഷണം തുടങ്ങിയിരുന്നതായി കാണാം. കൊച്ചി രാജാവായിരുന്ന ശക്തൻ തമ്പുരാന്റെ കാലത്തിറങ്ങിയ ‘മൃഗചരിതം’ എന്ന ഗ്രന്ഥത്തിൽ വന്യമൃഗങ്ങളുടേയും പക്ഷികളുടേയും മലയാളം പേരുവിവരങ്ങൾ ഉൾപ്പെട്ടിരുന്നു. പിന്നീടിങ്ങോട്ട് ബ്രിട്ടീഷുകാരും പല ശാസ്ത്രീയപഠനങ്ങളും നടത്തി. 1930-തുകളിൽ കേരളത്തിലെത്തിയ സലിം അലിയുടെ സംഭാവനകളും ഏറെ വിലപ്പെട്ടതാണ്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വൈവിധ്യമാർന്ന പക്ഷിസമ്പത്തുള്ള ഇടമായാണ് തട്ടേക്കാട് വനത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. അദ്ദേഹത്തിനോടുള്ള ബഹുമാനാർത്ഥമാണ് 1983-ൽ തട്ടേക്കാടിനെ പക്ഷിസങ്കേതമായി പ്രഖ്യാപിച്ചത്. 1956-ൽ പ്രസിദ്ധീകരിച്ച നീലകണ്ഠന്‍ മാഷിന്‍റെ (ഇന്ദുചൂഡന്‍) ‘കേരളത്തിലെ പക്ഷികൾ’ എന്ന പുസ്തകം വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നത്. ആ കൃതി വായിച്ചിട്ടുള്ള ബഹുപൂരിപക്ഷവും പക്ഷിനിരീക്ഷകർ മാത്രമല്ല, വലിയ പ്രകൃതിസ്നേഹികളും അതിന്റെ സംരക്ഷകരുമായെന്നത് പിൽകാലചരിത്രം.

നൈലിന്റെ  വരദാനമാണ് ഈജിപ്ത് എന്നതുപോലെ സഹ്യാദ്രിയുടെ വരദാനമാണ്  കേരളവും കേരളത്തിന്റെ പച്ചപ്പും. കേരളം സ്ഥിതി ചെയ്യുന്ന അതേ അക്ഷാംശത്തിൽ തന്നെയാണ് സഹാറ പോലുള്ള മരുപ്രദേശങ്ങളും എന്നുകൂടി ഓർക്കണേ… പശ്ചിമഘട്ടമലനിരകളുടെ സാന്നിധ്യംകൊണ്ട് നാല്പത്തിനാലു നദികളുടെ ജലസമൃദ്ധിയുമായി കേരളം ദൈവത്തിന്റെ സ്വന്തം നാടായി. UNESCO ലോകപൈതൃകകേന്ദ്രം കൂടിയായ പശ്ചിമഘട്ടം ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എട്ട് മഹാജൈവവൈവിധ്യ പ്രദേശങ്ങളിലൊന്നാണ്. പക്ഷിനിരീക്ഷണത്തിനിറങ്ങുന്നവർക്ക് വേണ്ടതെല്ലാം സഹ്യാദ്രി തന്നെ ഒരുക്കിയിട്ടുണ്ട്. അഞ്ഞൂറിലേറെ പക്ഷികൾ പശ്ചിമഘട്ടത്തിൽ കാണപ്പെടുന്നു. ഇതിൽ 16 ഇനം പക്ഷികൾ ദേശജാതിയാണ് (endemic). പശ്ചിമഘട്ടത്തിലല്ലാതെ മറ്റൊരിടത്തും ഇവയെ കാണാനാവില്ല. നീലത്തത്ത (Malabar Parakeet), നീലഗിരി മരപ്രാവ് (Nilgiri Wood Pigeon), ചാരത്തലയൻ ബുൾബുൾ (Gray Headed Bulbul), കാട്ടൂഞ്ഞാലി (White Bellied Treepie), കോഴിവേഴാമ്പൽ (Malabar Gray Hornbill) എന്നിവയൊക്കെ ദേശജാതിപട്ടികയിൽ ഉൾപ്പെടുന്നു. പക്ഷികളെ കൂടാതെ 140-തോളം സസ്തനികളും 179-തോളം ഉഭയജീവികളും 9000 -ത്തോളം സസ്യങ്ങളും ഇവിടെ കാണപ്പെടുന്നു.

തൊടിയിലും പാടവരമ്പത്തുമൊക്കെ കാണുന്ന പക്ഷികളെ ശ്രദ്ധിക്കാനും തിരിച്ചറിയാനും കഴിയുന്നതോടെ പക്ഷിനിരീക്ഷണത്തിന്റെ  പ്രഥമഘട്ടം പൂർത്തിയായെന്ന് കരുതാം. ഓലേഞ്ഞാലിക്കിളി മുതൽ കൃഷ്ണപ്പരുന്ത് വരെ നൂറോളം പക്ഷികളെ നാട്ടിൻപുറത്തുനിന്നും കണ്ടെത്താനാകും. പുതിയതായി കാണുന്ന കിളിയുടെ ആകൃതി, നിറം,ശബ്ദം, വലുപ്പം, ആവാസവ്യവസ്ഥ , ഇര തേടുന്ന രീതി എന്നീ കാര്യങ്ങൾ ശ്രദ്ധിക്കുന്നതും രേഖപ്പെടുത്തുന്നതും പ്രധാനമാണ്. ഒരു ചിത്രം കൂടി പകർത്താൻ കഴിഞ്ഞാൽ അവയെ തിരിച്ചറിയാൻ വളരെ എളുപ്പമാകും. ഇത്തരം വിവരങ്ങൾ ebird  വെബ്‌സൈറ്റിൽ (www.ebird.org) അപ്‌ലോഡ് ചെയ്ത് സൂക്ഷിക്കാം. മാത്രമല്ല, പക്ഷിനിരീക്ഷകരുടെ ‘Birdwatchers of Kerala‘ പോലുള്ള ഫേസ്ബുക് കൂട്ടായ്മകൾ ചിത്രങ്ങൾ കൈമാറാനും പരിചയസമ്പന്നരോട് ആശയവിനിമയം നടത്താനും അവസരമൊരുക്കുന്നു. പക്ഷിനിരീക്ഷണത്തെ ഒരു പെൻഷൻ പദ്ധതി പോലെ കണ്ടുകൊള്ളാൻ ഒരിക്കൽ സുഹൃത്തിനോട്  പറഞ്ഞിട്ടുണ്ട്. ഈ ചെറിയ വിനോദമായിരിക്കാം ഒരുപക്ഷെ വാർദ്ധക്യകാലത്തെ വിരസത മാറ്റാനും കൂടെയുണ്ടാകുക.

കാടും, കാവും, മലയുമൊക്കെ മലയാളി മടുത്തുതുടങ്ങിയിട്ടും പശ്ചിമഘട്ടം തേടിയെത്തുന്ന വിദേശികളുടെ എണ്ണം കൂടിയിട്ടേയുള്ളൂ. ഓരോ സീസണിലും കോൾപ്പാടങ്ങളിലെ ചിറകടി തേടിയെത്തുന്നവരും കുറവല്ല. അത്ര വ്യാപ്തിയിൽ മനസ്സിലാക്കിയില്ലെങ്കിലും ഒപ്പം സഹവസിച്ച ജീവജാലങ്ങളെപ്പറ്റി സാക്ഷ്യം പറയാനെങ്കിലും നമുക്കും സാധിക്കട്ടെ… കോളേജ് മാഗസീനിലൂടെ ഈ ലേഖനം ഒരു എഞ്ചിനീയറിംഗ് സമൂഹത്തിനുമുന്നിൽ എത്തുമെന്ന് പ്രതീക്ഷയുള്ളതുകൊണ്ട് അതിരപ്പള്ളി ജലവൈദ്യുതപദ്ധതി‘ -യെക്കുറിച്ചകൂടി പറഞ്ഞേക്കാം. അതിരപ്പള്ളി-വാഴച്ചാൽ മേഖലയുടേയും ചാലക്കുടിപ്പുഴയുടേയും പരിസ്ഥിതിപ്രാധാന്യം കൂടി അറിഞ്ഞിരുന്നാലേ സംഭവങ്ങളുടെ ഗൗരവം മനസ്സിലാക്കാനാകുകയുള്ളൂ. ഭാരതത്തിലെതന്നെ ഏറ്റവും ജൈവവൈവിധ്യമുള്ള നദിയേതെന്നുള്ള ചോദ്യത്തിന് നിസ്സംശയം പറയാം ചാലക്കുടിപ്പുഴയെന്ന്. ഈ പുഴയുടെ പേരിൽ നാമകരണം ചെയ്യപ്പെട്ട ‘Sahyadria chalakkudiensis’ ഉൾപ്പടെ 98 ഇനം മത്സ്യങ്ങളാണ് ചാലക്കുടിപുഴയിൽ കാണപ്പെടുന്നത്. ഇതിൽ 35 ഇനം സഹ്യാദ്രിയുടെ ദേശജാതിയും 24 ഇനം ചാലക്കുടിപ്പുഴയിൽ മാത്രം കാണപ്പെടുന്നവയുമാണ്. ലോകത്ത്‌ മറ്റൊരിടത്തും അവയെ കണ്ടെത്താനാകില്ല. മലമുഴക്കി വേഴാമ്പൽ (Great Hornbill), പാണ്ടൻ വേഴാമ്പൽ (Malabar Pied Hornbill), കോഴിവേഴാമ്പൽ (Malabar Gray Hornbill), നാട്ടുവേഴാമ്പൽ (indian Gray Hornbill) എന്നീ നാല് വേഴാമ്പൽ ഇനങ്ങളെയും ഒരുമിച്ച് കാണാനാകുന്ന ഒരേയൊരു ആവാസവ്യവസ്ഥ അതിരപ്പള്ളിയിലേതാണ്‌. മേഖലയിൽ മാത്രം കാണപ്പെടുന്നതും ഇവിടെ മാത്രം ജീവിക്കാനറിയാവുന്നതുമായ വലിയൊരു ജൈവവൈവിധ്യമാണ് പദ്ധതിയോടെ അപ്രത്യക്ഷമാകുക. നിലവിൽ ലഭ്യമായ വിഭവങ്ങൾ പോലും കാര്യക്ഷമമായി കൈകാര്യം ചെയ്യാനറിയാത്ത ഒരു ഭരണസംവിധാനത്തിന് മേഖലയിലെ ജൈവവൈവിധ്യം നിലനിർത്തിക്കൊണ്ടുതന്നെ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള ഇഛാശക്തിയുണ്ടെന്ന്  പ്രതീക്ഷിക്കുന്നില്ല. ശങ്കർ സിനിമകളിലൂടെയും ഡിസ്‌കവറി ചാനൽ ഡോക്യൂമെന്ററികളിലൂടെയും മാത്രം അതിരപ്പള്ളിയെ കാണേണ്ടിവരുന്ന ഭാവിതലമുറയും അകലെയല്ല. ദൂരവ്യാപകമായ ആഘാതങ്ങൾ സൃഷ്ടിക്കുന്ന ഇത്തരം പദ്ധതികളുണ്ടാവാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

കണ്ടില്ലേ, പറവയുടെ ഭംഗിയെക്കുറിച്ച് പറഞ്ഞുതുടങ്ങി പ്രകൃതിസംരക്ഷണത്തിലാണ് അവസാനിപ്പിച്ചത്. അതുതന്നെയാണ് ഈ വിനോദത്തിന്റെ മാന്ത്രികതയും. കേവലം ആസ്വാദനത്തിന്റെ  തലത്തിൽ നിന്നും പ്രകൃതിയുടെ അനന്തമായ അറിവുകളിലേക്കുള്ള കവാടമായും പക്ഷിനിരീക്ഷണം മാറുന്നു. പാരിസ്ഥിതിക-പ്രതിബദ്ധതയുള്ളൊരു സമൂഹത്തെ രൂപപ്പെടുത്താനതിന് കഴിഞ്ഞേക്കാം. ഭാവിയിലെ എൻജിനീയർമാർ എന്ന നിലക്ക് പ്രകൃതിയോട് ചേർന്നു നിൽക്കുന്ന നിർമ്മിതികൾക്കായി പരിശ്രമിക്കുവാൻ നമുക്കും കഴിയട്ടെ…

Creative Commons License
കിളിവാതിൽ; പക്ഷിനിരീക്ഷണത്തിന് ഒരാമുഖം by Kausthubh K N is licensed under a Creative Commons Attribution 4.0 International License.

Back to Top