വനം വന്യജീവി പഠനത്തില്‍ പൗരശാസ്ത്രത്തിന്റെ പ്രസക്തി

വനം വന്യജീവി പഠനത്തില്‍ പൗരശാസ്ത്രത്തിന്റെ പ്രസക്തി

ഡോ. എ ബിജു കുമാര്‍
അക്വാട്ടിക് ബയോളജി & ഫിഷറീസ് വിഭാഗം മേധാവി, കേരള സർവകലാശാല.

ജൈവവൈവിധ്യ സമ്പന്നമായ പ്രദേശങ്ങളില്‍ വൈവിധ്യം രേഖപ്പെടുത്തലും നിരീക്ഷണവും സംരക്ഷണവും പരിപാലനവും (വളരെ ഫലവത്തായി)  ശാസ്ത്രസമൂഹത്തിനോ ഉദ്യോഗസ്ഥർക്കോ മാത്രം നിറവേറ്റാൻ കഴിയുന്ന ഒന്നല്ല.

കൂടാതെ ഇന്ത്യ പോലെയുള്ള രാജ്യങ്ങളിൽ ഇത്തരം ചിലവേറിയ പദ്ധതികൾ ഒരേ പ്രാധാന്യത്തോടെ ദീർഘകാലം നടപ്പിലാക്കാൻ സാധിക്കാറുമില്ല. പ്രവർത്തനങ്ങളിൽ പൊതുജനപങ്കാളിത്തവും സഹകരണവും ഏറ്റവും വ്യാപകമായും ഫലവത്തായും പ്രാവർത്തികമായി വരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. മാത്രവുമല്ല ലോകമെമ്പാടുമുള്ള പൗരശാസ്ത്ര സംരംഭങ്ങൾ, ശാസ്ത്ര ഗവേഷണത്തിന്റെ ആസ്വാദനവും അനുഭവവും ശാസ്ത്രജ്ഞർ അല്ലാത്ത വ്യക്തികൾക്കും ആകാം എന്ന് നിലയിലാണിന്ന് കാര്യങ്ങൾ ചെന്നെത്തി നിൽക്കുന്നത്. സാധാരണ പൗരന്മാർ പരമ്പരാഗത ശാസ്ത്ര ഗവേഷണ സംവിധാനങ്ങളുടെ ഭാഗമാകാതെതന്ന ശാസ്ത്രത്തിന്റെ വളർച്ചക്ക് സംഭാവനകൾ നൽകുമ്പോഴാണ് പൗരശാസ്ത്രം (Citizen Science) യാഥാർത്ഥ്യമാകുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ശാസ്ത്രജ്ഞർ അല്ലാത്ത വ്യക്തികൾ (non-scientists), അല്ലെങ്കിൽ ജ്ഞാനത്തിനോ സന്തോഷത്തിനോ വേണ്ടി മാത്രം ശാസ്ത്രത്തിൽ താത്പര്യം പ്രകടിപ്പിക്കുന്ന വൃക്തികൾ (amateur) പൂർണ്ണമായോ ഭാഗികമായോ നടത്തുന്ന ശാസ്ത്രീയ ഗവേഷണത്തിനോ പഠനത്തിനോ പൗരശാസ്ത്രം എന്നു പറയാം. അതുകൊണ്ടുതന്നെ പൗരശാസ്ത്രം പൊതുജന പങ്കാളിത്തത്തോടെയുള്ള ശാസ്ത്ര ഗവേഷണമെന്നും പങ്കാളിത്ത ഗവേഷണകർമ്മപദ്ധതി (participatory action research) എന്നും സമൂഹശാസ്ത്രം (crowd science) എന്നും ഒക്കെ അറിയപ്പെടുന്നു. ഇത്തരം പ്രവർത്തനങ്ങളിൽ ഏറ്റവും വ്യാപകമായി ചൂണ്ടിക്കാണിക്കാൻ കഴിയുന്ന ഉദാഹരണങ്ങൾ പക്ഷി നിരീക്ഷണത്തിലും പരിസ്ഥിതി സംബന്ധിയായ വിവരശേഖരണത്തിലുമാണ്. നമുക്ക് ചുറ്റുമുള്ള പ്രകൃതിയെ അറിയാൻ അഭിവാഞ്ഛ ഉള്ളവർക്കും അറിവിനോ സന്തോഷത്തിനോ വേണ്ടി ശാസ്ത്രം കൈകാര്യം ചെയ്യാൻ ആഗ്രഹിക്കുന്ന വൃക്തികൾക്കും നല്ല പൗരശാസ്ത്രജ്ഞൻ ആകാൻ കഴിയും.

കഴിഞ്ഞ നാലുദശാബ്ദമായി പൗരശാസ്ത്രം ക്രമാനുഗതമായി വളർച്ച പ്രാപിക്കുന്നുവെന്നുമാത്രമല്ല പ്രവർത്തനമേഖലകളിലും വൈവിധ്യം പ്രകടമാക്കുന്നുണ്ട്. പൗരശാസ്ത്രത്തിൽ അടുത്ത കാലത്തുണ്ടായിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങൾക്ക് നിദാനം സാങ്കേതിക വിദ്യകളുടെ, പ്രത്യേകിച്ചും വിവര സാങ്കേതിക വിദ്യയുടെ ജനകീയവൽക്കരണം തന്നെയാണ്.

നിലവിൽ ശാസ്ത്രീയ ഗവേഷണ പദ്ധതികൾക്ക് അതിന്റേതായ പരിമിതികൾ ഉണ്ട്. പല ശാസ്ത്ര ഗവേഷണങ്ങളും സാധ്യമാകുന്നത് ഹ്രസ്വകാല പദ്ധതികൾ വഴിയാണ്. പലതിനും തുടർച്ച  ഉണ്ടായിക്കൊള്ളണമെന്നുമില്ല. ശാസ്ത്രരംഗത്തെ പരിമിതമായ മാനവവിഭവശേഷി മറ്റൊരു വെല്ലുവിളിയാണ്. ശാസ്ത്രജ്ഞർ സമുഹത്തിൽനിന്ന് വിട്ടുനിൽക്കുന്നുവെന്നും ഗവേഷണം കേവലം വൃക്തിതാൽപര്യങ്ങൾ സംരക്ഷിക്കപ്പെടാൻ മാത്രമാണെന്നും സമൂഹത്തിന്റേയും നാടിന്റേയും പൊതു താല്പര്യങ്ങൾക്കും ആവശ്യങ്ങൾക്കും അനുസരിച്ചുള്ളതല്ല എന്നുമുള്ള പരാതികളും നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പൗരശാസ്ത്രത്തിന് കൂടുതൽ പ്രസക്തി കൈവരുന്നത്. പൗരശാസ്ത്രത്തിന്റെ മേന്മ ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്നത് പരിസ്ഥിതി സംബന്ധിയായ വിവര ശേഖരണത്തിലും സംരക്ഷണ പരിപാടികളിലും ബോധവത്ക്കരണ പ്രവർത്തനങ്ങളിലും ആണ്. ഉദാഹരണത്തിന് അമേരിക്കയിലെ ആഡബോൻ സൊസൈറ്റി (Audubon society) 1900-മുതൽ നടത്തി വരുന്ന വാർഷിക ക്രിസ്തുമസ് പക്ഷി സെൻസസിൽ എല്ലാവർഷവും ഒരു മാസ കാലയളവിൽ 60,000- 80,000 ജനങ്ങൾ പങ്കാളികളാവുന്നു. അതുകൊണ്ടുതന്നെ ഒരു നൂറ്റാണ്ടിലേറെയായി പക്ഷികളുടെ എണ്ണത്തിൽ വരുന്ന മാറ്റങ്ങളെ കൃത്യമായി രേഖപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. കേവലം ഒരു ശാസ്ത്ര ഗവേഷണ പ്രോജക്റ്റ് വഴിയോ ഏതാനും പക്ഷി ശാസ്ത്രജ്ഞർ മുഖേനയോ ഇത്തരം വിവരശേഖരണം സാധ്യമാക്കാൻ ആകില്ല.

അമേരിക്കയിലെ റീഫ് എൻവയോൺമെന്റൽ എഡ്യൂക്കേഷൻ ഫൗണ്ടേഷൻ കഴിഞ്ഞ രണ്ടു ദശാബ്ദക്കാലമായി മത്സ്യത്തൊഴിലാളികളുടേയും ഡ്രൈവർമാരുടേയും (നീന്തൽ വിദദ്ധർ) സഹായത്തോടെ കാലിഫോർണിയയിലെ പവിഴപ്പുറ്റുകളിൽ കാണുന്ന മത്സ്യങ്ങളെ നിരീക്ഷിക്കാനും അതുവഴി പവിഴപ്പുറ്റുകളെ സംരക്ഷിക്കാനുമുള്ള ശ്രമങ്ങൾ വിജയകരമായി നടപ്പിലാക്കി വരുന്നു. ലോകത്തിലെ ഏറ്റവും ജൈവവൈവിധ്യസമ്പന്നമായ കോസ്റ്റാറിക്ക എന്ന രാജ്യത്ത് ഡാനിയേൽ ജെൻസൻ എന്ന ശാസ്ത്രജ്ഞന്റെ നേതൃത്വത്തിൽ അവിടുത്ത ജൈവവൈവിധ്യം പ്രാദേശിക സമൂഹങ്ങളുടെ പങ്കാളിത്തത്തോടെ രേഖപ്പെടുത്തുകയുണ്ടായി. ജൈവവൈവിധ്യം തിരിച്ചറിയാനും രേഖപ്പെടുത്താനും പരിശീലനം നൽകി ഒപ്പം കൂട്ടിയ ഗോത്രസമൂഹത്തിലെ അംഗങ്ങൾക്ക് അദ്ദേഹം പാരാ ടാക്സോണമിസ്റ്റുകൾ എന്ന് പേരും നൽകി. ജൈവവൈവിധ്യ സംരക്ഷിത മേഖലകളുടെ പരിപാലനവും വിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗവും ഇങ്ങനെ പ്രാദേശിക സമുഹങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കി വരുന്നു. ഇന്ത്യയിൽ ബാംഗ്ലൂരിലെ നാഷണൽ സെന്റർ ഫോർ ബയോളജിക്കൽ  സയൻസ് പൗരശാസ്ത്രജ്ഞരുടെ സഹായത്തോടെ ദേശാടനപ്പക്ഷികൾ ഉൾപ്പെടെയുള്ളപ്പക്ഷികളുടെ വരവും ഋതുക്കളിലെ വ്യതിയാനങ്ങളും വിജയകരമായി രേഖപ്പെടുത്തിയിട്ടുണ്ട്.

മെഗ്രേഷൻ വാച്ച്, സീസൺ വാച്ച് എന്നിങ്ങനെയാണ് ഈ പദ്ധതികളെ നാമകരണം ചെയ്തിരിക്കുന്നത്. കേരളത്തിൽ പാമ്പുകളെപ്പറ്റി സാധാരണ ജനങ്ങളിൽ കൂടുതൽ വിജ്ഞാനം എത്തിക്കാനായി അനവരതം പ്രവർത്തിക്കുന്നവരേയും പൗരശാസ്ത്രജ്ഞരുടെ പട്ടികയിൽ പെടുത്താവുന്നതാണ്. തമിഴ്നാട്ടിൽ സംരക്ഷിത വനപ്രദേശങ്ങളിലെ അധിനിവേശ സസ്യങ്ങളെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതിയിലും പൗരശാസ്ത്ര സമുഹത്തിന്റെ സേവനം ഉപയോഗപ്പെടുത്തി വരുന്നു. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വൈൽഡ് ലൈഫ് കൺസർവേഷൻ സൊസൈറ്റിയും പൗരശാസ്ത്രജ്ഞരുടെ സഹായത്തോടെ വന്യജീവി സംരക്ഷണ പ്രവർത്തനങ്ങൾ വനം വകുപ്പുമായി ചേർന്ന് നടപ്പിലാക്കി വരുന്നു. കേരളത്തിലും വന്യജീവികളുടെ കണക്കെടുപ്പിന് പൗരശാസ്ത്രജ്ഞരുടെ സഹായം വനം വകുപ്പ് തേടുന്നുണ്ട്. ശാസ്ത്ര സമൂഹം ഹ്രസ്വകാല പദ്ധതികൾ വഴി രേഖപ്പെടുത്തുന്ന അറിവുകൾ പലപ്പോഴും ദീർഘകാല പരിസ്ഥിതി ആസൂത്രണ പദ്ധതികൾക്ക് ആഴത്തിൽ പിന്തുണ നൽകണമെന്നില്ല. അതുകൊണ്ടുതന്ന പൗരശാസ്ത്രജ്ഞരുടേയും പ്രാദേശിക സമുഹങ്ങളുടേയും (localized approach) സഹായത്തോടെ തയ്യാറാക്കുന്ന രേഖകൾക്ക് കൂടുതൽ വിശ്വാസ്യതയും സുതാര്യതയും ഉണ്ടാവുകയും ചെയ്യും. മാത്രമല്ല, ദീർഘകാല പരിസ്ഥിതി നിരീക്ഷണ സംവിധാനങ്ങളിൽ ഇത്തരക്കാരുടെ – സേവനം ഫലവത്തായി ഉപയോഗിക്കാൻ കഴിയേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയും കൂടിയാണ്.

പൗരശാസ്ത്രജ്ഞരുടെ സേവനം എങ്ങനെ ശാസ്ത്രലോകത്തിന് സഹായകര മാവുന്നുവെന്ന് പരിശോധിക്കാം. എണ്ണത്തിൽ കൂടുതലായ പൗരശാസ്ത്രജ്ഞർ നൽകുന്ന വിവരങ്ങൾ ശാസ്ത്രജ്ഞർക്ക് തങ്ങളുടെ ശാസ്ത്രീയ വിശകലനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും ഗവേഷണ സംബന്ധിയായ കൂടുതൽ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കാനും പുതിയ ശാസ്ത്ര സംസ്കാരം രൂപപ്പെടുത്താനും സഹായകരമായിത്തീരുന്നു. ഇതുവഴി പരമ്പരാഗത ഗവേഷണത്തിലെ പരിമിതകൾ മറികടക്കാനും കഴിയുന്നു.

ശാസ്ത്രീയ ഗവേഷണത്തിൽ ഭാഗഭാക്കാകുക വഴി പൗരശാസ്ത്രജ്ഞർക്ക് ശാസ്ത്രത്തിൽ കൂടുതൽ പ്രാവീണ്യം നേടാനും സമൂഹത്തിൽ ശാസ്ത്രത്തിനു നൽകാൻ കഴിയുന്ന സംഭാവനകളെപ്പറ്റി വ്യക്തമായ കാഴ്ചപ്പാട് സ്വരൂപിക്കാനും മാത്രമല്ല തങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും  അവസരമൊരുക്കുന്നു.

പൗരശാസ്ത്രജ്ഞർക്ക്, വ്യക്തിപരമായോ, സുഹൃത്തുക്കളുമായി ചേർന്നോ, ഒരു പ്രത്യേക ലക്ഷ്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന വിശാലമായ ഒരു കൂട്ടായ്മയുടെ ഭാഗമായോ ഗവേഷണത്തിൽ പങ്കാളികളാകാം. പല സന്ദർഭങ്ങളിലും ഗവേഷണ പ്രബന്ധങ്ങളുടെ ഭാഗമാകാനും മികച്ച പൗരശാസ്ത്രജ്ഞർക്ക് കഴിഞ്ഞിട്ടുണ്ട്.

ആധുനിക സാങ്കേതിക വിദ്യകൾ പൗരശാസ്ത്രത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചിട്ടുണ്ട്. ദീർഘകാല പദ്ധതികളുടെ ഭാഗമായി പൗരശാസ്ത്രജ്ഞർക്ക് സ്വന്തമായി ഉപകരണങ്ങൾ രൂപകൽപ്പന ചെയ്യാനും പ്രവർത്തിപ്പിക്കാനും വിവരങ്ങൾ ശേഖരിക്കാനും കഴിയുന്ന കാലഘട്ടമാണിത്. അമേച്വർ പക്ഷി/ പൂമ്പാറ്റ നിരീക്ഷണം പാമ്പുപിടുത്തം, സസ്യ-വൃക്ഷ-പഠനം തുടങ്ങിയവ ചില ഉദാഹരണങ്ങളാണ്. മൊബൈൽ സാങ്കേതികവിദ്യയുടെ വികാസവും പൗരശാസ്ത്രത്തിന് കൂടുതൽ സാധ്യതകൾ തുറന്നു നൽകിയിട്ടുണ്ട്. വൈൽഡ് ലാബ്,ഐ-നാച്ചുറലിസ്റ്റ്, തുടങ്ങിയ പ്രോജക്ടുകൾ ചില ഉദാഹരണങ്ങൾ മാത്രം. ഇന്ത്യയിലും ഓരോ പ്രദേശത്തെയും പക്ഷികളുടെ സാന്നിദ്ധ്യം മൊബൈൽ ആപ്ലിക്കേഷൻ വഴി സ്വരൂപിക്കാനും അതുവഴി മികച്ച വിവരങ്ങൾ സമൂഹത്തിനും ശാസ്ത്രത്തിനും ലഭ്യമാക്കാനും ഇ-ബേർഡ് (e-bird) എന്ന സംരംഭത്തിനു കഴിയുന്നുണ്ട്.

പ്രാചീന കാലത്ത് നിലനിൽപ്പിനു വേണ്ടി ചുറ്റുപാടുകളെ അറിയാൻ എല്ലാ മനുഷ്യരും ശ്രമിച്ചിരുന്നു. നമ്മുടെ എല്ലാ അറിവുകളുടേയും അടിസ്ഥാനമാണിത്. പിൽക്കാലത്ത് പല കാരണങ്ങൾ കൊണ്ടും അറിവിന് വേണ്ടിയുള്ള അന്വേഷണം ഒരു ചെറിയ വിഭാഗം മനുഷ്യരിൽ മാത്രമായി ചുരുങ്ങി. എന്നാൽ പ്രാചീന കാലത്ത് നിലനിൽപ്പിനു വേണ്ടി ചുറ്റുപാടുകളെ അറിയാൻ എല്ലാ മനുഷ്യരും ശ്രമിച്ചിരുന്നു. നമ്മുടെ എല്ലാ അറിവുകളുടേയും അടിസ്ഥാനമാണിത്. പിൽക്കാലത്ത് പല കാരണങ്ങൾ കൊണ്ടും അറിവിന് വേണ്ടിയുള്ള അന്വേഷണം ഒരു ചെറിയ വിഭാഗം മനുഷ്യരിൽ മാത്രമായി ചുരുങ്ങി. എന്നാൽ ഇന്ന് സാങ്കേതിക വിദ്യകളുടെ പിൻബലത്തിൽ ശാസ്ത്രം കൂടുതൽ ജനകീയമാകാനുള്ള സാധ്യതകൾ പൗരശാസ്ത്രജ്ഞരുടെ കടന്നുവരവോടെ കരുത്താർജിച്ചുവരികയാണ്. പൗരശാസ്ത്രജ്ഞരുടെ പങ്കാളിത്തം ശക്തിപ്പെടുത്തുക വഴി വനം വകുപ്പിന് – തങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കാനും കാടിനെ അറിയാനും സംരക്ഷിക്കാനും അഭിവാഞ്ഛ ഉള്ളവരെക്കൂടി പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കാനും സാധിക്കും. വനവിഭവ സംരക്ഷണനിരീക്ഷണ സംവിധാനങ്ങളിൽ കൂടുതൽ ജനപങ്കാളിത്തവും ഇതു സംബന്ധിച്ച വിവരശേഖരങ്ങൾക്ക് കൂടുതൽ സുതാര്യതയും വിശ്വാസ്യതയും ഇതോടെ കൈവരികയും ചെയ്യും.

(ഫോറസ്ട്രി ഇന്‍ഫോര്‍മേഷന്‍ ബ്യൂറോ പ്രസിദ്ധീകരിക്കുന്ന വനം വകുപ്പിന്റെ വനം വന്യജീവി പരിസ്ഥിതി മാസികയായ ആര്യണ്യം – 2018 ഫെബ്രുവരി ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)

Back to Top