പീലിക്കോട്ടെ വയൽക്കിളികൾ

പീലിക്കോട്ടെ വയൽക്കിളികൾ

രണ്ടാഴ്ചമുമ്പ് (2018 മാർച്ച് 5) ന് ബേഡ് അറ്റ്ലസ്സ് പദ്ധതിയുടെ ഭാഗമായി വൊളന്റിയർ ചെയ്യാൻ കാസർക്കോഡ് പര്യവേക്ഷണത്തിനിറങ്ങിയപ്പോൾ അവിചാരിതമായി എത്തിപ്പെടുകയും വെയിൽ പോലും വകയ്ക്കെത്താതെ നടന്നുകണ്ട പിലിക്കോട് കണ്ണങ്കൈ പാടശേഖരവും അവിടുത്തെ പക്ഷിജീവിതങ്ങളും വയൽക്കാഴ്ചകളും .

കണ്ണങ്കൈ പാടശേഖരം

തൃശ്ശൂരിലേതുപോലെ കണ്ണൂരിലും കാസർക്കോഡുമൊന്നും വിശാലമായ പാടശേഖരങ്ങൾ കാണാൻ കഴിഞ്ഞിട്ടില്ല. കേരളത്തിലെ ഭൂമാഫിയയും ഭരണകൂടവും നടത്തുന്ന നികത്തൽ മഹാമഹത്തിൽ പിടിച്ചുനിൽക്കുന്ന ഇനിയും ബാക്കിനിൽക്കുന്ന ഇത്തരം ചെറിയ ചെറിയ സജീവമായ വയൽ പാച്ചുകൾ ഒരു പക്ഷിനിരീക്ഷകനും കാർഷിക അന്വേഷകനുമെന്ന നിലയിൽ വളരെ സന്തോഷവും പ്രതീക്ഷയും തരുന്ന കാര്യമാണ്.

കീഴാറ്റൂർ പോലെ.. കണ്ണങ്കൈ പോലെ.. കരിവെള്ളൂരും കുനിയനും പോലെ.. നനവ് ബാക്കിയുള്ള കുറച്ച് പാടശേഖങ്ങളുണ്ട് ഈ നാട്ടിൽ..

കാസർക്കോട്ടെ പക്ഷിഭൂപടം പ്രവർത്തകരിലെ ചുണക്കുട്ടികളായ മാക്സിം (Maxim Rodrigues) സനു (Sanu Raj) കൂടെയാണ് പക്ഷി സർവ്വെക്കിറങ്ങിയത്. കേരളത്തിലെ പക്ഷികളെ സംബന്ധിച്ച അറിവുകളിൽ കാസർക്കോഡ് ഇപ്പോഴും എക്സ്പ്ലോർ ചെയ്യപ്പെടാത്ത ഒരു പ്രദേശമാണ്. ബേഡ് അറ്റ്ലസ് പദ്ധതിയുടെ ഭാഗമായി വളരെ നല്ലൊരു കൂട്ടായ്മയുണ്ടായി വന്നിട്ടുള്ളത് കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്ത് കിടക്കുന്ന കാസർക്കോടിന്റെ പക്ഷിവൈവിദ്ധ്യം ഡോക്യുമെന്റ് ചെയ്യുന്നതിനും നിരന്തരമായ നിരീക്ഷണങ്ങളും സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നതും പ്രതീക്ഷനൽകുന്ന കാര്യമാണ്.

പക്ഷിനിരീക്ഷണയാത്രയ്ക്കിടയിൽ ഞങ്ങളെ സഹായിച്ച നല്ലവരായ നാട്ടുകാർക്കും വയലിലെ കർഷകർക്കും മീൻപിടുത്തക്കാർക്കും ദാഹിച്ചുവലഞ്ഞപ്പോൾ വെള്ളവും മറ്റും തന്ന വയലിനടുത്ത് വീടുള്ള മനോജ് ചേട്ടനും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.

കണ്ണക്കൈ പാടശേഖരത്തിൽ രണ്ടരമണിക്കൂറോളം സമയം നടത്തിയ നടത്തത്തിലും പക്ഷിനിരീക്ഷണത്തിലും നീർപക്ഷികൾടക്കം 62 ഇനം പക്ഷികളെ ഞങ്ങൾക്ക് കണ്ടെത്താനായി. ചെറിയനീർക്കാക്കളും കാലിമുണ്ടിയും ചിന്നമുണ്ടിയും കഷണ്ടികൊക്കുകളും ചെങ്കണ്ണി തിത്തിരിപ്പക്ഷികളും പുള്ളിക്കാടക്കൊക്കും വലിയ വേലിത്തത്തകളും ആറ്റുമണൽക്കോഴികളും പ്രതീക്ഷിച്ചധിലതികം അവിടെയുണ്ടായിരുന്നു.  എല്ലായിടങ്ങളിലും സുലഭമായി കാണാത്ത എന്നാൽ തണ്ണീർത്തട ആവാസവ്യവസ്ഥയോട് ചേർന്ന് ജീവിക്കുന്ന മുങ്ങാങ്കോഴി, ചേരാകൊക്കൻ, കന്യാസ്ത്രികൊക്ക്, ചേരക്കോഴി, വെള്ളക്കറൂപ്പൻ പരുന്ത്, കരിതപ്പി, പൊന്മണൽക്കോഴി, കരിമ്പൻ കാടകൊക്ക്, കരിയാള, വെള്ളവയറൻ ശരപ്പക്ഷി, പുള്ളിമീൻകൊത്തി, പനങ്കാക്ക, വെള്ള വാലുകുലുക്കി, വലിയ വാലുകുലുക്കി, ആറ്റക്കറുപ്പൻ തുടങ്ങിയവ വളരെ സജീവമായ ഒരു പാടശേഖരമായിരുന്നു. നാട്ടുപക്ഷികളായ പനങ്കൂളാനും നാട്ടുവേലിത്തത്തയും ഇണക്കാത്തേവനും പച്ചക്കാലിയും നീർക്കാടയും ചക്കിപ്പരുന്തും കൃഷ്ണപ്പരുന്തും തുന്നാരനും വയൽക്കുരുവിയുമടക്കം മീൻകൊത്തിച്ചാത്തനുമടക്കം അവിടെയുണ്ടായിരുന്നു. ഈ സ്ഥലം ഒരു ഹോട്ട്സ്പോട്ട് ആയി മാറ്റുകയും ഇടയ്ക്കെങ്കിലും പക്ഷിനിരീക്ഷകർ സന്ദർശിക്കേണ്ടതുണ്ടെന്ന് തോന്നുന്നു.

പാടശേഖരത്തിലെ സജീവമായ കൃഷിയും വിവിധയിനം നെല്വിത്തുകളുടെ ജൈവവൈവിദ്ധ്യബ്ലോക്കും വെള്ളം നനയ്ക്കാനുള്ള മൂന്ന് കാലിൽ നാട്ടിയ മരത്തിന്റെ തൊട്ടിപോലുള്ള പ്രാദേശികമായ നന സമ്പ്രദായവും ഇവിടുത്തത്തെ കാഴ്ചകളിൽ വളരെ പ്രത്യേകതയുള്ളതായി തോന്നി.

ഇബേഡ് ചെക്ക് ലിസ്റ്റ്

Back to Top