നിങ്ങളെന്റെ കറുത്തമക്കളെ…

നിങ്ങളെന്റെ കറുത്തമക്കളെ…

അജൈവമാലിന്യങ്ങൾ കാടുകളിലെ ആവാസവ്യവസ്ഥയെ എത്ര ഗുരുതരമായി ബാധിക്കുന്നു എന്നതിനുള്ള നേർക്കാഴ്ചയാണ് ഈ ചിത്രം. ജൂണിലെ തട്ടേക്കാട് യാത്രയിൽ പെരിയാറിന്റെ കരയിൽ നിന്നുമാണ് 95 സെന്റിമീറ്റർ നീളവും ഒരു വയസോളം പ്രായവും തോന്നിപ്പിക്കുന്ന പെരുമ്പാമ്പിന്റെ ജഡം കണ്ടെത്തിയത്. ഉടൽ അഴുകിത്തുടങ്ങിയിരുന്നെങ്കിലും അവസാനം അകത്താക്കിയ ‘ഇരയ്ക്ക്’ രൂപാന്തരമൊന്നും സംഭവിച്ചിരുന്നില്ല. ആ ‘ഇര’ ഒരു ബിയർ ബോട്ടിലായിരുന്നെന്നത് തീർത്തും അവിശ്വസനീയമായിരുന്നു! പെരുമ്പാമ്പ് അല്ലെങ്കിൽ മലമ്പാമ്പ് എന്നൊക്കെയറിയപെടുന്ന Indian Rock Python (Python molurus) മലയാറ്റൂർ-തട്ടേക്കാട് മേഖലയിൽ ധാരാളമായി കാണപ്പെടുന്നു. ഇരയെ ഞെരിച്ച് കൊന്നതിനുശേഷം പൂർണ്ണമായി വിഴുങ്ങുന്നതാണ് പൈത്തനുകളുടെ രീതി. ഇരയെന്നു കരുതി അജൈവവസ്തുക്കളെ അകത്തായാക്കിയതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇരയെ തിരഞ്ഞെടുക്കുന്നതിൽ പാമ്പുകൾ ഗന്ധത്തിനു കൊടുക്കുന്ന പ്രാധാന്യം വലുതാണ്. ഒരു പക്ഷെ, ബിയർ ബോട്ടിലിന്റെ ഗന്ധമാകാം അത് വിഴുങ്ങാൻ ടിയാനെ പ്രേരിപ്പിച്ചത്. ഒരു ചിത്രം കൂടി പകർത്തിയ ശേഷം ഞാൻ തിരികെ നടന്നു. പെരിയാറിന്റെ ഓരത്ത് പിന്നെയും ഒരുപാട് മദ്യക്കുപ്പികൾ കണ്ടു…

വനനിയമങ്ങൾ ധാരാളമെങ്കിലും അവയുടെ പാലനം തുലോം തുച്ഛമാണ്. ഓർക്കുക, ഓരോ ജീവിയും തന്റെ ചുറ്റുപാടിൽ മറ്റാർക്കും പൂർത്തിയാക്കാനാവാത്ത ധർമ്മങ്ങളാണ് നിറവേറ്റുന്നത്.

വീട്ടിലെത്തിയശേഷം സമാനസംഭവങ്ങളെക്കുറിച്ച് ഇന്റർനെറ്റിൽ തിരഞ്ഞു. പ്ലാസ്റ്റിക് കഴിച്ചൊടുങ്ങിയ മ്ലാവിനെ (Sambar deer) മുതൽ രാസമാലിന്യം ഭുജിച്ചു സ്ത്രൈണത പ്രകടിപ്പിച്ച ആൺമീനുകളെക്കുറിച്ചുവരെ വായിച്ചു. ഇതിലും എത്രയോ ഭീകരമാണ് സമുദ്രജീവികൾ നേരിടുന്ന പ്രതിസന്ധി. പകുതിയിലേറെ കടലാമകളും പ്ലാസ്റ്റിക് ഭക്ഷണമാക്കിയിട്ടുണ്ടെന്നാണ് കണക്ക്. ഭൂമിയെ പ്ലാസ്റ്റിക് മുക്തമാക്കാമെന്ന പ്രത്യാശ ഇന്ന് തീർത്തും ദുർബലമാണ്. എന്നിരുന്നാലും ജൈവവൈവിധ്യത്തിന്റെ കലവറയായ കാടുകളുടെ  പവിത്രതയെങ്കിലും കാത്തുസൂക്ഷിക്കേണ്ടിയിരിക്കുന്നു.

Lion image ©Ronesh Parbhoo, Europian white stork ©John Cancal

തീർച്ചയായും ടൂറിസത്തിന്റെ തള്ളിക്കയറ്റമാണ് കാടുകളിലേക്ക് പ്ലാസ്റ്റിക് എത്തിച്ചത്. ഉപ്പും എരിവും കലർന്ന ആഹാരം പല വന്യമൃഗങ്ങളേയും ആകർഷിക്കാറുണ്ട്. സഞ്ചാരികൾ ഉപേക്ഷിക്കുന്ന ഭക്ഷണാവശിഷ്ടങ്ങൾ തേടിയെത്തുകയും ഒടുവിലവ പ്ലാസ്റ്റിക് കൂടുൾപ്പടെ വിഴുങ്ങുന്നതും സാധാരണ സംഭവമായി മാറിയിരിക്കുന്നു. കോതമംഗലത്തുനിന്നും ഗർഭിണിയായ മാനിന്റെ ജഡം ലഭിച്ചത് ഇതിനോട് ചേർത്ത് വായിക്കണം. പോസ്റ്മാർട്ടത്തിനൊടുവിൽ പത്തിലേറെ പ്ലാസ്റ്റിക് കൂടുകളാണ് ആമാശയത്തിൽ നിന്നും പുറത്തെടുത്തത്. സംരക്ഷിതമേഖലകളിൽ പോലും ഇതാണ് അവസ്ഥയെങ്കിൽ മറ്റുപ്രദേശങ്ങളിലെ കാര്യം പറയേണ്ടതില്ലല്ലോ… നിങ്ങൾ പശുവിനെ ആരാധിക്കുന്നവരോ പന്നിയെ ഭുജിക്കാത്തവരോ ആയിക്കോട്ടെ, അതിലും ഗൗരവകരമായ പല കാര്യങ്ങളും ഇന്ന് ചർച്ച ചെയ്യേണ്ടിയിരിക്കുന്നുവെന്ന് മനസ്സിലാക്കുക. പ്രകൃതിയുടേയും ജൈവവൈവിധ്യസമ്പത്തിന്റേയും നേരിട്ടോ അല്ലാതെയോ ഉള്ള ഗുണഭോക്താക്കൾ എന്ന നിലയിൽ അവയുടെ സംരക്ഷണം നമ്മുടെ കടമയാണ്. നേരത്തെ പരാമര്‍ശിച്ചതരം ദാരുണമായ മരണങ്ങള്‍ക്ക് പരോക്ഷമായെങ്കിലും നാമും ഉത്തരവാദികളായിട്ടുണ്ട്. ഖരമാലിന്യങ്ങള്‍ സംസ്കരിക്കാന്‍ മാതൃകാപരമായ മാര്‍ഗ്ഗങ്ങള്‍ നമ്മുടെ നാട്ടില്‍ എവിടെയും ഉള്ളതായി അറിവില്ല. ഇത്തരം വസ്തുക്കളുടെ ഉപയോഗം കുറക്കുകയും പ്രകൃതിക്ക് കാര്യമായ ദോഷമില്ലാതെ നിര്‍മാര്‍ജ്ജനം ചെയ്യുകയുമാവാം. ആത്യന്തികമായി വനഭൂവിലെങ്കിലും അജൈവമാലിന്യങ്ങള്‍ എത്താതിരിക്കട്ടെ…

Back to Top