ഹോർത്തൂസ് മലബാറിക്കൂസ്സും ഇട്ടി അച്യുതനും

ഹോർത്തൂസ് മലബാറിക്കൂസ്സും ഇട്ടി അച്യുതനും

ഇട്ടി അച്യുതൻ

പതിനേഴാം നൂറ്റാണ്ടിൽ ഹോർത്തൂസ് മലബാറിക്കൂസ് എന്ന സസ്യശാസ്ത്രഗ്രന്ഥത്തിന്റെ രചനയിൽ ഡച്ചുകാരനായ അഡ്‌മിറൽ ‘വാൻ റീഡി’നെ സഹായിച്ച മലയാളിയായിരുന്ന ആയുർവേദവൈദ്യനായ ഇട്ടി അച്യുതൻ.

കേരളത്തിലെ 588 ഔഷധസസ്യങ്ങളെക്കുറിച്ച് ആധികാരികവിവരങ്ങളാണ് ഇട്ടി അച്യുതൻ വൈദ്യർ ശേഖരിച്ചത്. ഇതുകൂടി ഉൾപ്പെടുത്തി, 742 സസ്യങ്ങളെപ്പറ്റിയാണ് ഡച്ചു ഗവർണറായിരുന്ന വാൻറീഡ് ഹോർത്തൂസ് മലബാറിക്കൂസ് എന്ന പേരിൽ പുസ്തകരൂപത്തിലാക്കിയത്.

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ (പുരാതന കാലത്ത് കരപ്പുറം എന്നറിയപ്പെട്ടിരുന്ന പ്രദേശം), കടക്കരപ്പള്ളി ഗ്രാമത്തിൽ കൊല്ലാട്ട് എന്ന ഈഴവ കുടുംബത്തിൽ പതിനേഴാം നൂറ്റാണ്ടിലാണ് ഇദ്ദേഹം ജീവിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ കൃത്യമായ ജനനവർഷമോ, മരണ വർഷമോ ലഭ്യമല്ല. ‘ഹോർത്തൂസ് മലബാറിക്കൂസ്’ എന്ന പുസ്തകത്തിൽ ലഭ്യമായ വിവരങ്ങൾ മാത്രമാണ് ഇദ്ദേഹത്തെ സംബന്ധിച്ച് ഇന്ന് ലഭ്യമായ ചരിത്ര രേഖകൾ. ഇദ്ദേഹത്തിൻറെ അച്ഛനും, മുത്തച്ഛനും, മുതുമുത്തച്ഛൻമാരും പ്രശസ്തരായ വൈദ്യൻമാരായിരുന്നു. അടുത്ത പരിചയക്കാരുടെ ഇടയിൽ “കൊല്ലാടൻ” എന്നായിരുന്നു ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.

കേരളത്തിലെ ആദ്യത്തെ ആയുർവേദ നിഘണ്ടു കർത്താവായ കിട്ടു ആശാനും കരപ്പുറത്തുകാരനാണ്. പണ്ഡിതനും പാരമ്പര്യ വൈദ്യനുമായ ഇട്ടി അച്ചുതന് കേരളത്തിലെ ഒരുവിധം സസ്യജാലങ്ങളുടെയെല്ലാം ഔഷധഗുണങ്ങൾ അറിയാമായിരുന്നു. പതിനേഴാം നൂറ്റാണ്ടിൽ ‘ഹോർത്തൂസ് മലബാറിക്കൂസ്’ പോലെ ബൃഹത്തും മഹത്തരവുമായ ഒരു ഗ്രന്ഥം നിർമ്മിക്കുന്നതിനു കായികവും മാനസികവുമായ ഒട്ടുവളരെ ക്ലേശം സഹിച്ചിരിക്കുമെന്നു കരുതപ്പെടുന്നു. പുസ്തകത്തിൽ ഇട്ടി അച്യുതൻറെ പങ്കിനെപ്പറ്റി പരാമർശിക്കുന്ന നാല് സാക്ഷ്യപത്രങ്ങൾ ചേർത്തിട്ടുണ്ട്. അതിൽ രണ്ടെണ്ണം ഇട്ടി അച്യുതൻ തന്നെ എഴുതിയതാണ്. മറ്റു രണ്ടെണ്ണം പരിഭാഷകർ എഴുതിയതും.

ഹോർത്തൂസ് മലബാറിക്കൂസ്

മലയാള ലിപികൾ ആദ്യമായി അച്ചടിക്കപ്പെട്ടത് ഈ ഗ്രന്ഥത്തിലാണ്:
Malayalam text in hortus malabaricus
കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് പതിനേഴാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ ലത്തീൻ ഭാഷയിൽ പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ഹോർത്തൂസ്‌ മലബാറിക്കൂസ്‌‌ (‘മലബാറിന്റെ ഉദ്യാനം’ എന്നർഥം). കൊച്ചിയിലെ ഡച്ച് ഗവർണറായിരുന്ന ഹെൻട്രിക് ആഡ്രിയൻ വാൻ റീഡ് ആണ് ഹോർത്തൂസ് തയ്യാറാക്കിയത്. 1678 മുതൽ 1693 വരെ നെതർലാൻഡിലെ ആംസ്റ്റർഡാമിൽ നിന്നും 12 വാല്യങ്ങളിലായി പുറത്തിറക്കിയ സസ്യശാസ്ത്രഗ്രന്ഥമാണിത്. കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് രചിക്കപ്പെട്ട ആദ്യത്തെ സമഗ്ര ഗ്രന്ഥം ഇതാണ്‌.

12 വാല്യങ്ങളിലായി മലബാറിലെ സസ്യജാലങ്ങളെ തരംതിരിക്കുകയും, ചിത്രങ്ങൾ സഹിതം രേഖപ്പെടുത്തുകയും ആണ് ചെയ്തത്. വളരെ ശ്രദ്ധയോടെ രചിച്ചിരിക്കുന്ന ഈ ഗ്രന്ഥത്തിൽ സസ്യങ്ങളുടെ ലത്തീൻ, അറബിക്‌, കൊങ്കണി, തമിഴ്‌, മലയാളം പേരുകളും രേഖപ്പെടുത്തിയിട്ടുണ്ട്‌.
Hortus Indicus Malabaricus (Fig. 1) BHL463570
200 താളുകൾ ഉള്ള 12 വാല്യങ്ങളായി ആംസ്റ്റർഡാമിൽ നിന്നും ഹോർത്തൂസ് മലബാറിക്കൂസ് പ്രസിദ്ധീകരിച്ചു. 742 അദ്ധ്യായങ്ങളുണ്ട്. അടയാളപ്പെടുത്തിയ 794 ചിത്രങ്ങൾ ഇതിലുൾപ്പെടുത്തിയിട്ടുണ്ട്. തദ്ദേശിയ പണ്ഡിതരായ രംഗ ഭട്ട്, വിനായക ഭട്ട്, അപ്പു ഭട്ട് എന്നീ ഗൗഡ സാരസ്വതബ്രാഹ്മണരും, ചേർത്തലയിലെ കടക്കരപ്പള്ളിയിൽ നിന്നുള്ള കൊല്ലാട്ട് ഇട്ടി അച്യുതൻ എന്ന ഈഴവ വൈദ്യനും വാൻ റീഡീനു മാർഗനിർദ്ദേശികളായിരുന്നു. പണ്ഡിതനായ മത്തേയൂസ് എന്ന ഇറ്റാലിയൻ കർമ്മലീത്താ സന്യാസിയും അദ്ദേഹത്തെ സഹായിച്ചു. ബഹുഭാഷാപ്രവീണനായിരുന്ന അദ്ദേഹം തർജ്ജമയിൽ വലിയ പങ്കു വഹിച്ചു. ഇട്ടിഅച്ചുതൻ വൈദ്യരാണ് മിക്ക ഔഷധ ചെടികളുടേയും മലയാളം പേരുകളും ഔഷധമൂല്യങ്ങളും പറഞ്ഞുകൊടുത്തത്. ഇവരെ കൂടാതെ വേറേയും അനേകം നാട്ടുവൈദ്യന്മാരും പ്രകൃതിശാസ്ത്ര തൽപരരും റീഡിനെ സഹായിച്ചിട്ടുണ്ട്.
Hortus Malabaricus Volume 1
ഡച്ചു ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ കീഴിൽ ഗവർണറായി കൊച്ചിയിൽ ജോലിചെയ്തിരുന്ന കാലത്താണ്‌ ഹോർത്തൂസ് മലബാറിക്കൂസ് അദ്ദേഹം തയ്യാറാക്കിയത് (1673-1677). പ്രസിദ്ധ സസ്യശാസ്ത്രജ്ഞനായ കാൾ ലിന്നേയസിനെ വളരെയധികം സ്വാധിനിച്ച പുസ്തകങ്ങളിലൊന്നാണിത്. പ്രസിദ്ധ സസ്യശാസ്ത്രജ്ഞനും കാലക്കറ്റ് സർവകലാശാലയിലെ സസ്യശാസ്ത്രവിഭാഗത്തിലെ എമിരൈറ്റ്‌സ് പ്രൊഫസറുമായ ഡോ.കെ.എസ്. മണിലാൽ ആണ് ഹോർത്തൂസ് മലബാറിക്കൂസിനെ ആധുനിക സസ്യശാസ്ത്രപ്രകാരം സമഗ്രമായി വിശദീകരിക്കുന്ന ഇംഗ്ലീഷ് പതിപ്പും (2003), മലയാളം പതിപ്പും (2008) തയ്യാറാക്കിയത്. കേരള സർവകലാശാലയാണ് ഇംഗ്ലീഷ്, മലയാളം പതിപ്പുകളുടെ പ്രസാധകർ.

Back to Top