പേരയ്ക്ക തിന്നേണ്ടത് പക്ഷികളെപ്പോലെ

പേരയ്ക്ക തിന്നേണ്ടത് പക്ഷികളെപ്പോലെ

സാലിം അലിയുടെ വിദ്യാര്‍ഥിയായിരുന്നു പി.കണ്ണന്‍. ഒരിക്കല്‍ ഇരുവരും കന്‍ഹ നാഷണല്‍ പാര്‍ക്കില്‍നിന്ന് ജബല്‍പൂരിലേക്ക് വരികയായിരുന്നു. പഴങ്ങള്‍ ഏറെ ഇഷ്ടമുള്ള വ്യക്തിയാണ് സാലിം അലി. യാത്രയ്ക്കിടെ വണ്ടി നിര്‍ത്തി റോഡരികില്‍നിന്ന് കുറച്ച് ഓറഞ്ചും പേരയ്ക്കയും വാങ്ങി.

പേരയ്ക്ക തനിക്ക് മുറിച്ച് തരുന്നതല്ലാതെ, കണ്ണന്‍ അത് കഴിക്കുന്നില്ല എന്നകാര്യം ആ അധ്യാപകന്‍ ശ്രദ്ധിച്ചു. കാര്യം തിരക്കിയപ്പോള്‍, പേരയ്ക്ക തിന്നാല്‍ തനിക്ക് വയറുവേദന വരുന്നകാര്യം ആ വിദ്യാര്‍ഥി അറിയിച്ചു. പേരയ്ക്കയുടെ അലര്‍ജിയാകാം കാരണമെന്ന് ഒരു ഡോക്ടര്‍ സുഹൃത്ത് അഭിപ്രായപ്പെട്ട കാര്യവും അറിയിച്ചു.

അലര്‍ജി എന്ന വാദം തള്ളിക്കളഞ്ഞുകൊണ്ട് സാലിം അലി പറഞ്ഞു: ‘നിങ്ങള്‍ തെറ്റായി രീതിയില്‍ പേരയ്ക്ക തിന്നുന്നതാകണം പ്രശ്നം. തിന്നുമ്പോള്‍ പേരയ്ക്കയുടെ കുരു ചവച്ചരയ്ക്കുന്നുണ്ടാകും. അപ്പോള്‍, കുരുവിന്റെ തൊലയിലുള്ള ടാനിന്‍ പുറത്തുവരും. അത് ദഹിക്കാന്‍ വിഷമമാണ്. അതാകണം വയറുവേദനയ്ക്ക് കാരണം. പക്ഷികളെപ്പോലെ വേണം നമ്മള്‍ പേരയ്ക്ക തിന്നാന്‍. അതിന്റെ സ്വാദ് ആസ്വദിക്കുക, കുരു ചവച്ചരയ്ക്കാതിരിക്കുക.’

Rose-ringed parakeet by Arun George

ഗുരുനാഥന്റെ മേല്‍നോട്ടത്തില്‍ ആ വിദ്യാര്‍ഥി ഒരു ‘ഗിനിപ്പന്നി’യായി. കുരു ചവയ്ക്കാതെ രണ്ട് വലിയ പേരയ്ക്ക തിന്നു. ‘പേരയ്ക്ക തിന്നിട്ട് അന്ന് ആദ്യമായി എനിക്ക് വയറുവേദനയുണ്ടായില്ല!’ പക്ഷികളുടെ സ്വഭാവത്തെക്കുറിച്ചും സസ്യലോകത്തെക്കുറിച്ചുമുള്ള സാലിം അലിയുടെ ആഴത്തിലുള്ള ധാരണയില്‍നിന്നാണ് എങ്ങനെ പേരയ്ക്ക തിന്നണം എന്ന് താന്‍ പഠിച്ചതെന്ന് കണ്ണന്‍ സാക്ഷ്യപ്പെടുത്തുന്നു. (‘Dr.Salim Ali – My Revered Teacher’ എന്ന ഓര്‍മക്കുറിപ്പില്‍ പി.കണ്ണന്‍ രേഖപ്പെടുത്തിയത്)

Malabar parakeet from Nelliyampathy hills by Krishnakumar K Iyer
Back to Top