ഫിസിക്സ് പഠിച്ച ഓന്തുണ്ണി

ഫിസിക്സ് പഠിച്ച ഓന്തുണ്ണി

തൊമ്മൻകുത്തിലെ മരങ്ങൾക്കൊരു പ്രിത്യേകതയുണ്ട്. അവർ പ്രണയത്തിലാണ്… പുഴയോട്. ഗ്രീഷ്മകാലം കാമുകനിൽ നിന്നകന്നു കഴിയണമെങ്കിലും മഴ എത്തുന്നതോടെ അവർക്കിടയിലെ ഇടനാഴി ഇല്ലാതാകും. വീണ്ടും പുഴ മരങ്ങളെ ഗാഢമായി പുണരും…
ഇവിടുത്തെ ഈർപ്പമേറിയ ഒരു മരക്കൊമ്പിലാണ് ആ കൊച്ചുസുന്ദരനെ ഞാനാദ്യമായി കാണുന്നത്. ഒരു ‘പറക്കും ഓന്ത്‌’! മഴക്കാടിന്റെ നിഴലിലും അവന്റെ താടിവിശറി ഇന്നു വിരിഞ്ഞ മഞ്ഞപ്പൂ പോലെ തിളങ്ങുന്നുണ്ടായിരുന്നു. അവനത് താളാത്മകമായി ചലിപ്പിക്കുന്നു. ഒപ്പം ചേരുന്ന വിധത്തിൽ തലകൊണ്ടുള്ള ചേഷ്ടകളും. ഞാൻ ചിത്രങ്ങൾ പകർത്തി തുടങ്ങി…

Southern Flying Lizard | Draco dussumieri |Thommankuth, Thodupuzha | © Kausthubh K N

പറയോന്തുതന്നെ – Southern Flying Lizard! തീർത്തുപറഞ്ഞത് ജയേഷാണ്. ഈയടുത്ത് ജോലിയായി നാട്ടിൽ നിന്ന് പോകുന്നതു വരെ കാനനയാത്രകളിൽ എന്റെ കൂട്ട് ജയേഷായിരുന്നു. ജന്തുശാസ്ത്രത്തിലെ ബിരുദധാരി എന്ന നിലയിൽ ഓന്തുണ്ണിയേക്കുറിച്ച് ജയേഷ് വാചാലനായി. Agamidae കുടുംബത്തിലെ സ്പീഷീസുകളിൽ ദക്ഷിണേന്ത്യയിൽ കാണപ്പെടുന്നതും പറക്കാൻ കഴിവുള്ളതുമായ ഒരേയൊരു അംഗമാണത്രേ Southern Flying Lizard. Draco dussumieri എന്നാണ് ശാസ്ത്രനാമം. കേരളം, തമിൾനാട്, കർണാടക, ഗോവ സംസ്ഥാനങ്ങളിലെ വനങ്ങളും തോട്ടങ്ങളുമാണ് പറയോന്തിന്റെ ആവാസകേന്ദ്രം. മരത്തൊലിയോട് ഏറെ സാമ്യമുള്ള നിറവും ഡിസൈനുകളുമാണ് ഇവയുടെ ശരീരത്തിന്. ഈ കൺകെട്ടു വിദ്യയുമായി നടന്നാൽ കൂടി എപ്പോഴാ മരപ്പാമ്പിന്റേയോ ചുട്ടിപ്പരുന്തിന്റേയോ വായിലകപ്പെടുകയെന്നും പറയാനാകില്ല. പലപ്പോഴും ജീവരക്ഷക്കുതകുക പറക്കൽ വിദ്യ തന്നെയാകും. പറക്കുക എന്നതിനേക്കാൾ പാറുക (gliding) എന്നു പറയുന്നതാകും ഉചിതം. ഉറുമ്പുകളും ചെറുപ്രാണികളുമാണ് പറയോന്തിന്റെ ഇഷ്ടഭക്ഷണം. അവയെ തേടി മരങ്ങളുടെ മുകളിലേക്ക് കയറും. തുഞ്ചത്തെത്തുമ്പോഴാണ് പറയോന്തിന്റെ മാജിക് കാണാനാകുക. ഇത്രയും നേരം ശരീരത്തോടടുക്കി വെച്ചിരുന്ന ചിറകുകൾ വിരിച്ച് ഒരു ചാട്ടമാണ്. കാറ്റിൽ തെന്നിപ്പാറി മറ്റൊരു മരത്തിലാകും ലാൻഡ് ചെയ്യുക. നൂറടിയിലേറെ (> 30 m) ദൂരമൊക്കെ പറയോന്തിനിങ്ങനെ മറികടക്കാനാകും.

Draco dussumieri Nelliyampathy
By Ajith U – CC BY-SA 4.0, Link
നീണ്ടു മെലിഞ്ഞ പ്രകൃതമാണ് പറയോന്തിന്. 23 സെന്റിമീറ്റർ ശരീരത്തിൽ 10-13 സെന്റിമീറ്ററെങ്കിലും ഉണ്ടാകും വാൽ (Snout-Vent: 7-9 cm, Tail: 10-13 cm). എന്തിനാ ഇത്രയും നീളമുള്ള വാൽ എന്നൊരു സംശയമില്ലേ? കാര്യമുണ്ട്. ഗ്ലൈഡിങ്ങിനിടെയുള്ള ഗതി നിയന്ത്രണത്തിനും ബാലൻസിങ്ങിനും വാൽ സഹായിക്കും. കൂടാതെ ചിറകുകളെ അനുസ്മരിപ്പിക്കും വിധം ഇവയ്‌ക്ക് കൈക്കും കാലിനുമിടയിലൊരു ചർമ്മവുമുണ്ട്. പറ്റാജിയം (Patagium/Patagia) എന്നിത് അറിയപ്പെടുന്നു. നീണ്ടു നിൽക്കുന്ന ആറ് വാരിയെല്ലുകളാണ് (elongated ribs) പറ്റാജിയം താങ്ങി നിർത്തുക. പറക്കേണ്ടി വരുമ്പോൾ പേശികളുടെ സഹായത്തോടെ പറ്റാജിയ തുറക്കും. ആവിശ്യമെങ്കിൽ മുൻകൈകൾ (forelimbs) ഉപയോഗിച്ച് ഈ ചർമ്മത്തെ വിടർത്തി പിടിക്കുകയും ചെയ്യും. കഴുത്തിന്റെ വശങ്ങൾ സ്ട്രെച്ച് ചെയ്യുകകൂടിയാകുമ്പോൾ ഫിസിക്സ് തത്വങ്ങളെല്ലാം പാലിക്കുന്ന ഒരു എയ്റോഫോയിലായി പറയോന്ത് മാറുന്നു. ചാട്ടത്തിന്റേയും കാറ്റിനെയും ആവേഗം (Relative velocity between fluid and object); ചിറകുകൾ, വാൽ തുടങ്ങിയവ കാറ്റുമായി ഉണ്ടാക്കുന്ന ആംഗിളുകൾ (Angle of attack) എന്നിവയെ അടിസ്ഥാനമാക്കി ഉണ്ടാവുന്ന ലിഫ്റ്റ് ഫോഴ്‌സാണ് (Lift force) വായുവിൽ തെന്നിപ്പാറാൻ പറയോന്തിനെ സഹായിക്കുന്നത്. വിമാനത്തിലെ ടെയിൽ ഫ്ലാപ്പുകളോട് (Tail flap) സാമ്യമുള്ളൊരു അവയവം പറയോന്തിനുണ്ട്: താടിവിശറി (dewlap/throat-lappet). കഴുത്തിലെ ഹൈനോയ്ഡ് അസ്ഥിയുമായി (Hynoid bone) ബന്ധപ്പെട്ടു കിടക്കുന്നതിനാൽ താടിവിശറി ചലിപ്പിക്കാൻ പറയോന്തിനാകും. പറക്കലിനിടയിലുള്ള ഡൈനാമിക് ഫോഴ്‌സുകളെ അനുകൂലമാക്കാൻ താടിവിശറിക്കാകുന്നു.

Draco distribution.svg
By L. ShyamalOwn work, CC BY-SA 3.0, Link

പറക്കും ഓന്തുകളുടെ ജനുസ്സായ Draco-യിൽ നാൽപ്പതിലേറെ സ്പീഷീസുകളുണ്ട്. അവയിലേറെയും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ കാണപ്പെടുന്നു. ഡ്രാക്കോ ഓന്തുകളുടെയെല്ലാം താടിവിശറിയും ചിറകുകളും വർണാഭമാണ്. പ്രജനനകാലത്താണ് അതിന്റെ ഭംഗി ശരിക്കും ആസ്വദിക്കാനാകുക. ഫെബ്രുവരി മുതൽ മേയ് വരെ നീണ്ടുനില്കുന്നതാണ് പറയോന്തിന്റെ പ്രജനനം. ഈ സമയത്ത് ആൺഓന്ത് ചിറകുകളും താടിവിശറിയും താളാത്മകമായി പ്രദർശിപ്പിച്ച് (mating display) പെണ്ണിനെ ആകർഷിക്കാൻ നോക്കും. പർപ്പിൾ നിറത്തിലുള്ള ചിറകിൽ ഓറഞ്ച് പുള്ളികളാണുള്ളത്. പെണ്ണിനേക്കാൾ വലുപ്പവും നിറച്ചാർത്തും ഉള്ളതാണ് ആണിന്റെ താടിവിശറി. ഇണയ്ക്ക് വേണ്ടിയുള്ള ആൺ ഓന്തുകളുടെ ദ്വന്ദ്വയുദ്ധവും പതിവാണ്. ഈ സമയത്തും ചിറകുകൾ വിടർത്തിയിട്ടുണ്ടാകും. യുദ്ധം സസൂക്ഷ്മം വീക്ഷിച്ച് പെൺ ഓന്ത് അടുത്ത് വിശ്രമിക്കും. സ്വാധീന മേഖലയിൽ നിന്ന് ഒരുവനെ തുരത്തിയോടിക്കുന്നതു വരെയാണ് ഈ പോരാട്ടം തുടരുക. ഇണചേർന്നാൽ പിന്നെ ഒരു സീസൺ മുഴുവൻ അവരൊന്നിച്ചാകും നടപ്പ്. മൺസൂൺ തുടങ്ങുമ്പോഴേയ്ക്കും മുട്ട ഇടാൻ പെണ്ണോന്ത് തയ്യാറാകും. പൂർണ്ണമായി മരത്തിൽ കഴിയാൻ ഇഷ്ടപെടുന്ന പറയോന്ത് നിലത്തിറങ്ങുന്ന ഒരേയൊരു സന്ദർഭമാണിത്. മണ്ണിൽ ചെറിയ കുഴിയുണ്ടാക്കി മൂന്ന് മുതൽ അഞ്ചു മുട്ടകൾ വരെയാണ് ഇടുക. 50 ദിവസം കൊണ്ട് മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തുവരും.

Draco dussumieri illustration
By Lycodonfx – CC BY-SA 4.0, Link
DracoDussumieri-1
By Rajeev B – CC BY-SA 3.0, Link
പകൽ മുഴുവൻ ഉത്സാഹഭരിതനായി നടക്കുന്നതും രാത്രി മരത്തിൽ തന്നെ ഇരുന്നുറങ്ങുന്നതുമാണ് പറയോന്തിന്റെ രീതി. കേരളത്തിലെ മിക്ക കാടുകളിലും ഇവ വിരളമല്ല. തൊടുപുഴ ടൗണിലുള്ള (MSL: 40m) എന്റെ വീട്ടിൽ, തേക്ക് മരത്തിലും ഒരിക്കൽ ഇവയെ ഒരിക്കൽ കണ്ടിട്ടുണ്ട്. തെയ്‌ല പോലുള്ള കൃഷികൾക്കായി ആവാസവ്യവസ്ഥയിലുണ്ടാക്കുന്ന മാറ്റങ്ങളാണ് പറയോന്തുകൾ നേരിടുന്ന പ്രധാന വെല്ലുവിളി.

Reference

  1. Handbook of Indian Lizards, B. K. Tikader, R. C. Sharma, Zoological Survey of India.
  2. How lizards fly: A novel type of wing in animals, J. Maximilian Dehling, http://dx.doi.org/10.1101/086496
  3. Biology of gliding flying lizards and their fossil extent analogies, Jimmy A McGuire, Robert Dudely
  4. Srinivasulu, C., Srinivasulu, B., Vijayakumar, S.P., Ramesh, M., Ganesan, S.R., Madala, M. & Sreekar, R. 2013. Draco dussumieri. The IUCN Red List of Threatened Species 2013: e.T172625A1354495. http://dx.doi.org/10.2305/IUCN.UK.2013-1.RLTS.T172625A1354495.en. Downloaded on 18 July 2018.
  5. Wikipedia – Draco dussumieri

കൂട് മാസിക 2018 ആഗസ്റ്റ് ലക്കത്തിൽ പ്രസിദ്ധീകരിച്ച കുറിപ്പ്

Back to Top