ഓർമ്മകളിലെ രാജഹംസം

ഓർമ്മകളിലെ രാജഹംസം

ആദ്യമായി ഫ്ലെമിംഗോയെ കാണുന്നത് പത്താം ക്ലാസ്സിലെ ടൂറിന്റെ ഭാഗമായി മൈസൂര് സൂവിൽ പോയപ്പോഴാണ്.. വല്യച്ഛന്റെ മകൻ ബാബുവേട്ടനിൽ നിന്നും കടം വാങ്ങിയ യാഷിക ക്യാമറയും കൊണ്ടായിരുന്നു യാത്ര പുറപ്പെട്ടത്. മൈസൂർ സൂ, രംഗണത്തിട്ടു ബേഡ് സാംഗ്ച്വറി എന്നിവ രണ്ടും ആ യാത്രയിൽ ഞാൻ ഏറ്റവും അധികം ഓർക്കുന്ന സ്ഥലമാവാൻ കാരണം അവിടെ കണ്ട പക്ഷികളാണ്.

Flamingos Mysore Zoo. Image: Vinodtiwari2608 [CC BY-SA 4.0], from Wikimedia Commons
മൈസൂർ സൂവിൽ ഞങ്ങൾക്കനുവദിച്ച സമയം ഏതാണ്ട് തീർന്ന് ഞങ്ങൾ ബസ്സിലേയ്ക്ക് മടങ്ങുന്ന നേരത്താണ് ഞാൻ ‘ഫ്ലെമിംഗോ’ എന്ന ബോർഡ് കാണുന്നതും ഹെഡ്മിസ്റ്റ്രസ്സിനോട് പ്രത്യേക അനുമതി തേടി ആ കൂടിനരുകിലേയ്ക്ക് ഓടിയതും തിടുക്കത്തിൽ അവയുടെ പടമെടുക്കുന്നതും. (വന്യ മൃഗങ്ങളുടേയും പക്ഷികളുടേയും ചിത്രങ്ങൾ ശേഖരിയ്ക്കുന്നത് എന്റെ ഹോബിയായിരുന്നു. അങ്ങനെ ശേഖരിച്ച ചിത്രങ്ങളിലൊന്നിൽ കണ്ടിട്ടുള്ള പരിചയം മാത്രമേ ഫ്ലെമിംഗോയുമായി എനിക്കുള്ളു). ആ യാത്രയിലെ ഏറ്റവും മനോഹരമായ ഒരു കാഴ്ചയായിരുന്നു അത് എന്നെനിക്ക് തോന്നി. ഏറ്റവും അവിസ്മരണീയമായ കാഴ്ച്ച ആ പക്ഷികളുടെ കുഞ്ഞുങ്ങളായിരുന്നു.

Image: aschaf [CC BY 2.0)], via Wikimedia Commons
വെളുത്ത നിറത്തിലുള്ള (ഫ്ലെമിംഗോയുടെ ദേഹത്തുള്ള മറ്റു നിറങ്ങൾ അന്ന് ഞാനത്ര ശ്രദ്ധിച്ചില്ല എന്നതാണ് സത്യം) പക്ഷികളുടെ കുഞ്ഞുങ്ങൾ ചുവന്നു തുടുത്ത്, ഭംഗിയുള്ള പഞ്ഞിക്കെട്ട് പോലെ … എന്തൊരു മനോഹരമായ കാഴ്ച്ചയായിരുന്നുവെന്നോ അത്! ഒന്നു രണ്ടു ഫോട്ടോകളെടുത്ത് എന്നെയും കാത്തു നില്ക്കുകയായിരുന്ന സിസ്റ്ററുടെയടുത്തേയ്ക്ക് ഓടിയെത്തി എന്തൊരു ഭംഗിയാണതിനെ കാണാൻ എന്ന് പറയുകയുണ്ടായി. ടൂറിലെ ചിത്രങ്ങളിൽ എനിക്കേറ്റവും പ്രിയപ്പെട്ടവയാണ് അവ. അതു പോലെ തന്നെ രംഗണത്തിട്ടുവിലെ കൊറ്റില്ലങ്ങളും. തിരിച്ചു വന്ന് ഫോട്ടോകൾ ഡെവലപ്പ് ചെയ്തപ്പോൾ പക്ഷികളുടെ ചിത്രങ്ങളായിരുന്നു അവയിലധികവും. അതിന് ദീപേടത്തി എന്നെ ചീത്ത പറയുകയുമുണ്ടായി. (അടുത്ത തവണ ടൂറിന് പോയപ്പോൾ ഇത്തവണയെങ്കിലും കൂട്ടുകാരുടെ ഫോട്ടോ എടുക്കണം എന്നൊരു താക്കീതും)

Image: Mike Prince from Bangalore, India [CC BY 2.0], via Wikimedia Commons
പിന്നെ കുറേ കാലം പക്ഷികളും അവയുടെ ഫോട്ടോയെടുപ്പും ഒന്നുമില്ലാതെ കഴിഞ്ഞു. ഫ്ലെമിംഗോയെന്നല്ല, ഒരു പക്ഷിയേയും അധികം ഓർക്കാതെ കുറേ കാലം. വിവാഹാനന്തരം വടക്കേ ഇന്ത്യയിലെ താമസക്കാലത്ത് എത്ര പക്ഷിക്കാഴ്ച്ചകളാണ് ശ്രദ്ധിക്കാതെ പോയിട്ടുണ്ടാവുക എന്ന് ഇപ്പോൾ നഷ്ടബോധത്തോടെയല്ലാതെ ഓർക്കാൻ വയ്യ!

പിന്നീട് കുറച്ച് കൊല്ലങ്ങൾക്ക് ശേഷം കൊച്ചിയിൽ എത്തിയപ്പോഴാണ് പക്ഷി നിരീക്ഷണം ഇത്തിരിയെങ്കിലും ഗൗരവമായിത്തുടങ്ങിയത്. അപ്പോഴേയ്ക്കും ദിലീപും അതിൽ അതീവ തത്പരനായിരുന്നു. ഓഫിസിലെ നേച്ചർ ക്ലബ് വഴി പല പക്ഷി നിരീക്ഷണ ക്യാമ്പുകളിലും പ്രവർത്തനങ്ങളിലും ഒക്കെ സജീവമായിത്തുടങ്ങി. ചെറിയ മകനെ മൂത്തയാളുടെ സംരക്ഷണയിൽ ആക്കി പോകാനാവും വരെ ഞാൻ കേൾവിക്കാരിയായി കൂടെ നിന്നതേയുള്ളു.

പിന്നെ കുറേശ്ശെ രാവിലെ രണ്ടു മൂന്നു മണിക്കൂറിന് പക്ഷി നിരീക്ഷണത്തിന് പോവും, ചിലപ്പോൾ കുട്ടികളേയും കൊണ്ടു പോവും. അല്ലാത്തപ്പോൾ അവർക്കുള്ള ആഹാരവും മറ്റും ഒരുക്കി എല്ലാം മുത്തയാളെ ഏല്പിച്ച് പോവും. അങ്ങനെ ഒരു തവണ കോട്ടയം നേച്ചർ സൊസൈറ്റി എല്ലാ കൊല്ലവും നടത്തി വരുന്ന വേമ്പനാട് ബേർഡ് കൗണ്ടിൽ പങ്കെടുക്കവേ പ്രദീപേട്ടനാണ് (പ്രദീപ് അയ്മനം) അടുത്ത് ഒരിടത്ത് ഫ്ലെമിംഗോയെ കണ്ട വിവരം പറഞ്ഞത്. അതിനെ തേടി പോകണമെന്ന അതിയായ മോഹമുണ്ടായെങ്കിലും നടന്നില്ല.

പിന്നീട് ഫ്ലെമിംഗോയെ കുറിച്ച് കേട്ടത് ചങ്ങരത്ത് അവ എത്തിയപ്പോഴാണ്. അത്തവണ ഞങ്ങൾ അതിനെ കാണാൻ പോവുകയും അല്പം ദൂരെയാണെന്നും കൺ നിറച്ച് കാണുകയുമുണ്ടായി. (അന്ന് അവോസെറ്റിനെ കണ്ടത് ഒരു എക്സ്ട്രാ ബോണസ്സും.)

പിന്നെ ഫ്ലെമിംഗോയെ കണ്ടത് തൃശൂർ കോളിൽ നിന്നാണ്. മുൻപത്തേതിലും അടുത്ത് കണ്ടു. തൊട്ടടുത്ത് ഒന്നുമായിരുന്നില്ലെങ്കിലും മതി വരുവോളം ഫോട്ടോ എടുത്തു. കേരളത്തിൽ അപ്പോഴും അവ ഒന്നോ രണ്ടോ എണ്ണം ചിലയിടങ്ങിൽ നിന്നു മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നുള്ളു എന്ന് തോന്നുന്നു.

കഴിഞ്ഞ കൊല്ലവും ഇക്കൊല്ലവുമായി കേരളത്തിൽ അവയുടെ എണ്ണവും അവയെ കാണപ്പെടുന്ന സ്ഥലങ്ങളും കൂടി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിച്ചത്. കേരളത്തിൽ അത്ര സാധാരണമല്ലാത്ത പക്ഷിയായതിനാൽ പക്ഷി നിരീക്ഷകർക്കും അതിനെ കാണുമ്പോൾ വല്ലാത്ത സന്തോഷമാണ്. അതിനാൽത്തന്നെ ഞങ്ങളുടെ ഇടയിൽ രാജഹംസമെന്ന ഫ്ലെമിംഗോ ഒരു താരം തന്നെയാണ്.

കഴിഞ്ഞ ദിവസം കോഴിക്കോട് ബീച്ചിൽ ഒരു യുവ രാജഹംസത്തെ കണ്ടത് ഞങ്ങളെയൊക്കെ ഏറെ ആനന്ദിപ്പിച്ചതും അതു കൊണ്ടു കൂടിയാണ്. എന്നാൽ ആ സന്തോഷം ഇങ്ങനെയൊരു ഹൃദയഭേദകരമായ ദുഃഖമായിത്തീരുമെന്ന് ഞങ്ങളാരും കരുതിയില്ല.

നായ്ക്കളുടേയും (അതിലും ക്രൂരനും സഹജീവി സ്നേഹവും ദയയും തൊട്ടു തീണ്ടിയിട്ടില്ലാത്ത) മനുഷ്യരുടേയും ആക്രമണത്തിൽ ആ പക്ഷിയ്ക്ക് ഗുരുതര പരിക്കേൽക്കുകയും ചികിത്സയൊന്നും ഫലിയ്ക്കാതെ അത് മരണമടയുകയുമുണ്ടായി.

മനുഷ്യന്റെ ക്രൂരതയ്ക്കു ഒരതിരില്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു ഈ സംഭവം. നിരുപദ്രവകാരിയായ ഒരു ജീവിയെ ഈ വിധം ക്രൂശിക്കുമ്പോൾ എന്ത് ആനന്ദമാണിത്തരമാളുകൾക്ക് കിട്ടുന്നത്! ഉത്തരമില്ലാത്ത ചോദ്യം…

Flamingo at Kozhikkode Beach. Image: Mohammed Hirash

മനുഷ്യനുമാത്രം അവകാശപ്പെട്ടതല്ല ഈ ഭൂമി. നിസ്സാരമെന്ന് നാം കരുതുന്ന പല ജീവികളും ഉള്ളതു കൊണ്ടു കൂടിയാണ് നാം ഇവിടെ നിലനില്ക്കുന്നത്. കുന്നും മലയും തോടും പുഴയും കായലും വയലുമൊക്കെ നശിപ്പിക്കുമ്പോൾ നാം നമ്മുടെ സ്വന്തം നാശത്തിന് തന്നെയാണ് വഴിവയ്ക്കുന്നത്. എവിടെ നിന്നോ പറന്നെത്തി ഒരുപാടു പേർക്ക് സന്തോഷം നല്കിയ ഒരു പാവം ജീവിയെ നൈമിഷികമായ ആനന്ദത്തിനു വേണ്ടി ദ്രോഹിക്കുന്ന മനുഷ്യരുള്ള ഈ ഭൂമിയിൽ മറ്റു ജീവജാലങ്ങൾ എത്ര കാലമിനിയുണ്ടാവുമെന്ന് കണ്ടറിയണം! അത്തരമൊരു കാലം വരെ പ്രകൃതി മനുഷ്യനെ ബാക്കി വെയ്ക്കുമോ എന്ന ചോദ്യവും ഉയരേണ്ടതുണ്ട്.

മനുഷ്യൻ ഇങ്ങനെ നിസ്സാരവത്കരിച്ചു ജീവനൊടുക്കിക്കളയുന്ന പാവം ജീവികളെക്കുറിച്ച് ആകുലപ്പെടാൻ ചിലരെങ്കിലും ഉണ്ടെന്നാണ് ചെറിയൊരു ആശ്വാസം ..

Back to Top