കോഴിക്കോട് കടപ്പുറത്ത് വിരുന്നെത്തിയ ഫ്ലമിംഗോയ്ക്ക് ദാരുണാന്ത്യം

Posted by

ദേശങ്ങളുടെ അതിരുകൾ താണ്ടി ദൈവത്തിന്റെ സ്വന്തം നാട്ടിൽ വിരുന്നെത്തിയ രാജഹംസത്തിനു ദാരുണാന്ത്യം. കഴിഞ്ഞ പത്തുദിവസത്തോളമായി പക്ഷിനിരീക്ഷകരുടേയും നാട്ടുകാരുടേയും കൗതുകമായി വിഹരിച്ചിരുന്ന യുവപ്രായത്തിലുള്ള ഗ്രേറ്റർ ഫ്ലമിംഗോ എന്ന വലിയ അരയന്നക്കൊക്കാണ് തെരുവുനായയുടേയും മനുഷ്യന്റേയും ആക്രമണത്തിന്റെ ഫലമായി തിങ്കളാഴ്ച വൈകീട്ട് പയ്യനാക്കൽ ബീച്ചിനുസമീപം പരിക്കേറ്റനിലയിൽ കണ്ടെത്തിയത്.

ചിറകറ്റ് എല്ല് പുറത്തേയ്ക്കായ നിലയിലായ ഫ്ലമിംഗോയെ വനം വകുപ്പ് അധികൃതർ, കോടഞ്ചേരി മൈക്കാവ് മൃഗാശുപത്രിയിൽ പ്രവേശിപ്പിച്ചു.


(ചിത്രങ്ങള്‍ ഫോര്‍വേഡ് ആയി ലഭിച്ചവ)

ആശുപത്രിയിലെ വെറ്ററിനറി സർജൻ ഡോ.സി.ജെ. നിതിൻ, ഡോ. റിജു മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ
ഒടിഞ്ഞുമാറിയ എല്ലുകൾ സർജ്ജറിയിലൂടെ കൂട്ടിച്ചേർത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. താമരശ്ശേരി റേഞ്ച് ഓഫീസിൽ നിരീക്ഷണത്തിലായിരുന്ന രാജഹംസം ഇന്നലെ (ഡിസംബര്‍ 12) വൈകീട്ടോടെ ചത്തു.

തെരുവുനായ ആക്രമിച്ചതിനെക്കൂടാതെ മനുഷ്യരുടെ കല്ലേറും ഏറ്റുവാങ്ങേണ്ടിവന്ന ആ സാധുപക്ഷി അവസാനം മരണത്തിനു കീഴടങ്ങി.

തീറ്റതേടിയും മറ്റും കുറച്ച് നാൾ നമ്മുടെ നാട്ടിൽ ചിലവിടാനെത്തുന്ന ദേശാടനപക്ഷികളെ കൂടുതൽ ശ്രദ്ധയോടെ നിരീക്ഷിക്കുകയും ആവശ്യമായ സാമൂഹികസുരക്ഷ ഒരുക്കിക്കൊടുക്കയും സംരക്ഷണത്തിനായി ജനങ്ങൾക്കിടയിൽ അവബോധമുണ്ടാക്കേണ്ടതുണ്ട് ഈ സംഭവം കണ്ണുതുറപ്പിക്കുന്നു. ഫ്ലമിംഗോപ്പക്ഷിയെ ഉപദ്രവിച്ചവർക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികളെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള   പ്രതിഷേധം പക്ഷിനിരീക്ഷകര്‍ക്കിടയിലും പരിസ്ഥിതിക്കൂട്ടായ്മകള്‍ക്കിടയിലും ഉയരുകയാണ്.

2 comments

Leave a Reply