ചാലക്കുടിപ്പുഴയിലെ മത്സ്യസമ്പത്ത്

ചാലക്കുടിപ്പുഴയിലെ മത്സ്യസമ്പത്ത്

ഒരായിരത്തി എണ്ണൂറ്റി എൺപത്തിയാറാമാണ്ട് ഒക്ടോബർ മാസം 29 നു പെരിയാർ പാട്ടക്കരാർ നിലവിൽ വന്നതറിഞ് അന്നത്തെ കോട്ടയം ദിവാൻ ശ്രീ ടി രാമറാവു നടത്തിയ പരാമർശം പ്രവചനസ്വഭാവമുള്ളതായിരുന്നു എന്ന് തെളിയാൻ കാലം അധികം എടുത്തില്ല. അന്നാരും ചർച്ചയെ ചെയ്യാതിരുന്ന ആ വാചകങ്ങൾ ഇങ്ങനെയായിരുന്നു “പെരിയാറിന്റെ ഗതി തിരിച്ചുവിട്ടാൽ മൈലുകളോളം വിസ്തീർണ്ണമുള്ള ആലുവയിലെ പാടശേഖരങ്ങൾ നശിക്കുകയും നിരവധി ഗ്രാമങ്ങൾ നിർജ്ജീവമായി തുടരുകയും ചെയ്യും. പെരിയാറിൽ നിന്നുള്ള വെള്ളപ്പൊക്കമാണ് വരാപ്പുഴ, ഏഴിക്കര, പറവൂർ, വടക്കേക്കര, പാറൂർ താലൂക്കുകളിലെ പാടങ്ങളെ കൊച്ചി, കൊടുങ്ങല്ലൂരഴികളിലെ വേലിയേറ്റം മൂലമുണ്ടാകുന്ന പ്രശനങ്ങളിൽ നിന്ന് രക്ഷിച്ച് കൃഷിക്കനുയോജ്യമാക്കുന്നത്. പാടെ അവഗണിച്ച ഈ മുന്നറിയിപ്പ് സദുദ്ദേശങ്ങളുടെ പുറംലോകം അറിയാത്ത ഫയലുകളിൽ മറഞ്ഞു. കയറിവരുന്ന കടലിനെ തടയണകൾ വെച്ച് തടയാൻ ഇപ്പോൾ പാഴ്ശ്രമങ്ങൾ നടത്തിക്കൊണ്ടേയിരിക്കുന്നു.

അന്ന് അത് പറഞ്ഞത് അധികാരികൾ തന്നെയാണ്. ഇന്നത് പറയുന്നത് പ്രജകളാണെന്ന വ്യത്യാസം ഒഴിവാക്കിയാൽ വസ്തുതകൾക്ക് സമാനതകൾ ഏറെയാണ്.

അതിരപ്പിള്ളിയുടെ സ്വാഭാവിക ജനതയുടെ വ്യവഹാര ഭാഷയിൽ വെള്ളച്ചാട്ടത്തിന് കുത്ത് എന്നാണ് പറയുക. അതാണ് പൊരിങ്ങൽക്കുത്ത് എന്ന പേരിന്റെ നിരുക്തം. ഒരു അണക്കെട്ട് ആ കുത്തിനെ എന്നേക്കുമായി ഇല്ലാതാക്കി. ഇനി ശേഷിക്കുന്ന കുത്താണ് അതിരപ്പിള്ളി കുത്ത്.

ഇനിയൊരു അണക്കെട്ട് വന്നാൽ ചാലക്കുടിപുഴയ്ക്ക് സംഭവിക്കാനിരിക്കുന്ന ദുരന്തങ്ങൾ ഒരു ചെറിയ ഭൂപ്രദേശത്ത് മാത്രമോ ഒരു ചെറിയ കൂട്ടം ജനങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്‌നമോ ആയിരിക്കുകയില്ല. പുതിയൊരു ഡാമിന്റെ നിർമ്മാണം ഉയർത്തുന്ന പാരിസ്ഥിതിക-സാമൂഹിക പ്രശ്നങ്ങൾ ഇതിനോടാകം നിരവധി വ്യക്തികളും സംഘടനകളും പറഞ്ഞു കഴിഞ്ഞതാണ്. ഞാനിവിടെ മീനുകൾക്കെന്തു സംഭവിക്കുമെന്ന് പറയാനൊരുങ്ങുന്നു.

അതിസൂക്ഷ്മമായ ആവാസവ്യവസ്ഥകളെ മാത്രം ആശ്രയിച്ചു കഴിയുന്ന മീനുകളുടെ ബാഹുല്യംകൊണ്ട് ശ്രദ്ധിക്കപ്പെട്ട പുഴകളിൽ ഒന്നാണ് ചാലക്കുടിപുഴ. കുറഞ്ഞ ദൂരം ഒഴുകുമ്പോഴേക്കും ആ പുഴ സൃഷ്ടിക്കുന്ന സൂക്ഷ്മവും സ്ഥൂലവുമായ ആവാസവ്യസ്ഥകളുടെ വൈവിധ്യം നമുക്കത് പറഞ്ഞുതരും. കേരളത്തിൽ കാണപ്പെടുന്ന ശുദ്ധജല മൽസ്യങ്ങളിൽ, ഒഴുക്കുള്ള പുഴ എന്നൊരു ആവാസവ്യവസ്ഥയിൽ മാത്രം ജീവിക്കാൻ കഴിയുന്ന ഒരു മൽസ്യ കുടുംബമാണ് ബാലിറ്റോറിടെ (BALITORIDAE). അതിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒരിനമാണ് വെളുമ്പൻ കാൽനക്കി എന്ന ഹോമേലൊപ്റ്റെറ മൊണ്ടാന എന്ന മൽസ്യം. പൊരിങ്ങൽക്കുത്ത് അണക്കെട്ട് വരുന്നതിന് മുമ്പ് ഒരു പക്ഷെ ചാലക്കുടിപുഴ ഒരു പുഴയായിഒഴുകിയിരുന്ന കാലത്ത് അതിലേക്ക് വെള്ളം ചുരന്ന, ഈറ്റകൾ ഒളിപ്പിച്ച, തണുത്ത അരുവികളിൽ ഇവ ധാരാളമുണ്ടായിരുന്നിരിക്കണം. അന്നത്തെ ആ അണക്കെട്ട് മുക്കിക്കളഞ്ഞ അരുവികളിൽ ശേഷിച്ച ഒന്നിൽ ഇപ്പോൾ വംശനാശവും കാത്ത് കഴിയുന്നു. മാറിവരുന്ന കാലാവസ്ഥയിൽ ഇവക്ക് വംശനാശം സംഭവിക്കുമായിരിക്കും. പക്ഷെ അതുവരെ ജീവിക്കാനുള്ള അവകാശം ഒരു അണകൂടി കെട്ടി നമുക്ക് നിഷേധിക്കാം.

മീനല്ലേ, വെള്ളം പോരെ, അതിപ്പോ ഡാമിലില്ലെ എന്നുചോദിക്കുന്നവരുണ്ടാകാം. അവരോർക്കണം അങ്ങനെ വെള്ളമുള്ളിടത്തെല്ലാം കഴിയാവുന്നവയല്ല ഈ പ്രത്യേക ജനുസ്സുകൾ. ഭൂമിക്കടിയിൽ മൽസ്യങ്ങൾ ജീവിക്കുന്ന ഒരിടംകൂടിയാണ് കേരളം. സാധാരണയിൽ കൂടിയ തണുപ്പും, വലുപ്പമില്ലാത്ത, ചെറിയ പാറകൾ മുതൽ വെള്ളാരംകല്ലുകൾ നിറഞ്ഞ തെളിഞ്ഞ അരുവികൾ ഇവയുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. നല്ല പരന്നു വിരിഞ്ഞ വലിയ തോതിൽ പായൽ മൂടാത്ത പറയോ, ഉരുളൻ കല്ലുകളോ, ആണ് ഇവയുടെ സൂക്ഷ്മ ആവാസ വ്യവസ്ഥ. ഒഴുക്കില്ലെങ്കിൽ നിലനിൽക്കാനേ ആവില്ല. പാറയിൽ പറ്റിപ്പിടിച്ചിരിക്കുന്ന ചെറിയ പായലുകൾ ഇഷ്ട ഭക്ഷണമാണ്. ഓർക്കുക ഇതേ പുഴയിൽ ഇപ്പോൾ ഇവയെ കാണാനാവുക മലക്കപ്പാറക്ക് പോകുന്ന വഴിയിലുള്ള അരുവിയിൽ മാത്രമാണ്.

ഇതേകുടുംബത്തിൽ നിന്നുള്ള ഒന്നിനെ നീളൻ കൽനക്കിയേ 1994 ൽ രോഹൻ പെത്തിയഗോഡ എന്ന ഒരു ശ്രീലങ്കക്കാരനായ മൽസ്യ ശാസ്ത്രജ്ഞൻ ചാലക്കുടിപുഴയിൽ നിന്നും കണ്ടുപിടിച്ചിരുന്നു. വെള്ളം പരന്നും അലച്ചും ഒഴുകുന്ന പാറയിലെ ഇടുക്കുകളിൽ മാത്രം കാണുന്ന ഒരിനം. മികച്ച അനുരൂപന അവയവങ്ങളുള്ള ഇവയും ഈ ആവാസ വ്യവസ്ഥകളെ മാത്രം ആശ്രയിച്ച് കഴിയുന്നവയാണ്. ഓർക്കണം, ചാലക്കുടിപുഴ പരിയാരം വിട്ടാൽ ഇവയെ കാണുക അസാധ്യം. അതെ കുടുംബക്കാരനായ കറുമ്പൻ കൽനക്കി എന്നൊന്നുണ്ട്. അവ പശ്ചിമഘട്ടത്തിന്റെ സ്വന്തം ജനുസ്സാണ്. മേൽപ്പറഞ്ഞ ആവാസവ്യവസ്ഥകളിൽ മാത്രം കാണുന്നു മാത്രം കാണുന്നു.

ചാലക്കുടി പുഴയിലെ ഇനി ശേഷിക്കുന്ന ഭാഗങ്ങളിൽ കാണുന്ന മറ്റുചില മീനുകളും പരാമർശ വിധേയമാക്കേണ്ടതുണ്ട്. കൊയ്ത, കൊയ്മ, മണലയിര എന്നീപ്പേരുകളിൽ കേരളത്തിലറിയപ്പെടുന്ന മൂന്നിനം ചാലക്കുടിപുഴയിൽ കാണപ്പെടുന്നു. പാണ്ടൻ കൊയ്ത്ത, പച്ചക്കൊയ്ത്ത, വരയൻകൊയ്ത്ത എന്നിവയാണ്. ഒരുക്കൊമ്പനും പരിയാരത്തിനും ഇടയിൽ കാണുന്നവ. വെള്ളം പതിഞ്ഞുവീഴുന്ന ഒപ്പം തന്നെ വെള്ളം ഒഴുക്കികൊണ്ടു വന്നുകൂട്ടുന്ന വെള്ളാരംകല്ലുകളിൽ മാത്രം താമസമാക്കുന്നവരാണിവർ. ഒന്നുകിൽ ഉരുളൻ പാറകൾക്കിടയിലുള്ള സ്ഥലങ്ങൾ, അല്ലെങ്കിൽ സമാനമായ സ്ഥലങ്ങളിൽ മാത്രം ജീവിക്കുവാൻ അനുരൂപനം സിദ്ധിച്ചവയാണവയാണെന്ന് ഓർക്കണം.

1994 ൽ തന്നെ ഡോ രോഹൻ പെത്തിയഗോഡ കരിംകഴുത്തൻ മഞ്ഞക്കൂരി, മോഡോൺ എന്നിങ്ങനെ രണ്ടു പുതിയ മൽസ്യങ്ങളെക്കൂടെ ചാലക്കുടി പുഴയിൽ നിന്നും ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തി. ഇതിൽ മോഡോൺ കേരളത്തിലെ രണ്ടേ രണ്ടു പുഴകളിൽ മാത്രമേ കാണുന്നുള്ളൂ. ഇതിനെ കണ്ടുപിടിച്ച ചാലക്കുടിപ്പുഴയിൽ നിന്നും പിന്നെ പൂയംകുട്ടിയിൽ നിന്നും. ഞാൻ ഇവയെ പിടിച്ചത് പെരിങ്ങൽകുത്തിനും പിള്ളപ്പാറയ്ക്കും ഇടയിലുള്ള സ്ഥലത്തുനിന്നാണ്. അതിനു താഴേക്കു ഇവ അപൂർവമോ ഇല്ലെന്നോ പറയേണ്ടി വരും. കേരളത്തിലെ ദേശ്യജാതികളിൽ ഒന്നാണ് ഇത്. IUCN ഈ മത്സ്യത്തെ endangered എന്ന അതീവ ഗുരുതര വംശനാശ ഭീഷണി നേരിടുന്നവയുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പരിമിതമായ ഒരു പ്രദേശത്തുമാത്രം പരിമിതപെട്ടുപോയി എന്നത് ഇവയുടെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്ന ഘടകമാണ്.

മഞ്ഞക്കൂരിയുടെ ബന്ധുകൂടിയായ കരിംകഴുത്തൻ മഞ്ഞക്കൂരി ഇന്നീ നാൾ വരെ ചാലക്കുടി പുഴയൊഴിച്ച് മറ്റൊരു പുഴയിൽ ഉള്ളതായി അറിവില്ല. ഇതുപോലെ അഞ്ചോളം ദേശ്യജാതി മത്സ്യങ്ങളെ നിലനിർത്തുന്ന പുഴയാണ് ചാലക്കുടിപ്പുഴ എന്നതും ഈ പുഴയുടെ ഒഴുക്ക് ദുർബലപ്പെടുത്തുന്നതോ ആവാസവ്യവസ്ഥക്കു വ്യതിയാനം വരുത്തുന്നതോ എന്തും ഇവയെ എന്നേക്കുമായി ഉന്മൂലനം ചെയ്യുന്നതിലേക്ക് കൊണ്ടെത്തിക്കും എന്നതും ഓർമ്മപെടുത്തട്ടെ.

പരിമിതമായ സ്ഥലങ്ങളിൽ മാത്രം കണ്ടുവരുന്ന കറുമ്പൻ കല്ലൊട്ടിയെ ഇപ്പോൾ കാണുന്നത് ചാലക്കുടി, പെരിയാർ, പമ്പ, അച്ചൻകോവിൽ എന്നിവിടങ്ങളിലാണ്. IUCN കറുമ്പൻ കല്ലൊട്ടിയെ വംശനാശ ഭീഷണി നേരിടുന്നവയുടെ പട്ടികയിൽ ENDANGERED എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ചാലക്കുടി പുഴയിലെ മത്സ്യസമ്പത്തിലെ പത്തു മൽസ്യങ്ങൾ അലങ്കാരമൽസ്യ വിപണിയിൽ സജീവമാണ്. ഇവയിൽ ചെങ്കണിയാന്റെ (Denison’s Barb: മിസ് കേരളയുടെ) പ്രാദേശിക ഇനമായ ചോരക്കണിയാൻ ചാലക്കുടിപുഴയിൽ മാത്രം കാണുന്ന ഒന്നാണ്. ഈ പുഴയുടെ ജീവനത്തെ മാത്രം ആശ്രയിച്ച് നിലകൊള്ളുന്ന ജൈവശൃഖലയിലെ കണ്ണികൾ.

ചാലക്കുടി പുഴയുടെ മൽസ്യവൈവിധ്യം കേരള ഫിഷറീസ് സർവകലാശാലയിലെ അസിസ്റ്റന്റ് പ്രോഫെസ്സറും പ്രശസ്ത ശുദ്ധജലമൽസ്യ ഗവേഷകനുമായ ഡോ.രാജീവ് രാഘവൻ ഇതിനോടകം പഠനവിഷയമാക്കിയിട്ടുള്ളതാണ്. അദ്ദേഹം പറയുന്നു-“വെറും 144 കിലോമീറ്റർ മാത്രം നീളമുള്ള ചാലക്കുടിപുഴ 98 മൽസ്യങ്ങളെയാണ് നിലനിറുത്തുന്നത്. മ്യാൻമറിലെ ഏറ്റവും നീളം കൂടിയ നദിയായ ഇരാവതി നദിയിൽ (Irrawaddy River) 79 വംശങ്ങളും, ഇന്ത്യയിലെ വിന്ധ്യ-സത്പുര മലനിരകൾക്കിടയിലായി മദ്ധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഒഴുകുന്ന നർമ്മദയിൽ 77 ഉം പപ്പുവ ന്യൂഗിനിയയിൽ Sepik നദിയിൽ 55 ഉം മൽസ്യങ്ങൾ മാത്രം ഉള്ളപ്പോഴാണ് ചാലക്കുടിപുഴ കുറഞ്ഞ ദൂരത്തിൽ ഒഴുകി ഇത്രയും മത്സ്യങ്ങളെ നിലനിറുത്തുന്നത്.

ഇനി നിങ്ങൾ മീനിനെ സംരക്ഷിക്കാൻ വരുന്നവരെ പുച്ചിച്ചോളു. പക്ഷെ മറ്റൊന്നുണ്ട്. നിലവിലെ ആറ് അണക്കെട്ടുകൾ മൂലം സ്വാഭാവിക ഒഴുക്കിൽ വന്ന കുറവ് 37 ശതമാണെന്ന് പഠനങ്ങൾ പറയുന്നു. ഇനിയും ഒഴുക്കിൽ കുറവ് വന്നാൽ കടലിങ്ങോട്ടു കേറിപ്പോരും, ലവണാംശം അതിക്രമിക്കും. അത് ഇപ്പോൾ ശുദ്ധജല ലഭ്യമായിക്കൊണ്ടിരിക്കുന്ന പ്രദേശങ്ങളുടെ വിസ്തൃതി കുറയ്ക്കും. ഇപ്പോൾതന്നെ ഓരു ജലത്തിൽ കാണുന്ന പലമൽസ്യങ്ങളെയും അന്നമനടപ്പുഴവരെ കണ്ടുതുടങ്ങിയിരിക്കുന്നു. കാലാവസ്ഥ വ്യതിയാനം കടലെടുക്കാൻ പോകുന്ന ഒരു ദേശത്തോടും അവിടുത്തെ ഒരു ജനതയോടുമാണ് ഈ പറയുന്നത്.

അതിരപ്പിള്ളി മുതൽ എറിയാട് വരെയുള്ള പതിനൊന്ന് പഞ്ചായത്തുകൾ പ്രത്യക്ഷമായും പരോക്ഷമായും ചാലക്കുടിപുഴയെ ആശ്രയിക്കുന്നു. ചൂരയും, ചേറനും, കുഴികുത്തിയും കരിമീനും വരാലും ചേർന്ന ഒരു കൂട്ടം മൽസ്യങ്ങൾ അവരുടെ ജീവിതത്തിന് സാമ്പത്തിക സുരക്ഷയും അവരുടെ ശരീരത്തിന് ഭക്ഷ്യ സുരക്ഷയും ഉറപ്പുവരുത്തുന്നുണ്ട്.

ഇങ്ങനെ പറയുമ്പോൾ ലൂയി പതിനാറാമന്റെ ഭാര്യ മേരി അന്റൊനോയ്റ്റ് ഫ്രഞ്ച് വിപ്ലവകാലത്ത് റൊട്ടി തരൂ എന്ന് വിലപിച്ചവരോട് റൊട്ടിയില്ലെങ്കിലെന്താ കേക്ക് തിന്നൂടെ എന്ന് ചോദിച്ചതുപോലെ വരാലും കരിമീനും തിന്നാതെ കൊഴുവ തിന്ന് ജീവിച്ചൂടെ എന്ന് ചോദിക്കരുത്.

അന്നമനട തേവർക്ക് ആറാട്ട് മുങ്ങാനും ശിവരാത്രിക്ക് തർപ്പണം ചെയ്യാനും കുളംകുത്തേണ്ടിവരും. വരാനിരിക്കുന്ന ദുരന്തങ്ങളെ ചൂണ്ടിക്കാണിച്ചതാണ്. ഇനി ഇങ്ങനെയൊക്കെ സംഭവിച്ചാൽ നിങ്ങളോട് ആരും ഒന്നും പറഞ്ഞില്ലെന്ന് പറയരുത്. നിങ്ങളെ ആരും അറിയിച്ചില്ലെന്നും പറയരുത്.

Back to Top