കൊച്ചിൻ ജൈവവൈവിധ്യ ഉദ്യാനം; ഈ സ്വപ്നം പൂവണിയുമോ?

അമ്പര ചുംബികളായ കെട്ടിടങ്ങൾക്കിടയിലൂടെ കൊച്ചു മകന്റെ കൈ പിടിച്ച്‌ മുത്തശ്ശി നടന്നു. “കാട്‌ കാണിച്ചു തരാമെന്ന്‌ പറഞ്ഞിട്ട്‌ ഇവിടെയെല്ലാം ഫ്ളാറ്റുകൾ തന്നെയാണല്ലോ? ”. ‘തെരക്കു പിടിക്കാതെ ഉണ്ണീ’. വലിയ മതിലുകൾ ഞെരിക്കുന്ന റോഡിലെ ഒരു വളവു തിരിഞ്ഞതും വെള്ള കൊറ്റികളുടെ ഒരുക്കൂട്ടം വഴി കാണിക്കാനെന്നോണം അവരെ കടന്നു പോയി. കടലിൽ നിന്നും കായലിനെ തഴുകിയെത്തിയ കാറ്റിനും ഉണ്ണിയേക്കാൾ തിരക്കുണ്ടായിരുന്നു. എന്തോക്കയോ പയ്യാരം പറഞ്ഞുകൊണ്ട്‌ പരുന്തിനു പിന്നാലെ ഒരു കാക്കച്ചിയും പാഞ്ഞു പോയി.

അടുത്ത വളവു തിരിഞ്ഞതും ഉണ്ണിയുടെ കണ്ണുകൾ വിടർന്നു പച്ചപ്പിന്റെ വിശാലത “അങ്ങനെ നമ്മൾ വന പാർക്കിൽ എത്തി ഉണ്ണീ”. ഉണ്ണിയ്ക്ക്‌ മുത്തശ്ശിയുടെ കൈപിടിയിൽ നിന്നൂം കുതറി പാർക്കിനള്ളിലേക്ക്‌ ഓടണകമന്നു തോന്നി. അവർക്ക്‌ മുൻപെ പർക്കിലെത്തിയ കൊറ്റികൾ തണ്ണീർ തടത്തിലേയ്ക്ക്‌ ഇറങ്ങിയത്‌ ഇഷ്ടപെടാതെയെന്നോണം അലസമായി തൂവൽ മിനിക്കികൊണ്ടിരുന്ന നീർക്കാക്കകൾ വെള്ളത്തിനുള്ളിലേയ്ക്ക്‌ പാഞ്ഞു. ഉണ്ണിയെ ഒന്നുമുഖും കാണിക്കാൻ പൊങ്ങിയ പള്ളത്തിയെ റാഞ്ചാൻ നീല പൊന്മാനും ഒരു ശ്രമും നടത്തി.

ഇനി തിരക്ക്‌ മുത്തശ്ശിക്കാണ്‌ … “ഉണ്ണീ.. ഇതാണ്‌ ആഞ്ഞിലി, ഈ മരമാണ്‌ ഇലഞ്ഞി അമ്മൂമ പറഞ്ഞിട്ടില്ലേ ഇലഞ്ഞി മാല ഉണ്ടാക്കീട്ടുകണ്ടെന്ന്‌ . ഇതാണ്‌ കണ്ടൽ മരങ്ങൾ പൊങ്ങിവളരുന്ന വേരുകൾ കണ്ടോ ? ആ താങ്ങു വേരുകൾക്കുള്ളിൽ കൊ ഞ്ചുണ്ടായിരിക്കൂം”മുത്തശ്ശിയ്ക്ക്‌ അത്യുത്സാഹം …

കൊച്ചിൻ ജൈവവൈവിധ്യ പാർക്കിലെ കാഴ്ച്ചകളോരോന്നും കണ്ട്‌ അവർ നടന്നു. പാർക്കിനള്ളിൽ 10 ഡിഗ്രി അക്ഷാംശ രേഖയ്ക്ക്‌ മുകളിൽ പണിതിട്ടുള്ള ശില്പത്തിനു മുൻപിൽ നിന്നൂം ഫോട്ടോ എടുക്കുന്ന വിദേശികൾ . ഈയടുത്ത്‌ പാർക്കിലെ ഏറ്റവൂം ഉയരമുള്ള പാലമരത്തിൽ കൂടു കൂട്ടിയ വെള്ളവയറൻ കടൽ പരുന്തിനെ വീക്ഷിക്കുന്ന പക്ഷി നിരീക്ഷകൻ, അരുവിക്കരയിലെ പൂഴിമണലിൽ ഞണ്ടുമായി മല്‍പ്പിടുത്തം നടത്തുന്ന മണലൂതിക്കിളി,…. ഫ്ലാറ്റികല ചമരുകൾക്കുള്ളിലൂം, കമ്പ്യുട്ടർ ഗെയ്‌ മുകൾക്കുള്ളിലൂം, ഫ്ലാറ്റിന്റെ മട്ടുപാവിൽ നിന്നൂം കാണുന്ന റോഡിലെ വാഹന കൂട്ടവൂം കണ്ടു മുഷിഞ്ഞ ഉണ്ണിയ്ക്ക്‌ ജൈവവൈവിവിധ്യ പാർക്കിലെ കാഴ്ച്ചകളോരോന്നും അതിരില്ലാത്ത ആഹ്ലാദം പകർന്നുനല്കി ……


മുകളിൽ വിവിരിച്ച കൊച്ചിൻ ജൈവവൈവിധ്യ പാർക്ക്‌ ഇപ്പോൾ വെറുമൊരു സ്വപ്നമാണ്‌ കൊച്ചിയിലെ ഭരണകർത്താക്കളും പ്രകൃതി സ്നേഹികളും ആഞ്ഞു പിടിച്ചാൽ യഥാർത്ഥമാക്കിയെടുക്കാവുന്ന മഹത്തായ ഒരു സ്വപനം.

കൊച്ചി മുനിസിപ്പൽ കോർപ്പറേഷന്റെ 2019 – 2020 ബഡ്ജറ്റിലും ഈ സ്വപ്നം ഒരു പദ്ധതിയായി ഇടം നേടിയിട്ടുണ്ട്‌ . കൊച്ചി നഗരത്തിന്റെ ശ്വാസകോശം എന്ന്‌ പുകൾപ്പെറ്റ മംഗളവനം എന്ന കേരളത്തിന്റെ പക്ഷിസങ്കേതം ഇന്ന്‌ 2.7 ഹെക്ടറിൽ താഴെ മാത്രം വിസ്തൃതിയിൽ ഹൈക്കോടതി മുതൽ ഗവേഷണ കേന്ദ്രങ്ങളും വരെയുള്ള ഗവണ്മെന്റു കെട്ടിടങ്ങൾക്കും ഫ്ലാറ്റ്‌ സമുച്ഛയങ്ങൾക്കുമിടയിൽ ഞെരുക്കിയമർത്തപ്പെട്ട്‌ അന്ത്യശ്വാസം വലിച്ചുകൊണ്ടിരിക്കുകയാണ്‌. പക്ഷികൾ ഈ പക്ഷിസങ്കേതത്തെ കൈയ്യൊഴിഞ്ഞു തുടങ്ങി ….. ‘വംശനാശ ഭീഷിണി നേരിടുന്ന പക്ഷിസങ്കേതം’എന്നാണ്‌ മംഗളവനത്തിന്റെ പുതിയ വിശേഷണം. വന്യജീവി സങ്കേതത്തിന്‌ നിശ്ചിത പരിധിക്കകത്ത്‌ മനുഷ്യ ഇടപെടലുകൾ പാടില്ല എന്ന നിയമക്കുരുക്ക്‌ ഒഴിവാക്കാൻ ഈ പക്ഷിസങ്കേതതിന്‌ ഇതുവരെ അങ്ങനെ ഒരു പരിധിയേ നിശ്ചയിക്കപ്പെട്ടിട്ടില്ല. കഴിഞ്ഞതെല്ലാം തല്‍ക്കാലം മറക്കാം. ഇനിയീ പക്ഷിസങ്കേതത്തെ നിലനിർത്തുന്നതിനുള്ള പ്രധാന വഴികളിലൊന്നാണ്‌ ഇതിനോട്‌ ചേർന്നു കിടക്കുന്ന സർക്കാർ ഭൂമിയിൽ ഒരു ജൈവവൈവിധ്യ ഉദ്യാനം.

മംഗള വനത്തിനും, ഗോശ്രീ പാലം റോഡിനും, മത്തായി മാഞ്ഞൂരാൻ റോഡിനും ഇടയിലായി കിടക്കുന്ന 17 ഏക്കർ ഭൂമി 2005 ൽ കേരള ഗവണ്മെന്റ്‌ ടൗൺഷിപ്പ്‌ നിർമ്മാണത്തിനായി ഹൗസിങ്ങ്‌ കോർപ്പറേഷന്‌ കൈമാറിയതാണ്‌. കൈമാറ്റ വ്യവസ്ഥകൾ അനുസരിച്ച്‌ ഒരുവർഷത്തിനകം നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയില്ലെങ്കിൽ ഭൂമി സർക്കാരിലേയ്ക്ക്‌ തിരിച്ച്‌ എത്തപ്പെടും. കരാർ കാലാവധി കഴിഞ്ഞു 11 വർഷമായിട്ടും നിർമ്മാണപ്രവർത്തനങ്ങൾ നടക്കാതെ ഈ ഭൂമി തണ്ണീ തടമായി കിടക്കുന്നു. പ്രസ്തുത ഭൂമിയിലാണ്‌ കൊച്ചിൻ ജൈവവൈവിധ്യ ഉധ്യാനം എന്ന നിർദേശം ഉയർന്നിട്ടുള്ളത്‌.

ഒരു കാലത്ത്‌ കേരളത്തിന്റെ കായൽ തീരങ്ങളിൽ സമൃദ്ധമായിരുന്ന കണ്ടൽ കാടിന്റേയും , താഴ്ന്ന പ്രദേശത്ത്‌ കണ്ടിരുന്ന നിത്യ ഹരിത വനങ്ങളുടേയും , ചതപ്പുവനങ്ങളുടേയും മാതൃകകൾ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താൽ നമുക്കീ പ്രദേശത്ത്‌ പുന: സൃഷ്ട്ടിക്കാം. 10 ഡിഗ്രി ഉത്തര അക്ഷാംശ രേഖ കടന്ന് പോകുന്ന പ്രദേശം എന്ന നിലയിൽ ടൂറിസ്സം സാധ്യതയും ഈ പ്രദേശാത്തിനുണ്ട്.

കണ്ടൽ ചതുപ്പിൽ നിന്ന് നെൽ വയലിലേയ്ക്കും പിന്നീട് കോൺഗ്രീറ്റ് കാടിലേയ്ക്കുമുള്ള കൊച്ചിയുടെ വളർച്ചയിൽ മൺ മറഞ്ഞു പോയ കൊച്ചിയുടെ വനസംസ്കൃതിയിലേയ്ക്കുള്ള തിരിച്ച് പോക്കാകുന്ന അഭിമാനകരമായ ഒരു പദ്ധതിയായിരിക്കും ഇത് … കടമ്പകളേറേയുണ്ടെന്നറിയാം… പരിസ്ഥിതി സ്നേഹികളും കക്ഷി രാഷ്ട്രീയം മറന്ന് കൊച്ചിയിലെ ഭരണ പ്രതിപക്ഷപാർട്ടികളും നിശ്ചയദാർഢ്യത്തോടെ കൈകോർത്താൽ കൊച്ചിൻ ജൈവവൈവിധ്യ ഉധ്യാനം എന്ന സ്വപ്നം നടപ്പിൽ വരുക തന്നെ ചെയ്യും …

Leave a Reply