കാടകത്തിന്റെ ഇടനാഴിയിൽ കിളികുലത്തെ തേടി

കാടകത്തിന്റെ ഇടനാഴിയിൽ കിളികുലത്തെ തേടി

Yellow-eyed babbler (മഞ്ഞക്കണ്ണിച്ചിലപ്പൻ) by Nesrudheen P P

ചിന്നാറിൽ ഞങ്ങൾ എത്തുമ്പോഴും മഴ ചിണുങ്ങുന്നുണ്ടായിരുന്നു. കേരളത്തിലെ ഏക വരണ്ട കാട് എന്ന് പേരുകേട്ട ചിന്നാർ ചാമ്പൽ മലയണ്ണാന്റെ പേരിലാണ് പ്രശസ്തം. തമിഴ്‌നാട്ടിലെ ആനമല കാടുകളും കേരളത്തിലെ രാജമല കാടുകളും അതിരിടുന്ന ചിന്നാർ എന്ന മഴനിഴൽ കാടു മനോഹരിയാണ്. തുറന്ന മുൾ കാടുകളും ഇടതൂർന്ന കാടുകളും വന്യജീവി വൈവിധ്യത്തിനു തുണയായിട്ടുണ്ട്. അവിടെക്കായിരുന്നു ഇത്തവണ ഞങ്ങൾ മലപ്പുറം കൂട്ടുകാരുടെ യാത്ര. രണ്ടു ടീം ആയിട്ടായിരുന്നു യാത്ര. ആദ്യ യാത്രയിൽ സയീർ ഡോക്ടർ, നസ്രുദീൻ, കൃഷ്ണകുമാർ അയ്യർ, നജീബ്, ആദിൽ നഫർ എന്നിവർ വ്യാഴാഴ്ച്ച രാത്രി പുറപ്പെട്ടു. പിറ്റേന്ന് രാജമല, മൂന്നാർ ചുറ്റി കണ്ടു വൈകുന്നേരത്തോടെ അവർ ചിന്നാറിൽ എത്തുമെന്നായിരുന്നു പ്ലാനിംഗ്. ഞങ്ങൾ -റിനാസ്, സിദ്ധാർഥ്, അരുൺ, മുഹ്സിൻ, കൂടെ ഞാനും വെള്ളിയാഴ്ച ഉച്ചയോടെ പാലക്കാട് എത്തി ഒന്നിച്ചു പോകാനും തീരുമാനിച്ചു. സിദ്ധാർഥ് തിരുവനന്തപുരത്തുനിന്നും ഉച്ചയോടെ തൃശൂർ ട്രെയിൻ ഇറങ്ങി അവിടുന്ന് പാലക്കാട് പോകാമെന്ന തീരുമാനത്തിൽ ഞാനും തൃശ്ശൂരിൽ എത്താമെന്ന് ഉറപ്പിച്ചു.

വടക്കുംനാഥന്റെ മണ്ണിൽ ഇറങ്ങിയാൽ ഞങ്ങളുടെ പ്രിയ ആശാനേ കാണാതെ പോകാനോ, അതുകൊണ്ടു യാത്ര പുറപ്പെട്ടപ്പോഴേ വിളിച്ചു. വിഷ്ണു തിരക്കിലായതുകൊണ്ടു അവനെ കാണാൻ കഴിയാത്ത സങ്കടം ഉണ്ടായെങ്കിലും ആശാനേ കണ്ടു സിദ്ധാർത്ഥിനേം കൊണ്ട് ബസിൽ നാലുമണിയോടെ പാലക്കാട് എത്തി. അപ്പോഴേക്കും പെരിന്തൽമണ്ണ ടീം എത്തി, യാത്ര പൊള്ളാച്ചി വഴി ചിന്നാർക്കു വിട്ടു .പാലക്കാട് കഴിഞ്ഞപ്പോഴേ മഴ ചിണുങ്ങി കൊണ്ടിരുന്നു. വഴിയിൽ കാണുന്ന പക്ഷികളുടെ ലിസ്റ്റ് ഇട്ടു കൊണ്ട് ഗ്രാമീണതയുടെ ഹൃദയത്തിലൂടെയുള്ള യാത്ര രസകരമായിരുന്നു. കായ്ച്ചു തുടങ്ങിയ പുളിമരങ്ങൾ വരമ്പിട്ട പൊള്ളാച്ചിയുടെ റോഡ്, വശങ്ങളിൽ റാഗി പാടങ്ങളും തെങ്ങിൻതോപ്പുകളും. ഭംഗിയുള്ള ഗ്രാമങ്ങൾ പിന്നിട്ടു രാത്രി എട്ടു മണിയോടെ ഞങ്ങൾ ചിന്നാറിൽ എത്തി. ഇരുട്ടായതുകൊണ്ടു കാടിന്റെ ഭംഗി കാണാൻ കഴിഞ്ഞില്ല .അപ്പോഴേക്കും രാജമലയും മൂന്നാറും പിന്നിട്ടു മേനിക്കാട, കരിഞ്ചെമ്പൻ പാറ്റപിടിയൻ,നീലഗിരി ത്രഷ്, നീലഗിരി പിപിറ്റ്‌ എന്നിവയെ കണ്ടു സയീർഡോക്ടറും കൂട്ടരും ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു .

നേരെ ഡോർമിറ്ററിയിലേക്ക്.മഴ അപ്പോഴും ചിണുങ്ങിക്കൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. വരണ്ട കാട്ടിൽ വന്നിട്ട് മഴ പണി തരുമോ എന്ന ആശങ്കയിലായി ഞങ്ങൾ.റൂമിൽആണെങ്കിൽ വെട്ടവുമില്ല. നേരെ വിട്ടു മറയൂർക്ക്.അവിടത്തെ ഒരു ഹോട്ടലിൽ നിന്നും കുറച്ചു കനമുള്ള അത്താഴവും കഴിച്ചു മെഴുകുതിരിയും വാങ്ങി തിരിച്ചെത്തുമ്പോൾ സമയം പത്തിനോട് അടുത്തിരുന്നു. നേരെ ബെഡിലേക്കു വീണതെ ഓർമയുണ്ടായുള്ളൂ.

പുലർച്ചെ അഞ്ചിന് തന്നെ എഴുന്നേറ്റു പ്രഭാതകൃത്യങ്ങൾ കഴിഞ്ഞു ആറോടെ എല്ലാരും കാനനയാത്രക്കുള്ളതയ്യാറെടുപ്പിൽ ഇറങ്ങി .വണ്ടിയിൽ സാവധാനം മറയൂർ റോഡിൽ കിളികളെ തപ്പി മുന്നോട്ടു നീങ്ങി. കിന്നരിപ്പരുന്തുംബുൾബുളുകളും മിനിവേറ്റുകളും ഡോവ് കുടുംബക്കാരും ഉണ്ട്. എട്ടുമണിയോടെ തിരികെ വന്നു പ്രാതൽ അകത്താക്കി കാട്ടിലേക്കുള്ള യാത്രയിൽകൂടെ വരാമെന്നേറ്റിരുന്ന വിജയൻ ചേട്ടനെ തിരക്കി റോഡിലേക്കിറങ്ങി. താഴെഒരു വശത്തു പുഴ, അതിന്റെ അതിരായി തമിഴ്നാട് ആനമലകാട് .ചെക്‌പോസ്റ് കടന്നു വരുന്ന വാഹനങ്ങൾ. മുൾച്ചെടികളും ഇടയിൽ ഒറ്റപ്പെട്ട വന്മരങ്ങളും കാണാം .അതിനിടയിൽ ഞങ്ങളെ കണ്ടു ഒഴിഞ്ഞു മാറിയ ചാമ്പൽ മലയണ്ണാൻ. നാടൻകുരങ്ങുകൾ ചെക്ക്പോസ്റ്റിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ പരിശോധിക്കുന്നുണ്ട്. പച്ചക്കറി വണ്ടിയിലെ തക്കാളിയും മറ്റും അടിച്ചുമാറ്റുന്നുമുണ്ട് .അപ്പോഴേക്കും വിജയൻ ചേട്ടനും കൂടെ രണ്ടുപേരും വന്നു.

കാട്ടിലേക്ക് നീളുന്ന ജീപ്പ് റോഡിലൂടെ മുന്നോട്ടു നീങ്ങിയപ്പോഴേ മേനി പ്രാവുകളുടെ ബഹളം, തലങ്ങും വിലങ്ങും പറന്നു നടക്കുന്നു. ട്രീ സ്വിഫ്റ്റുകളും ഒരുപാടുണ്ട്. വ്യത്യസ്തയിനം ബുൾബുളുകൾ, മഞ്ഞക്കണ്ണി ച്ചിലപ്പൻ, മിനിവേറ്റുകൾ, …… മഴ ഒളിഞ്ഞും തെളിഞ്ഞും മഞ്ഞുപോലെ പെയ്തിറങ്ങുന്നുണ്ടെങ്കിലും കിളികൾ ആഹ്ലാദത്തിൽ തന്നെ. നടന്നു നടന്നു ആറ്റിറമ്പിലേക്കിറങ്ങി. ആഴം കുറഞ്ഞ, തെളിനീരുമായി പതിയെ ഒഴുകുന്ന സുന്ദരിയായ പുഴയോരത്ത് ഷാമയും പാറ്റപിടിയന്മാരും വാർബ്ലർമാരും ഇരതേടിയിറങ്ങിയിട്ടുണ്ട് .അൽപനേരം ഞങ്ങൾ അവിടെ ചിലവഴിച്ചപ്പോഴേക്കും കൊമ്പൻ കാട്ടുമൂങ്ങയെ തേടിപ്പോയ വിജയൻ ചേട്ടൻ വിളിച്ചു .ഉടൻ എല്ലാരും അങ്ങോട്ടേക്ക് വച്ച് പിടിച്ചു. നദീതീരത്തെ ഉയർന്നൊരു മരത്തിന്റെ മുകളിൽ നിശബ്ദമായി ഞങ്ങളെ വീക്ഷിച്ചുകൊണ്ടിരിക്കുന്നു സുന്ദരൻ ! മതിയാവോളം ആ കാഴ്ച ആസ്വദിച്ച് ഉച്ചയോടെ തിരികെ .

റൂമിലെത്തി കുളിച്ചുഫ്രഷ് ആയി ഉച്ചഭക്ഷണം കഴിക്കാനായി പോയി. നല്ല ഭക്ഷണം. കഴിച്ചു കഴിഞ്ഞു അൽപനേരം വിശ്രമം. വൈകുന്നേരത്തോടെ വീണ്ടും യാത്ര. ചങ്ങലംപരണ്ടവള്ളികൾ പടർന്നു കേറിയ മുൾക്കാടുകൾ പിന്നിട്ടു വാച്ച് ടവർ സൈഡിലൂടെ നീങ്ങുമ്പോൾ ആട്ടക്കാരന്റെ നൃത്തം കണ്ടു നിന്നുപോയി .വീണ്ടുംനടന്നു താഴേക്കിറങ്ങി ആറ്റിൻ തീരത്തൂടെ മുന്നോട്ടു പോകവേ പുഴയോരത്ത്അല്പം കെട്ടിനിന്ന വെള്ളത്തിൽ ഒരു സുന്ദരനായ ഷാമ ആസ്വദിച്ച് കുളിക്കുന്നത് കണ്ടു. ആ കാഴ്ച്ച ഞങ്ങളും ആസ്വദിച്ച് നിന്നു. മതിവരുവോളം ഫോട്ടോയും വിഡിയോയും എടുത്തപ്പോഴേക്കും ചങ്ങാതി കൂടണയാൻ പോയിക്കഴിഞ്ഞിരുന്നു.തിരികെ വന്നുനൈറ്റ്ജാറിനെ തപ്പി ഇറങ്ങി .വഴിയിൽ ഒരു വലിയ കൂട്ടം കാട്ടുപന്നികൾ, കുഞ്ഞുകുട്ടി കുടുംബമായി റോഡ് മുറിച്ചു കടന്നു താഴേക്ക് ഇറങ്ങിപ്പോയി. അവയെ സ്വീകരിക്കാൻ എന്ന പോലെ കുറച്ചു പട്ടികൾ കുരച്ചുബഹളം കൂട്ടുന്നുമുണ്ട് .നൈറ്റ് ജാർ മൂന്നു നാലെണ്ണം നല്ല ആക്റ്റീവ് ആയി ഇര തേടിക്കൊണ്ടിരുന്നു. അപ്പോഴേക്കുംനല്ല ഇരുട്ടായി. ഇരുട്ടിനൊപ്പം ഞങ്ങളും റൂമിലേക്ക് .മഴ കാരണം സോളാർ ലൈറ്റ് ഇല്ലാതെ വീണ്ടും മെഴുകുതിരി വെട്ടത്തിൽ ആണ് ആ രാത്രിയും .റൂമിൽ തമാശയുമായി കൂടി കുറെ നേരം.സൗണ്ട് റെക്കോർഡറുമായി വന്ന സിദ്ധാർഥ് ഉറക്കത്തിലെ കൂർക്കം വലി റെക്കോർഡ് ചെയ്തത് കേൾപ്പിച്ച് ഐഡി കണ്ടുപിടിക്കാൻ പറഞ്ഞത് ബഹുരസമായി .ചൂട് കഞ്ഞിയും പയറു പുഴുക്കും അച്ചാറും പപ്പടവും ചേർന്ന അത്താഴം കഴിഞ്ഞു എല്ലാരും കിടന്നു .

പതിവുപോലെ പുലർച്ചെ എഴുന്നേറ്റു പ്രഭാതകൃത്യങ്ങൾക്കു ശേഷം ചാറ്റൽ മഴയെ വകവെക്കാതെ വണ്ടിയുമായി റോഡിലേക്കിറങ്ങി. നല്ല കോടമഞ്ഞു മൂടിക്കിടക്കുന്ന താഴ്വാരങ്ങൾ.തെളിയുന്ന ഇത്തിരി വഴിയിൽ കിളികൾ തണുപ്പിൽ കുളിർന്നെന്നോണം ഇരിപ്പുണ്ട്. കുറെ ദൂരം പോയി തിരികെ വന്നു പ്രാതൽ കഴിച്ചു ആലംപെട്ടിയിലേക്ക് രണ്ടു വാച്ചർമാരോടൊപ്പം നടത്തമാരംഭിച്ചു. മഴയും കോടയും ഉണ്ടെങ്കിലും യാത്ര രസകരമായിരുന്നു. ബുൾബുളുകളും തീച്ചിന്നൻമാരും, കൂടെ അയോറകൾ കൊണ്ട് നടക്കുന്ന ചെങ്കുയിൽ കുഞ്ഞിനേയും കണ്ടു. ചെങ്കുയിൽ മുട്ടയിടുന്നത്ഇത്തിരിപ്പോന്ന അയോറയുടെകൂട്ടിലാണ്‌. തങ്ങളേക്കാൾ മൂന്നു നാലിരട്ടി വരുന്ന കുഞ്ഞിനെ പോറ്റുന്ന കാഴ്ച്ച രസകരമാണ്. മരംകൊത്തികളും പാറ്റപിടിയന്മാരുംകാട്ടുകോഴികളും ഇരതേടുന്നുണ്ട്. വഴിക്കപ്പുറം ഒരു ഒറ്റയാൻ മരച്ചില്ലഒടിക്കുന്ന ശബ്ദവും കേട്ട് ഉച്ചയോടെ തിരികെ. ഉച്ചഭക്ഷണം കഴിഞ്ഞു കാടിറങ്ങാനുള്ള നേരമായി. തിരികെ വരുമ്പോഴാണ് കാടിന്റെ ഭംഗി കാണുന്നത്. വന്നത് രാത്രി ആയതുകൊണ്ട് നഷ്‌ടമായ ഭംഗി ആസ്വദിച്ച് തിരികെ വരുന്നവഴി ആനകളെയും മാനുകളെയും കണ്ടു. പാലക്കാട്‌ എത്തി ഭക്ഷണം കഴിച്ചു സിദ്ധാർഥ് തിരുവനന്തപുരത്തേക്കും അരുൺ കുറ്റിപ്പുറത്തേക്കും തിരിച്ചപ്പോൾ ഞങ്ങൾ പെരിന്തൽമണ്ണക്കു വിട്ടു. അവിടുന്ന് ഞാൻ തലശ്ശേരിയ്ക്കു എത്തുമ്പോൾ സമയം പാതിരാത്രി. ആഹ്ലാദകരമായ ഒരു യാത്രകൂടി ഇവിടെ തീരുന്നു, അടുത്ത ഒന്നിന് തുടക്കമാവാൻ .

Back to Top