അര്‍ക്കാട്ട മാര്‍ഷും കാട്ടുജാതിക്കയും; അറിയാം ചതുപ്പുനിലങ്ങളുടെ പ്രാധാന്യം

അര്‍ക്കാട്ട മാര്‍ഷും കാട്ടുജാതിക്കയും; അറിയാം ചതുപ്പുനിലങ്ങളുടെ പ്രാധാന്യം

കേരളം ജനവാസയോഗ്യമായി നിലനിർത്തുന്നതിലും ജലം സംരക്ഷിക്കപ്പെടുന്നതിലും പശ്ചിമഘട്ടത്തിലെ ചതുപ്പുനിലങ്ങള്‍ക്ക് നിർണായക പങ്കുണ്ട്. മാതൃഭൂമിയില്‍ നജീം കൊച്ചുകലുങ്ക് എഴുതിയ ലേഖനം അദ്ദേഹത്തിന്റെ അനുമതിയോടെ കോള്‍ ബേഡേഴ്സ് കമ്മ്യൂണിറ്റി ബ്ലോഗിലും പുനപ്രസിദ്ധീകരിക്കുന്നു.

കാലിഫോർണിയയിലെ അർക്കാട്ട ചതുപ്പും (Arcata marsh) നമ്മുടെ പശ്ചിമഘട്ടത്തിലെ കാട്ടുജാതിക്ക ചതുപ്പുകളും (Myristica swamp) തമ്മിലൊരു ബന്ധമുണ്ട്. ഒന്ന് മനുഷ്യനിർമിത ചതുപ്പും മറ്റൊന്ന് പ്രകൃതിദത്തവും ആണെങ്കിലും ആവാസ വ്യവസ്ഥയുടെ കാര്യത്തിൽ രണ്ടിനും ഒരേ സ്വഭാവമാണെന്നതാണ് ഈ സാമ്യം.

കൃത്രിമ ചതുപ്പുനിലങ്ങൾ ഒരേസമയം, ഒരു മികച്ച മാലിന്യസംസ്കരണ പ്ലാന്റും സ്വാഭാവിക പ്രകൃതിയോട് തുല്യംനിൽക്കുന്ന ജൈവമേഖലയുമാണ്. മാലിന്യസംസ്കരണം വലിയ ചോദ്യചിഹ്നമായി ആധുനിക ജീവിതത്തെ പേടിപ്പെടുത്തുന്ന പുതിയ കാലത്ത് ഇത്തരം വിസ്മയ പദ്ധതികൾ മാതൃകയാണ്. അർക്കാട്ട നഗര മലിനജല സംസ്കരണ പ്ലാന്റിനെയും അതിനോടുചേർന്നുള്ള വന്യജീവി സങ്കേതത്തെക്കുറിച്ചും പഠിക്കേണ്ടതിന്റെ ആവശ്യകതയും ഇതുതന്നെ.

പശ്ചിമഘട്ടത്തിലെ പ്രകൃതിദത്ത ചതുപ്പുനിലങ്ങളും സവിശേഷമായൊരു ആവാസവ്യവസ്ഥയുടെ പറുദീസയാണ്. കേരളം ജനവാസയോഗ്യമായി നിലനിർത്തുന്നതിലും ജലം സംരക്ഷിക്കപ്പെടുന്നതിലും ഇവയ്ക്ക് നിർണായക പങ്കുണ്ട്. അർക്കാട്ടയെ കുറിച്ച് പഠിക്കുമ്പോൾ, പശ്ചിമഘട്ടത്തിലെ ഈ ചതുപ്പുകളെക്കുറിച്ച് കൂടി മനസ്സിലാക്കുന്നത് പാരിസ്ഥിതികാവബോധം വളർത്താൻ നല്ലതാണ്.

അർക്കാട്ട ചതുപ്പുകൾ

കാലിഫോർണിയയിലെ പെസിഫിക്കൻ തീരദേശനഗരമാണ് അർക്കാട്ട (Ctiy of Arcata). നഗരമാലിന്യത്തിന്റെ സംസ്കരണവും അഴുക്കുജല ശുദ്ധീകരണവും പരിസ്ഥിതിക്ക് പരിക്കേൽക്കാതെ എങ്ങനെ നടത്താനാവും എന്ന അന്വേഷണമാണ് പ്രകൃതിദത്തവും കൃത്രിമവുമായ സംവിധാനങ്ങളുടെ സംയോജനത്തിലേക്ക് എത്തിയത്. ഹംബോൾട്ട് സർവകലാശാലയിലെ ജൈവശാസ്ത്രകാരന്മാരായ ജാർജ് അലൻ, റോബർട്ട് എ. ഗെയർഹാർട്ട് എന്നിവരുടെ ആശയമായിരുന്നു പദ്ധതി.

പ്രകൃതിയുടെ അരിപ്പ
ഘനലോഹങ്ങളുടെ വിഷാംശങ്ങൾ ലയിച്ച മലിനജലം ചതുപ്പുനിലങ്ങളിലൂടെ ഒഴുക്കി ശുദ്ധീകരിക്കാമെന്ന പ്രകൃതിയുടെ പാഠം അർക്കാട്ടയിൽ പ്രാവർത്തികമാകുകയായിരുന്നു. സാമ്പ്രദായിക അരിക്കലും (filtering) ക്ലോറിനൈസേഷനും കഴിഞ്ഞ് മൂന്നാമതൊരു മാർഗം കൂടി സ്വീകരിച്ചുള്ള 100 ശതമാനവും ശുദ്ധമാക്കുന്ന പ്രക്രിയയാണ് ഇത്. എത്ര മലിനമായ വെള്ളവും ചതുപ്പുനിലങ്ങളിലൂടെ ഒഴുകിയാൽ തെളിനീരിന്റെ വിശുദ്ധി വീണ്ടെടുക്കുമെന്ന് അർക്കാട്ട പാഠിപ്പിക്കുന്നു. പതിവ് രീതിയിലെ അരിക്കലിനും ക്ലോറിൻ പ്രയോഗത്തിനും ശേഷം ബാക്കിയാകുന്ന അപകടകരമായ ലവണാവശിഷ്ടങ്ങൾ, പ്രത്യേകിച്ചും ഘന ലോഹാംശങ്ങളും ബാക്ടീരിയകളും നീക്കംചെയ്യാൻ വെള്ളം ചതുപ്പുകളിലേക്ക് ഒഴുക്കിവിടുന്നു.

ഒരുതരം കണ്ടൽക്കാട് കൂടിയാണ് ഈ ചതുപ്പുകൾ. ഇതിലേക്ക് ഒഴുകുന്ന മലിന ജലം വളരെ വേഗത്തിൽ സ്വാഭാവിക ശുദ്ധീകരണപ്രക്രിയയ്ക്ക് വിധേയപ്പെടുന്നു. ഘനലോഹാംശങ്ങൾ (Heavy Mettal) അടങ്ങിയ മലിനജലം ശുദ്ധീകരിക്കാൻ കണ്ടൽ ചെടികളുടെ വേരുകൾക്ക് നല്ല മിടുക്കാണ്.

സൂക്ഷ്മമായ സുഷിരങ്ങൾ (Pnematothods) വഴി വേരുകൾ ഘനലോഹാംശങ്ങളെ  ആഗിരണം ചെയ്യുന്നു. വലിച്ചെടുത്തത് പുറത്തേക്ക് വിടാതെ വേരുകളിലും കാണ്ഡങ്ങളിലും സൂക്ഷിച്ചുവെക്കുന്നു.
ഇതേ ചതുപ്പുകളിലെ മറ്റ് ചെടികളും ആൽഗകളും കൂണുകളും ബാക്ടീരിയകളും കൂടി ഈ ശുദ്ധീകരണദൗത്യത്തിൽ പങ്കാളിത്തംവഹിക്കുന്നു. നിർവീര്യമാക്കുക, ആഗിരണം ചെയ്യുക, സ്വാംശീകരിക്കുക എന്നീ മാർഗങ്ങളിലൂടെ എല്ലാ മാലിന്യ ഉള്ളടക്കങ്ങളും നീക്കംചെയ്യപ്പെടുകയും വെള്ളം തനതായ പരിശുദ്ധി വീണ്ടെടുക്കുകയും ചെയ്യുന്നു.

കാട്ടുജാതിക്ക ചതുപ്പുകൾ

സവിശേഷമായ ആവാസവ്യവസ്ഥയാണ് പശ്ചിമഘട്ടത്തിലെ ചതുപ്പുനിലങ്ങൾ. പ്രത്യേകിച്ച് കാട്ടുജാതിക്ക മരങ്ങൾ വളരുന്ന ചതുപ്പുകൾ (Myristica swam). ശുദ്ധജല ചതുപ്പുകളാണിത്.
സാധാരണഗതിയിൽ കണ്ടൽച്ചെടികൾ കടൽത്തീരങ്ങളിലും കായലോരങ്ങളിലുമാണ് വളരുന്നത്. ഉപ്പുരസമോ അഴുക്ക് നിറഞ്ഞതോ ആയ വെള്ളക്കെട്ടുകളിൽ. എന്നാൽ, കാട്ടുജാതിക്ക ചെടികൾ വളരുന്നത് മലയോരങ്ങളിലാണ്. പൂർണമായും ശുദ്ധജല ചതുപ്പുകളിൽ. ശുദ്ധജലസംഭരണത്തിനും പ്രകൃതിസംരക്ഷണത്തിനും കാട്ടുജാതിക്ക ചതുപ്പുകൾ നൽകുന്ന സംഭാവനകൾ വലുതാണ്.

ആകാശംമുട്ടാൻ വേരുകൾ

സാധാരണ ചെടികളുടെയെല്ലാം വേരുകൾ വായുവിന്റെ എതിർദിശയിൽ ഭൂമിക്കടിയിലേക്കാണ് വളരുന്നതെങ്കിൽ, കണ്ടൽ ചെടികളുടെ വേരുകൾ വായുവിന് അനുകൂലമായി ഭൂമിക്കുമുകളിൽ ആകാശത്തേക്ക് വളരുകയും പിന്നീട് കാൽമുട്ട് മടക്കിയതുപോലെ രൂപാന്തരം പ്രാപിക്കുകയും ചെയ്യുന്നു (Pnematophores Knee Roots).

കാട്ടുജാതിക്കയും അതിന്റെ ശ്വസനവേരുകളും ഭൂമിയിലെ ജീവന്റെ നിലനില്പിന് വലിയ സംഭാവനയാണ് നൽകുന്നത്. ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള പ്രതിഭാസങ്ങൾ ഭൂമിയുടെ തനത് ആവാസ വ്യവസ്ഥയ്ക്ക് വ്യതിയാനമുണ്ടാക്കുമ്പോഴാണ് ഘനലോഹാംശങ്ങൾ ചേർന്ന് ജലം മലിനമാകുന്നത്. ലെഡ്, കാഡ്മിയം, ആഴ്‌സനിക് തുടങ്ങിയ ആരോഗ്യത്തിന് ഹാനികരമായ, അർബുദമുണ്ടാക്കുന്ന ഘനലോഹങ്ങളുടെ വിഷാംശങ്ങൾ കലർന്ന് മലിനമാകുന്ന മലവെള്ളം തടഞ്ഞുനിർത്തി ശുദ്ധീകരിക്കുന്ന ദൗത്യമാണ് കാട്ടുജാതിക്ക മരങ്ങളുടെ വേരുകൾ പ്രാഥമികമായും നിർവഹിക്കുന്നത്.
വേരുകളിലെ സൂക്ഷ്മമായ സുഷിരങ്ങൾ ഈ വിഷാംശങ്ങളെ ആഗിരണം ചെയ്യുകയും സ്വാംശീകരിക്കുകയും ചെയ്യുന്നു. വെള്ളം പിടിച്ചുനിർത്തി ഭൂമിയിൽ താഴാൻ അവസരമുണ്ടാക്കി പ്രദേശത്ത് ഈർപ്പം നിലനിർത്തുന്നു. ഭൗമോപരിതല ജലാശയങ്ങളെ സംരക്ഷിക്കുന്നത് ഇത്തരം ചതുപ്പുകളാണ്.

ചൂടുകുറയ്ക്കും ഇലകൾ

വേരുകൾ മാത്രമല്ല കാട്ടുജാതി മരങ്ങളുടെ ഇലകളും വലിയതോതിൽ പരിസ്ഥിതി സംരക്ഷണപ്രവർത്തനം നടത്തുന്നു. ഇലകൾക്ക് വലുപ്പമുള്ളതിനാൽ കാർബൺ ഡൈ ഓക്സൈഡ് വലിയതോതിൽ വലിച്ചെടുക്കാൻ കഴിയും. ഇത് അന്തരീക്ഷ താപനില ക്രമാതീതമായി കുറയ്ക്കും.

ഫ്രണ്ട്‌സ് ഓഫ് ദ അർക്കാട്ട മാർഷ്
ഭാഗിക ശുദ്ധീകരണത്തിനുശേഷം അഴുക്കു ജലം കടൽവെള്ളവുമായി കൂട്ടിക്കലർത്തി ചതുപ്പുകളിൽ വെള്ളക്കെട്ടുണ്ടാക്കി. പിന്നീട് ജോർജ് അലൻ മത്സ്യക്കൃഷി തുടങ്ങി. അർക്കാട്ട മാർഷ് ഒരു ജൈവിക മേഖലയായി വികാസം പ്രാപിക്കാൻ ഇടയാക്കിയത് ഇതാണ്. കാലക്രമേണ മത്സ്യം, മൃഗങ്ങൾ, പക്ഷികൾ തുടങ്ങി പലതരം ജീവികളും സസ്യലതാദികളും നിറഞ്ഞ ഒരു സ്വാഭാവിക ജൈവവൈവിധ്യ മേഖലയായി ഇത് മാറി.

പ്രകൃതിദത്ത സൗകര്യങ്ങളിൽ മനുഷ്യബുദ്ധി നിർമിച്ച ഈ വിസ്മയ പദ്ധതി നോക്കിനടത്താനും സംരക്ഷിക്കാനും ഒരു പൗരസംഘം തന്നെ ഇന്ന് നിലവിലുണ്ട്. ഫോം (FOAM) എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഫ്രണ്ട്‌സ് ഓഫ് ദ അർക്കാട്ട മാർഷ് (Friends of the Arcata Marsh).

ചതുപ്പുകൾ  നാശഭീഷണിയിൽ

കാട്ടുജാതിക്ക ചതുപ്പുകൾ ഇന്ന് നാശഭീഷണിയിലാണ്. അർക്കാട്ടയിൽ മനുഷ്യൻ കൃത്രിമമായി ഇത്തരം ചതുപ്പുകളുണ്ടാക്കി പരിപാലിക്കുമ്പോൾ പ്രകൃതി കനിഞ്ഞരുളിയതിനെ നശിപ്പിക്കാനുള്ള ശ്രമങ്ങളാണ് കേരളത്തിൽ നടക്കുന്നത്. പശ്ചിമഘട്ടത്തിന്മേലുള്ള മനുഷ്യരുടെ പലതരം അതിക്രമങ്ങളിലൊന്ന് ഈ ചതുപ്പുകൾക്കുനേരെയാണ്.

ഇന്ത്യയിലെ ആകെ 200 ഹെക്ടർ പ്രദേശത്താണ് ഇതുവരെ ചതുപ്പുകൾ കണ്ടെത്താനായിട്ടുള്ളത്. അതുപോലും ചുരുങ്ങിച്ചുരുങ്ങി നേർ പകുതിയായി കുറഞ്ഞിരിക്കുന്നു.
ജാതിക്കയിലെ ‘ജാതിപത്രി’ എന്ന ഔഷധ ഭാഗം ശേഖരിക്കാൻവേണ്ടി മരക്കൊമ്പുകൾ മുറിച്ചാണ് നാശം തുടങ്ങുന്നത്. അവശേഷിക്കുന്നതിൽ 20 ഹെക്ടർ മാത്രം കർണാടകത്തിലും ബാക്കിയെല്ലാം കേരളത്തിലുമാണ്. ദക്ഷിണ കർണാടകയിലെ പശ്ചിമഘട്ട താഴ്‌വരയിലാണ് ഇത്. ഇവിടത്തെ കാട്ടുജാതിക്ക മരങ്ങൾ Gvbmnacranthera Canarica എന്നാണ് അറിയപ്പെടുന്നത്. ബാക്കി 80 ഹെക്ടർ ചതുപ്പും കേരളത്തിന്റെ ഏറ്റവും തെക്കുഭാഗത്തെ പശ്ചിമഘട്ടത്തിലാണ്.

പെരിങ്ങമ്മല പഞ്ചായത്തിലെ ഓടുചുട്ട പടുക്ക, ശാസ്താംനട, അരിപ്പ എന്നീ ഭാഗങ്ങളിലാണിത്. വളരെ കുറച്ച് മാത്രം അഞ്ചൽ ഫോറസ്റ്റ് റെയ്ഞ്ചിലുമുണ്ട്. വ്യത്യസ്തങ്ങളായ ആറിനം കാട്ടുജാതിക്കവർഗങ്ങൾ ഇവിടെയുണ്ട്. ലോകത്തെതന്നെ ഏറ്റവും അപൂർവമായ സസ്യ സാന്നിധ്യം. പശ്ചിമഘട്ടത്തിന് യുനെസ്കോയുടെ ലോകപൈതൃകപ്പട്ടം കിട്ടാൻ ഈ അപൂർവതയും ഒരു കാരണമാണ്.

Back to Top