വർണ്ണവിസ്മയം തീർത്തൊരു മൂളക്കുരുവി

വർണ്ണവിസ്മയം തീർത്തൊരു മൂളക്കുരുവി

അടുത്ത കാലങ്ങളിൽ വാട്ട്സാപ്പിലും സോഷ്യൽമീഡിയകളിലുമായി പ്രചരിച്ചുകൊണ്ടീരിക്കുന്ന സെക്കന്റുകളിൽനിറം മാറിക്കൊണ്ടിരിക്കുന്ന ഒരു കുരുവിയുടെ വീഡിയോ കൗതുകമുണ്ടാക്കുന്നുണ്ട്. അടിക്കുറിപ്പായി പല തെറ്റായവിവരങ്ങളും പ്രചരിക്കുന്നതിനാൽ ആ പക്ഷിയെക്കുറിച്ചും പ്രതിഭാസത്തെക്കുറിച്ച് കൂടുതൽ പരിചയപ്പെടുത്താനൊരു ശ്രമമാണ് ഈ ചെറിയ കുറിപ്പ്.


വടക്കേ അമേരിക്കയുടെ പടിഞ്ഞാറൻ തീരങ്ങളിൽ കാണപ്പെടുന്ന ഇത്തിരിക്കുഞ്ഞന്മാരായ ഒരിനം മൂളക്കുരുവിയാണ് Anna’s hummingbird. ശാസ്ത്രനാമം: Calypte anna. കൂടുതൽ വിക്കിപീഡിയ പേജിൽ https://en.wikipedia.org/wiki/Anna%27s_hummingbird

പക്ഷിലോകത്തെ അത്ഭുമാണ് 5 മുതൽ 13 സെന്റീമീറ്റർ വരെ മാത്രം നീളംവരുന്ന,  3 ഗ്രാം മുതൽ 20 ഗ്രാം വരെ മാത്രം തൂക്കം വരുന്ന മൂളക്കുരുവി കുടുംബം. മിനിറ്റിൽ ആയിരത്തി ഇരുനൂറ്റി അറുപതുതവണ ഹൃദയമിടിക്കുന്നവരാണിവ.  പിന്നോട്ട് പറക്കാൻ കഴിവുള്ള അപൂർവ്വം പക്ഷിവർഗ്ഗങ്ങളിലൊന്ന്. കുഞ്ഞൻ ചിറകുകൾ സെക്കന്റിൽ 80 തവണവരെ വീശിയുള്ള പറക്കലിനിടെ മൂളൽ പോലുള്ള ഒരു ശബ്ദം കേൾക്കാം. അതുകൊണ്ടാണ് ഇവയെ മൂളക്കുരുവികളെന്ന് വിളിക്കുന്നത്. ശരീര ഭാരത്തിന്റെ അത്ര തന്നെ ഭക്ഷിക്കാനും അവ പെട്ടെന്ന് ദഹിപ്പിക്കാനും പറ്റുന്ന ഹമ്മിങ് ബേഡുകൾ തീറ്റപ്രിയരും മധുരം ഏറെ ഇഷ്ടപ്പെടുന്നവരുമാണ്‌. എന്നാൽ ഇത്രയും സുന്ദരന്മാരും സുന്ദരികളുമായ ഇതിനെയൊന്ന് കാണാമെന്ന് വിചാരിച്ചാൽ മുന്നൂറിനടുത്ത് ഇനം സ്പീഷ്യസ് വൈവിദ്ധ്യമുള്ള മൂളക്കുരുവികൾ പക്ഷെ  അമേരിക്കയിൽ മാത്രമെ കാണപ്പെടുന്നുള്ളു. നമ്മുടെ നാട്ടിൽ മൂളക്കുരുവികളില്ല hummingbirds (Trochilidae). പകരം ഇന്ത്യയിൽ കാണപ്പെടുന്ന 13 തരം സ്പീഷ്യസ് തേൻകുരുവികളുടെ sunbirds (Nectariniidae) പിന്നാലെ പോകലെ രക്ഷയുള്ളു. 🙂

Anna’s hummingbirdന്റെ ഒരു വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചപ്പോൾ സുഹൃത്തായ ഭരത് ചന്ദാണ് പ്രകൃതിയിലെ structural coloration എന്ന അത്ഭുതപ്രതിഭാസത്തെക്കുറിച്ച് പറഞ്ഞുതന്നത്. നീലനിറത്തില്‍ ഉള്ള വർണ്ണങ്ങൾ ജീവിലോകത്ത് അധികമാര്‍ക്കും കാണില്ല. അത് എന്തുകൊണ്ടാണ് എന്ന് വിശദീകരിക്കുന്ന പ്രതിഭാസത്തെപ്പറ്റിയുള്ള (structural coloration) ഒരു വീഡിയോ താഴെക്കൊടുക്കുന്നു.  നീല മൃഗങ്ങളും നീല പക്ഷികളും നീല പ്രാണികളും മത്സ്യങ്ങളും ഒക്കെ താരതമ്യേന കുറവാണ്. അതിന് കാരണം ഈ ജീവികള്‍ ശരീരത്തില്‍ നീല വര്‍ണകങ്ങള്‍ ഉണ്ടാക്കുന്നില്ല എന്നതാണ്. അടിസ്ഥാന വര്‍ണകങ്ങളുടെ കൂട്ടുകള്‍ മാറ്റിയും തിരിച്ചും പച്ചയും മഞ്ഞയും ചുവപ്പും (ഇതിന്റെയൊക്കെ ഇടയില്‍ വരുന്നതും) ഉണ്ടാക്കി ആവശ്യത്തിന് സൂചനകള്‍ കണ്ടും കൊടുത്തും അവറ്റകള്‍ ജീവിച്ചുപോന്നു എന്നാണ്. അതിന്റെ ആവശ്യമൊക്കെയേ ഉണ്ടായിരുന്നുള്ളൂ. എന്തെങ്കിലും ഒന്ന് അപൂര്‍വ്വമാകുമ്പോള്‍ അതിന്റെ ആകര്‍ഷകത്വം കൂടും. പക്ഷെ അതിനുവേണ്ടി പിഗ്മെന്റേഷന്‍ നടത്താന്‍ വര്‍ണകങ്ങള്‍ ഇല്ലാത്തതുകൊണ്ട് ഇവിടെ ഒരു പൊടിക്കൈ നടത്തി/നടന്നു/നടത്തപ്പെട്ടു. They hacked physics, for chemistry, in biology. തൂവലുകളുടെയും ഒക്കെ ഘടനയിലുള്ള പ്രത്യേകത വച്ച് നിറം കാണിക്കുകയാണ് ഉണ്ടായത്. ഒരു സ്ഫടിക പ്രിസത്തിലൂടെ നിറങ്ങള്‍ പോകുമ്പോള്‍ മറ്റു നിറങ്ങളെ അരിച്ച് മഴവില്ല് കാണിക്കുന്നത് പോലെ. തൂവലില്‍ ഉള്ള ചെറിയ ചെറിയ പ്രിസം അരിപ്പകള്‍ പോലെയാണിത്. പ്രകാശം കയറിയിറങ്ങുമ്പോഴേക്കും അരിച്ച് നീലയാക്കി കാണിക്കും. നീലപ്പൊന്മാന്റെ നീലയും മയില്‍പ്പീലിയിലെ നീലയും ഒക്കെ ഇങ്ങനെയാണ്. പൂമ്പാറ്റകളും. ഈ പരിപാടി കുറച്ചുകൂടി മെച്ചപ്പെട്ടാല്‍ ചരിച്ചും തിരിച്ചും നിവര്‍ത്തിയും പിടിക്കുമ്പോള്‍ അപ്പപ്പോള്‍ തന്നെ പല നിറം ആയി മാറുന്ന തൂവലും ഉണ്ടായി വരും.

Back to Top